Monday 22 October 2018 10:48 AM IST : By സ്വന്തം ലേഖകൻ

ആ കുഞ്ഞിളം പുഞ്ചിരി നിറയെ സുധാകരന്റെ ഓർമ്മകൾ; കാത്തിരിപ്പിന്റെ കൺമണികൾ ഇനി നിമയും നിയയും

shilna

ഉറക്കത്തിൽ ആ രണ്ട് കുഞ്ഞ് അധരങ്ങളിൽ പുഞ്ചിരി വിരിയാറുണ്ട്. ഒരു പക്ഷേ മറ്റൊരു ലോകത്തിരുന്ന് സുധാരകൻ ആ കുരുന്നകളോട് കിന്നാരം പറയുന്നതാകാം. അവർ പുഞ്ചിരിക്കുമ്പോൾ...ചിണുങ്ങിക്കരയുമ്പോൾ... ആ കണ്ണിണകളിൽ ഷിൽന സുധാകരനെ കാണുന്നുണ്ട്. അത്രമേൽ ദീപ്തം ആ ഓർമ്മകൾ.

തന്റെ ഇരട്ട കൺമണികൾക്ക് പേര് കണ്ട ആ നിമിഷത്തിലും ഒരായിരം വട്ടം നിറഞ്ഞു നിന്നത് സുധാകരന്റെ ഓർമ്മകൾ. മരണത്തിന്റെ വിളികേട്ട് മൺമറഞ്ഞ സുധാകരന്റെ അദൃശ്യ സാന്നിദ്ധ്യം മനസിൽ കരുതി, ഷിൽന ആ പൈതലുകൾക്ക് പേര് കണ്ടു. നിമയും നിയയും. സുധാകരൻറെ ഭാര്യ ഷിൽനയുടെ സഹോദരിയാണ് ഫെയ്സ്ബുക്കിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്. ''ഏട്ടന്റെ കൺമണികൾ ഇനി ..നിമ മിത്ര സുധാകരൻ നിയ മാൻവി സുധാകരൻ''.

2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അസിസ്റ്റന്റ്   പ്രഫസറായിരുന്ന കെ.സി. സുധാകരന്‍ മരിച്ചത്.  ഭാര്യ ഷില്‍നയുടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സക്കിടയായിരുന്നു മരണം.

ഒരു കുഞ്ഞിനു വേണ്ടിയുള്ള മരുന്നിൻറെയും പ്രതീക്ഷയുടെയും പാതിവഴിയിൽ സുധാകരന്‍ മടങ്ങിയെങ്കിലും ചങ്കൂറ്റത്തോടെ ഷിൽന ചികിത്സ തുടർന്നു. കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു നടത്തിയ ചികിൽസയാണു ഫലം കണ്ടത്.

പ്രണയവിവാഹിതരായ സുധാകരനും ഷിൽനയും നാലുവർഷം മുൻപാണു കുഞ്ഞുങ്ങൾക്കായി ചികിൽസ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷിൽന ഗർഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. സുധാകരന്റെ മരണശേഷം പലരുടെയും എതി‍ർപ്പുകൾ മറികടന്ന്, മൂന്നാമത്തെ പരീക്ഷണത്തിനൊരുങ്ങിയ ഷിൽനയെ വീട്ടുകാർ പിന്തുണച്ചു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികിൽസ.