Monday 08 April 2024 12:46 PM IST

‘എന്നെ തൊട്ടുപറ്റി കിടന്ന കുഞ്ഞിനെയാണ് അവർ കൊന്നുകളഞ്ഞത്’: ഇപ്പോഴും കേൾക്കാം എന്റെ കുഞ്ഞിന്റെ നിലവിളി: തോരാതെ കണ്ണീർ

V R Jyothish

Chief Sub Editor

sidharthan-family

ഞങ്ങൾക്കു രണ്ട് ആൺമക്കളാണ്. സിദ്ധാർഥനും പവൻപ്രകാശും. പവൻ ഇപ്പോൾ പത്താംക്ലാസ്സിൽ പഠിക്കുന്നു. സിദ്ധാർഥന്റെ സങ്കടവാർത്ത കേരളത്തിലെ എല്ലാ അമ്മമാരും ഇതിനകം അറിഞ്ഞിട്ടുണ്ടാവുമല്ലോ?’’ തിരുവനന്തപുരം നെടുമങ്ങാട് കുറക്കോടെ സിദ്ധാർഥന്റെ വീട്ടിലെ നിശബ്ദതയിൽ പോലും കേൾക്കാം സങ്കടത്തിന്റെ നിലവിളികൾ. ഒരു വിലാപം പോ ലെ അമ്മ, മകനെ കുറിച്ചു പറഞ്ഞുതുടങ്ങി.

‘‘അവനെ അവരെല്ലാവരും കൂടി അടിച്ചുകൊന്നു കെട്ടിത്തൂക്കി. എന്നിട്ടു പറയുന്നു; എന്റെ മകൻ ആത്മഹത്യ ചെയ്തതാണെന്ന്. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. അതു ഞങ്ങൾക്ക് ഉറപ്പാണ്.

മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ സി.പി. നായർ സാറാണു സിദ്ധാർഥന് ആദ്യാക്ഷരം കുറിച്ചത്. പഠിച്ച് മിടുക്കനാകണമെന്നു പറഞ്ഞ് അദ്ദേഹം അവനെ അനുഗ്രഹിച്ചു. നഴ്സറി ക്ലാസ് മുതൽ സാറിന്റെ അനുഗ്രഹം അവന് ഉണ്ടായിരുന്നു. പത്തിലും പ്ലസ്ടുവിലും മികച്ച മാർക്ക് നേടി. ‘പഠിക്ക് മോനെ’ എന്ന് ഒരിക്കൽ പോലും എനിക്കുപറയേണ്ടി വന്നിട്ടില്ല.

പാട്ടു പാടാൻ കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. അതിലും താൽപര്യം വയലിൻ ആയിരുന്നു. തിരുവനന്തപുരത്ത് പ്രഫ.ഓമനക്കുട്ടി ടീച്ചറുെട സ്ഥാപനത്തിലായിരുന്നു പഠിച്ചത്. കുറച്ചു നാൾ വായ്പ്പാട്ടു പഠിച്ചിട്ടു വയലിനിലേക്ക് കടക്കാം എന്നു ടീച്ചറാണ് പറഞ്ഞത്. ടീച്ചർക്കും അവനെ ഇഷ്ടമായിരുന്നു. അതൊക്കെ കണ്ടപ്പോൾ അമ്മയായ എനിക്ക് അഭിമാനം തോന്നി. അവനിൽ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, മൂന്നുദിവസം കൊണ്ട് അവർ എല്ലാം അവസാനിപ്പിച്ചു. വയനാട്ടിൽ പോയപ്പോൾ വയലിനും അവൻ കൊണ്ടുപോയിരുന്നു. എന്റെ മോന്റെ ശരീരം നുറുക്കിയതു പോെല ആ വയലിനും അവർ നുറുക്കിക്കളഞ്ഞിട്ടുണ്ടാകണം.

ഞങ്ങളുടെ പ്രതീക്ഷ

മരുഭൂമിയിൽ കഴിഞ്ഞ 15 വർഷമായി അച്ഛൻ ജയപ്രകാശ് ഒഴുക്കുന്ന വിയർപ്പിന്റെ വില അവനു നന്നായി അറിയാമായിരുന്നു. എൻട്രൻസ് പരീക്ഷ ഒന്നുകൂടി എഴുതാം അ പ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ഏതെങ്കിലും കോഴ്സിനു ചേരാം എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടാണു പറഞ്ഞത് ‘അമ്മാ... എനിക്ക് ഈ കോഴ്സ് പഠിച്ചാൽ മതി.’ അവനു മൃഗങ്ങളെ വലിയ ഇഷ്ടമായിരുന്നു, മനുഷ്യരെയും. പക്ഷേ, ഇതു രണ്ടുമല്ലാത്തൊരു വർഗം കൂടി ഭൂമിയിലുണ്ടെന്ന് എന്റെ ചക്കര അറിഞ്ഞില്ല.

