Friday 16 August 2019 12:36 PM IST : By സ്വന്തം ലേഖകൻ

ആരായാലും വിട്ടുവീഴ്ചയില്ല, നിയമം നിയമത്തിന്റെ വഴിയ്ക്ക്; മദ്യപിച്ച് അപകടമുണ്ടാക്കിയ മകനെ തള്ളി എംപി രൂപ ഗാംഗുലി!

roopa-ganguly878999

കൊല്‍ക്കത്തയിൽ ബിജെപി എംപിയുടെ മകൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. കാല്‍നടയാത്രക്കാര്‍ തലനാരിഴയ്ക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ആകാശ് നന്നായി മദ്യപിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

അമിതവേഗതയില്‍ എത്തിയ കാർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. കാർ പാഞ്ഞുവരുന്നത് കണ്ടതോടെ വഴിയാത്രക്കാർ ഭയന്ന് ഓടിമാറുകയായിരുന്നു. ഇതോടെ വലിയ ദുരന്തം ഒഴിവായി. മദ്യപിച്ച് വാഹനമോടിച്ചതിന് ആകാശിനെ ജാദവ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മകനെതിരെ എംപിയായ രൂപ ഗാംഗുലി എടുത്ത നിലപാട് മാധ്യമശ്രദ്ധ നേടി.  

ട്രാഫിക് നിയമം ലംഘിച്ച മകനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് രൂപ പൊലീസിനോട് ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും, ഇക്കാര്യത്തില്‍ രാഷ്ട്രീയമോ പ്രത്യേക അനുകമ്പയോ ഒന്നും ഉണ്ടാവില്ലെന്നും അവര്‍ അറിയിച്ചു. മഹാഭാരതം സീരിയലിൽ ദ്രൗപതിയായി വേഷമിട്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് രൂപ ഗാംഗുലി. 

Tags:
  • Spotlight