Saturday 22 July 2023 04:29 PM IST

‘തിരക്കുകൾ കൂടി മനസ്സു ‌പിടിവിട്ടു പോകാതിരിക്കാനാണു വിഡിയോ ചെയ്തു തുടങ്ങിയത്’: മരുന്നിനൊപ്പം നർമത്തിന്റെ കുറിപ്പടിയുമായി ഡോ. സതീഷ് വാരിയരും അമ്മ ഗീതയും

Roopa Thayabji

Sub Editor

dr-warrier-geetha ഫോട്ടോ: ജോമോൻ വെങ്ങല്ലൂർ

രോഗികൾക്കു മരുന്നിനൊപ്പം നർമത്തിന്റെ കുറിപ്പടി കുറിക്കുന്ന ഡോ. സതീഷ് വാരിയരും അമ്മ ഗീതയും ചിരിയിൽ ഒറ്റക്കെട്ടാണ്..

എന്താടോ വാരിയരേ നന്നാകാത്തേ... ’ കൂട്ടുകാർ ഡോ. സതീഷ് വാരിയരോടു തമാശയായി ചോദിക്കുന്ന ചോദ്യമാണിത്. നർമം മേമ്പൊടി ചേർത്ത ആയുർവേദ വിഡിയോകൾ ഇറക്കിയ കാലത്തു വെറുതേയാണ് ഈ ചോദ്യം ചോദിച്ചതെങ്കിലും ‘എങ്ങാനും വാരിയർ നന്നായാൽ കഷ്ടമാകും’ എന്നവർ മനസ്സിൽ പേടിച്ചു കാണും. അത്ര രസമാണു ഡോ. സതീഷ് വാരിയരുടെയും അമ്മ ഗീത വാരിയരുടെയും അഭിനയം.

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫിസർ (സ്പെഷലിസ്റ്റ് – പഞ്ചകർമ) ആയി ജോലി ചെയ്യുന്ന ഡോക്ടർക്ക് ഈ തിരക്കിനിടയിൽ വിഡിയോ ചെയ്യാൻ എവിടെ സമയമെന്നാണ് ആദ്യം തന്നെ ചോദിച്ചത്. തൊടുപുഴയിലെ വീട്ടിലിരുന്നു ഡോക്ടർ പറഞ്ഞു തുടങ്ങിയത് ഇങ്ങനെ. ‘‘കുട്ടിക്കാലത്ത് ആയുർവേദമെന്നു കേട്ടാൽ വെറുപ്പായിരുന്നു. പക്ഷേ, മുകളിലിരിക്കുന്ന ആൾ തലയിൽ വരച്ചത് ഏതോ ആയുർവേദ വൃക്ഷത്തിന്റെ കോലു കൊണ്ടാകും. ആയുർവേദ വിഡിയോ തന്നെ വൈറൽ ഡോക്ടറുമാക്കി.’’

അതെന്താ ആയുർവേദം ഇഷ്ടമില്ലാത്തത് ?

ഡോ. സതീഷ് വാരിയർ: അച്ഛൻ ഡോ. രാമ ഭദ്ര വാരിയർ കോട്ടയ്ക്കൽ മെഡിക്കൽ കോളജിൽ നിന്ന് ആയുർവേദ മെഡിസിൻ പാസ്സായി 21ാം വയസ്സിൽ സർക്കാർ സർവീസിൽ ക യറിയ ആളാണ്. ഭാരതീയ ചികിത്സാവകുപ്പു ഡയറക്ടറായി വിരമിച്ചതിനു ശേഷം മരിക്കുന്നതു വരെ തിരക്കോടു തിരക്കായിരുന്നു. അതുകൊണ്ടാകാം,ആയുർവേദത്തോടുള്ള  താൽപര്യം പോയത്. പക്ഷേ, പാരമ്പര്യം കൊ ണ്ടുനടക്കാൻ ഈ തലമുറയിൽ ആളില്ലെന്ന ഘട്ടം വന്നു.

ഗീത വാരിയർ: സതീഷിന്റെ മുതുമുത്തച്ഛൻ നാട്ടുവൈദ്യനായിരുന്നു. മുത്തച്ഛൻ എസ്. ആർ. വാരിയർ വൈദ്യകലാനിധി പട്ടം നേടിയ ആളും. മഹാവൈദ്യൻ രാഘവൻ തിരുമുൽപ്പാടിനോട് ആയുർവേദ പ്രബന്ധ മത്സരങ്ങളിൽ മ ത്സരിച്ചു സമ്മാനം നേടിയ മഹാപണ്ഡിതനാണ് അദ്ദേഹം. ആ കുറിപ്പുകളും പുസ്തകങ്ങളും ഇ പ്പോഴുമുണ്ട്. അന്നു വീട്ടിൽ തന്നെ മരുന്നുകൾ ഉണ്ടാക്കും. അരിഷ്ടങ്ങളും ആസവങ്ങളും മൺകുടത്തിലാക്കി കുഴിച്ചിട്ടാണു പാകപ്പെടുത്തുന്നത്. അവ തുറന്നു ചൈനീസ് പോർസലീൻ കുപ്പികളിലേക്കു മാറ്റുന്നതു കാണാൻ കുട്ടികൾക്കു വലിയ കൗതുകമായിരുന്നു.

ഡോ. സതീഷ് വാരിയർ: വീട്ടിൽ വൈകുന്നേരം എല്ലാവരും കൂടിയിരുന്നാണ് ഗുളിക ഉരുട്ടുന്നത്. താൽപര്യമെന്നൊക്കെ അന്നവർ തെറ്റിദ്ധരിച്ചതാ, അത്രയും നേരം പഠിക്കാതിരിക്കാമല്ലോ എ ന്നായിരുന്നു ഞങ്ങളുടെ ചിന്ത.

പിന്നെയെങ്ങനെ ആ ഇഷ്ടം കൂടി ?

ഡോ. സതീഷ് വാരിയർ: തൊടുപുഴ ന്യൂമാൻ കോളജിൽ നിന്നാണു പ്രീഡിഗ്രി പാസ്സായത്. മദ്രാസിലെ ശ്രീ ജയേന്ദ്ര സരസ്വതി ആയുർവേദ മെഡിക്കൽ കോളജിൽ ബിഎഎംഎസിനു ചേർന്നതു മനസ്സില്ലാ മനസ്സോടെയാണ്. പക്ഷേ, ക്ലിനിക്കൽസ് തുടങ്ങിയതോടെ ‘വെറുത്തു വെറുത്ത് ഒടുവിൽ കുട്ടിശങ്കരനെ’ ഇഷ്ടപ്പെട്ടു തുടങ്ങി.   

വൈക്കത്ത് ആയുവേദ ഡിസ്പെൻസറിയിൽ ആറു മാസത്തോളം ജോലി ചെയ്തപ്പോഴാണു പിജിക്ക് അഡ്മിഷൻ കിട്ടിയത്. കർണാടകയിലെ ഗദക് ശ്രീ ഡിജിഎം ആയുർവേദ മെഡിക്കൽ കോളജിൽ നിന്നു പഞ്ചകർമയിൽ പിജി പൂർത്തിയാക്കി കേരളത്തിൽ ആദ്യം റജിസ്റ്റർ ചെയ്ത നാലു പേരിലൊരാൾ ഞാനാണ്. പിന്നെ കണ്ണൂർ പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജിൽ ലക്ചററായി ഒരു കൊല്ലം. അപ്പോഴേക്കും രോഗവും ചികിത്സയും തന്നെ മതിയെന്ന് ഉറപ്പിച്ചിരുന്നു. തൊടുപുഴ ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ 2006ൽ ജോലിക്കു കയറി. എറണാകുളത്തേക്കു വന്നിട്ട് രണ്ടു വർഷമേ ആയുള്ളൂ.

മറക്കാനാകാത്ത കുറേ മുഖങ്ങളുണ്ട്. രഞ്ജിത്തിനെ കണ്ടതു ശരീരത്തിന്റെ 80 ശതമാനത്തോളം തളർന്ന അവസ്ഥയിലാണ്. അപൂർവമായൊരു വൈറസ് ബാധയാണു കാരണം. പഞ്ചകർമ തെറപിയിലൂടെ അയാൾ എഴുന്നേറ്റു നടന്നു. ഇപ്പോൾ വീണ്ടും ലോറി ഡ്രൈവറായി ജോലിക്കു പോയിത്തുടങ്ങി. ജനനസമയത്തെ ചില കുഴപ്പങ്ങൾ കൊണ്ട് എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത നിർമലിനെയും കൊണ്ടു കരഞ്ഞാണ് അച്ഛനുമമ്മയും വന്നത്. രണ്ടര വർഷത്തെ ചികിത്സയിലൂടെ അവന്റെ കൈപിടിച്ചു ചിരിച്ചുകൊണ്ട് അവർ നടന്നുപോയി. 2010 മുതൽ ഗവൺമെന്റ് ഓഫ് കേരളയുടെ സ്പോർട്സ് ആയുർവേദ റിസർച് സെല്ലിന്റെ ഭാഗമാണ്. ഒരുപാടു ദേശീയ, അന്തർദേശീയ കായിക താരങ്ങളെയും ചികിത്സിച്ചിട്ടുണ്ട്.

