Friday 23 June 2023 12:22 PM IST

പിക്കപ്പ് ഡ്രൈവറായ ഉപ്പ തന്ന 500 രൂപ മൂലധനം: പരിമിതികളെ തോൽപ്പിച്ച് പുസ്തകപ്രേമം ബിസിനസാക്കി ഷാദിയ

Shyama

Sub Editor

shadiya-

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണു ഞാന്‍ പഠിക്കുന്നത് ’ എന്നു പറയുന്നത് എത്ര അഭിമാനമുള്ള കാര്യമാണ്. വിദേശരാജ്യങ്ങളിലൊക്കെ ‘എല്ലാവരും ചെയ്യുന്ന കാര്യം’ ഇപ്പോൾ നമ്മുെട നാട്ടിലും ഏറി വരുന്നു.

പഠനത്തോെടാപ്പം ജോലി െചയ്യുന്നതിനു മറ്റു ചില മികവുകളുമുണ്ട്. പണം നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവു കൂട്ടുന്നു, നെറ്റ്‌വർക് വിപുലമാക്കാ ൻ സഹായിക്കുന്നു, ആത്മവിശ്വാസം നേടുന്നു, സമയക്രമം പാലിക്കാനുള്ള പരിശീലനം കിട്ടുന്നു... എന്നൊക്കെ കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇനി നമുക്കു പരിചയപ്പെടാം, അങ്ങനെയൊരു മിടുക്കിയെ...

‘ഷാദിയ പുസ്തക പ്രേമിയല്ലേ, അത് ബിസിനസ് ആക്കിയാലോ?

ലുംബാനിക്സ് എന്നാണു ഷാദിയയുടെ സംരംഭത്തിന്റെ പേര്. പണ്ട് അമേരിക്കയിലുണ്ടായിരുന്നൊരു പുസ്തകവിൽപന പ്രസ്ഥാനത്തിന്റെ പേരാണ് അത്. ആ വാക്കിനർഥം അഹോരാത്രം എന്നാണെന്നാണ് ഷാദിയയോട് പേരു നിർദേശിച്ച സുഹൃത്തു പറഞ്ഞത്. മുപ്പതു രൂപ ഡെലിവറി ചാർജ് മാത്രം വാങ്ങിക്കൊണ്ട് ഇന്ത്യയിലെവിടെയും മലയാളം– ഇംഗ്ലിഷ് പുസ്തകങ്ങൾ ഓൺലൈനായി എത്തിക്കുന്ന സംരംഭമാണു ഷാദിയയുടെ ലുംബാനിക്സ്.

ആദ്യം പുതിയ പുസ്തകങ്ങൾ മാത്രമായിരുന്നു. ഇ പ്പോൾ ഉപയോഗിച്ച പുസ്തകങ്ങൾക്കും പ്രത്യേക വിഭാഗം ഉണ്ട്. ഒപ്പം ലുംബാനിക്സ് ക്രിയേറ്റീവിലൂടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും വിൽക്കാനുമുള്ള അവസരവുമുണ്ട്.

പ്ലസ് വണിൽ തുടങ്ങിയ ബിസിനസ്

‘‘കോഴിക്കോടു നരിക്കുനിയിലാണു വീട്. പ്ലസ് വണിൽ പഠിക്കുമ്പോഴാണു ലുംബാനിക്സ് തുടങ്ങുന്നത്. കൊറോണ പലരെയുമെന്ന പോലെ എന്റെ കുടുംബത്തെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി. വീട്ടുകാരെ സപ്പോർട്ട് ചെയ്യാൻ എന്താണു വഴി എന്ന ആ ലോചനയിൽ നിന്നാണു ബിസിനസിന്റെ തുടക്കം. ഡിസേബിൾഡ് വ്യക്തിയായതു കൊണ്ടു തന്നെ എനിക്കു പുറത്തു പോയി ഒരു കാര്യം തുടങ്ങാനുള്ള സാഹചര്യം കുറവാണ്. വീട്ടിൽ വന്നൊരാൾ സംസാരത്തിനിടെ ചോദിച്ചു. ‘ഷാദിയ ബുക്ക്പ്രാന്തിയല്ലേ, അതു വച്ചിട്ട് എന്തേലും ചെയ്തൂടേ’ എന്ന്.

