Thursday 07 March 2024 10:14 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മക്കളെ പോലെ കണ്ടതല്ലേ? ഒരു നേരമെങ്കിലും ഞാനവർക്ക് ഭക്ഷണം വിളമ്പിയതല്ലേ?’; നിറകണ്ണുകളോടെ സിദ്ധാർഥന്റെ അമ്മ ചോദിക്കുന്നു

siddharth-parents-jayaprakash-and-sheeba

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ഒരു സീനിയർ വിദ്യാർഥിക്കും മുഖ്യപങ്കുണ്ടെന്ന ആരോപണവുമായി സിദ്ധാർഥന്റെ രക്ഷിതാക്കൾ. സിദ്ധാർഥന്റെ ഉറ്റ സുഹൃത്ത് ഉൾപ്പെടെ മൂന്നു പേർക്ക് ഇതിൽ പങ്കുണ്ടെന്നും ഇവരെയും കേസിൽ പ്രതി ചേർക്കണമെന്നും പക്ഷേ, പൊലീസ് മടിക്കുകയാണെന്നും സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ്, അമ്മ എം.ആർ.ഷീബ എന്നിവർ പറഞ്ഞു.  

സസ്പെൻഷനിലായ ഡീൻ, അസി.വാർഡൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. 130 പേരുടെ മുന്നിൽ വച്ചാണ് സിദ്ധാർഥൻ ക്രൂരമർദനത്തിനിരയായത്. 130 പേരെയും പ്രതികളാക്കണം. കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയോട് സീനിയർ വിദ്യാർഥി അപമര്യാദയായി പെരുമാറിയപ്പോൾ ഇയാൾക്കെതിരെ ശക്തമായി നിലകൊണ്ടത് സിദ്ധാർഥനായിരുന്നുവെന്ന് ജയപ്രകാശ് പറഞ്ഞു. 

ഇതിന്റെ പേരിൽ സീനിയർ വിദ്യാ‍ർഥിക്ക് സിദ്ധാർഥനോട് കടുത്ത വിരോധമുണ്ടായിരുന്നു. ഈ വ്യക്തി കഴിഞ്ഞ ദിവസം നെടുമങ്ങാട്ടെ വീട്ടിലെത്തിയിരുന്നു. സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും കേസിൽ ഉൾപ്പെടുത്തരുതെന്നും ഇയാൾ പറഞ്ഞത് സംശയം ഉണർത്തുന്നുവെന്നും സിദ്ധാർഥിന്റെ അമ്മ ഷീബ പറയുന്നു. 

സിദ്ധാർഥനെ മൂന്നു ദിവസം പൂട്ടിയിട്ട് മർദിച്ചപ്പോഴും അവന്റെ അമ്മ വിളിക്കുമ്പോഴുമെല്ലാം ഫോൺ നിയന്ത്രിച്ചത് അടുത്ത കൂട്ടുകാരനായിരുന്നുവെന്ന് ജയപ്രകാശ് പറ‍ഞ്ഞു. കഴിഞ്ഞ മാസം 18ന് സിദ്ധാർഥന്റെ ഫോണിൽ ഷീബ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്തില്ല. തുടർന്ന്, കൂട്ടുകാരന്റെ മൊബൈലിൽ വിളിച്ചപ്പോൾ ആശുപത്രിയിലാണെന്നും വേറെ കുഴപ്പമില്ലെന്നുമായിരുന്നു മറുപടി. ഇതിന് ഏതാനും മണിക്കൂർ മുൻപ് സിദ്ധാർഥന്റെ മരണം സംഭവിച്ചിരുന്നു.

∙ എന്റെ മക്കളെ പോലെ കണ്ടതല്ലേ..?  

‘സിദ്ധാർഥന്റെ 12 കൂട്ടുകാർ ഡിസംബറിൽ വീട്ടിലെത്തിയിരുന്നു. ഒരു പകലും രാത്രിയും അവർ വീട്ടിലുണ്ടായിരുന്നു. ഞാനാണ് അവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്തത്. അന്നു വീട്ടിലെത്തിയവരിൽ 4 പേർ എന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. ഇതിലൊരാൾ ഇപ്പോഴും പുറത്താണ്. എന്തിനാണ് അവർ എന്റെ മകനെ കൊലപ്പെടുത്തിയത്?  ഒരു നേരമെങ്കിലും ഞാനവർക്ക് ഭക്ഷണം വിളമ്പിയതല്ലേ? എന്റെ മക്കളെ പോലെയല്ലേ ഞാനവരെ കണ്ടത്....’– നിറകണ്ണുകളോടെ സിദ്ധാർഥന്റെ അമ്മ എം.ആർ. ഷീബ ചോദിക്കുന്നു.  ജനുവരി 24ന് ആയിരുന്നു സിദ്ധാർഥൻ അവസാനമായി വീട്ടിൽ വന്നത്. പതിവു പോലെ കോഴിക്കോട് നിന്ന് ഹൽവയും വാങ്ങി. 26ന് വൈകിട്ട് മടങ്ങി.  

സിദ്ധാർഥൻ മരിച്ച് 16–ാം ദിനമായിരുന്നു ഇന്നലെ. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ സിദ്ധാർഥന്റെ ഇളയ സഹോദരൻ പവൻ പ്രകാശും അച്ഛൻ ടി.ജയപ്രകാശും എത്തി. ‘7 ദിവസം ബലിയിടാൻ കഴിഞ്ഞില്ല. അതെല്ലാം ഇന്നലെ ചെയ്തു.’–ജയപ്രകാശിന്റെ വാക്കുകൾ മുറിഞ്ഞു. 

Tags:
  • Spotlight