പൂക്കോട് വെറ്ററിനറി സർവകാലശാലയിൽ ചേർന്നപ്പോൾ ഞങ്ങൾക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു.ഞങ്ങൾ മൂന്നു സഹോദരങ്ങളാണ്. എന്റെ സഹോദരൻ ഷിബു. സഹോദരി ഷീജ. കുടുംബമായി മൂന്നിടത്താണ് താമസമെങ്കിലും സിദ്ധാർഥനില്ലാതെ ഒരാഘോഷവും ഞ ങ്ങൾ വീടുകളിൽ നടത്താറില്ല. വീട്ടിലെല്ലാവരും ചക്കരേ എന്നാണു മോനെ വിളിക്കാറ്. ഒരു സ്പെഷൽ കറി ഉണ്ടാക്കുന്നതു പോലും മോൻ വരുന്ന ദിവസം നോക്കിയായിരുന്നു. വയനാട് പഠിക്കാൻ പോയിട്ടും അവധി കിട്ടുമ്പോഴെല്ലാം അവൻ വീട്ടിലേക്ക് ഒാടിവരും.

മോന് വയനാട് വലിയ ഇഷ്ടമായിരുന്നു. അവിടുത്തെ തണുപ്പും കാലാവസ്ഥയും പ്രകൃതിഭംഗിയുമെല്ലാം അവന്റെ വാക്കുകളിലൂടെ ഞങ്ങൾ കണ്ടു. ജോലി കിട്ടി കഴിയുമ്പോൾ നെടുമങ്ങാട്ടു നിന്നു വയനാട്ടിലേക്കു താമസം മാറ്റാം എന്നു വരെ പറയുമായിരുന്നു. പക്ഷേ, വയനാട്ടിലെ മ ഞ്ഞിനെ സ്നേഹിച്ച എന്റെ മോനെ കാത്തിരുന്നത് മരണത്തിന്റെ തണുപ്പായി പോയല്ലോ ഈശ്വരാ...

സിദ്ധാർഥന്റെ അച്ഛൻ നിർമാണ തൊഴിലാളിയാണ്. നാട്ടിലായിരുന്നപ്പോൾ ഹാബിറ്റാറ്റിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം ഗൾഫിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. മക്ക ൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ആഗ്രഹം കൊണ്ടാണ് അദ്ദേഹം ഗൾഫിൽ പോയത്.

ഞങ്ങൾക്കു മകനെ നഷ്ടപ്പെട്ടു. എന്നിട്ടോ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആ സങ്കടത്തേക്കാൾ വലിയ യുദ്ധം വേണ്ടി വന്നു. എന്തൊക്കെ ഇനി നേരിടേണ്ടി വരുമെന്നു അറിയില്ല. എങ്കിലും ഒറ്റ ശ്വാസം ബാക്കി നിൽക്കുവോളം നീതിക്കുവേണ്ടി പോരാടും. അതു കിട്ടിയില്ലെങ്കിൽ ഞങ്ങളുടെ കുഞ്ഞിനു കിട്ടാത്ത ജീവിതം വേണ്ടെന്നു ‍ഞങ്ങളും തീരുമാനിക്കും. ഇതു വെറും വാക്കായി ആരും കരുതേണ്ട. ഒരമ്മയുടെ ശപഥമാണ്.

ചിരിച്ചുകൊണ്ടല്ലാതെ അവൻ ആരോടും സംസാരിക്കാറില്ല. ഒരാൾ അവനെ ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ, മറക്കില്ല. കാരണം അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അവൻ അവരുടെ പ്രിയപ്പെട്ടവനായി മാറും.

