Thursday 07 March 2024 03:07 PM IST : By സ്വന്തം ലേഖകൻ

മുരുഡേശ്വർ മുതൽ ആഴിമല വരെ: ശിവരാത്രി ആഘോഷിക്കാൻ 11 സ്ഥലങ്ങൾ: മഹാശിൽപങ്ങൾ കണ്ടു തീർഥാടനം

adiyogi-coimbatore

ഐതിഹ്യപ്പെരുമയിലെ വിശ്വാസങ്ങളുടെ പൂർണതയിൽ വീണ്ടും കുംഭമാസ നിലാവിനു ശിവരാത്രിയുടെ തെളിച്ചം. തീർഥാടനത്തിന്റെ പാതയിലേക്കു സഞ്ചാരം മാറ്റുന്നവർക്കു മഹാദേവനെ വണങ്ങാൻ ഇടങ്ങൾ ഒട്ടേറെ. കോയമ്പത്തൂരിനടുത്തു ആദിയോഗി ശിൽപം സ്ഥാപിച്ചിട്ടുള്ള ഇഷ യോഗ സെന്ററിൽ ശിവരാത്രിയാഘോഷം പ്രശസ്തം. മുപ്പത്തിനാലു മീറ്റർ ഉയരവും നാൽപത്തഞ്ചു മീറ്റർ നീളവുമുള്ള മഹാദേവന്റെ ശിൽപം വലുപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേടി. ആദിയോഗിയായി ശിവനെ ആരാധിക്കുന്ന സ്ഥലമാണു സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആശ്രമം. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു സന്ദർശകർ എത്തുന്ന വിനോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം.

ഉറക്കമൊഴി‍ഞ്ഞ്, വ്രതം നോറ്റ് മഹാദേവന്റെ പ്രീതിക്കായി പാർവതീ ദേവിക്കു മുന്നിൽ ഹൃദയ സമർപ്പണമാണു ശിവരാത്രിയുടെ ആരാധന. ‘ഓം നമ ശിവായ’ ജപിച്ചു മഹാദേവ ക്ഷേത്രത്തിൽ ദർശനമാണ് ആചാരം. പൂർണ ഉപവാസം നിർബന്ധം. അതിനു സാധിക്കാത്തവർക്കു ശിവക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം, കരിക്കിൻ വെളളം, പഴം എന്നിവ പ്രസാദമായി കഴിച്ച് മഹാദേവന്റെ പ്രീതിക്കായി കർമാനുഷ്ഠാനം, പ്രാർഥന. ദാനമാണ് മഹാദേവന്റെ കരുണയ്ക്ക് ഉചിതമായ കർമം. അതിൽത്തന്നെ വിശക്കുന്നവർക്കു ഭക്ഷണം നൽകലാണ് ഉത്തമം.

പാലാഴിമഥനവുമായി ബന്ധപ്പെട്ടതാണ് ശിവരാത്രിയുടെ ഐതിഹ്യം. പാലാഴിമഥനം നടത്തിയപ്പോൾ വമിച്ച കാളകൂടവിഷം പരമേശ്വരൻ പാനം ചെയ്തു. ഭഗവാനു വിഷം ഹാനികരമാകാതിരിക്കാൻ പാർവതി ദേവി, മഹാദേവന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വിഷം പുറത്തേയ്ക്ക് ഒഴുകാതിരിക്കാൻ മഹാവിഷ്ണു പരമശിവന്റെ വായയും പൊത്തിപ്പിടിച്ചു. മഹാദേവന് ആപത്തു വരാതിരിക്കാൻ പാർവതി ദേവിയും മറ്റു ദേവകളും ഉറക്കമൊഴിഞ്ഞു പ്രാർഥിച്ചു. വിഷം കണ്ഠത്തിലുറച്ച് മഹാദേവൻ നീലകണ്ഠനായി; പാർവതിയും ദേവകളും മഹാദേവനു വേണ്ടി വ്രതമിരുന്ന ദിനം ശിവരാത്രിയുമായി.

