Tuesday 16 July 2019 03:19 PM IST : By സ്വന്തം ലേഖകൻ

കാക്കത്തൊള്ളായിരം വട്ടം എണ്ണയിൽ മുക്കിയ മിക്സ്ചർ ഇനി വേണോ?; വീട്ടിലുണ്ടാക്കാം കിടിലൻ റാഗി മിക്സ്ചർ; റെസിപ്പി

shimna
EDITOR'S PICK
collapse icon expand icon

ഒഴിവുനേരത്തെ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിലെ ലഘുഭക്ഷണങ്ങളിൽ മിക്സ്ചറിനെ പോലൊരു സൂപ്പർസ്റ്റാർ വേറെയുണ്ടെന്ന് തോന്നുന്നില്ല. കടയിൽ നിന്നും പറയുന്ന കാശ് കൊടുത്ത് വാങ്ങിച്ച് അടുക്കി കൂട്ടി വയ്ക്കുന്ന മിക്സ്ചറിന് മറ്റൊരു പകരക്കാരനില്ലെന്ന് സാരം. സംഭവം ഇത്തിരി കടു കട്ടി റെസിപ്പി ആയതു കൊണ്ടാകണം മിച്ചർ വീട്ടിലുണ്ടാക്കാനുള്ള സാഹസത്തിനൊന്നും ആരും ഒരുങ്ങാറില്ല.

എന്നാൽ ഇവിടെയിതാ ഒരാൾ വീട്ടിലെ ‘മിച്ചർ’ പ്രതിസന്ധി പരിഹരിക്കാൻ ആ സാഹസത്തിന് മുതിർന്നു. റാഗി സേമിയ കൊണ്ട് ഒന്നാന്തരം മിച്ചർ വീട്ടിലുണ്ടാക്കിയ കഥ സരസമായി അവതരിപ്പിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടർ ഷിംനയുടെ കുറിപ്പ്.

ഷിംനയുടെ ഫെയ്സ്ബുക്ക് കുറിപ്പ്;

#എന്റെ_ഡയറ്റാന്വേഷണ_പരീക്ഷണങ്ങൾ 003

"ഉമ്മച്ചീ.. മിച്ചർ"

ആ അശരീരിയെ നിഷ്‌കരുണം അവഗണിച്ചു. കൊടുംക്രൂരമായ അവഗണനയുടെ കൂരമ്പുകളിൽ പെട്ട്‌.. ആ, അല്ലേൽ വേണ്ട, പാത്രം കഴുകലിനിടക്ക്‌ ഇനീം പണിയെടുക്കാൻ വയ്യെന്ന്‌ അവനോടും അവളോടും വെട്ടിത്തുറന്ന്‌ പറഞ്ഞ്‌. പോട്ടെ പുല്ല്‌.

അവനെന്തോ പെറുക്കി തിന്ന്‌ അപ്പുറത്തേക്ക്‌ പോയി, അവൾ കർണകഠോരമായ കാറിച്ച തുടങ്ങി. വോക്കേ, തേങ്ക്‌സ്‌. ഈ പെരുമഴയത്ത്‌ എവിടുന്നാണ്‌ മിച്ചർ ! എനിക്കെങ്ങും വയ്യ കടേൽ പോകാൻ. വയ്യെന്ന്‌ വെച്ചാൽ വയ്യ. വാട്ട്‌ റ്റു ഡൂ. ഒടുക്കം അവിടെത്തന്നെയെത്തിച്ചേർന്നു, അടുക്കളേലെ ഷെൽഫാണല്ലോ മ്മളെ രക്ഷകൻ.

