Wednesday 09 April 2025 10:05 AM IST : By സ്വന്തം ലേഖകൻ

നെഞ്ചിലെരിഞ്ഞ ആ പക അഭ്രപാളിയിലുമെത്തി... ശങ്കരനാരായണന്റെയും മകളുടെയും കഥ പറഞ്ഞ ‘വൈരം’

vairam-movie

മകൾ കൃഷ്ണപ്രിയയുടെ ഓർമകളുമായി കഴിച്ചുകൂട്ടിയ കാൽനൂറ്റാണ്ടിനു ശേഷം എളങ്കൂർ ചാരങ്കാവ് ശങ്കരനാരായണൻ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് മലയാളിക്ക് എളുപ്പം മറക്കാനാകാത്ത ഒരു പിതാവിന്റെ ജീവിതം. കൃഷ്‌ണപ്രിയയുടെ നിറംമങ്ങിയ ചിത്രം അടുത്ത കാലം വരെ ശങ്കരനാരായണന്റെ കൈവശം ഉണ്ടായിരുന്നു. ഏക മകളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ പ്രതിയോട് ക്രൂരമായി പ്രതികാരം ചെയ്ത പിതാവിന്റെ ജീവിതം വെളളിത്തിരയിലുമെത്തിയിരുന്നു.

കൃഷ്ണപ്രിയയുടെ മരണവും ശങ്കരനാരായണന്റെ പ്രതികാരവും പ്രമേയമാക്കി സിനിമയായിരുന്നു വൈരം. എം.എ.നിഷാദ് സംവിധാനം ചെയ്ത ചിത്രത്തിൽ എളങ്കൂർ സംഭവം ശക്തമായ പ്രമേയമായി. മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അച്ഛന്റെ പ്രതികാരം ആവിഷ്കരിക്കുന്നതാണു കഥ. മകളെ കൊലപ്പെടുത്തിയയാളോട് പ്രതികാരം ചെയ്യുന്ന അച്ഛൻ ശിവരാജ് ആയി തമിഴ് നടൻ പശുപത്രിയാണ് അഭിനയിച്ചത്. മകൾ വൈരമണിയെ തളിക്കുളം ജോസൂട്ടി  (ജയസൂര്യ) പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതും പിന്നീട് പിതാവ് പ്രതികാരം ചെയ്യുന്നതുമാണു കഥ. സുരേഷ് ഗോപി, മുകേഷ്, സംവൃത സുനിൽ, ധന്യമേരി വർഗീസ് എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങൾ.പശുപതി പിന്നീട് സംവിധായകൻ നിഷാദിനൊപ്പം ശങ്കരനാരായണനെ കാണാൻ എളങ്കൂർ ചാരങ്കാവിൽ വീട്ടിൽ വന്നിരുന്നു. അന്ന് അവരോട് ശങ്കരനാരായണൻ തന്റെ  ജീവിതാനുഭവങ്ങൾ വിവരിച്ചിരുന്നു.