Saturday 13 July 2019 04:17 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ ചിന്തകൾക്കപ്പുറമാണ് ഞാൻ അനുഭവിച്ച നരക യാതനകൾ’! പൊള്ളിപ്പോകാത്ത ആത്മവിശ്വാസവുമായി ഷാഹിന ഡോക്ടറായി: പ്രചോദിപ്പിക്കുന്ന കുറിപ്പ്

shahina-new

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥായായിരുന്നു പാർവതി തിരുവോത്ത് നായികയായ ‘ഉയരെ’. സമാന അനുഭവമുള്ളവരിൽ പാർവതിയുടെ പല്ലവി എന്ന കഥാപാത്രം സൃഷ്ടിച്ച ആത്മവിശ്വാസം ചെറുതല്ല.

ഇപ്പോഴിതാ കുട്ടിക്കാലത്തേറ്റ പൊള്ളൽ ജീവിതം മാറ്റിയപ്പോൾ അതിൽ മനം നൊന്ത് ദിവസങ്ങൾ തള്ളി നീക്കാതെ ആ ദുരിതങ്ങളോടു പൊരുതിയ ഒരു പെൺകുട്ടി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നു.

ഡോ.ഷാഹിന കുഞ്ഞുമുഹമ്മദാണ് തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പറഞ്ഞ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.

5– ാം വയസിൽ, വിളക്കിൽ നിന്നു വസ്ത്രത്തിലേക്കു തീ പടർന്നാണ് ഷാഹിനയ്ക്ക് പൊള്ളലേറ്റത്.

‘ജീവിതം തകർന്നുപോയി എന്ന് നിരാശപെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒന്ന് മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശം കൂടെ ഉണ്ട് എന്റെ ഈ പരിചയപ്പെടുത്തലിന്’ എന്ന ആമുഖത്തോടെയാണ്, ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ച ഷാഹിനയുടെ കുറിപ്പ്.

‘പക്ഷെ എന്റെ ദൈവവും എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും എനിക്ക് പൂർണ്ണപിന്തുണ തന്ന് എന്റെയൊപ്പം നിന്നു, അവരുടെ പ്രാർഥനയും സ്നേഹവും കൂടി ആയപ്പോൾ, എന്റെ ശരീരത്തിലെ ബാഹ്യപൊള്ളലുകൾ എല്ലാം തരണം ചെയ്ത്, ജീവിതത്തെ ഞാൻ സധൈര്യം പോരാടി, പഠിച്ചു വളർന്നു, ദൈവകൃപയാൽ ഞാൻ ഇന്നൊരു ഡോക്ടർ ആയി. ഒരു പക്ഷെ രോഗികൾക്ക് ആശ്വാസം നൽകാനായി, അവർക്കു വേണ്ടി ജീവിതം സേവിക്കാൻ ആയിരിക്കും ദൈവം എനിക്ക് ഒരു രണ്ടാം ജന്മം തന്നത്’.– ഷാഹിന കുറിച്ചു.


ഷാഹിനയുടെ കുറിപ്പ് വായിക്കാം:

വളരെ വൈകിയാണ് ഇത്രയും വലിയ ഈ സൗഹൃദകൂട്ടായ്മയിൽ അംഗമാവാൻ സാധിച്ചത്. ഒത്തിരി നല്ല മനുഷ്യരെ ഞാൻ ഇവിടെ കണ്ടപ്പോൾ എല്ലാവരെയും ഒന്ന് പരിചയപ്പെടണമെന്ന് തോന്നി. ഞാൻ ഷാഹിന, ജീവിതം തകർന്നുപോയി എന്ന് നിരാശപെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒന്ന് മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശം കൂടെ ഉണ്ട് എന്റെ ഈ പരിചയപ്പെടുത്തലിന്..

ഈ ചിത്രത്തിൽ കാണുന്നത് പോലെ, ഞാനും ഉയരെ സിനിമയും തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്. ഉയരെ എന്നത് കേവലം ഒരു സിനിമാ മാത്രം ആയിരുന്നില്ല എനിക്ക്, ഒരു പരിധിയോളം അതിലൂടെ എനിക്കെന്റെ ഇതുവരെയുള്ള ജീവിതത്തിലേക്കു ഒരെത്തിനോട്ടം കൂടി ആയിരുന്നു. ഉയരെ എന്ന സിനിമയിൽ പർവ്വതിയുടെ കഥാപാത്രമായ പല്ലവിക്ക്, ഒരു ആസിഡ് ആക്രമണം കൊണ്ടാണ് അവളുടെ ബാഹ്യ സൗന്ദര്യം നഷ്ടപെട്ടതെങ്കിൽ, ബാല്യകാലത്തിലെ അശ്രദ്ധമൂലമുണ്ടായ ഒരു അപകടമാണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. നാളിതുവരെ ഞാൻ അനുഭവിച്ചത്, നിങ്ങൾക്ക് ഊഹിക്കാവുന്ന അതിർവരമ്പുകൾക്കും അപ്പുറമാണ്.

