ഇക്ക പോയി എഴുപതാം ദിവസം രണ്ടു മക്കളെ ഉപ്പയേയും ഉമ്മയേയും ഏൽപ്പിച്ചു ജോലി തേടി ഞാൻ ഒമാനിലേക്കു പോയി. എന്റെ തീരുമാനത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരുമുണ്ട്. പക്ഷേ, മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല.
ഇക്കയുമായി ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ എന്റെ ബാങ്ക് ബാലൻസ് പൂജ്യമായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്താൻ എനിക്കൊരുപാടു കഷ്ടപ്പെടേണ്ടി വന്നു. എന്റെ മക്കളും മാതാപിതാക്കളും ഒപ്പം നിന്നില്ലായിരുന്നെങ്കിൽ...’’ സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് സെറീനയ്ക്കു പറയാനുള്ളതു നിരവധി സ്ത്രീകൾക്കു പ്രചോദനമേകുന്ന ജീവിതയാത്രയാണ്.
സാസ് എന്ന ഓൺലൈൻ ബുട്ടീക് ആയിരുന്നു ആദ്യ സംരംഭം. പിന്നീടു കോഫീവെൻഡ് മെഷീൻ വെൻഡറും ക്ലൗഡ് കിച്ചൺ ഉടമയും ഡ്രൈവറും ഇൻഷുറൻസ് ഏജന്റുമൊക്കെയായി. സെറീനയുടെ യാത്ര ഇന്നെത്തി നിൽക്കുന്നതു സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് സാറ എന്ന മേൽവിലാസത്തിലാണ്.
‘‘കുട്ടിക്കാലം മുതൽ ഒരുങ്ങി നടക്കാനും മറ്റുള്ളവരെ ഒരുക്കാനും എനിക്കു വലിയ ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ അടുത്ത വീടുകളിൽ നടക്കുന്ന ചടങ്ങുകളുടെ അനൗദ്യോഗിക മേക്കപ് ആർട്ടിസ്റ്റ് ആയി. മേക്കപ്പിനെ ഗൗരവത്തോടെ സമീപിക്കാമെന്നു തോന്നിയപ്പോൾ പട്ടണം റഷീദ് സാറിന്റെ അക്കാദമിയിൽ ചേർന്നു പഠിച്ചു. ബ്രൈഡൽ മേക്കപ്പിനൊപ്പം ധാരാളം സെലിബ്രിറ്റി വർക്കുകളും ഇപ്പോൾ ചെയ്യുന്നു. ഇഷ്ടമുള്ളൊരു പ്രവൃത്തി ജീവിതമാർഗം കൂടിയാകുമ്പോൾ കിട്ടുന്ന സന്തോഷം അറിയുകയാണ്.
സാറാസ് ട്രാൻക്വിൽ എന്ന ട്രാവൽ ഗ്രൂപ് ആണ് എന്റെ സംരംഭങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയത്. പ്രായമായവർക്കു വേണ്ടിയുള്ള യാത്രകളായിരുന്നു ആദ്യം മനസ്സിൽ. പക്ഷേ, പല വിഭാഗങ്ങളിൽപ്പെട്ട ആളുകൾ യാത്രയിൽ ഒപ്പം കൂടാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.’’കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ ഗസൽ എന്ന വീടിനോടു ചേർന്നുള്ള സാറാ ആർട്ടിസ്ട്രിയിലിരുന്നു സാറ സംസാരിച്ചു തുടങ്ങി.

സാറ സ്ട്രോങ് ആണ്
2017 വരെ ഭർത്താവും കുട്ടികളും മാത്രമായിരുന്നു സാറയുടെ ലോകം. ആ സ്വർഗം കൺമുന്നിൽ വീണുടഞ്ഞതിന്റെ നടുക്കം സാറയുടെ വാക്കുകളിലൂടെ വായിച്ചെടുക്കാം. ‘‘എട്ടു വർഷം മുൻപു ഞാൻ തോറ്റു പിന്മാറിയിരുന്നെങ്കിൽ ഈ വീടുൾപ്പെടെ ഇന്നു കാണുന്നതൊന്നും ഉണ്ടാകില്ലായിരുന്നു. ഒരു സുഹൃത്തു വഴിയാണ് ഒമാനിൽ ജോലി ലഭിച്ചത്. എത്തിപ്പെട്ട കമ്പനി ഏറെക്കുറെ നഷ്ടത്തിലായിരുന്നു.