rishikesh

ഉത്തരാഖണ്ഡിലെ ഋഷികേശിൽ ശിവരാത്രിയാഘോഷം ലോകപ്രശസ്തമാണ്. ഏഴു വർഷം മുൻപ് വെള്ളപ്പൊക്കത്തെ അതിജീവിച്ച മഹാദേവന്റെ ശിൽപം നിൽക്കുന്നതു ഗംഗാനദിയുടെ മധ്യത്തിലാണ്. ധ്യാനഭാവത്തിലുള്ള ശിൽപത്തിന്റെ ഉയരം പതിനാല് അടി. ശിൽപം സ്ഥിതി ചെയ്യുന്ന പരമാർഥ് നികേതൻ ആശ്രമം ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമാണ്. എല്ലാ ദിവസവും വൈകിട്ട് ശിൽപത്തിൽ വിളക്കു തെളിച്ച് ആരാധനയുണ്ട്.

Murudeshwara-Karnataka

കർണാടകയിൽ അറിബക്കടലിന്റെ തീർത്തു മുരുഡേശ്വറിലെ ശിവപ്രതിമയ്ക്കു വലുപ്പത്തിൽ ലോകത്തു രണ്ടാം സ്ഥാനം. നൂറ്റിമുപ്പത് അടിയാണ് ശിൽപത്തിന്റെ ഉയരം. ഉത്തര കർണാടകയിലെ മരുഡേശ്വർ ക്ഷേത്രത്തിനു സമീപം കണ്ഡുകഗിരിയുടെ മുകളിലാണു ശിൽപം. ഉദയസൂര്യന്റെ പ്രകാശം മുഖത്തു തിളങ്ങും വിധമാണു ശിൽപത്തിനു സ്ഥാനം നിർണയിച്ചത്. കർണാടകയിൽ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് മുരുഡേശ്വർ.

Vijayapura-(Bijapur)

കർണാടകയിലെ ബിജാപൂരിൽ സിന്ദഗി റോഡിലുള്ള ‘ശിവഗിരി’യിലും മഹാദേവ ശിൽപമുണ്ട്. കർണാടകയുടെ വിവിധ ഭാഗത്തുള്ള ശിൽപികൾ പതിമൂന്നു മാസത്തെ പരിശ്രമത്തിലാണ് ടി.കെ. പാട്ടീൽ ബനക്കട്ടി ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി ശിൽപം നിർമിച്ചത്. എൺപത്തിയഞ്ച് അടി ഉയരമുള്ള ശിൽപം സിമന്റും സ്റ്റീലും ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. ബിജാപുർ നഗരത്തിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ ശിൽപം സ്ഥിതി ചെയ്യുന്ന പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി മാറി.

kachnar-city-shiva-temple

മധ്യപ്രദേശിലെ ജബൽപൂരിനു സമീപം കാഞ്ചാർ സിറ്റിയിലെ എഴുപത്താറ് അടി ഉയരമുള്ള ശിവപ്രതിമ തീർഥാടകർക്കു വിശേഷപ്പെട്ടതാണ്. ജ്യോതിർലിംഗ സങ്കൽപത്തിൽ നീലാകാശം ദർശനമാക്കിയാണു ശിൽപം നിലകൊള്ളുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നു കണ്ടെത്തിയ പന്ത്രണ്ടു ശിവലിംഗങ്ങൾ ശിൽപത്തിന്റെ അനുബന്ധമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.

Siddhesvara-Dhaam-in-Namchi,-Sikkim

സിക്കിമിലെ നാംചിയിലുള്ള ശിവപ്രതിമ ലോകപ്രശസ്തമാണ്. നൂറ്റി മുപ്പത്തെട്ട് അടി ഉയരമുള്ള ഗുരുപദ്മസംഭവയുടെ ശിൽപത്തിന്റെ സമീപത്താണു മുപ്പത്തി രണ്ട് അടി ഉയരമുള്ള ശിവശിൽപം. ശിൽപങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്ര സമുച്ചയം ഛാർദാം എന്ന് അറിപ്പെടുന്നു. ഇവിടെ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു സന്ദർശകർ എത്തുന്നുണ്ട്.

kemp-Bangalore

ബെംഗളൂരുവിൽ കെംപ ഫോർട്ടിലുള്ള ശിവശിൽപത്തിന് ഉയരം അറുപത്തഞ്ച് അടി. സിമന്റിൽ നിർമിച്ചിട്ടുള്ള ശിൽപത്തിനു സമീപത്തു ഗണേശ വിഗ്രഹവും നവഗ്രഹ ക്ഷേത്രവുമുണ്ട്. പരമശിവന്റെ വിവിധ ഭാവങ്ങളിലുള്ള ശിൽപങ്ങൾ ഇവിടെയുണ്ട്. അമർനാഥിൽ മഞ്ഞുരുകി രൂപപ്പെടുന്ന ശിവലിംഗത്തിന്റെ മാതൃകയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇരുപത്തി നാലു മണിക്കൂർ ദർശനമാണ് കെംപ ക്ഷേത്രത്തിന്റെ പ്രത്യേകത.