വീട്ടിൽ നൂലപ്പത്തിന്റെ അച്ചില്ല. സോ, ഒറിജിനൽ മിക്‌സ്‌ചർ പരിപാടി നടക്കൂല. വല്ല്യ മെനക്കേടാണ്‌ താനും. വാട്ട്‌ നെക്‌സ്‌റ്റ്‌? ദോണ്ടേ, റാഗി സേമിയ ഇരിക്കുന്നു. നിലക്കടലയുണ്ട്‌, പൊട്ടുകടലയുണ്ട്‌, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട്‌. പിന്നെ മിക്‌സ്‌ചറിൽ കാണുന്ന ഉണ്ടകൾ കടലമാവ്‌ എണ്ണയിലിട്ട്‌ വറുത്ത്‌ കോരിയതാണ്‌. അത്‌ ഇനി ആ പരുവത്തിലെങ്ങനാക്കുമോ? മിക്‌സ്‌ചറിൽ വെളുത്തുള്ളീം കറിവേപ്പും കണ്ടിട്ടുണ്ട്‌. അതും ആവശ്യത്തിനിരിപ്പുണ്ട്‌. ആവേശവുമുണ്ട്‌. ഇന്നിവിടെ വല്ലതുമൊക്കെ നടക്കും.

റാഗി സേമിയ 250 ഗ്രാം കിച്ചൺ സ്‌കെയിലിൽ അളന്നെടുത്ത്‌ ഓട്ടപാത്രത്തിലിട്ട്‌ കഴുകി. അരിപ്പയല്ല കേട്ടോ, നിറയെ ഓട്ടകളുള്ള ഈ പാത്രത്തിലാണ്‌ ഇവിടെ പഴം പുഴുങ്ങിയത്‌, ഫ്രൈഡ്‌ റൈസിന്റെ ചോറ്‌ തുടങ്ങിയവയൊക്കെ വാർക്കാൻ വെക്കാറ്‌.അതെന്താ അങ്ങനേന്ന്‌ ചോദിച്ചാൽ എന്റെ ഓരോ നട്ടപ്പിരാന്ത്, അല്ലാതെന്ത് ! ഈ കഴുകിയത്‌ രണ്ട്‌ കാര്യത്തിനാണ്‌. ഒന്ന്‌, റാഗി സേമിയ വൃത്തിയാവാൻ. രണ്ട്‌, ഈ നനഞ്ഞ സേമിയേൽ മസാല പിടിക്കാൻ എളുപ്പമാണ്‌. കഴുകി വാർത്തുവെച്ച റാഗി സേമിയ പതിനഞ്ച്‌ മിനിറ്റ്‌ ഒരു പരന്ന പാത്രത്തിൽ കാറ്റ്‌ കൊണ്ട്‌ കിടക്കട്ടെ. അതിന്‌ ശേഷം അതിൽ മൂന്ന്‌ സ്‌പൂൺ മുളക്‌പൊടി, ഒരു സ്‌പൂൺ മഞ്ഞൾപൊടി, അര ടീസ്‌പൂൺ കായപ്പൊടി, ഒരു സ്‌പൂൺ ഉപ്പ്‌ എന്നിവ ചേർത്ത്‌ കൈ കൊണ്ട്‌ കുഴയ്‌ക്കുക. അതവിടിരിക്കട്ട.

ഇനി നമുക്ക്‌ അൻപത്‌ ഗ്രാം കടലമാവ്‌ അളന്നെടുക്കാം. അതിലേക്ക്‌ ഒരു സ്‌പൂൺ മുളകുപൊടി, അര സ്‌പൂൺ മഞ്ഞൾപ്പൊടി, രണ്ട്‌ നുള്ള്‌ കായപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേർത്ത്‌ കുറച്ച്‌ വെള്ളമൊഴിച്ച്‌ അയവിൽ കലക്കുക. എത്ര അയക്കണംന്ന്‌ ചോദിച്ചാൽ സ്‌പൂണിൽ ഉയരത്തീന്ന്‌ കോരി ഒഴിക്കുമ്പോൾ കണ്ടൻസ്‌ഡ്‌ മിൽക്ക്‌ താനല്ലയോ ഇത്‌ എന്ന ഉൽപ്രേക്ഷ തോന്നണം. അതാണ്‌ പരുവം.

ഇനി 25ഗ്രാം വീതം അണ്ടിപ്പരിപ്പ്, പൊട്ടുകടല, നിലക്കടല, ഉണക്കമുന്തിരി എന്നിവ അളന്നെടുക്കുക. അതിലും ഈ പറഞ്ഞ പൊടികൾ മേലെയുള്ള അളവിൽ വിതറി കുഴക്കുക.

