Monday 08 October 2018 02:05 PM IST : By സ്വന്തം ലേഖകൻ

‘ഞാനും ഭാര്യയും മലകയറാൻ മാലയിട്ടൊരു സെൽഫി’; യുവാവിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയുടെ പൊങ്കാല, പിന്നാലെ വിശദീകരണം–വിഡിയോ

15

ശബരിമലയിലെ സ്ത്രീപ്രവേശനവും ഇതു സംബന്ധിച്ചുള്ള കോടതിവിധിയും സമൂഹമാധ്യമങ്ങളിലടക്കം വലിയ ഒച്ചപ്പാടുകൾക്കാണ് വഴിവയ്ക്കുന്നത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള കോടതിവിധിയുടെ ചുവടുപിടിച്ച് ചർച്ചകളും വാഗ്വാദങ്ങളും കൊഴുക്കുന്നതിനിടെ സോഷ്യൽ മീഡിയയുടെ പൊങ്കാലയേറ്റുവാങ്ങി യുവാവ്.

‘അങ്ങനെ ഞാനും ഭാര്യയും മല കയറാന്‍ മാലയിട്ട് ഒരു സെല്‍ഫി..’ എന്ന് പറഞ്ഞ് പ്രേംജി തൃക്കരിപ്പൂര്‍ എന്ന വ്യക്തി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിൽ നിന്നുമാണ് വിവാദങ്ങളുടെ തുടക്കം. ഭാര്യക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു പ്രേംജിയുടെ പോസ്റ്റ്. സംഭവത്തിൽ പ്രതിഷേധം അതിരു കടന്നതോടെ നിജസ്ഥ്തി വ്യക്തമാക്കി പ്രേംജിക്കു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രേംജിയുടെ വിശദീകരണം.

‘താനും ഭാര്യയും ശബരിമലയില്‍ പോകുന്നുവെന്നല്ല പഴനിമലയില്‍ കയറുന്നുവെന്നാണ് ഉദ്ദേശിച്ചത്. താന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണെന്നും പ്രേംജി വിശദീകരിച്ചു. തന്റെ പോസ്റ്റിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. മലയാളികളുടെ പ്രതികരണ ശേഷിയെ ഉണർത്താൻ വേണ്ടിയായിരുന്നു ആ പോസ്റ്റ് എന്നും പ്രേംജി വിശദീകരിച്ചു.

‘എന്റെ പോസ്റ്റ് വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്യണമെന്ന് ഒരുപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന് മറ്റുചില സുഹൃത്തുക്കള്‍ പറഞ്ഞു. എന്റെ പോസ്റ്റിന് ഒരുലക്ഷ്യമുണ്ടായിരുന്നു. രണ്ടാം തീയതിയാണ് ഞാന്‍ പോസ്റ്റിട്ടത്. അങ്ങനെ ഞാനും ഭാര്യയും മല കയറാന്‍ മാലയിട്ട് ഒരുസെല്‍ഫി എന്നായിരുന്നു പോസ്റ്റ്. മലകയറുക എന്ന് പറഞ്ഞാല്‍ ഒരുപാട് മലകളുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് പഴനിമലയാണ്. ഞാന്‍ ശബരിമലയില്‍ മാലയിട്ട് പോകുന്ന വ്യക്തിയാണ്. ആര്‍ക്കെങ്കിലും തെറ്റായ ഇന്‍ഫൊര്‍മേഷന്‍ കിട്ടിയെങ്കില്‍ അങ്ങനെ വിചാരിക്കരുത്.

എന്റെ നിലപാടറിയാന്‍ ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ മതി. ഞാന്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഈ പോസ്റ്റ് ഇടാന്‍ കാരണം നമുക്ക് പ്രതികരണശേഷി വേണം. രാഷ്ട്രീയഭേദമെന്യേ, ജാതിമതഭേദമെന്യേ ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധിക്കെതിരെ എല്ലാവരും പ്രതികരിക്കണം.

ഫെയ്സ്ബുക്കില്‍ അസഭ്യം പറഞ്ഞ് പ്രതികരിച്ചാല്‍ പോരാ. സമൂഹത്തില്‍ ആക്ടീവായി ഇറങ്ങി പ്രതികരിക്കണം. ജനങ്ങളെ അറിയിക്കണം. ഞാനും എന്റെ ഭാര്യയും ഫോട്ടോ പോസ്റ്റ് ചെയ്ത് മല കയറുന്നുവെന്ന് പറയുമ്പോള്‍ നിങ്ങളുടെ മനസ്സിലുള്ള ഉള്ളിലുള്ള ആ ചിന്താഗതി പുറത്തേക്കെടുക്കണം. അതാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ കേരളത്തില്‍ തന്നെ എത്ര ഫെമിനിച്ചികള്‍ മെന്‍സസായിട്ട് അമ്പലത്തില്‍ പോകുന്നുവെന്ന് പറയുന്നു. നിങ്ങള്‍ അവിടെ പോയിട്ട് തെറി പറയണം.

ശരിക്കും പറഞ്ഞാല്‍ സര്‍ക്കാരാണ് ഇതിന്റെ കാരണക്കാര്‍. സര്‍ക്കാരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. ഡിജിപി പറയുകയാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന്. നമ്മുടെ പ്രതികരണശേഷി വീണ്ടെടുക്കുകയാണ് വേണ്ടത്. ഫേസ്ബുക്കില്‍ ചെലച്ചിട്ട് കാര്യമില്ല. നമ്മള്‍ വോട്ടുകൊടുത്ത രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടത്.’–പ്രേംജി ഇല്ലത്ത് പറഞ്ഞു.