Bhajanagar---Odisha

ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗറിലാണ് ഇന്ത്യയിലെ മറ്റൊരു വലിയ ശിവശിൽപം. ഭഞ്ജനഗർ റിസർവോയറിനു സമീപം ഒരു കുന്നിനു മുകളിലുള്ള ശിൽപം ഇന്ത്യയിലെ പരമേശ്വര ശിൽപങ്ങളുടെ നിരയിൽ ഏഴാം സ്ഥാനത്താണ്.

Dwarka,-Gujarat

ഗുജറാത്തിലെ ദ്വാരകയിൽ നാഗേശ്വറിലുള്ള ശിവശിൽപം ജ്യോതിർലിംഗ സങ്കൽത്തിലാണു നിർമാണം. പന്ത്രണ്ട് അടിയുള്ള ശിൽപം ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗ ശിൽപങ്ങളിലൊന്നാണ്.

Aazhimala-Siva-Statue2316

കേരളത്തിലെ ശിവശിൽപങ്ങളിൽ ഏറ്റവും ഉയരമേറിയത് വിഴിഞ്ഞത്ത് ആഴിമലയിലാണ്. ജ‍ഢാധാരിയായ ഗംഗാധരേശ്വരന്റെ ശിൽപത്തിന് ഉയരം അൻപത്തെട്ട് അടി. ആഴിമല ശിവക്ഷേത്രത്തിനു സമീപം കടൽത്തീരത്താണു ശിൽപം. സമുദ്ര നിരപ്പിൽ നിന്നു 20 അടി ഉയരത്തിൽ മഹാദേവ ശിൽപം നിർമിച്ചതു പി.എസ്. ദേവദത്തൻ. ശിൽപം അനാവരണം ചെയ്തതിനു ശേഷം ആഴിമല വിനോദസഞ്ചാര കേന്ദ്രമായി മാറി.

തിരുവനന്തപുരത്തിനു സമീപം ചെങ്കൽ മഹേശ്വരം ശ്രീപാർവതി ക്ഷേത്രത്തിൽ നിർമിച്ച ശിവലിംഗം വലുപ്പത്തിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. 111.2 അടിയാണ് ഉയരം. കാശി, ഗംഗോത്രി, ഋഷികേശ്, രാമേശ്വരം, ധനുഷ്കോടി, ഗോമുഖ്, കൈലാസം എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളവും മണ്ണും ശിവലിംഗത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചു. എട്ടുനിലയുള്ള കെട്ടിടം പോലെ ഡിസൈൻ ചെയ്തിട്ടുള്ള ശിവലിംഗത്തിനുള്ളിൽ സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.

മഹാദേവന്റെ പ്രീതിക്കായുള്ള എട്ട് അനുഷ്ഠാനങ്ങളിൽ ഒന്നാണു ശിവരാത്രി. ശിവരാത്രിയിൽ പഞ്ചാക്ഷരീ മന്ത്രമാണു ചൊല്ലേണ്ടത്. പാപങ്ങളിൽ നിന്നു മുക്തിയും മനസ്സിന്റെ വിശുദ്ധിയും ഫലം. ശിവനാമം ഭജിക്കുമ്പോൾ ദുഖങ്ങളിൽ നിന്നു മോചനമെന്നു വിശ്വാസം. പാപമുക്തിയും ദീർഘായുസ്സും അഭിവൃദ്ധിയും ഫലം. സഞ്ചാരപ്രിയർ ആത്മസംതൃപ്തിക്കായി ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനൊപ്പം ശിവപ്രതിമകളെ വണങ്ങുന്നു.

Tags:
  • Manorama Traveller