shadiya-1

ആ ചോദ്യം മനസ്സിലുടക്കി. ഓൺലൈൻ പുസ്തക വിപണി സജീവമാണെങ്കിലും പലപ്പോഴും നമ്മൾ തേടുന്ന പുസ്തകം കിട്ടാൻ വിഷമം വരാറുണ്ട്. പലതിനും ഡെലിവറി ചാർജും കൂടുതലാണ്. വായിക്കാൻ തോന്നുമ്പോൾ പുസ്തകങ്ങൾ നേരിട്ടു വാങ്ങാനും ബുദ്ധിമുട്ടാണ്. എനിക്കിഷ്ടപ്പെടുമെന്ന ധാരണയിൽ അധ്യാപകരും കൂട്ടുകാരും എടുത്തു തരുന്ന പുസ്തകങ്ങളിലൂടെയാണു വായന നടന്നത്. എന്നെപ്പോലെ ബുദ്ധിമുട്ടുന്ന പലരും ഉണ്ടാകുമല്ലോ എന്ന തോന്നലിൽ നിന്നു ബിസിനസ് തുടങ്ങി. ഉപ്പ തന്ന 500 രൂപയായിരുന്നു മൂലധനം. പല പ്രസാധകരെയും നേരിൽ പോയി കണ്ടു. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വഴിയാണു വിൽപന.

മഹാരാജാസിലാണു പഠിക്കുന്നത്. രാവിലെ ക്ലാസ്സിൽ പോകും. ഉച്ചയ്ക്കുള്ള ഇടവേളയിൽ തലേന്നു രാത്രി പൊതിഞ്ഞു വച്ച പുസ്തകങ്ങൾ ഹോസ്റ്റലിൽ നിന്നെടുത്തു തപാൽ ഓഫിസിൽ എത്തിക്കും. ക്ലാസ് കഴിഞ്ഞാൽ പിന്നെ, പുസ്തകശാലകളിലേക്കുള്ള പാച്ചിലാണ്. മെട്രോ ഒക്കെ കയറി പോകേണ്ടി വരും.

എന്നെപ്പോലുള്ളൊരു ഡിസേബിൾഡ് വ്യക്തിക്ക് റോഡിലും ബസ്സിലുമുള്ള സഞ്ചാരത്തിനു പരിമിതികളുണ്ട്. ചില പുസ്തകങ്ങൾ കൊച്ചിയിൽ കിട്ടില്ല. അ പ്പോൾ ഉമ്മയെ വിളിച്ചു പറയും. ഉമ്മ കോഴിക്കോടു നിന്നു പുസ്തകങ്ങൾ വാങ്ങി പാക് ചെയ്ത് അയയ്ക്കും.

മാനസിക പിരിമുറുക്കത്തിന്റെ കാര്യം പറഞ്ഞാൽ ഡിസേബിൾഡ് ആയവരുടെ മാനസികാരോഗ്യം വേണ്ടവിധം ചർച്ച ചെയ്യപ്പെടുന്നില്ല എന്നാണു തോന്നുന്നത്. സുഹൃത്തുക്കളിൽ പലർക്കും ഒരു ദിവസത്തെ പാർട് ടൈം ജോലിക്കു പോയാൽ കിട്ടുന്ന വരുമാനം നേടാൻ എനിക്കു ദിവസങ്ങൾ വേണ്ടിവരും. പക്ഷേ, ഒന്നുമില്ലാതിരിക്കുന്നതിലും നല്ലതു ചെറുചലനമെങ്കിലും സൃഷ്ടിക്കലാണെന്നൊരു തോന്നലുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടു പോകുമ്പോള്‍ സ്ട്രെസ് ഉണ്ട്. ഒപ്പമുള്ളവരുടെ പിന്തുണയാണ് അതൊക്കെ മറികടക്കാൻ സഹായിക്കുന്നത്.

ഉപ്പ അബ്ദുൾ ജബ്ബാർ പിക്കപ്പ് ഡ്രൈവറാണ്. ഉമ്മ സാജിത. രണ്ട് ഇത്താത്തമാർ ഷാർജില, സുവൈബ. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. അനിയൻ മുഹമ്മദ് സിനാൻ ഏഴിലാണ്. അവനാണ് പ്രധാന സപ്പോർട്ടർ. പിന്നെ, ഭാവി വരൻ തനൂപ് വിദേശത്താണെങ്കിലും നല്ല പിന്തുണ തരാറുണ്ട്, മനസ്സു മനസ്സിലാക്കി ഒപ്പം നിൽക്കും. ജോലിയിൽ വിജയം കാണുന്നതു തന്നെയാണ് സ്ട്രെസ് റിലീഫ്.

മാറ്റങ്ങള്‍ എനിക്കിഷ്ടാണ്. ഇപ്പോൾ പുസ്തകത്തിനകത്തു ചെറിയ കുറിപ്പുകൾ വയ്ക്കും. അതൊക്കെ ചിലർ എടുത്ത് അവരുടെ ലൈബ്രറിയിലും വീട്ടിലെ ഭിത്തിയിലുമൊക്കെ ഒട്ടിച്ചു വയ്ക്കും. അതിന്റെ ചിത്രമെടുത്ത് അയച്ചു തരും. അതൊക്കെ ഈ ലോകത്ത് എന്റെയൊരു അടയാളമായി നിലനിൽക്കും.’’