Monday 04 March 2024 12:03 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളുടെയും കുട്ടികളുടെയും നട്ടെല്ലിന്റെ അസ്വാഭാവിക വളവ്; അവഗണിക്കരുത് സ്കോളിയോസിസ്...

scoliosis-medical-treatment-dr-krishnakumar-medical-trust-cover

കേരളത്തിലെ ആദ്യത്തെ ഫോർ ഡി റെയിൽ റോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്കോളിയോസിസ് ശസ്ത്രക്രിയ പൂർത്തിയാക്കിയതിനു ശേഷമുള്ള പത്രസമ്മേളനത്തിൽ, സ്കോളിയോസ് എന്ന അസുഖത്തെക്കുറിച്ചു വിവരിക്കുമ്പോഴും സർജറി കഴിഞ്ഞ കുട്ടിയുടെയും മാതാപിതാക്കളുടെയും അനുഭവത്തെപ്പറ്റി അവർ പറയുമ്പോഴും മാധ്യമപ്രവർത്തകരിൽ പ്രത്യേകിച്ചും സ്ത്രീകളിൽ വളരെ ജിജ്ഞാസ കാണുന്നുണ്ടായിരുന്നു. ഈ അസുഖത്തെപ്പറ്റിയുള്ള പൊതുവായ അവബോധം കുറവായതിനാൽ അവരിൽ പലരും ഈ അസുഖത്തെപറ്റി ആദ്യമായി കേൾക്കുകയായിരുന്നു.

എന്താണ് സ്കോളിയോസിസ്?

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവാണ് സ്കോളിയോസിസ്. വാരിയെല്ലുകൾ പുറത്തേക്ക്‌ തള്ളിവരുകയും തൻമൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനിൽക്കുകയും ചെയ്യുന്നു. ഇതുപോലെതന്നെ സ്‌കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോൾവശം പൊങ്ങിനിൽക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനിൽക്കാനും സാധ്യതയുണ്ട്.

scoliosis-medical-treatment-dr-krishnakumar-medical-trust-types

കാരണങ്ങൾ എന്തെല്ലാം?

ജന്മനാ കാണുന്ന വളവ് കൺജനൈറ്റൽ സ്കോളിയോസിസ് എന്നറിയപ്പെടുന്നു. സെറിബ്രൽ പാൾസി, ന്യൂറോ ഫൈബ്രമറ്റോസിസ്, ചില ജനിതക രോഗങ്ങൾ എന്നിവയുള്ളവർക്ക് സ്കോളിയോസിസ് വരാം . കൗമാരപ്രായക്കാരിലെ കോളിയോസിസ് അഡോളസെന്റ് ഇഡിയോപതിക് സ്കോളിയോസിസ് എന്നും, പ്രായപൂർത്തിയായവരിലെ വളവിന് അഡൾട്ട് സ്കോളിയോസിസ് എന്നും പറയുന്നു.

ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

സ്കോളിയോസിസ് കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിലാണ് ഏറെയും കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെൺകുട്ടികൾ നീണ്ടുമെലിഞ്ഞ പ്രക്യതക്കാരായിരിക്കും. കുട്ടികൾ കൗമാര ദശയിലേക്കു പ്രവേശിക്കുന്ന വർഷങ്ങളിൽ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെൺകുട്ടികളിൽ ജാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വർഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. ചില കുട്ടികൾ ശരീരത്തിലുണ്ടാകുന്ന അഭംഗി മറയ്ക്കാനായി അധികം ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുമില്ല. അങ്ങനെ വളവിന്റെ തോതു കൂടുന്നത് മാതാപിതാക്കൾക്കും മനസ്സിലാകാറില്ല.

സ്കോളിയോസിസിന്റെ ദുഷ്യഫലങ്ങൾ എന്തെല്ലാം?

Scoliosis

നട്ടെല്ലിന്റെ വളവു കൂടുന്നതനുസരിച്ച് വൈരൂപ്യം കൂടിക്കൂടിവരുന്നു. അതിനാൽ ചിലരെ അപകർഷതാ ബോധവും മാനസിക വിഷമവും അലട്ടാറുണ്ട്. വളവ് കൂടുന്നതിനനുസരിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ തുടങ്ങും. വേഗത്തിൽ നടക്കുമ്പോഴും പടികൾ കയറുമ്പോഴും ശ്വാസതടസ്സം, കിതപ്പ് എന്നിവ ഉണ്ടാകാം. 100 ഡിഗ്രിയിൽ കൂടുതലുള്ള വളവുകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. സ്കോളിയോസിസ് ചികിത്സാരീതി

സ്കോളിയോസിസ് നിർണയിച്ചാൽ ഒരു വിദഗ്‌ധ ‌സ്പൈൻ സർജന്റെ കീഴിൽ ചികിത്സ തേടണം. നിന്നുകൊണ്ടുള്ള നട്ടെല്ലിന്റെ എക്സ്‌റേയിൽ വളവിന്റെ അളവ് അറിയാം. ചെറിയ വളവുകൾക്ക് ബെൽറ്റ് (സ്‌പൈനൽ ബ്രേസ്സ്) ഡോക്‌ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കണം.

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്ലാസ്റ്റർ ഉപയോഗിച്ചുള്ള കാസ്റ്റിങ് ചെയ്യേണ്ടിവരും. ‌സ്കോളിയോസിസ് 45-50 ഡിഗ്രിയിൽ കൂടുതലാകുമ്പോൾ സർജറിയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. സ്കോളിയോസിസ് സർജറി, വിദഗ്ദ പരിശീലനം നേടിയ സ്‌പൈൻ സർജൻമാരുടെ നേതൃത്വത്തിലാണു ചെയ്യുന്നത്. ചെറിയ കുട്ടികളിൽ നട്ടെല്ല് വളരുന്നതിന് അനുസരിച്ചുള്ള പ്രത്യേക രീതിയിലുള്ള ഗ്രോയിങ് റോഡ് എന്ന രീതിയിലുള്ള സർജറി ചെയ്യുന്നു.

പ്രായപൂർത്തിയായവരിൽ ഓപ്പറേഷൻ ആവശ്യമുണ്ടോ?

ചില വളവുകൾ പ്രായപൂർത്തിയായാലും കൂടിക്കൊണ്ടേയിരിക്കും. അത്തരത്തിലുള്ള വളവുകൾക്ക് ശസ്ത്രക്രിയ വേണ്ടി വരും.

സർജറി സുരക്ഷിതമാണോ?

scoliosis-medical-treatment-dr-krishnakumar-medical-trust

ഓപ്പറേഷൻ ചെയ്യുന്ന സമയത്ത് സുഷുമ്ന നാഡിയിൽനിന്നും കാലുകളിലേക്കു പോകുന്ന ഞരമ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന സാങ്കേതികവിദ്യയായ ന്യൂറോ മോണിറ്ററിങ് ഉപയോഗിച്ചാണ് ഓപ്പറേഷൻ ചെയ്യുന്നത്. ഇതു സുരക്ഷിതമാണ്. രണ്ടു മുതൽ മൂന്ന് ആഴ്ച കഴിഞ്ഞാൽ സ്കൂളിലോജോലിക്കോ പോകാവുന്നതാണ്.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവി ജീവിതത്തെ ശസ്ത്രക്രിയ ബാധിക്കുമോ?

വിവാഹത്തേയോ ഗർഭധാരണത്തേയോ ഒരു തരത്തിലും ബാധിക്കില്ല. ഡോക്‌ടറുടെ നിർദേശാനുസരണം കലാ കായികായികാഭ്യാസങ്ങൾ ചെയ്യാം. അതിനാൽ സ്കോളിയോസിസിനെപ്പറ്റി അറിയേണ്ടതും ചികിത്സ നേടേണ്ടതും അത്യന്താപേക്ഷിതമാണ്. അമിതഭാരമുള്ള സ്‌കൂൾബാഗ് ഇട്ടാൽ നടുവിന് വേദനയും കഴപ്പും വരുമെങ്കിലും സ്കോളിയോസിസ് വരാറില്ല. അസ്‌ഥിവളർച്ച പൂർണമാകുന്നതുവരെ കാത്തിരുന്നശേഷം മതി സ്‌കോളിയോസിസിനുള്ള ഓപ്പറേഷൻ എന്നൊരു തെറ്റിദ്ധാരണയും നിലവിലുണ്ട്. വളവിന്റെ തോതനുസരിച്ച് എതു ഘട്ടത്തിലും ഓപ്പറേഷൻ വേണ്ടിവന്നേക്കാം.

https://wa.me/919895530110?text=Hi