ഭേദപ്പെട്ട ഒരു ജോലിയിലേക്കുള്ള ചവിട്ടുപടിയെന്നോണം അവിടെ തുടർന്നു. അധികം വൈകാതെ രണ്ടു മക്കളേയും ഞാൻ ഒപ്പം കൂട്ടി. കുട്ടികൾ വന്നതോടെയാണു പ്രശ്നങ്ങളുടെ തീവ്രത മനസ്സിലായത്. നമ്മൾ പട്ടിണി കിടന്നാലും മക്കളുടെ വയറു നിറയണമല്ലോ. കുട്ടികൾ പള്ളിയിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണമാണു നോമ്പുകാലങ്ങളിൽ ഞങ്ങളെ പിടിച്ചു നിർത്തുക. നിസ്കാരപ്പായിലിരുന്നു ഞാൻ കരഞ്ഞു തളർന്ന ദിവസങ്ങളുണ്ട്. ആ ദുരിതക്കയത്തിൽപ്പെട്ടു മക്കളും കൂടി വിഷമിക്കുന്നതു കാണാൻ എനിക്കായില്ല. മക്കളേയും കൂട്ടി ഞാൻ നാട്ടിലേക്കു മടങ്ങി.
വട്ടപ്പൂജ്യത്തിൽ നിന്നായിരുന്നു തുടക്കം. നാട്ടിലെത്തി സാസ് എന്ന പേരിൽ ഓൺലൈൻ ബുട്ടീക്ക് തുടങ്ങി. പി ന്നീടു കുറച്ചുകാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു. സിംഗിൾ പേരന്റ് ആയതു കൊണ്ട് മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ പരിമിതികളുണ്ടായിരുന്നു. അങ്ങനെയാണു സ്വന്തമായി കോഫീ വെൻഡിങ് മെഷീന്റെ ഡീലർഷിപ്പ് നേടിയത്. കോവിഡും ലോക്ഡൗണും ആ സംരംഭത്തിനു ഭീഷണിയായി.
മുന്നിൽ പിടിവള്ളികളൊന്നും ഇല്ലാതെയാകുമ്പോൾ എവിടെ നിന്നെന്നില്ലാത്ത ഒരു ധൈര്യം വരും. അങ്ങനെ ക്ലൗഡ് കിച്ചൺ ആരംഭിച്ചു. ക്ലൗഡ് കിച്ചൺ നല്ല നിലയിലായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ആവശ്യക്കാർ കുറഞ്ഞു. പക്ഷേ, അവിടേയും ഞാൻ തളർന്നില്ല, അടുത്തത് എന്ത് എന്നു ചിന്തിച്ചു. എന്റെ പ്രയ്തനത്തിന്റെ ഫലമാണ് ഈ വീട്. മേക്കപ്പിന്റെ ലോകത്തു സ്വന്തമായൊരിടം ഒരുക്കാനുള്ള തയാറെടുപ്പിലാണു ഞാനിപ്പോൾ.’’ സാറയുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി.

