Wednesday 06 March 2024 11:22 AM IST : By സ്വന്തം ലേഖകൻ

ക്രൂരമായിപ്പോയി ഈ വിധി... തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; മരണം ‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കെ

nisam

‘ഒരു സർക്കാർ ഉൽപന്നം’ മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കേ ചിത്രത്തിന് തിരക്കഥ രചിച്ച നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽവച്ച ഹൃദയാഘാതം നിമിത്തമാണ് മരണം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.

ആദിക്കാട്ടുകുളങ്ങര നൂർമഹലിൽ റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ മീരാസാഹിബിന്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ്മി. സഹോദരങ്ങൾ: ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, നിസ.

‘ഒരു ഭാരത സർക്കാർ ഉൽപന്നം’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിൽനിന്ന് ‘ഭാരതം’ എന്നതു നീക്കണമെന്ന സെൻസർ ബോർഡ് നിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചു നിൽക്കെയാണ് നിസാമിന്റെ ആകസ്മിക നിര്യാണം. പുതിയ ചിത്രത്തിന്റെ പ്രമോ വിഡിയോ ഉൾപ്പെടെ പങ്കുവച്ച് ഇന്നലെ രാത്രി വൈകിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു.

ഔദ്യോഗിക ജീവിതത്തിൽ ഏറിയ പങ്കും കാസർകോട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അതുകൊണ്ടുതന്നെ എൻഡോസൾഫാൻ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അനീഷ് അൻവർ സംവിധാനം ചെയ്ത ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിൽ നിസാം റാവുത്തറും തിരക്കഥാ പങ്കാളിയായിരുന്നു. ‘ബോംബെ മിഠായി’, റേഡിയോ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.