എന്റെ 5-ആം വയസിൽ, ബാല്യത്തിലെ ഒരു കറുത്ത ദിനം, ആ കനൽ വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക് ആയിരുന്നു, അതും എന്റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ. വസ്ത്രത്തുമ്പിലൂടെ പടർന്നുകയറിയ ആഴി എരിഞ്ഞമർത്തിയത് എന്റെ ജീവിതം ആയിരുന്നു. അതേ, എന്റെ ദേഹമാസകലം ചടുലനൃത്തം ആടിയ ആ ആഴിയിൽ ഞാൻ അമർന്നുപോകുന്നു എന്ന് തോന്നിയ നിമിഷം. ഞാൻ ആ ഇളം പ്രായത്തിൽ അഭിമുഖീകരിച്ച വേദനയുടെ ദശാംശം പോലും പാർവതിയുടെ കഥാപാത്രം അനുഭവിച്ചിട്ടുണ്ടാവില്ല, സിനിമയിൽ ആയിരുന്നാലും. എന്നാൽ ദൈവം എന്നെ കൈവെടിഞ്ഞില്ല, ഉണ്ടായിരുന്നു എനിക്കൊപ്പം. അതേപോലെ താങ്ങായും തണലായും ദിനരാത്രങ്ങൾ നോക്കാതെ എനിക്കൊപ്പം എന്റെ നല്ലവരായ മാതാപിതാക്കളും. കുറുമ്പ് കാട്ടി കളിച്ചു നടക്കേണ്ട എന്റെ ബാല്യകാലത്തിലെ സുന്ദര നാളുകൾ, കാലങ്ങളോളം വേദന കടിച്ചമർത്തി ഞാൻ ഹോസ്പിറ്റലിൽ ചിലവഴിച്ചു. അതിനു ശേഷം വീട്ടിലെ മുറിക്കുള്ളിലും. ആ ഒരു നിമിഷത്തിൽ സംഭവിച്ച അശ്രദ്ധ, കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കാൻ പോലും എന്നെ ഭീതിപ്പെടുത്തി. ആളുകളുടെയിടയിൽ നിന്നും ഒഴിഞ്ഞുമാറാൻ ഞാൻ സ്വയം സന്നദ്ധയായി. ഒരുപാട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കളിയാക്കലും ഒറ്റപെടുത്തലുകളുമെല്ലാം ബാല്യകാലം മുതൽ ഞാൻ അനുഭവിച്ചിട്ടുണ്ട്..

നിങ്ങളുടെ ചിന്തകൾക്കതീതം ആണ്, എന്റെ ആ ഇളം പ്രായത്തിലെ പ്രയാസങ്ങൾ, ഞാൻ അനുഭവിച്ച നരകയാതനതകൾ.

പക്ഷെ എന്റെ ദൈവവും എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും എനിക്ക് പൂർണ്ണപിന്തുണ തന്ന് എന്റെയൊപ്പം നിന്നു, അവരുടെ പ്രാർഥനയും സ്നേഹവും കൂടി ആയപ്പോൾ, എന്റെ ശരീരത്തിലെ ബാഹ്യപൊള്ളലുകൾ എല്ലാം തരണം ചെയ്ത്, ജീവിതത്തെ ഞാൻ സധൈര്യം പോരാടി, പഠിച്ചു വളർന്നു, ദൈവകൃപയാൽ ഞാൻ ഇന്നൊരു ഡോക്ടർ ആയി. ഒരു പക്ഷെ രോഗികൾക്ക് ആശ്വാസം നൽകാനായി, അവർക്കു വേണ്ടി ജീവിതം സേവിക്കാൻ ആയിരിക്കും ദൈവം എനിക്ക് ഒരു രണ്ടാം ജന്മം തന്നത്.

എന്റെ ജീവിതത്തിലും ഉയരെയിലെ ടോവിനോയെ പോലെ ഒരുപാടു നല്ല വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു, എല്ലാത്തിനും എനിക്ക് പൂർണ്ണപിന്തുണ നൽകി അന്നും ഇന്നും അവർ താങ്ങായി തണലായി കൂടെ ഉണ്ട്. നമ്മുടെ സമൂഹത്തിൽ പല്ലവിയെ പോലെ അല്ലെങ്കിൽ എന്നെപ്പോലെ അനേകം ആളുകൾ ഉണ്ടാവും, ദുരന്തയാതനകളാൽ ക്ലേശിക്കുന്നവർ. അങ്ങനെ പ്രയാസങ്ങളാൽ വീടിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നവർക് ഒരു പ്രചോദനം ആകട്ടെ ഉയരെ എന്ന സിനിമയും അതിലുപരി എന്റെ ഈ ജീവിതവും.

Tags:
  • Social Media Viral