കഴിഞ്ഞില്ലട്ടാ. ഒരു വല്ല്യ വെളുത്തുള്ളി മൊത്തം, രണ്ട്‌ കതിര്‌ കറിവേപ്പില എന്നിവയെടുക്കുക. വെളുത്തുള്ളിയുടെ മേലെ ആകെ മൊത്തം മൂടിയ തൊലി മാത്രം കളഞ്ഞാൽ മതി, ബാക്കി തൊലിയിരുന്നോട്ടെ. രണ്ട്‌ ചേരുവകളും നന്നായി കഴുകുക. അടുക്കളേലെ കുഞ്ഞി അമ്മിയില്ലേ? അത്‌ വെച്ച്‌ ഓരോ വെളുത്തുള്ളി അല്ലിക്കും ഓരോ ഇടി വെച്ച്‌ കൊടുക്കുക. എന്നിട്ട്‌ രണ്ടാൾടേം മേൽ കടലകളിൽ വിതറിയ പൊടികൾ അതേയളവിൽ പുരട്ടുക.

ഇനി വല്ല്യൊരു പാനെടുത്ത്‌ നിങ്ങൾക്ക്‌ ഇഷ്‌ടമുള്ള പാചകയെണ്ണ ഒഴിക്കുക. ഇത്‌ സദാ ഓടിക്കളിക്കുന്ന റെസ്‌റ്റ്‌ലെസ്സ്‌ മക്കൾക്കുള്ള റെസിപ്പി ആയത്‌ കൊണ്ടും കറിവേപ്പും വെളിച്ചെണ്ണയും കൂടിയുള്ള ആ ഡിങ്കോൾഫിക്കേഷൻ മണം എനിക്ക്‌ വല്ല്യ ഇഷ്‌ടായത്‌ കൊണ്ടും ഇവിടെ വെളിച്ചെണ്ണയിലാണ്‌ മിക്‌സ്‌ചർ വറുത്തത്‌. ഓരോ ചേരുവയും വെവ്വേറെ വറുത്ത്‌ കോരി ടിഷ്യൂവിൻമേൽ പടർത്തി എണ്ണയൊഴിവാക്കണം.

ആദ്യം കറിവേപ്പിലയും വെളുത്തുള്ളിയും വറുത്ത്‌ കോരി. ഇല പേപ്പർ പോലെ ചറപറ ആവുന്നതാണ്‌ പരുവം. പിന്നെ കടലക്കൂട്ടത്തിനെ എണ്ണയിൽ തള്ളി. അണ്ടിപ്പരിപ്പ് ബ്രൗണാവുന്നതും മുന്തിരിക്ക്‌ ഗർഭമുണ്ടാകുന്നതുമാണ്‌ പരുവം. പെട്ടെന്ന്‌ കരിയും, സൂക്ഷിക്കണം. എടുത്ത്‌ ടിഷ്യൂവിൽ തട്ടുവിൻ.

ഇനി കടലമാവിനെ മണിമണികൾ ആക്കുന്ന ശ്രമകരമായ ദൗത്യമാണ്‌. പഴംപൊരിയൊക്കെ വറുത്ത്‌ കോരുന്ന ദ്വാരങ്ങളുള്ള തവിയില്ലേ? ഞങ്ങളതിന്‌ 'ഓട്ടക്കോരി' എന്ന്‌ പറയും. അതിന്‌ മീതെ കടലമാവിന്റെ കൂട്ടൊഴിച്ച്‌ ദ്വാരങ്ങൾക്ക്‌ മീതേ സ്‌പൂൺ വച്ച്‌ ഇളക്കിയാണ്‌ മാവിനെ മുറിച്ച്‌ താഴെ വീഴ്‌ത്തിയത്‌. ഈ സ്‌റ്റെപ്പിലാണ്‌ ശരിക്കും കഷ്‌ടപ്പെട്ടത്‌. ഇതിന്‌ വല്ല എളുപ്പപ്പണീം ഉണ്ടേൽ എനിക്ക്‌ പറഞ്ഞ്‌ തന്നാൽ പുണ്യം കിട്ടും. നല്ല കറുമുറു ആവുന്നത്‌ വരെ വറുത്ത്‌ ടിഷ്യൂവിലിടുക.

