Saturday 21 September 2019 04:49 PM IST : By സ്വന്തം ലേഖകൻ

‘കാരണം എന്തായാലും മദ്യപിച്ച് വാഹനം ഓടിക്കരുത്’; കാർത്തി അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധേയം! വിഡിയോ

kaarthi-video097

കേരളാ മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായി തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. തെന്നിന്ത്യൻ സൂപ്പർതാരം കാർത്തിയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ‘കാരണം എന്തായാലും മദ്യപിച്ച് വാഹനം ഓടിക്കരുത്’ എന്നതാണ് ഹ്രസ്വചിത്രം നൽകുന്ന സന്ദേശം. സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ പ്രകാശനം. ഉത്തരവാദിത്വം മറന്നു ജീവിതം ആഘോഷിക്കുന്നതിന്റെ പരിണിതഫലം കുടുംബത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഹ്രസ്വചിത്രത്തിൽ  കാർത്തിയോടൊപ്പം ബാലതാരം തയിബ നൂർ, ആകാശ് സിംഗ് രാജ്പുത്, സുരഭി തിവാരി എന്നിവർ അഭിനയിച്ചിരിക്കുന്നു. 

ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രാജു എബ്രഹാം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ആശയം - രാജു എബ്രഹാം,  എൽവിസ് വാചാ,  ആദിത് കെ സതീഷ്. ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പ്,  കിഷോർ മാണി. എഡിറ്റിങ് - തനൂജ്, അരുൺ അശോക്.  സംഗീതം - അനിൽ ജോൺസൻ. ശബ്ദമിശ്രണം - ബിനിൽ സി ആമക്കാട്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്‌. പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ - എബിൻ ഫിലിപ്പ്. കല - സുനിൽ ജോർജ്. വസ്ത്രാലങ്കാരം - സുനിത പ്രശാന്ത്. ലൈൻ പ്രൊഡ്യൂസർ - ജിതിൻ തരകൻ. ചീഫ് അസ്സോസിയേറ്റ് ക്യാമറ- ജെറിൻ ജിയോ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഐറിഷ് ഐസക്,  ജിജോ ജോസഫ്.  നിശ്ചല ഛായാഗ്രഹണം -  ഫ്രഡി ജിയോ. 

സർവകലാശാല അംഗീകൃതമായ ദക്ഷിണേന്ത്യയിലെ പ്രഥമ മാധ്യമ കലാലയമായ ചങ്ങനാശ്ശേരിയിലെ സെന്റ് ‌ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനും പ്രൊഡക്ഷൻ ഹൗസായ മീഡിയ വില്ലജ് സ്റ്റൂഡിയോസും ചേർന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെ നിർമ്മിക്കുന്ന ഹ്രസ്വചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. കേരളത്തിന്‌ പുറമെ തമിഴ്നാട്, കർണാടക,  ആന്ധ്ര,  തെലുങ്കാന എന്നീ സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന വകുപ്പുകളുമായി ചേർന്ന് അതാത് ഭാഷകളിൽ ഈ ചിത്രം മൊഴിമാറ്റി പ്രകാശനം ചെയ്യുന്നതാണ്.  

പരമ്പരയിലെ ആദ്യ ചിത്രത്തിൽ ഹെൽമെറ്റ്‌ ഉപയോഗിച്ച് സുരക്ഷിതമായി യാത്ര ചെയ്യുവാൻ ബൈക്ക് യാത്രക്കാരെ പ്രചോദിപ്പിച്ചത് നടൻ ദുൽഖർ സൽമാനും, രണ്ടാം ചിത്രത്തിൽ രാത്രിയാത്രയിൽ ഡിം ലൈറ്റ് ഉപയോഗിക്കുവാൻ ആഹ്വാനം നൽകിയത് നടൻ ഉണ്ണി മുകുന്ദനുമായിരുന്നു. കോടിക്കണക്കിനു പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ഈ ചിത്രങ്ങൾ നൽകിയ പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് പുതിയത് ദക്ഷിണേന്ത്യയിൽ ആകെ റിലീസ് ചെയ്യുന്നത്.  

പൃഥിവിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്‌ ഫ്രെയിംസിന്റെയും ബാനറിൽ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസ് എന്ന സമകാലീന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ കളമശ്ശേരി FACT ഉദ്യോഗ് മണ്ഡൽ സ്കൂളിൽ വച്ച് 20-09-2019 വെള്ളിയാഴ്ച രാവിലെ 11:30ന് നടക്കുന്ന പ്രകാശന ചടങ്ങിൽ സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഔദ്യോഗിക പ്രതിനിധികളുടെ സാന്നിധ്യത്തിൽ സൂപ്പർതാരം പൃഥ്വിരാജ് ചിത്രം പ്രകാശനം ചെയ്ത് കേരള മോട്ടോർ വാഹന വകുപ്പിന് കൈമാറുന്നു. വകുപ്പിന് വേണ്ടി ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ്‌ പുത്തലത്തു ചിത്രം ഏറ്റുവാങ്ങുന്നു. കേരളത്തിലെ തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, ചാനലുകൾ,  സോഷ്യൽ മീഡിയ എന്നീ മാധ്യമങ്ങളിലൂടെ വകുപ്പ് ഈ ബോധവത്ക്കരണ ചിത്രം ജനങ്ങളിലേക്ക് എത്തിക്കും. വിഡിയോ കാണാം... 

Tags:
  • Spotlight
  • Inspirational Story