കോളജിൽ ആദ്യവർഷം ക്ലാസ് പ്രതിനിധിയായിരുന്നു. അത്രയ്ക്കും ഉത്സാഹിയായതുകൊണ്ടാണ് അവനെ ക്ലാസ് പ്രതിനിധിയാക്കിയത്. രണ്ടാം വർഷം പ്രതിനിധിയാക്കിയില്ലേ എന്നു ചോദിച്ചപ്പോൾ ‘അതു രാഷ്ട്രീയ നിയമനമാണമ്മാ... നമുക്ക് പറ്റിയതല്ല’ എന്നായിരുന്നു മറുപടി.

ൈബക്ക് ഓടിക്കാനും ഇഷ്ടമായിരുന്നു. കൂട്ടുകാരുടെ ബൈക്ക് വാങ്ങി ഒാടിക്കും. പക്ഷേ, സ്വന്തമായി ബൈക്കില്ല. സൈക്കിളിലാണ് നാട്ടിലെ സഞ്ചാരം.

ഒരു ദിവസം മോൻ പറഞ്ഞു. ‘അമ്മാ... നമുക്കൊരു ആനയെ വാങ്ങിക്കണം. ആനക്കുട്ടി ആയാലും മതി.’ അവൻ ത മാശ പറയുന്നതാണ് എന്നാണു ഞാൻ കരുതിയത്. പിന്നീടാണ് ആനകളോട് അത്രയും ഇഷ്ടമുണ്ടെന്ന് അറിയുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള കുറക്കോട് പഞ്ചമി ഭദ്രകാളി ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയുമായി അവൻ പെട്ടെന്നു കൂട്ടായി. പാപ്പാന്മാർ ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്നീട് ആനയെ തിരിച്ചുകൊണ്ടുപോകുന്നതുവരെ അവനായിരുന്നു ആനയുടെ പരിചരണമെല്ലാം ചെയ്തിരുന്നത്. അതിനുശേഷമാണ് ഇങ്ങനെയൊരു ആഗ്രഹവുമായി വന്നത്. വയസ്സ് ഇരുപത് ആയെങ്കിലും എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടിത്തം ഉ ണ്ടായിരുന്നു അവന്.

ഞങ്ങൾ അമ്മയും മക്കളും ഒരു കട്ടിലിൽ തന്നെയാണു കിടക്കുന്നത്. ഭർത്താവ് ഗൾഫിലായിരുന്നതുകൊണ്ടു മക്കൾ കുഞ്ഞായിരുന്നപ്പോഴേ അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. സിദ്ധുവിന് ഇരുപതു വയസ്സ് കഴിഞ്ഞെങ്കിലും എന്റെ അടുത്തെത്തിയാൽ അവൻ പത്താംക്ലാസ്സുകാരനായ അനുജനേക്കാൾ കുഞ്ഞാകും. എന്നെ തൊട്ടുപറ്റി കിടന്ന കുഞ്ഞിനെയാണ് അവർ കൊന്നുകളഞ്ഞത്. മോന്റെ മുഖം ആദ്യം കണ്ട നിമിഷം മുതൽ എല്ലാം ഇപ്പോഴും ഒന്നുവിടാതെ ഓർമയിൽ ജീവനോടുണ്ട്.

sidharthan-family

ഞങ്ങളുടെ ഒന്നാം വിവാഹ വാർഷിക ദിവസമാണ് അ വനെ പ്രസവിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടാംതീയതി അവന് ഇരുപതു വയസ്സ് തികഞ്ഞു.

‘അമ്മാ... എനിക്കിപ്പോൾ ഒരു ദിവസം 24 മണിക്കൂർ പോരെന്നു തോന്നുന്നു. ഒന്നിനും സമയം തികയുന്നില്ല.’ ഇതായിരുന്നു ഈ അടുത്തകാലത്ത് അവന്റെ പരാതി.

ഒരു പ്രാവശ്യമേ അവന്റെ ക്യംപസിൽ ഞങ്ങൾ പോയിട്ടുള്ളൂ. എങ്കിലും അവിടുത്തെ മുക്കും മൂലയും വരെ ഞ ങ്ങൾക്കു പരിചിതമാണ്. കോളജിനെക്കുറിച്ച് സിദ്ധു അത്രയ്ക്കും ഞങ്ങളോടു സംസാരിച്ചിട്ടുണ്ട്. അവിടുത്തെ കൃഷിയിടം, ആശുപത്രി, എന്തിന് അവിടെയുള്ള മൃഗങ്ങളെപ്പോലും ഞങ്ങൾക്ക് പരിചയമുണ്ട്.

മൂന്നു ദിവസം എന്തു സംഭവിച്ചു?

