Friday 15 March 2024 10:51 AM IST : By സ്വന്തം ലേഖകൻ

‘അവൻ കാലുപിടിച്ച് കരഞ്ഞു പറഞ്ഞു, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല; ആ കിടപ്പ് ഉറങ്ങുകയാണെന്നു കരുതി, എന്നിട്ടും അവൻ പോയി’

shaji-mother

ഓടിട്ട, പഴക്കം ചെന്ന വീടാണു കേരള സർവകലാശാലാ കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെത്തുടർന്ന് ജീവനൊടുക്കിയ ഷാജി പൂത്തട്ടയുടേത്. ഓട് പലേടത്തും തകർന്നുകിടപ്പാണ്. ചുമർ പൂർണമായും തേച്ചിട്ടില്ല. ജനലും വാതിലുമൊക്കെ പഴകിയതാണ്. സിമന്റിട്ട തറയും അവിടവിടെ പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. മച്ചിടാത്തതിനാൽ, കിടപ്പുമുറിയിൽ സാരിയും മറ്റും വലിച്ചു കെട്ടിയ നിലയിലാണ്. വീടിന്റെ അറ്റകുറ്റപ്പണിക്ക് കോർപറേഷനിൽനിന്നു തുക പാസാക്കിയിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഷാജിയുടെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നെന്നും 3 ദിവസമായി ഉറങ്ങിയിരുന്നില്ലെന്നും അമ്മ ലളിത. 

അമ്മയായിരുന്നു ഷാജിയുടെ കൂട്ട്. ‘ഞങ്ങൾ ഇടയ്ക്ക് കലമ്പും (വഴക്കിടും), പിന്നീട് സ്നേഹിക്കും. കലോത്സവത്തിലെ പ്രശ്നങ്ങൾ ടിവിയിലൂടെ ഞാനറിഞ്ഞിരുന്നു. വന്നപാടെ അവൻ കാലുപിടിച്ച് കരഞ്ഞു പറഞ്ഞു. ‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.’ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, ഒരു ദിവസം പെട്ടെന്നു തോന്നലുണ്ടായി നൃത്തം പഠിക്കാൻ പോയിത്തുടങ്ങിയതാണ്. അവന് അതിന്റെ പേരിൽ കൈക്കൂലി വാങ്ങാനൊന്നും കഴിയില്ല. അറസ്റ്റ് ചെയ്ത്, ഒന്നാം പ്രതിയാക്കി മുന്നിൽ നടത്തിയില്ലേ? ഭക്ഷണം കഴിച്ചാണു വന്നതെന്നാണു തിങ്കളാഴ്ച രാവിലെ പറഞ്ഞത്. അന്നുച്ചയ്ക്കും രാത്രിയും ഒന്നും കഴിച്ചില്ല. ബുധനാഴ്ച രാവിലെ ഭക്ഷണം വേണമെന്നു പറഞ്ഞു. 

രണ്ടു ദിവസമായി തീരെ ഉറങ്ങിയിട്ടില്ലെന്നും നന്നായി ഉറങ്ങണമെന്നും പറഞ്ഞു. ഞാനുണ്ടാക്കിയ ഒരു ഗോതമ്പു റൊട്ടി മാത്രമാണു കഴിച്ചത്. വൈകിട്ട് 6 മണിക്കു വിളിക്കണമെന്നും പറഞ്ഞാണു മുറിയിൽ കയറി വാതിലടച്ചത്. 5 മണിക്കു വിളിച്ചിട്ട് വാതിലിൽ തട്ടി വിളിച്ചു. എഴുന്നേൽക്കാത്തപ്പോൾ,  മുറിയുടെ ജനലിന്റെ വിള്ളലിലൂടെ നോക്കി. കിടക്കുന്നതാണു കണ്ടത്. ഉറങ്ങുകയാണെന്നു കരുതി. വീണ്ടും വാതിലിൽ തട്ടി വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനാൽ ഷാജിയുടെ സഹോദരൻ അനിലിനെയും അടുത്തുള്ള ബന്ധുക്കളെയും വിളിച്ചു വരുത്തി.അവർ പൊലീസിൽ അറിയിച്ച ശേഷമാണു വാതിൽ ബലം പ്രയോഗിച്ച് തുറന്നത്. ഭീഷണി വന്നതായി അറിയില്ല. ഇനി വിധികർത്താവായി തുടരാൻ കഴിയില്ലെന്നും മറ്റെന്തെങ്കിലും പണിയെടുത്തു ജീവിക്കാമെന്നും അവൻ പറഞ്ഞിരുന്നു. എന്നിട്ടും അവൻ പോയി’ – വിതുമ്പലോടെ ലളിത പറഞ്ഞു. 

ഷാജിയെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നു സഹോദരൻ അനിൽകുമാറും പറഞ്ഞു. ‘പ്രശ്നമുണ്ടായപ്പോൾ തന്നെ ഞാൻ ഫോണിൽ വിളിച്ചിരുന്നു. മാർഗംകളിക്ക് തങ്ങൾ പറയുന്നവർക്കു മാർക്ക് നൽകണമെന്ന ആവശ്യവുമായി 2 ഏജന്റുമാർ സമീപിച്ചതായും പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞെന്നുമാണ് ഷാജി പറഞ്ഞത്. മാർഗംകളിയിൽ, അർഹതയുള്ള ടീം തന്നെയാണു ജയിച്ചതെന്നും അവൻ പറഞ്ഞു. സ്വാധീനത്തിനു വഴങ്ങാത്തവർ അവനെ കേസിൽ പെടുത്തിയതാണെന്നുറപ്പ്. അവൻ നിരപരാധിയാണ്.’ – അനിൽകുമാർ പറഞ്ഞു. ലളിതയും പരേതനായ മൂത്ത മകൻ സതീശന്റെ ഭാര്യയും മക്കളുമാണ് ഈ വീട്ടിൽ കഴിയുന്നത്.

കലയെ സ്നേഹിച്ച ഷാജി

സ്കൂൾ കാലം മുതൽ നൃത്തം അഭ്യസിച്ച ഷാജി പൂത്തോട്ട, വർഷങ്ങളായി ജില്ലാ സ്കൂൾ കലോത്സവങ്ങളിലും കോളജ്, സർവകലാശാലാ കലോത്സവങ്ങളിലും വിധികർത്താവുമാണ്. നൃത്ത ഇനങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ പാസായിട്ടുണ്ട്. ഒട്ടേറെ സ്കൂളുകളിൽ വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. മുണ്ടയാട്ട് നൃത്ത പരിശീലന കേന്ദ്രം നടത്തിയിരുന്നു. കോവിഡിനെ തുടർന്ന് പൂട്ടേണ്ടി വന്നു. കോവിഡ് കാലത്ത്, നിർമാണത്തൊഴിലാളിയായി. പുറംവേദന കാരണം നിർത്തി. 

ഷാജി തെറ്റു ചെയ്യില്ലെന്ന് നാട്ടുകാർ

കണ്ണൂർ സിറ്റി ഉരുവച്ചാൽ സ്വദേശികൾക്കു സങ്കടത്തിന്റെ പകലായിരുന്നു ഇന്നലെ. ദുഃഖമറിയിക്കാൻ സിറ്റി ഉരുവച്ചാലിലെ സദാനന്ദാലയത്തിൽ എത്തിയവർക്കെല്ലാം ഷാജിയെ പറ്റി നല്ലതേ പറയാനുള്ളു. ഷാജിയുടെ നാട്ടുകാരും ബന്ധുക്കളും നൃത്താധ്യാപകരും ഒരേ ശ്വാസത്തിൽ പറഞ്ഞതിങ്ങനെ: ‘ഷാജി തെറ്റു ചെയ്യില്ല.’ കലോത്സവ കോഴക്കേസ് സത്യസന്ധമായി അന്വേഷിച്ച് യഥാർഥ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു. ‘ചെയ്ത ജോലിയുടെ പ്രതിഫലം പോലും കൃത്യമായി ചോദിച്ചു വാങ്ങാത്തയാളാണ്. അവനൊരിക്കലും കോഴ വാങ്ങില്ല. അങ്ങനെ പണം സമ്പാദിച്ചിരുന്നുവെങ്കിൽ ഈ വീട് ഇങ്ങനെയായിരിക്കുമോ?’ ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ രക്ഷാധികാരി ഐ.വിനോദ്കുമാർ, ജില്ലാ പ്രസിഡന്റ് നയൻതാര മഹാദേവൻ, രാജേന്ദ്രൻ വെളിയമ്പ്ര എന്നിവർ പറഞ്ഞു. 

‘ഷാജിയെ 30 വർഷമായി നേരിട്ടു പരിചയമുണ്ട്. അവനെയാരോ ചതിച്ചതാണ്. പരിശീലന ഫീസ് കൃത്യമായി ചോദിച്ചു വാങ്ങാറില്ല. ഫീസ് നൽകാതെ പലരും പറ്റിച്ചതായി ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ കിടമത്സരത്തിനു ഷാജി ഇരയാവുകയായിരുന്നു. മറ്റു 2 വിധികർത്താക്കളെ പറ്റി എന്താണ് അന്വേഷിക്കാത്തത്? എന്താണു സംഭവിച്ചതെന്നു തുറന്നു പറയാൻ പോലും ഷാജിക്ക് അവസരം ലഭിച്ചില്ല. ഞങ്ങൾ വിളിച്ചതാണ്. പിന്നീടു പറയാമെന്നായിരുന്നു പ്രതികരണം. സത്യാവസ്ഥ എന്താണെന്നു കണ്ടെത്തണം. ഷാജിക്കു മർദനമേറ്റിട്ടുണ്ടോയെന്നു കണ്ടെത്തണം.’ അവർ പറഞ്ഞു. ‘ആർക്കും എപ്പോഴും ഉപകാരം മാത്രം ചെയ്യുന്നയാളാണ്. 14 വയസ്സ് മുതൽ അവനെ നൃത്തം പഠിപ്പിച്ചതു ഞാനാണ്. കൊച്ചി സർവകലാശാലാ കലോത്സവത്തിൽ ഒപ്പമിരുന്നു മാർക്കിട്ടവരാണു ഞങ്ങൾ.’ നൃത്താധ്യാപിക ശോഭന പറഞ്ഞു.

