Friday 03 December 2021 03:23 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങള് ഇപ്പോഴും വിശ്വസിച്ചിട്ടില്ല ആ കുഞ്ഞ് മരിച്ചെന്ന്! നാടിന്റെ ധമനികളിൽ ഒഴുകിയ മനുഷ്യൻ’; സോഷ്യൽ മീഡിയയിൽ നോവ് പടർത്തി കുറിപ്പ്

pb-sandeepkumar44566

നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കൊല്ലപ്പെട്ട തിരുവല്ല പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ്കുമാർ. സന്ദീപിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. പലരുടെയും പ്രതികരണങ്ങളിൽ നിന്നുതന്നെ സന്ദീപ് ആ നാടിന്റെ എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്നു വ്യക്തമാണ്. സന്ദീപിന്റെ ഓർമ്മകളിൽ ഷിബു ഗോപാലകൃഷ്ണൻ പങ്കുവച്ച നീറുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ നോവ് പടർത്തുന്നത്.  

ഷിബു ഗോപാലകൃഷ്ണൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

സന്ദീപ് സ്ഥിരമായി പോകുമായിരുന്ന കടയിലെ ഗ്രേസിക്കുട്ടി സംസാരിക്കുമ്പോൾ എന്റെ കുഞ്ഞ് എന്നാണ് സന്ദീപിനെ വിളിക്കുന്നത്. "ഇന്നലെ രാവിലെ ഇവിടെ വന്ന കുഞ്ഞ് വൈകിട്ട് വന്നില്ല.. വൈകുന്നേരം ഞങ്ങൾ വന്നപ്പോഴാണ് അറിയുന്നത് സന്ദീപിനെ കുത്തി എന്ന്, അതുകഴിഞ്ഞ് അരമണിക്കൂർ കഴിയുമ്പോൾ പറയുന്നു, സന്ദീപ് മരിച്ചെന്ന്... ഞങ്ങള് ഇപ്പോഴും വിശ്വസിച്ചിട്ടില്ല ആ കുഞ്ഞ് മരിച്ചെന്ന്.. "

ഒരു നാടിന്റെ ധമനികളിൽ കൂടി ഒഴുകിക്കൊണ്ടിരുന്ന മനുഷ്യനാണ്. മനുഷ്യരെ വെറുപ്പിനും വിദ്വേഷത്തിനും വേർതിരിവിനും വിട്ടുകൊടുക്കാതെ ജീവിതം കൊണ്ടു പണിയെടുത്തുകൊണ്ടിരുന്ന മനുഷ്യനാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കിടയിൽ സ്വന്തം രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു അവരുടെ മനസ്സുകളിൽ കയറിക്കൂടിയ സഖാവാണ്.

ഈ ചിത്രത്തിൽ കാണുന്ന അമ്മക്കും രണ്ടുമക്കൾക്കും മാത്രമല്ല ഇല്ലാതായത്.

അന്ത്യാഭിവാദ്യങ്ങൾ..

സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ പിടിയിൽ. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ജിഷ്ണു യുവമോർച്ചയുടെ മുൻ ഭാരവാഹിയാണ്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്. വ്യക്തി വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. 

ആർഎസ്എസ് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും മറ്റ് 3 പ്രതികൾക്ക് ആർഎസ്എസ് ബന്ധമില്ല. ഒരാൾ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8ന് ആണ് സന്ദീപിനെ ബൈക്കിലെത്തിയ സംഘം നടുറോഡിൽ തടഞ്ഞു നിർത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. 

Tags:
  • Spotlight
  • Social Media Viral