Thursday 20 September 2018 02:45 PM IST : By സ്വന്തം ലേഖകൻ

‘‘ദിവസവും 3 സ്വർണ്ണമാല കൊണ്ടു ചെന്നില്ലങ്കിൽ അവളെന്നെ വീട്ടിൽ കയറ്റില്ല സാറേ’’ ; നിറകണ്ണുകളോടെ കള്ളൻ പറഞ്ഞത് കേട്ട് പൊലീസുകാർ ഞെട്ടി

robber

അച്യുതിന്റെ കഥ കോൾക്കുന്ന ആരും സഹതാപത്തോടെ പറഞ്ഞ് പോകും: ‘‘പാവം, കള്ളനായില്ലങ്കിലേ അതിശയമുള്ളൂ...’’

അതായത്, ബംഗളൂരുവിൽ ഹുബ്ബള്ളി കൊളിവാഡ് സ്വദേശിയായ അച്യുതകുമാർ മോഷണത്തിനിറങ്ങിയതിന്റെ കാരണം സ്വന്തം ഭാര്യ തന്നെയാണ്.

ഭാര്യയുടെ ആര്‍ഭാടഭ്രമം അച്യുതിനെ ഒരു പെരുങ്കള്ളനാക്കിയെന്നതാണ് സത്യം.

വ്യാപകമായ മാല മോഷണത്തിന്റെ തുമ്പിൽ പിടിച്ചാണ് പൊലീസ് അച്യുതനെ പിടികൂടിയത്. എന്നാൽ ചോദ്യം ചെയ്യലിൽ അച്യുതൻ പറഞ്ഞത് കേട്ട് പൊലീസുകാർ കണ്ണ് മിഴിച്ചു.

ദിവസവും ഭാര്യയ്ക്ക് മൂന്നു സ്വര്‍ണ്ണ മാലകള്‍ വേണമെന്നും കൊണ്ടു ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറ്റില്ലെന്നും അതാണ് താൻ കക്കാനിറങ്ങിയതെന്നും പറഞ്ഞ് അച്യുതൻ കരയാൻ തുടങ്ങി. മോഷ്ടിക്കാൻ അച്യുതന് ഊര്‍ജ്ജം കൊടുത്ത് പറഞ്ഞയക്കുന്നത് ഭാര്യ മഹാദേവിയാണെന്നറിഞ്ഞ് പൊലീസ് കെങ്കേരി കുംബളഗോട്ടിലെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ 106 സ്വര്‍ണമാലകളാണ് കണ്ടെടുത്തത്. ഒപ്പം ചില വാഹനങ്ങളും. ഏകദേശം ഒരുകോടി അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണം വീട്ടിൽ ഉരുക്കി സൂക്ഷിച്ചിരുന്നു.

ആര്‍ഭാടപ്രിയയായ ഭാര്യക്കുവേണ്ടി അച്യുത് ഏഴുമാസം കൊണ്ടാണ് ഇത്രയും സമാഹരിച്ചതത്രേ. പതിവായി ഗോവയിലേക്ക് ട്രിപ്പ് പോകുന്ന മഹാദേവിക്കുവേണ്ടി രണ്ട് അടിപൊളി എസ്യുവികളും അഞ്ച് ബൈക്കുകളും അച്യുത് വാങ്ങിയിരുന്നു. അച്യുതിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കാണാതായ മഹാദേവി ഒരു അനാഥമന്ദിരത്തില്‍ ജോലിക്കാരിയായി ഒളിവിൽ താമസിക്കുകയായിരുന്നു. അവരും പിടിയിലായി. അച്യുത്കുമാര്‍ എന്ന 31 കാരൻ വിശ്വനാഥ് കൊളിവാഡ് അല്ലറചില്ലറ മോഷണവുമായി കഴിയുകയായിരുന്നു. വിവാഹശേഷം മഹാദേവിയാണ് കടുത്തമോഷണത്തിലേക്ക് ഇയാളെ തള്ളിവിട്ടത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു സ്വര്‍ണമാലയായിരുന്നുവത്രേ ആവശ്യം. പിന്നീട് 3 മാലകളില്ലാതെ വീട്ടില്‍ കയറ്റില്ലായിരുന്നുവത്രേ.

നാട്ടുകാര്‍ക്ക് സംശയമുണ്ടാകാതിരിക്കാന്‍ വീടുകള്‍ ഇടക്കിടക്ക് മാറിയിരുന്നു. അച്യുതിനെ പിന്തുടര്‍ന്ന് കണ്ടെത്തിയതിനും കാലില്‍ വെടിവച്ച് പിടികൂടിയതിനും ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രകുമാറിന് ബാംഗ്ളൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനീല്‍കുമാര്‍ ഒരു ലക്ഷം രൂപയുടെ റിവാര്‍ഡ് പ്രഖ്യാപിച്ചു.