എല്ലാവർക്കും പൊതുവായ ആരോഗ്യത്തിനും സൗഖ്യത്തിനും പിന്തുടരാവുന്ന ചിട്ടകൾ എന്തൊക്കെ ?

ചിട്ടകളെന്ന് ആയുർവേദത്തിൽ പറയുന്നതു പഥ്യമാണ്. ആയുർവേദ മരുന്നു കഴിക്കുമ്പോൾ പഥ്യം നോക്കണ്ടേ എന്നു മിക്കവരും ചോദിക്കും. മരുന്നിനല്ല, അസുഖത്തിനാണു പഥ്യം. പ്രമേഹമുള്ളവർ മധുരം ഒഴിവാക്കുന്നതു പോലെയാണ് പഥ്യവും. ഏത് അസുഖമായാലും അതിന്റെ രൂക്ഷത വർധിപ്പിക്കുന്നവ ഒഴിവാക്കുക.

കഷായമോ ചൂർണമോ ഗുളികയോ ലേഹ്യമോ എന്തായാലും ശരീരത്തിൽ നന്നായി പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ ദഹനം ശരിയായി നടക്കണം. അതിനു ഭക്ഷണം ചിട്ടപ്പെടുത്തണം. കഴിച്ചതു ദഹിക്കുന്നതിനു മുൻപ്  അടുത്ത ഭക്ഷണം കഴിക്കുന്ന രീതി ആയുർവേദം നിഷ്കർഷിക്കുന്നില്ല. അതു രോഗമുണ്ടാക്കും. ഓരോരുത്തരുടെയും ശരീരഭാരമനുസരിച്ചു കുടിക്കേണ്ട വെള്ളത്തിന്റെ അളവിലും വ്യത്യാസമുണ്ട്. 25 കിലോ ഭാരമുള്ളയാൾ ദിവസം ഒരു ലീറ്റർ വെള്ളം കുടിക്കണം. 50 കിലോ ഉള്ളയാൾ രണ്ടു ലീറ്ററും.

ഉറക്കമാണ് അടുത്തത്. വളരെ വൈകി ഉറങ്ങി, വൈകി എഴുന്നേൽക്കുന്ന ശീലം ഒട്ടും നല്ലതല്ല. രാത്രിയിൽ ശരീരത്തിനു വിശ്രമവും തലച്ചോറിനു റിപ്പയറിങ് ടൈമും കിട്ടിയില്ലെങ്കിൽ പോകെപ്പോകെ രോഗങ്ങളുണ്ടാക്കും. യോഗയോ നടപ്പോ ഒക്കെയായി എന്തെങ്കിലും വ്യായാമം നിർബന്ധമായി ചെയ്യണം. ‘ദാക്ഷിണാത്യഹ ആരംഭശൂരഹ...’ എന്നാണു പറയുന്നത്. ദക്ഷിണേന്ത്യക്കാർ ആരംഭശൂരന്മാരാണത്രേ. നടക്കാൻ പറഞ്ഞാൽ പിറ്റേന്നു തന്നെ നാലു കിലോമീറ്റർ അങ്ങു നടക്കും. പിന്നെ രണ്ടു ദിവസം കാല് അനക്കാൻ പോലും പറ്റില്ല, അതോടെ നടപ്പു നിൽക്കും.

