Thursday 06 July 2023 11:37 AM IST

‘പരിശീലകനൊപ്പം ബസ്സു കയറിയ എനിക്കു കൊല്ലം വരെ അയാളുടെ ‘കരവിരുത്’ കണ്ണടച്ചു സഹിക്കേണ്ടി വന്നു’: സുരക്ഷിതമോ കായികരംഗം?

Roopa Thayabji

Sub Editor

sports-protest ഗുസ്തി താരങ്ങളുടെ സമരം

കായികതാരമാകാൻ വേണ്ടി വീടും നാടും വിട്ടു പോകുന്ന പെൺകുട്ടിയുടെ കഥയൊക്കെ സിനിമയാക്കാൻ കൊള്ളാം. മറ്റെന്തിനെക്കാളും സ്പോർട്സിനെ സ്നേഹിക്കുന്ന പെൺകുട്ടികൾ മറിച്ചു ചിന്തിക്കുന്ന സംഭവങ്ങളാണ് അങ്ങു ഡൽഹിയിൽ നടന്നത്. ഫെഡറേഷന്‍ അധ്യക്ഷനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾക്കു പരിഹാരം തേടി ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നു. സമരം നടത്തിയ ഒളിംപിക് മെഡൽ ജേതാക്കളടക്കമുള്ള താരങ്ങളെ റോഡിലൂടെ പൊലീസ് വലിച്ചിഴയ്ക്കുന്നു. മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാൻ താരങ്ങൾ തീരുമാനിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു പേരുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ‘ഗുസ്തി പിടിക്കു’ന്നത് ആരാണ്.

കായികരംഗം സ്വപ്നം കാണുന്ന പെൺകുട്ടികൾ ആശങ്കയോടെയാണു പുതിയ വാർത്തകൾ വായിക്കുന്നത്. വിദ്യാർഥികളെ പീഡിപ്പിച്ച കായിക പരിശീലകനെ ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതു തിരുവനന്തപുരം കാട്ടാക്കടയിലാണ്. പരിശീലിപ്പിക്കുന്ന കുട്ടികളെ മൂന്നു വർഷത്തോളം പീഡിപ്പിച്ചതായി ചൈൽഡ് ലൈന് വിവരം കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിലും കേട്ടു തുടങ്ങുമ്പോൾ

സ്പോർട്സിലേക്ക് ഇറങ്ങാൻ പെൺകുട്ടികൾ രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ടോ ?

മറക്കാനാകില്ല ആ യാത്ര

കായികരംഗം സ്വപ്നം കാണുന്ന പെൺകുട്ടികൾ ആദ്യം പോരാടേണ്ടതു സ്വന്തം ശരീരത്തോടാണെന്നു പറഞ്ഞാണ് ഇടുക്കി സ്വദേശിയായ മുൻ കായികതാരം സുജ പഴയ കാലം ഓർത്തെടുത്തത് (പേരും സ്ഥലവും വെളിപ്പെടുത്തില്ല എന്ന ഉറപ്പിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. അതിനാൽ യഥാർഥ പേരല്ല). ‘‘വർഷങ്ങൾക്കു മുന്‍പാണ്, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ജില്ലാ മീറ്റുകളിൽ മെഡൽ നേടിയ സമയം. പരിശീലകന്റെ ചില പെരുമാറ്റങ്ങൾ പെൺകുട്ടികൾക്കിടയിൽ ചർച്ചയായിരുന്നു. പക്ഷേ, ആരോടും പറയാൻ ധൈര്യമില്ല, വീട്ടിൽ പറഞ്ഞാൽ പരിശീലനം തന്നെ അവസാനിക്കും.

ആ വർഷം സംസ്ഥാന മീറ്റ് കൊല്ലത്തു വച്ചാണ്. രാത്രി വണ്ടിക്കു പരിശീലകനൊപ്പം ബസ്സു കയറിയ എനിക്കു കൊല്ലം വരെ അയാളുടെ ‘കരവിരുത്’ കണ്ണടച്ചു സഹിക്കേണ്ടി വന്നു. മാനസിക സംഘർഷത്തിലായതോടെ ഒട്ടും പെർഫോം ചെയ്യാനാകാതെയാണു മടങ്ങിയത്. കുറച്ചു നാൾ കൂടി പരിശീലനം തുടർന്നെങ്കിലും ആ രാത്രിയെക്കുറിച്ചു പറഞ്ഞ് അയാൾ മറ്റു കാര്യങ്ങൾക്കു നിർബന്ധിച്ചു. അതോടെ സ്പോർട്സ് തന്നെ വിട്ടു, ‘പത്താം ക്ലാസ്സിൽ പഠിക്കാൻ കുറേയുണ്ട്’ എന്ന കള്ളമാണു വീട്ടിൽ പറഞ്ഞത്. വിവാഹം കഴിഞ്ഞു രണ്ടു പെൺമക്കളുമായി സ്വസ്ഥമായി ജീവിക്കുകയാണിപ്പോൾ. മക്കളെ ഒരിക്കലും കായിക പരിശീലനത്തിനു വിടില്ല എന്നത് തന്റെ ഉറച്ച തീരുമാനമാണെന്നു സുജ പറയുന്നു.

PTI05_27_2023_000070B

ആശങ്കകൾ ഏറെ

ജഴ്സിയും ട്രാക് സ്യൂട്ടുമിട്ടു പെൺകുട്ടികൾ മൈതാനത്തിറങ്ങുമ്പോൾ തുടങ്ങും കാണികളുടെ കമന്റുകൾ. ഓടുമ്പോഴും ചാടുമ്പോഴും മറ്റുള്ളവരുടെ നോട്ടം പാറി വീഴാത്ത വിധം മാറിടം മുറുകിയിരിക്കുന്നതിൽ തുടങ്ങി മെഡലിനെക്കാൾ വലിയ ആശങ്കകളേറെ. വസ്ത്രമൊന്നു മാറിയാൽ ആ ചിത്രമെടുത്ത് ഇക്കിളിപ്പെടുത്തുന്ന ക്യാപ്ഷൻ ചേർത്തു പ്രചരിപ്പിക്കും. അതിന് ആൺപെൺ വ്യത്യാസമൊന്നുമില്ല. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) ബെംഗളൂരുവിലെ വനിതാ ഹോസ്റ്റലിൽ കുളിക്കുന്നതിനിടെ വനിതാതാരത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതു മറ്റൊരു വനിതാതാരം തന്നെയാണ്.

ഈ സാഹചര്യങ്ങളിൽ സഹായിക്കാൻ എന്ന മട്ടിലെത്തി ലൈംഗിക ഇംഗിതം അറിയിക്കാൻ കോച്ചുമാരും മടിക്കില്ല. ഈ വഷളൻ സാഹചര്യങ്ങളോടു കൂടി പോരാടിയാണു നമ്മുടെ കുട്ടികൾ മീറ്റുകളിൽ സ്വർണവും വെള്ളിയും നേടുന്നത്. ആ ധൈര്യത്തിന് എത്ര ഗ്രേസ് മാർക്കു നൽകും.

(തുടരും)