Monday 18 June 2018 01:51 PM IST

അന്നവൾ ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ചു, കേൾക്കേണ്ടിവന്നത് മോശം കമന്റുകൾ: ലിനിയിലെ പോരാളിയെ ഓർത്തെടുത്ത് സജീഷ്!

Tency Jacob

Sub Editor

lini-vanitha1

അവസാനം വരേയും പോരാളിയായിരുന്നു ലിനി. ഒരു നഴ്‌സ് എന്ന നിലയ്‌ക്ക് ആദ്യമായിട്ടല്ല അവർ റിസ്‌ക്കുകൾ ഏറ്റെടുക്കുന്നത്. മാറാരോഗികളെയും ഒറ്റപ്പെട്ടു പോയവരെയും പരിചരിക്കാനും, അവർക്കുവേണ്ടി പ്രവർത്തിക്കാനും ലിനി എന്നും സന്നദ്ധയായിരുന്നു. ആ പെൺക്കരുത്തിന്റെ ഓർമ്മകൾ വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഭർത്താവ് സജീഷ് പങ്കുവച്ചു.   

"വിവാഹം കഴിഞ്ഞ സമയത്തായിരുന്നു സെൻട്രൽ ഗവൺമെന്റിന്റെ കേരള സ്േറ്ററ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഒരു പ്രൊജക്ട് വന്നത്. ലിനി അതിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. എച്ച് ഐ വി ബാധിതർ ഉള്ള സ്ഥലത്തുപോയി മെഡിക്കൽ ക്യാമ്പു നടത്തണം. രക്ത പരിശോധനയും മരുന്നു കൊടുക്കലുമൊക്കെയുണ്ടായിരുന്നു.

അവിടെയുള്ള ലൈംഗിക തൊഴിലാളികൾക്കുള്ള കോണ്ടം,  രോഗങ്ങൾക്കുള്ള മരുന്നുകൾ എല്ലാം വിതരണം ചെയ്യും. അവരോടെല്ലാം നല്ല രീതിയിലാണ് ഇടപെട്ടിരുന്നത്. വീട്ടിൽ വരുമ്പോൾ എന്നോട് പറയും. ‘‘ അവരൊക്കെ പാവങ്ങളാ സജീഷേട്ടാ. അവരുടെ ജീവിതം കേട്ടാൽ നമുക്ക് സങ്കടം വരും.’’  

ലിനി ജോലി കഴിഞ്ഞ് ബസ് കയറാനായി സ്റ്റാൻഡിൽ നിൽക്കുമ്പോൾ ലൈംഗിക തൊഴിലാളികൾ വന്ന് സ്നേഹം കാണിക്കും. ഇതുകണ്ട് പലരും ഇവളും അവരുടെ കൂട്ടത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച് കമന്റൊക്കെ പറയും. ഇങ്ങനെ പലതവണ ലിനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. പക്ഷേ അവളതു കേട്ട് വിഷമിച്ചിട്ടൊന്നുമില്ല. അവരോട് മിണ്ടാതെയിരിക്കുകയുമില്ല.

ഒന്നര വർഷമുണ്ടായിരുന്നു ആ ജോലി. പിന്നീടാണ് മിംസിലേക്ക് മാറിയത്. അവിടെ കാർഡിയാക്ക് ഐസിയുവിലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ മുന്നിൽ നിൽക്കാനും കാര്യങ്ങൾ ചെയ്തിരുന്നതുമെല്ലാം അവളാണ്. കൂടെ ജോലി ചെയ്യുന്ന നഴ്സുമാർ വീട്ടിൽ വരുമ്പോൾ സംസാരിക്കുന്നതിൽ നിന്നറിയാം അവൾ അവരുടെ നേതാവാണെന്ന്. ഡോക്ടർമാർക്കും വലിയ കാര്യമായിരുന്നു."
- നിപ്പ വൈറസ് മൂലം മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയെക്കുറിച്ച് ഭർത്താവ് സജീഷ് പറയുന്നതിങ്ങനെ.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...