ഇവയ്ക്കൊപ്പം മനോബലവും കൂട്ടണം. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന രീതി ശരിയല്ല. പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവുമൊക്കെ മനസ്സിലുണ്ടാക്കണം. ജീവിതത്തിലും ജോലിയിലും തിരക്കു കൂടി മനസ്സു പിടിവിട്ടുപോയ സാഹചര്യം എനിക്കും വന്നു. അതൊക്കെ മറികടക്കാനുള്ള വഴിയാണ് വിഡിയോ ഷൂട്ടിങ്. എഡിറ്റ് ചെയ്യുന്നതും മ്യൂസിക് മിക്സ് ചെയ്യുന്നതും ഞാൻ തന്നെ, അതൊക്കെ യുട്യൂബ് നോക്കി പഠിച്ചതാണ്.

SAVE_20230624_081258

വൈറൽ വിഡിയോകളുടെ തുടക്കമിട്ടത് ആരാണ് ?

ഡോ. സതീഷ് വാരിയർ: മിക്കവാറും രോഗികളെ കണ്ടുകഴിയുമ്പോഴേക്കും രാത്രി  പത്തരയാകും.  കോവിഡിന്റെ വരവോടെ സ്ഥിതി മാറി.  ഇഷ്ടംപോലെ സമയം. അമ്മ സീരിയൽ ഫാനാണ്. ലോക്ഡൗണിൽ അതും നിന്നു. അതോടെ ആകെ മൂഡ് ഓഫ് ആയി. അതു കണ്ടു വെറുതേയൊരു ടിക്ടോക് പരീക്ഷണം നടത്തി. അതുവരെ അടുക്കളയിൽ ജീവിച്ച അമ്മ ഉഗ്രനായി ഡയലോഗു പറയുന്നതു കണ്ടു ഞാൻ ഞെട്ടി. ആയിടയ്ക്ക് ആയുർവേദ കോവിഡ് റിസർച് സെൽ ചില നിർദേശങ്ങൾ പുറത്തിറക്കി, വെള്ളം കുടിക്കേണ്ടത് എങ്ങനെ എന്നു മുതൽ ഭക്ഷണവും പ്രതിരോധവുമടക്കം കുറേ നല്ല കാര്യങ്ങൾ. അവ ആളുകളിലേക്കു  എത്തിക്കണമെന്നുറച്ചാണ് ആദ്യ വിഡിയോ ചെയ്തത്. ഇച്ചിരി മ്യൂസിക് ചേർത്തു ഞാൻ തന്നെ എഡിറ്റ് ചെയ്തു കൂട്ടുകാർക്ക് അയച്ചു. പിറ്റേ ദിവസം ഞങ്ങൾ തന്നെ ഞെട്ടിപ്പോയി, ആ വിഡിയോ വൈറലായി കറങ്ങുന്നു.

ഗീത വാരിയർ: അതിനു കാരണഭൂതനായ വ്യക്തിയെ കുറിച്ചു കൂടി പറയണം. കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ബിനോയ് സാർ ആ വിഡിയോ ഫോർവേഡ് ചെയ്യും  മുൻപ് ഒരു ക്യാപ്ഷൻ ചേർത്തു, ‘ഇതിൽ അഭിനയിക്കുന്നത് തൊടുപുഴ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. സതീഷ് വാരിയരും മാതാവുമാണ്.’

ഡോ. സതീഷ് വാരിയർ: ആയുർവേദവുമായി ബന്ധപ്പെട്ടായിരുന്നു പിന്നെയുള്ള വിഡിയോകൾ. പതിയെ തമാശ റീൽസ് ചെയ്യാൻ തുടങ്ങി.  ഈ വിഡിയോകൾക്കൊന്നും സ്ക്രിപ്റ്റ് ഇല്ല, കഥയുടെ ത്രെഡ് മാത്രമേ ഉള്ളൂ. പരസ്പരം ചർച്ച ചെയ്തു ഡയലോഗു പറഞ്ഞു ഷൂട്ടു ചെയ്യും. ലൈ വ് റിക്കോർഡിങ്ങാണ്, ഫോണിലാണു ഷൂട്ടിങ്ങും എഡിറ്റിങ്ങുമെല്ലാം.

