Saturday 05 January 2019 05:39 PM IST

16 വർഷം എട്ടു ട്രാൻസ്ഫർ! കെഎസ്ആർടിസിയെ രക്ഷിച്ച എസ്ഐ ആക്ഷൻ ഹീറോ അയ്യർ

Shyama

Sub Editor

si-new-new

ആമ്പിളയാറ്ന്താ... വണ്ടിയെ തൊട്രാ! സോഷ്യല്‍ മീഡിയ ആകെ കത്തി ജ്വലിച്ചു നിന്നൊരു പൊലീസുകാരനുണ്ട്... മലയാളികൾ മനസ്സുകൊണ്ട് സല്യൂട്ടടിച്ചൊരു തമിഴ്നാട്ടുകാരൻ... എസ്.ഐ.മോഹന അയ്യർ. തമിഴ് കവികളേയും പാട്ടുകാരേയും തമിഴ് പടങ്ങളേയും തമിഴ് നടീനടന്മാരേയും ഒക്കെ കേരളം നെഞ്ചോട് ചേർത്തു വച്ചിട്ടുണ്ട്... ഇത്തവണ പക്ഷേ, മലയാളികളുടെ നെഞ്ചകം കീഴടക്കിയത് ഒരു പൊലീസുകാരനാണ്... അതും ഒരൊറ്റ ഡയലോഗ് കൊണ്ട് ‘‘ആമ്പിളയാറ്ന്താ... വണ്ടിയെ തൊട്രാാാ പാക്കലാം’’. കേരള–തമിഴ്നാട് അതിർത്തിയിലുള്ള തിരുവനന്തപുരത്തെ കളിയിക്കാവിളയിൽ ജനുവരി 3നു നടന്ന ഹർത്താലിൽ കെഎസ്ആർടിസി ബസ്സിനു നേരെ കല്ലെറിയാൻ വന്നവരെയാണ് തമിഴ്നാട് സ്വദേശി എസ്.ഐ. മോഹന അയ്യർ വിരട്ടി ഓടിച്ചത്. സമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയർ ചെയ്തത് ലക്ഷത്തിൽ പരം ആളുകൾ. ബാക്കി കഥ ‘ഹീറോ’പറയട്ടേ...

വൈറൽ

അന്ന് സംഭവം നടക്കുമ്പോൾ ഞാൻ ഡ്യൂട്ടിയിലാണ്. ആക്രമികൾ വന്ന് ബസ്സിൽ കല്ലെറിയാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ ആദ്യം വളരെ സമചിത്തതയോടെ സംസാരിച്ചു. പൊതുമുതൽ അടിച്ചു തകർക്കരുതെന്നു പറഞ്ഞു. ഇതൊന്നും കേട്ടഭാവം പോലം നടിക്കാതെ അവന്മാർ എന്നോട് എതിരുപറയാനും വണ്ടിക്കു കല്ലെറിയാനും ഓങ്ങി... അന്നേരമാണ് ഉച്ചത്തിൽ തന്നെ വിരട്ടേണ്ടി വന്നത്. കൊച്ച് കുട്ടി വാശി പിടിച്ച് കരയുന്നു എന്നു വയ്ക്കുക. നിങ്ങൾ കുറേ നേരം സമാധാനമായി കുട്ടിയോട് കാര്യം പറയാൻ നോക്കിയിട്ടും അത്യുച്ഛത്തിൽ കരച്ചിൽ തുടർന്നാൽ നിങ്ങൾ ശബ്ദമുയർത്തി നന്നായിട്ടൊന്നു വിരട്ടും. അതോടെ കുട്ടി കരച്ചിൽ നിർത്തും, എന്നിട്ട് നിങ്ങൾ കാര്യം പറഞ്ഞു കൊടുക്കും. അതു തന്നയാണ് ഇവിടെയും സംഭവിച്ചത്. ആ സമയത്ത് ഇത് കേരള വണ്ടിയാണെന്നും തമിഴ്നാട് വണ്ടിയാണെന്നൊന്നും നോക്കില്ലല്ലോ... സാധാരണക്കാരെല്ലാവരും ആശ്രയിക്കുന്നതല്ലേ... കെ.എസ്.ആര‍്‍.ടി.സി. നാട്ടിലെന്തു പ്രശ്നമുണ്ടായാലും ഈ വണ്ടി തകരണം എന്നു പറയുന്നത് എന്ത് ന്യായമാണ്? വീഡിയോ കണ്ടിട്ട് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി സാർ വിളിച്ച് അഭിനന്ദിച്ചു. 1000 രൂപയും പ്രശംസാപത്രവും അവർ നൽകുമെന്ന് സാർ പറഞ്ഞു. അത് വലിയ അംഗീകാരമായി തന്നെ ഞാൻ കാണുന്നു. എത്രയെത്ര പൊലീസുകാർ ഇതു പോലെ അല്ലെങ്കില്‍ ഇതിലും മികച്ച കാര്യങ്ങൾ ചെയ്യുന്നുണ്ട്, ഇതിപ്പോ ആരോ വീഡിയോ എടുത്തതു കൊണ്ട് ഇത് വൈറലായി. എളിമയുടെ ഭാഷപറയുമ്പോഴും ശബ്ദത്തിനു നല്ല ഉറപ്പു തന്നെ!

സ്കൂൾ ടീച്ചർ പൊലീസായി

കുടുംബത്തിലാരും തന്നെ പൊലീസായിട്ടില്ല. ഞാനാണ് ആദ്യത്തെയാൾ. ടിടിസി കഴിഞ്ഞ് കുറച്ചു നാൾ ചെറിയ സ്ഥാപനങ്ങളിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. നല്ലൊരു സ്ഥലത്ത് ടീച്ചറായി ജോലി കിട്ടാൻ സാമ്പത്തികമായി നല്ല ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് പൊലീസ് ടെസ്റ്റ് എഴുതുന്നത്. 2003ൽ പൊലീസിൽ ചേർന്നു. ഏഴു വർഷത്തിനു ശേഷം എസ്.ഐ. പരീക്ഷ എഴുതി എസ്.ഐ. ആയി. 16 കൊല്ലത്തെ പോലീസ് സർവീസ്നിടയ്ക്ക് എട്ട് സ്ഥലം മാറ്റങ്ങൾ. പൊലീസ് ജോലി സ്വപ്നം കണ്ട് ഇതിലേക്കു വന്നയാളല്ല ഞാൻ. പക്ഷേ, ജോലി ചെയ്തു തുടങ്ങിയതും ഇത് ഇഷ്ടപ്പെടാൻ തുടങ്ങി. സർവീസിലുള്ള കാലമത്രയും ഏറ്റവും മികച്ച രീതിയിൽ ഡ്യൂട്ടി ചെയ്യണം എന്നു മാത്രമാണ് ആഗ്രഹം. അല്ലാതെ സ്ഥാനമാനങ്ങളോടോ പേരും പ്രശസ്തിയോടും ഇതേവരെ മോഹം തോന്നിയിട്ടില്ല!

ഫാമിലി സ്റ്റാറ്റസ്

കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞുണ്ട്. ഞങ്ങൾ നാഗർകോവിലിലാണ് താമസം.

ഫോളോവേഴ്സ്

വീഡിയോ വൈറലായ ശേഷം ധാരാളം പേർ മെസേജ് അയക്കുന്നുണ്ട്. നേരിട്ട് വിളിക്കുന്നുണ്ട്. എല്ലാവരും നാടിന് നന്മ വരുന്ന കാര്യങ്ങളിൽ അഭിമാനം തോന്നുന്നവരാണ്. വല്യ വല്യ ഉദ്യോഗസ്ഥർ വിളിച്ച് ഇനിയും ഇതേ പോലെ സമൂഹത്തിനായി നല്ല രീതിയിൽ സേവനം ചെയ്യാൻ കഴിയട്ടേ എന്ന് ആശംസിക്കുന്നുണ്ട്. അക്രമം കണ്ടാൽ ഇനിയും മുഖം നോക്കാതെ നടപടിയെടുത്തിരിക്കും. കാക്കിയിടുന്ന ഓരോ പൊലീസുകാരനും ഇങ്ങനൊരു പ്രതിജ്ഞ എടുത്തിട്ടാണ് ഈ ജോലിക്കു കയറുന്നത്. അത് വിട്ടുവീഴ്ച്ചയില്ലാതെ ഞാൻ പാലിക്കുക തന്നെ ചെയ്യും. വിളിക്കുന്ന ചിലരൊക്കെ ചോദിക്കും പേടിയില്ലേ എന്ന്... സത്യത്തിനൊപ്പം നിൽക്കുന്നവർ അല്ല അതിനെതിരെ നിൽക്കുന്നവരാണ് പേടിക്കേണ്ടത്.

റിയൽ ലൈഫ് ഹീറോസ്

സിനിമയൊക്കെ ഞാനും കാണാറുണ്ട്. നന്നായി അഭിനയിക്കുന്ന എല്ലാ നടന്മാരെയും ഇഷ്ടമാണുതാനും. എന്നെ പല നടന്മാരുടെയും പൊലീസ് വേഷങ്ങളോട് ആളുകൾ താരതമ്യം ചെയ്യുന്നു. പക്ഷേ, എന്റെ ഹീറോസ് റിയൽ ലൈഫിലുള്ളവരാണ്... വിജയ് കുമാർ ഐ.പി.എസ്., ശൈലേന്ദ്ര ബാബു ഐ.പി.എസ്. തുടങ്ങി പലരും.

ടേംസ് ആന്റ് പോളിസീസ്

യുവാക്കളോടാണ് എനിക്ക് സംസാരിക്കാനുള്ളത്. മതവും രാഷ്ട്രീയവും ഒക്കെ നമുക്ക് ആവശ്യമുള്ള കാര്യങ്ങളാണ്. അനുകൂലിക്കാനും പ്രതികൂലിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട് താനും. പക്ഷേ, പൊതുമുതൽ നശിപ്പിക്കാനുള്ള അധികാരം ആരും നമുക്ക് തന്നിട്ടില്ല. അതു നശിപ്പിക്കുന്നത് അത്ര വല്യ കാര്യവുമല്ല. അതുമൂലം ഏറ്റവും കഷ്ടപ്പെടുന്നത് സാധാരണക്കാർ മാത്രമാണ്. പ്രതിക്ഷേധങ്ങൾ അതിന്റേതായ രീതിയിൽ മാത്രം നടത്തുക, അല്ലാതെ അക്രമം നടത്തി നാടിനെ തകർക്കാമെന്ന് കരുതുന്നവരെ കാത്ത് ഞങ്ങൾ പൊലീസുകാർ ഇവിടെ തന്നെയുണ്ടാകും!