നിലാവു പോലൊരാൾ
‘‘പ്രീഡിഗ്രി കാലത്താണു ഞാൻ ഇക്കയെ കാണുന്നത്. പ്രണയ വിവാഹമാണ് ഞങ്ങളുടേത്.’’ ഭർത്താവ് ഹാരിസ് അഹമ്മദിനെക്കുറിച്ചു പറഞ്ഞപ്പോൾ സാറയുടെ മുഖത്തു നിലാവു പോലൊരു ചിരി തെളിഞ്ഞു. ‘‘വാപ്പ മുഹമ്മദ് ബഷീറും ഉമ്മ സൈനബയും സ്നേഹിച്ചും അത്രതന്നെ ചിട്ടയോടെയുമാണ് എന്നേയും ചേച്ചി സജ്നയേയും വളർത്തിയത്. വർഷങ്ങളായി ഇക്കയ്ക്കു ഖത്തറിലായിരുന്നു ജോലി. ഒരു ദിവസം വൈകുന്നേരം മോനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ, ഇടയ്ക്കൊരു നെഞ്ചുവേദന വന്നുവെന്നു പറയുന്നതു കേട്ടു. പെട്ടെന്നു ഞാൻ ഫോൺ വാങ്ങി ആശുപത്രിയിൽ പോയില്ലേ എന്നു തിരക്കി. ‘പോയി, ഇസിജി എടുക്കാൻ പറഞ്ഞതുകൊണ്ടു പിന്നിലൂടെ ഇറങ്ങി പോന്നു’ എന്നായിരുന്നു മറുപടി. അദ്ദേഹം നാട്ടിലേക്കുള്ള ഫ്ലൈറ്റ് കാത്തിരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ ഞാൻ അറിയുന്നത്. നാട്ടിൽ എത്തിയിട്ട് ഒരുമിച്ച് ആശുപത്രിയിൽ പോകാമെന്നു ഞാൻ ആശ്വസിപ്പിച്ചു. ഒന്നുരണ്ടു ദിവസം ജോലി സംബന്ധമായ തിരക്കുകളുണ്ടെന്നും അതു കഴിഞ്ഞാലുടൻ ആശുപത്രിയിൽ പോകാമെന്നും ഇക്ക വാക്കു തന്നു.’’
ആ ദിവസം ഓർത്താൽ ഇപ്പോഴും എന്നെ വിറയ്ക്കും. ഡോക്ടറിന്റെ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. കുട്ടികളെ സ്കൂളിൽ വിട്ടശേഷം ആശുപത്രിയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഞങ്ങൾ. ഇക്കയ്ക്കു പെട്ടെന്നു നെഞ്ചുവേദന കലശലായി. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാർഥനകളുമായി രാവും പകലും തള്ളി നീക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. ഒരാഴ്ചയോളം വെന്റിലേറ്റിലും പിന്നീടുള്ള ദിവസങ്ങൾ ഐസിയുവിലും ഒബ്സർവേഷനിലുമായിരുന്നു ഇക്ക.
അവസ്ഥ മെച്ചപ്പെടുന്നതു കണ്ടപ്പോൾ പ്രതീക്ഷ തോന്നി. പക്ഷേ, പെട്ടെന്നൊരു ദിവസം എല്ലാം തലകീഴായി മറിഞ്ഞു. ഇക്കയെ വീണ്ടും വെന്റിലേറ്റിൽ പ്രവേശിപ്പിച്ചു. വിട്ടുപോകുന്നതിനു തൊട്ടു മുൻപ് ഇക്ക എന്നോടെന്തോ ചോദിക്കാൻ ഭാവിച്ചു. കുട്ടികളെയാണോ അന്വേഷിക്കുന്നത് എന്നു ചോദിച്ചപ്പോൾ ഒരു തിളക്കം ഇക്കയുടെ കണ്ണുകളിൽ കണ്ടു. മക്കൾ സ്കൂളിൽ പോയിരിക്കുകയാണെന്നു പറഞ്ഞപ്പോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു. ‘മക്കളെ ഭദ്രമായി നോക്കിക്കോണേ’ എന്നു പറഞ്ഞേൽപ്പിക്കും പോലെ എന്നെ നോക്കി. ആ വാക്കു ഞാനിന്നും പാലിക്കുന്നു. മൂത്തമകൻ സിയാൻ അഫമ്മദ് കോട്ടയം സെന്റ് ഗിറ്റ്സ് കോളജിൽ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. രണ്ടാമൻ സമാൻ അഹമ്മദ് കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൽ പ്ലസ്ടുവിനു പഠിക്കുന്നു.
പടച്ചോന്റെ കാരുണ്യം കൊണ്ട് ഇത്രയും തുഴഞ്ഞെത്തി. ആളുകളെന്തു പറയുമെന്നു പേടിക്കേണ്ട കാര്യം ഈ ലോകത്ത് ഒരു പെണ്ണിനുമില്ല. വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാനുള്ള എളിയ ശ്രമം പോലും നമ്മുടെ വിജയമാണ്.’’
അഞ്ജലി അനിൽകുമാർ
ഫോട്ടോ : ഹരികൃഷ്ണൻ ജി