ഒടുക്കം റാഗി സേമിയ എണ്ണയിൽ മുക്കി വറുക്കണം. അരി വറുക്കുമ്പോ അതിന്റെ മേലെ ഒരു മൊരിമൊരി വരില്ലേ? ആ സാധനം ഇതിൻമേലും വരും. അതു താൻ പാകം. ഇതിനേം കോരി കടലാസിൽ തട്ടുക.

ഈ തട്ടിയതിന്റെ ചൂടാറുമ്പോ വലിയൊരു പാത്രത്തിലേക്ക്‌ മാറ്റുക. എന്നിട്ട്‌ അയ്‌ന്റെ മീതെക്കൂടി ബാക്കിയെല്ലാം കൂടി വാരി വലിച്ചിട്ട്‌ അങ്ങ്‌ കുഴച്ചേക്കുക. ചൂടാറുമ്പോ പാത്രത്തിലിട്ട്‌ പുള്ളാർക്ക്‌ കൊടുക്കാം. ഭാഗ്യമുണ്ടേൽ സൂക്ഷിച്ച്‌ വെക്കാൻ കിട്ടും. ഇവിടെ ഉണ്ടാക്കിയത്‌ മൊത്തം ഇവിടേം അയലോക്കത്തും സ്വന്തം വീട്ടിലുമെത്തിയത്‌ കൊണ്ട്‌ എത്ര ദിവസം സൂക്ഷിച്ച്‌ വെക്കാൻ പറ്റുമെന്ന ഗവേഷണചോദ്യത്തിന്‌ ഉത്തരം നൽകാൻ തൽക്കാലം നിർവ്വാഹമില്ല. എനിക്കറിയില്ല. ടേസ്‌റ്റ്‌ സൂപ്പറായിരുന്നു.

ഇത്രേം കഷ്‌ടപ്പെട്ട്‌ ഉണ്ടാക്കുന്നേന്റെ ഗുണമെന്താന്ന്‌ വെച്ചാൽ കടയിലെ കാക്കത്തൊള്ളായിരം വട്ടം ചൂടാക്കിയ എണ്ണയിൽ ഗുണമിലവാരമില്ലാത്ത ചേരുവകൾ ചേർത്ത സാധനമല്ല മക്കൾ കഴിക്കുന്നത്‌ എന്നതാണ്‌. റാഗി നിറച്ചൂം ഇരുമ്പും കാൽസ്യവുമുണ്ട്‌. കടലകൾ നിറച്ചും പ്രോട്ടീനാണ്‌. ഉണക്കമുന്തിരിയിൽ കുറേ കുറേ മൈക്രോന്യൂട്രിയന്റ്‌സുണ്ട്‌. കടലമാവ്‌ കടലേടെ ഗുണങ്ങളുള്ള സാധനമാണല്ലോ.

പിന്നെ, ഇത്‌ ഒരു തവണ ഉണ്ടാക്കുമ്പോഴറിയാം എത്രത്തോളം എണ്ണയും കൊഴുപ്പുമാണ്‌ ബേക്കറി പലഹാരങ്ങൾ എന്ന പേരിൽ അകത്തോട്ട്‌ ചെല്ലുന്നതെന്ന്‌. ഇച്ചിരെ ബോധമൊക്കെ വരും. കുറ്റബോധമെന്ന്‌ കേട്ടിട്ടില്ലേ? ദത്‌ തന്നെ.

അപ്പോൾ ഇവിടെ നിന്ന്‌ വിരകാതെ ഓടിപ്പോയി മിച്ചറുണ്ടാക്കൂ മിഷ്‌ഠർ. എണ്ണയിൽ വറുത്ത സാധനമാണ്‌. വല്ലപ്പോഴുമുള്ള വൈകുന്നേര സ്‌നാക്ക്‌ ആക്കാമെന്നല്ലാതെ ഇതൊരു ശീലമാക്കേണ്ട. മഴയുണ്ടല്ലോ, ആവശ്യത്തിന്‌ വിശപ്പും. വേഗാവട്ടെ.

സസ്‌നേഹം,
ആച്ചൂന്റേം സോനൂന്റേം മ്മച്ചി.

Tags:
  • Easy Recipes