തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മയെ വെടിവച്ചെന്ന് തെളിവെടുപ്പില്‍ തുറന്ന് സമ്മതിച്ച് പ്രതിയായ വനിത ഡോക്ടര്‍. മൂന്ന് തവണയാണ് വെടിയുതിര്‍ത്തതെന്ന് ഡോക്ടര്‍ സമ്മതിച്ചു. അതേസമയം വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ വെടിയേറ്റ വീട്ടമ്മയുടെ ഭര്‍ത്താവ് സുജിത്തിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
കൊറിയര്‍ നല്‍കാനെന്ന വ്യാജേനെയെത്തിയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, വഞ്ചിയൂരിലെ വീട്ടമ്മ ഷിനിയെ വെടിവച്ചത്. തെളിവെടുപ്പിനെത്തിയപ്പോള്‍ പതര്‍ച്ചയോ മടിയോ ഇല്ലാതെ ഡോക്ടര്‍ നടന്നതെല്ലാം വിശദീകരിച്ചു.
വെടിവയ്പ്പുണ്ടായ ദിവസം ഡോക്ടറെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്നത് ഷിനിയുടെ ഭര്‍തൃപിതാവാണ്. തെളിവെടുപ്പിനിടെ അദേഹം എത്തിയപ്പോളും വനിത ഡോക്ടര്‍ പതറിയില്ല.
വെടിവച്ച എയര്‍ഗണ്‍ കണ്ടെടുക്കാനായി നാളെ ഡോക്ടറുടെ കൊല്ലത്തെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും. അതേസമയം വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ചതിച്ചതാണ് വെടിവയ്ക്കാന്‍ കാരണമെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സുജിത്തിനെതിരെയെടുത്ത കേസിൽ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നടപടി തുടങ്ങി.