Wednesday 13 March 2024 10:32 AM IST : By സ്വന്തം ലേഖകൻ

മ്ലാവ് ഇടി‍ച്ച് ഓട്ടോ മറിഞ്ഞു, പൊലിഞ്ഞത് നിർധന കുടുംബത്തിന്റെ ഏക ആശ്രയം; വിജിൽ മരിച്ചതോടെ അനാഥമായി കുടുംബം

ernakulam-kothamangalam-deer-hited-auto

മ്ലാവ് ഇടി‍ച്ച് ഓട്ടോ മറിഞ്ഞു മരിച്ച വിജിൽ നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. വിജിലിന്റെ പിതാവ് ജീവിച്ചിരിപ്പില്ല. കാൻസർ രോഗിയായ അമ്മ. ഭാര്യയും 6, 4 ക്ലാസുകളിൽ പഠിക്കുന്ന 2 പെൺകുട്ടികളും. വിജിലിന്റെ വരുമാനം കൊണ്ടു മാത്രമാണു ചികിത്സാ, കുടുംബ ചെലവുകൾ നടത്തിയിരുന്നത്.

വന്യജീവി ഭീഷണിയുള്ള റോഡിലൂടെ അർധരാത്രി രോഗിയുമായി ആശുപത്രിയിലേക്ക് ഓട്ടം പോയതാണു വിജിൽ. ആദിവാസിക്കുടിയിലെ കണ്ണപ്പൻ ആലയ്ക്കന്റെ കൈ മുറിഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. നാട്ടുകാരായ ജോമോൻ തോമസ്, വി.ഡി.പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർക്കും പരുക്കേറ്റു.

മൃതദേഹം പൊലീസ്  അകമ്പടിയിൽ  

കാട്ടാന ആക്രമണത്തിന്റെ പ്രതിഷേധങ്ങൾ നിലയ്ക്കാത്ത കോതമംഗലത്ത് മറ്റൊരു പ്രതിഷേധ സാധ്യത കൂടി മുന്നി‍ൽകണ്ടു പൊലീസ് അകമ്പടിയിലാണു മൃതദേഹം എത്തിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കുട്ടമ്പുഴ വഴി കൊണ്ടുപോകാതെ കോതമംഗലം, നേര്യമംഗലം, ആറാംമൈൽ, മാമലക്കണ്ടം വഴി എളംബ്ലാശേരിയിലെത്തിച്ചു. ആന്റണി ജോൺ എംഎൽഎയും കലക്ടർ എൻ.എസ്.കെ.ഉമേഷും സ്ഥലത്തെത്തി.  

ഉപദ്രവകാരിയല്ലെങ്കിലും മ്ലാവ് ഭീഷണി  

മാൻ വർഗത്തിലെ വലിയ ഇനം കാട്ടുമൃഗമായ മ്ലാവ് ഉപദ്രവകാരിയല്ലെങ്കിലും യാത്രക്കാർക്കു ഭീഷണിയാണ്. നൂറിൽ താഴെ കിലോഗ്രാം വരുന്ന മ്ലാവുകളെയാണു സാധാരണ കാണാറെങ്കിലും നൂറിൽ കൂടുതൽ കിലോഗ്രാം വരുന്നവയുമുണ്ട്. 300 കിലോഗ്രാം വരെയുള്ള ആൺ മ്ലാവുകൾ വനത്തിൽ ഉള്ളതായി വനപാലകർ പറ‍ഞ്ഞു. റോഡ് കുറുകെ കടക്കുമ്പോഴോ വാഹനങ്ങൾ കണ്ടു പേടിച്ചോടുമ്പോഴോ ആണ് അപകടമുണ്ടാകുന്നത്. ശക്തിയിൽ വന്നിടിക്കുമ്പോൾ െചറുവാഹനങ്ങൾ അപകടത്തിലാകും.  

തട്ടേക്കാട് റോഡിൽ ഭീഷണി 

പുന്നേക്കാട്–തട്ടേക്കാട് റോഡിൽ 3 കിലോമീറ്ററിൽ രാപകൽ വ്യത്യാസമില്ലാതെ വന്യജീവി ഭീഷണിയുണ്ട്. റോഡിന്റെ ഇരുവശവും തേക്ക് പ്ലാന്റേഷനാണ്.  കളപ്പാറ മുതൽ തട്ടേക്കാട് വരെയാണു കൂടുതൽ ഭീഷണി. എസ് വളവിനു സമീപം മാവിൻചുവട് ഭാഗത്ത് കാട്ടാന രാത്രിയും പകലും കുറുകെ കടക്കും. പലപ്പോഴും തലനാരിഴയ്ക്കാണു യാത്രക്കാർ രക്ഷപ്പെടുന്നത്.

മ്ലാവും കാട്ടുപന്നികളും റോ‍ഡ് കുറുകെ കടക്കുമ്പോൾ ഇരുചക്ര, മുച്ചക്ര വാഹങ്ങളി‍ൽ ഇടിച്ച് അപകടമുണ്ടാകുന്നുണ്ട്. ആദിവാസിക്കുടികളുൾപ്പെടെ കുട്ടമ്പുഴ, മാമലക്കണ്ടം മേഖലയിലേക്കുള്ള ഇരുപതിനായിരത്തോളം ആളുകളുടെ യാത്രാമാർഗമാണ് റോഡ്. കുട്ടമ്പുഴ–മാമലക്കണ്ടം, ഭൂതത്താൻകെട്ട്–വടാട്ടുപാറ റോഡിലും വന്യജീവി ഭീഷണിയുണ്ട്.

Tags:
  • Spotlight