Saturday 15 December 2018 10:49 AM IST : By സ്വന്തം ലേഖകൻ

ആ ഉപ്പയുടെ കണ്ണീർ വെറുതെയായില്ല; മകളെ തിരികെക്കിട്ടി, സുരക്ഷിത; പുറംകടലിൽ നിന്നും നന്ദിയോടെ സലിം

salim

"എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. മോള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്തുകൊടുക്കാം, അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞാൽ മതി.’ പ്രവാസി മലയാളി സലീമിന്റെ കണ്ണീരുപ്പു നിറഞ്ഞ ഈ വാക്കുകൾ മലയാളക്കരയെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നത്. പ്രിയമകളെ കാണാതായ വിഷമത്തിൽ ആ ഉപ്പ പങ്കുവച്ച കണ്ണീരിനെ സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റുവാങ്ങുകയും ചെയ്തിരുന്നു.

അന്വേഷണങ്ങളുടെ രാപ്പകലുകൾക്കൊടുവിൽ ഇപ്പോഴിതാ സലീമിന്റെ മകളെ കണ്ടുകിട്ടിയിരിക്കുകയാണ്. താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവാവിനോടൊത്ത് പെൺകുട്ടി വ്യാഴാഴ്ച ഉച്ചയോടെ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരാവുകയായിരുന്നു. ഇവരുടെ നിക്കാഹ് വെള്ളിയാഴ്ച കോതമംഗലം പൊലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പിക്കുമെന്ന് സലീം പറഞ്ഞു.

മൂവാറ്റുപ്പുഴ ചെറുവട്ടൂരിൽ നിന്നാണ് സലീമിന്റെ മകളെ കാണാനാകുന്നത്. എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് സലീമിന്റെ മകൾ.

മസ്കത്തിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ ജോലി ചെയ്യുന്ന സലീം മകളെ കാണായതിനെ തുടർന്ന് മനോരമ ഒാൺലൈനിലൂടെ ആശങ്കയും സങ്കടവും പങ്കുവച്ചിരുന്നു. മകളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നായിരുന്നു അഭ്യർഥന. ഇതു കണ്ട് ഒട്ടേറെ പേർ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതായും അപകടമൊന്നും വരുത്തരുതേ എന്ന് പ്രാർഥിക്കുകയും ചെയ്തയായി സലീം പറഞ്ഞു. ഇവർക്കും മനോരമയ്ക്കും സലീം നന്ദി അറിയിച്ചു. രണ്ടു മാസം കഴിഞ്ഞ് മാത്രമേ സലീം ജോലി ചെയ്യുന്ന കപ്പൽ തീരത്തടുക്കുകയുള്ളൂ.