നാട്ടുകാർക്കും ഷാജിയെ പറ്റി നല്ലതേ പറയാനുള്ളു. ‘ശാന്തനായ മനുഷ്യൻ. ബഹളമേയില്ല.’ അയൽവാസികളായ ബാബു, സുരേഷ്കുമാർ, ദിനേശ് ബാബു എന്നിവർ പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മാർട്ടിൻ ജോർജ്, ടി.ഒ.മോഹനൻ, പി.മുഹമ്മദ് ഷമ്മാസ്, സുധീപ് ജയിംസ്, റഷീദ് കവ്വായി, ഫർഹാൻ മുണ്ടേരി, സിപിഎം നേതാക്കളായ പി.െക.ശ്രീമതി, വി.ശിവദാസൻ എംപി, ടി.വി.രാജേഷ്, എം.പ്രകാശൻ, കെ.വി.സുമേഷ് എംഎൽഎ, ടി.കെ.ഗോവിന്ദൻ തുടങ്ങിയവർ വീട്ടിലെത്തി. ‘ഇനിയൊരു ഷാജിയുണ്ടാകരുത്.’ ഷാജിക്കൊപ്പം നൃത്തപരിശീലനം നേടിയ മാച്ചേരി സ്വദേശി ശ്രീജിത് പറഞ്ഞു. ‘ഈ മേഖലയിലെ മോശം പ്രവണതകളാണ് അവനെ ബലിയാടാക്കിയത്. ഇടനിലക്കാരും ചില അധ്യാപകരുമാണ് അവനെ മനഃപൂർവം കുടുക്കിയത്. ’ ശ്രീജിത് പറഞ്ഞു.

ഷാജിയുടെ മരണം എസ്എഫ്ഐ  കൊലപാതകം: കെ.സുധാകരൻ 

ഷാജിയുടെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമാണെന്ന് കെ.സുധാകരൻ എംപി. എത്രയോ ക്യാംപസുകളിൽ കെഎ‌സ്‌യുവിനും മറ്റു സംഘടനകൾക്കും സംഘടനാ പ്രവർത്തനത്തിനുള്ള അവകാശം നിഷേധിക്കുന്ന ക്രിമിനൽ സംഘമായി എസ്എഫ്ഐ. മാർഗംകളിയിൽ തങ്ങൾ പറഞ്ഞ മത്സരാർഥിക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് വിധികർത്താവായ ഷാജിയെ എസ്എഫ്ഐ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്. ഇതിനു പിറകിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കലാപമുണ്ടാകും –  ഷാജിയുടെ അമ്മയെ സന്ദർശിച്ച ശേഷം സുധാകരൻ പറഞ്ഞു.

എന്തിനും ഏതിനും എസ്എഫ്ഐയെ കുറ്റം പറയുന്നത് ശരിയല്ല: ശ്രീമതി 

കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന സ്വഭാവം കെ.സുധാകരൻ അവസാനിപ്പിക്കണമെന്നും എന്തിനും ഏതിനും എസ്എഫ്ഐയെ കുറ്റം പറയുന്ന നിലപാട് ശരിയല്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. ഷാജിയുടെ മരണം വേദനാജനകമാണ്. കുറ്റമറ്റ, വിശദമായ അന്വേഷണം നടക്കട്ടെ – ശ്രീമതി പറഞ്ഞു.

‘കൊലക്കുറ്റത്തിന് കേസെടുക്കണം’

ഷാജിയുടെ മരണത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ‘ആരുടെയൊക്കെയോ താൽപര്യങ്ങൾക്കു വേണ്ടി ഷാജിയെ കേസിൽ കുടുക്കിയതാണ്. ഷാജിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.’- മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

‘അന്വേഷണം വേണം’

ഷാജിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ലയും ആവശ്യപ്പെട്ടു. കടുത്ത മാനസിക സമ്മർദമാണു ഷാജിയുടെ മരണത്തിലേക്കു നയിച്ചത്. കുറ്റവാളികൾ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. –  നേതാക്കൾ ആവശ്യപ്പെട്ടു.

‘ഉത്തരവാദി എസ്എഫ്ഐ’

ഷാജിയുടെ മരണത്തിനുത്തരവാദി എസ്എഫ്ഐ ആണെന്നു കെഎസ്‌യു സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു. ഷാജിയെ ക്യാംപസിനകത്തു മർദിച്ചതായും അദ്ദേഹം ആരോപിച്ചു.

‘കലാലയങ്ങളെ കൊലാലയങ്ങളാക്കി’

ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐ ആണെന്നും എസ്എഫ്‌ഐ കലാലയങ്ങളെ കൊലാലയങ്ങളാക്കി മാറ്റിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്. രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് വിധികർത്താവിനെ മാർക്കിടാൻ പ്രേരിപ്പിച്ച് മത്സരഫലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ശ്രീകാന്ത് ആരോപിച്ചു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രാജൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Tags:
  • Spotlight