കൃഷ്‌ണപ്രിയയുടെ നിറംമങ്ങിയ ചിത്രം അടുത്ത കാലം വരെ ശങ്കരനാരായണന്റെ കൈവശം ഉണ്ടായിരുന്നു. ഏക മകളെ അത്രയ്ക്കു വാൽസല്യത്തോടെയാണയാൾ വളർത്തിയിരുന്നത്. ഒടുവിലാ കണ്ണടയും വരെ ശങ്കരനാരായണന്റെ ഹൃദയത്തിലെ നീറുന്ന മുറിവായിരുന്നു കൃഷ്ണ പ്രിയ.
സിനിമയിലെ മാസ് രംഗങ്ങൾ മാത്രം കണ്ട് ഊറ്റം കൊള്ളുന്നവര്‍ക്് ജീവിതം എന്തെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു ശങ്കരനാരായണൻ. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ഈ ഭൂമിയില്‍ നിന്നും ഇല്ലാതാക്കിയവനോട് ഒരച്ഛൻ നടത്തിയ പ്രതികാരം. നിയമത്തിന്റെ തണലിൽ സ്വൈര്യവിഹാരം നടത്താമെന്ന് ചിന്തിച്ച പ്രതി ആ അച്ഛന്റെ കണ്ണിലെ കരടായിരുന്നു.
മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങുന്നുവെന്് അറിഞ്ഞപ്പോൾ ആ പിതാവിന്റെ മനസ് പിടഞ്ഞു. 2002 ജൂലൈയിൽ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയെ ഏതാനും ദിവസങ്ങൾക്കു ശേഷം കാണാതായി. അയാൾ കൊല്ലപ്പെട്ടിരിക്കാമെന്ന വാർത്ത തലങ്ങും വിലങ്ങും പരന്നു.
അയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ശങ്കരനാരായണന്റെ വീട്ടുമുറ്റത്തെ കിണറ്റിൽനിന്ന് കോയയുടെ മൃതദേഹം കണ്ടെത്തി. ശങ്കരനാരായണന്റെ രണ്ടു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു; പിന്നാലെ ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി..
ശങ്കരനാരായണൻ സുഹൃത്തുക്കളായ അനിമോനും മാഞ്ചേരിയൻ ശങ്കരനാരായണനുമായി ചേർന്ന് ആസൂത്രിതമായി കോയയെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്.
പൊലീസ് ഭാഷ്യം ഇങ്ങനെ: അനിമോനും മാഞ്ചേരിയൻ ശങ്കരനാരായണനും മുഹമ്മദ് കോയയെ ചാരായം കുടിക്കാൻ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോകുന്നു. സ്ഥലത്തെ വിഷ്‌ണുക്ഷേത്രത്തിനടുത്തുള്ള പാറയിലിരുത്തി ചാരായം കഴിപ്പിക്കുന്നു. മയങ്ങിയ കോയയെ കൃഷ്‌ണപ്രിയയുടെ പിതാവും ഒന്നാം പ്രതിയുമായ ശങ്കരനാരായണൻ ഒറ്റക്കുഴൽ തോക്കുകൊണ്ട് നെഞ്ചിൽ വെടിവച്ചു കൊല്ലുന്നു. പിന്നീട് പ്രതികളെല്ലാവരുംകൂടി മൃതദേഹം കൊണ്ടുപോകാൻ ജീപ്പന്വേഷിച്ചെങ്കിലും സംഭവമറിഞ്ഞ ജീപ്പ് ഡ്രൈവറും ഓട്ടോ ഡ്രൈവറും വിസമ്മതിച്ചതിനാൽ കിണറ്റിൽ കുഴിച്ചിടാൻ തീരുമാനിക്കുന്നു. ഉലക്കയിൽ മൃതദേഹം കെട്ടിവരിഞ്ഞ് ഒന്നാം പ്രതിയുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റിൽ കുഴിച്ചിടുന്നു. ചാണകവെള്ളം ഉപയോഗിച്ച് ചോരപ്പാടുകൾ മായ്‌ക്കുന്നു.
സംഭവം വാർത്തയായതോടെ ശങ്കരനാരായണന് പിന്തുണയേറി. അയാൾ ചെയ്തത് നിയമത്തിനു മുന്നിൽ കുറ്റകൃത്യമാണെങ്കിലും മനഃസാക്ഷിക്കു മുന്നിൽ നീതീകരിക്കപ്പെടുമെന്നു പറഞ്ഞവരിൽ സമൂഹത്തിന്റെ പല തുറകളിലുമുള്ളവരുണ്ടായിരുന്നു. എങ്കിലും, നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് മഞ്ചേരി സെഷൻസ് കോടതി മൂന്നു പ്രതികകൾക്കും ജീവപര്യന്തം കഠിന തടവു വിധിച്ചു. ആ വിധി കേട്ടപ്പോൾ ശങ്കരനാരായണൻ ചിരിച്ചു; മകൾ മരിച്ച ശേഷം ആ അച്ഛന്റെ മുഖത്തു തെളിഞ്ഞ ആദ്യത്തെ ചിരി.
2006 മേയിൽ, തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിട്ടു. ക്രിമിനലായിരുന്ന മുഹമ്മദ് കോയയ്ക്ക് മറ്റു ശത്രുക്കളുണ്ടാവില്ലേ എന്നും അവരായിക്കൂടേ അയാളെ കൊന്നത് എന്നും ചോദിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.