Monday 20 May 2019 04:05 PM IST : By സ്വന്തം ലേഖകൻ

കൈപിടിച്ചും ആലിംഗനം ചെയ്തും കുട്ടികളെ ക്ലാസ് മുറിയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനാധ്യാപിക! വൈറൽ

roopa-miss44445

രാവിലെ സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങളെ നിറഞ്ഞ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്ന പ്രധാനാധ്യാപിക. അവരെ കൈപിടിച്ചും ആലിംഗനം ചെയ്തും ക്ലാസ് മുറിയിലേക്ക് സ്വാഗതം ചെയ്യുന്നു. തെലങ്കാനയിലെ യദാദ്രി- ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലാണ് ഈ അപൂർവ കാഴ്ച. പ്രധാന അധ്യാപിക എസ്. രൂപയാണ് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചറമ്മ. 

കുട്ടികളെ ചൂരല്‍ വടി കാണിച്ചും ഒച്ചവച്ചുമല്ല പഠിപ്പിക്കേണ്ടതെന്നും സ്നേഹത്തോടെയുള്ള സമീപനമാണ് വേണ്ടതെന്നും രൂപ പറയുന്നു. ഒരു പലസ്തീൻ വിഡിയോയിൽ നിന്നാണ് രൂപ വ്യത്യസ്തമായ ഈ ശൈലി ഏറ്റെടുക്കുന്നത്. യുദ്ധത്തിന്റെ ദുരിത ഫലങ്ങളനുഭവിക്കുന്ന മേഖലയിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായി പലസ്തീനിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളെ അഭിവാദ്യം ചെയ്യുന്ന വിഡിയോ ആയിരുന്നു അത്. 

ക്ലാസ് മുറിയുടെ വാതിലില്‍ നാല് ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്. അവയിലേതാണ് കുട്ടികള്‍ തിരഞ്ഞെടുക്കുന്നത് എന്നത്തിന്റെ അടിസ്ഥാനത്തിലാകും അവരെ സ്വാഗതം ചെയ്യുക. കുട്ടി ഹൃദയ ചിഹ്നമാണ് കാണിക്കുന്നതെങ്കിൽ രൂപ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കും. അങ്ങനെ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ചിഹ്നമനുസരിച്ചായിരിക്കും സ്വീകരണം.

വ്യത്യസ്തമായ ജീവിത ചുറ്റുപാടിൽ നിന്ന് വരുന്ന കുട്ടികൾക്ക് ആശ്വാസമാണ് അധ്യാപകരിൽ നിന്നും ലഭിക്കുന്ന ഈ മാതൃ സ്നേഹം. ഈ രീതി തന്നെ കുട്ടികളുമായി ഏറെ അടുപ്പിച്ചെന്നും, പലരും തങ്ങളുടെ കുടുംബത്തിലെ ജീവിത സാഹചര്യങ്ങൾ, പ്രശ്നങ്ങൾ എന്നിവ സധൈര്യം പങ്കുവയ്ക്കുന്നതായും രൂപ പറയുന്നു.