Friday 22 February 2019 10:37 AM IST : By സ്വന്തം ലേഖകൻ

സ്കൂൾ സമയങ്ങളിൽ മരണപ്പാച്ചിൽ നടത്തി ടിപ്പറുകൾ; സൈക്കിൾ കുറുകെയിട്ട് വഴിതടഞ്ഞ് പെൺകുട്ടികൾ!

students-stop-tipper-lorry

മുതിർന്നവർ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം എളുപ്പത്തിൽ സാധ്യമാക്കി സ്‌കൂൾ വിദ്യാർത്ഥിനികൾ. സ്കൂൾ സമയങ്ങളിൽ ഭയപ്പെടുത്തുന്ന രീതിയിൽ മരണയോട്ടം നടത്തുന്ന ടിപ്പർ ലോറികളെ നിലയ്ക്ക് നിർത്താനാണ് ഒരു സംഘം വിദ്യാർഥികൾ തന്നെ രംഗത്തുവന്നത്. അങ്കമാലി പാലിശേരി ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ ഉൾപ്പെട്ട സംഘമാണ് ടിപ്പർ ലോറികൾക്ക് മുന്നിൽ സൈക്കിൾ കുറുകെ വച്ച് പ്രതിഷേധിച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

രാത്രിയും പകലുമില്ലാതെ നിയമം ലംഘിച്ച് റോഡിലൂടെ പായുന്ന ടിപ്പർ ലോറികൾക്കെതിരെ പരാതിയുമായി വിദ്യാർത്ഥികൾ മാതാപിതാക്കളെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇവർ പരാതി പറഞ്ഞിട്ടും ടിപ്പർ ലോറിക്കാരെ തടഞ്ഞുനിർത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടും മരണയോട്ടത്തിന് ഒരു കുറവുമുണ്ടായില്ല. ഇതോടെയാണ് ടിപ്പർ ലോറികളെ തടയാൻ വിദ്യാർഥികൾ തന്നെ മുന്നോട്ടുവന്നത്. 

സ്കൂൾ ബാഗും യൂണിഫോമും സൈക്കിളുമായി റോഡിന്റെ നടുക്ക് തന്നെ വിദ്യാർഥിനികളുടെ ഒരു സംഘം നിരന്നുനിന്നു. സൈക്കിൾ കുറുകെയിട്ട് മാസായി കുട്ടികൾ നിന്നപ്പോൾ ചെയിൻ പോലെ എത്തിയ ടിപ്പർ ലോറികളും സഡൻ ബ്രേക്കിട്ടു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇനിയെങ്കിലും ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിന് പരിഹാരമാകുമെന്നാണ് കുട്ടികളുടെ വിശ്വാസം.