‘ഗോഷ്ടി ഇച്ചിരി കൂടുന്നല്ലോ ഡോക്ടറേ...’ എന്ന് ആരെങ്കിലും കമന്റു പറഞ്ഞാൽ അടുത്ത വട്ടം അതും മനസ്സിൽ വയ്ക്കും. അനിയത്തി സൗമ്യ, അവളുടെ മകൻ വിനയ്, ഫിസിയോതെറപ്പിസ്റ്റായ സുമേഷ് കുമാർ, ഓട്ടോ ഡ്രൈവറായ അനൂപ് ഡാനിയൽ, തയ്യൽക്കട നടത്തുന്ന രാജു, ആശുപത്രി റിസപ്ഷനിസ്റ്റായ അശ്വതി, തെറപ്പിസ്റ്റുകളായ അജ്മലും അമലും, മെഡിക്കൽ റെപ്രസന്ററ്റീവായ ജോൺസൺ, അനീഷ്, അരുൺ അലക്സ്, ഹെയർ സ്റ്റൈലിസ്റ്റായ ഫെബിൻ, ഫാർമസി സ്റ്റാഫായ ഷാഹുൽ എന്നിങ്ങനെ കൂടെ ഉള്ളവരെല്ലാം വീട്ടുകാരും കൂട്ടുകാരുമാണ്. തൊടുപുഴ വില്ലേജ് ഇന്റർനാഷനൽ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മകൻ വിശാലും അഭിനയിക്കാൻ കൂടും. പക്ഷേ, അതേ സ്കൂളിൽ അധ്യാപികയായ ഭാര്യ രേഖ ഹരിനാരായണൻ ക്യാമറയ്ക്കു മുന്നിൽ വരാതെ പിന്നണിയിൽ കട്ട സപ്പോർട്ടായി ഉണ്ട്.

അമ്മയെ ‘ഡയറക്ട്’ ചെയ്യുമ്പോഴുള്ള രസങ്ങളെന്തൊക്കെ ?

ഗീത വാരിയർ: വിഡിയോയ്ക്കു വേണ്ടി വലിയ ഡയലോഗ് പഠിപ്പിക്കും. ഒറ്റയടിക്ക് അതൊന്നും പറയാൻ പറ്റില്ല. ‘എ ത്രവട്ടം പറഞ്ഞു, എന്താ തെറ്റിക്കുന്നത്’ എന്നു ചോദിച്ചു ഇവൻ ചൂടാകും. ‘ചെറിയ ഡയലോഗ് എഴുതിയാൽ പ്രശ്നമില്ലല്ലോ’ എന്നു ഞാനും പറയുന്നതോടെ വഴക്കാകും.

ഡോ. സതീഷ് വാരിയർ: ഷൂട്ട് ചെയ്യുമ്പോൾ അമ്മയുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു ഞെട്ടിയിട്ടുണ്ട്. ഒരിക്കൽ അടുത്ത പറമ്പിൽ ഷൂട്ടിങ്ങിനിടെ നോക്കുമ്പോൾ  അമ്മ ‘സ്ക്രിപ്റ്റിലില്ലാത്ത’ കുറച്ചു നവരസങ്ങളൊക്കെ ഇടുന്നു. പിന്നെയല്ലേ കാര്യം മനസ്സിലായത്, എന്നെ പശു കുത്താൻ വരുന്നതു കണ്ടു സിഗ്നൽ തന്നതാണ്.

കുറച്ചുനാൾ മുൻപ് കോട്ടയത്തേക്കു കാറിൽ പോകുന്നതിനിടെ പൊലീസ് കൈകാണിച്ചു. പൊല്യൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞു. . ഫൈൻ എഴുതാൻ പൊലീസുകാരൻ വന്നപ്പോൾ കേൾക്കുന്നത് ‘അയ്യോ, അതു തീർന്നോ’ എന്ന് അമ്മ പിറകിലിരുന്നു ചോദിക്കുന്നതാണ്. ‘ഡോക്ടറെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ല കേട്ടോ, അമ്മയുടെ ശബ്ദം കേട്ടാണു വൈറൽ ഡോക്ടറും അമ്മയുമാണെന്നു മനസ്സിലായത്. ഇന്നുതന്നെ പുക പരിശോധിച്ചു സർട്ടിഫിക്കറ്റ് എടുക്കണം കേട്ടോ...’ എന്നു പറഞ്ഞു വിട്ടു. പിഴ ഒഴിവായെങ്കിലും അന്നുമുതൽ അമ്മയ്ക്കു ഗമ കൂടി. അപ്പോൾ തന്നെ അടുത്ത ഡിമാൻഡു വച്ചു, ‘സീരിയൽ കാണാൻ ഇ രിക്കുമ്പോൾ ഷൂട്ടിങ്ങിനു വിളിക്കരുത്...’

Tags:
  • Spotlight