എന്റെ കുടുംബവീട് നെയ്യാറ്റിൻകര തൊഴുക്കൽ ഭദ്രകാളിക്ഷേത്രത്തിനു തൊട്ടടുത്താണ്. ഞങ്ങളിപ്പോൾ താമസിക്കുന്നത് നെടുമങ്ങാട് കുറക്കോട് എന്ന സ്ഥലത്തും. തൊഴുക്കൽ അമ്പലത്തിലെ ഉത്സവത്തിനു ഒരു ദിവസം അവധിയെടുത്താണെങ്കിലും വരാൻ ഞാൻ അവനോടു പറഞ്ഞു. അങ്ങനെയാണ് അവൻ ഫെബ്രുവരി 15–ാം തീയതി തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയിൽ കോഴിക്കോട്ടു നിന്നു കയറാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാൽ താമരശേരി ചുരത്തിൽ എന്തോ തടസ്സമുണ്ടായ കാരണം സമയത്ത് കോഴിക്കോട് എത്താൻ കഴിഞ്ഞില്ല. പിന്നീട് വൈകുന്നേരം ആറുമണിക്കുള്ള വണ്ടിക്കാണു കയറിയത്. പുലർച്ചെ തിരുവനന്തപുരത്ത് എത്തും എന്നാണു പറഞ്ഞത്. ‘ജനറൽ കംപാർട്മെന്റ് ആണെങ്കിലും സീറ്റ് കിട്ടി, കുഴപ്പമില്ല’ എന്നൊക്കെ എന്നോടു പറഞ്ഞു. പുലർച്ചെ തിരുവനന്തപുരത്ത് എത്തും എന്ന ധാരണയിലാണ് അതിരാവിലെ അവനെ വിളിച്ചത്.

അപ്പോഴാണ് അവൻ പറയുന്നത് അത്യാവശ്യമായി കോളജിലേക്കു തിരിച്ചുപോകേണ്ടി വന്നു എന്ന്. കോഴിക്കോട്ടു നിന്ന് എറണാകുളത്ത് എത്തിയതിനുശേഷമാണു കൂട്ടുകാർ തിരിച്ചു കോളജിലേക്കു വരാൻ വിളിക്കുന്നത്. അസൈൻമെന്റുമായി ബന്ധപ്പെട്ട് പേപ്പർ കൊടുക്കാനുണ്ട്, അത് അത്യാവശ്യമാണ് എന്നാണ് അവൻ എന്നോടു പറഞ്ഞത്. അവനെ തിരിച്ചു കോളജിലേക്ക് വിളിപ്പിച്ചതൊക്കെ ഗൂഢാലോചനയായിരുന്നു എന്ന് ഇപ്പോൾ എനിക്കു മനസ്സിലാകുന്നു.

പതിനാറാം തീയതി കോളജിൽ എത്തിയോ എന്നറിയാൻ ഞാൻ അവനെ പല തവണ വിളിച്ചു. പക്ഷേ, അവൻ ഫോണെടുത്തില്ല. എനിക്ക് എന്തോ പന്തികേടു തോന്നി. തിരിച്ചുവിളിക്കണം എന്നു പറഞ്ഞു ഞാൻ അവന് മെസേജ് അയച്ചു. കുറച്ചുകഴിഞ്ഞപ്പോൾ അവൻ വിളിച്ചു. ക്ഷീണം കൊണ്ടു കിടക്കുകയാണ്. പിന്നീടു വിളിക്കാം എന്നു പറ‍ഞ്ഞു. ഉത്സവത്തിനു വരാൻ പറ്റാത്ത വിഷമം കൊണ്ടാകും എന്നാണു ആദ്യം കരുതിയത്. പിന്നീടു മനസ്സിലായി അതല്ല. എനിക്കെന്തോ ഉള്ളിലൊരു ഭയം. ശരീരമാകെ ഒരു വേദന. നെഞ്ചിനുള്ളിൽ കൊളുത്തി വലിക്കുന്ന വേദന. തൊട്ടടുത്ത ദിവസം പതിനെട്ടാം തീയതി ആ വാർത്തയാണു ഞാൻ അറിയുന്നത്. 20ന് എന്റെ ചക്കരയുടെ ശരീരം പൊതിഞ്ഞുകെട്ടി എന്റെ മുന്നിൽ കൊണ്ടുവന്നു.

sidharthan-3

വെള്ളം കൊടുക്കാമായിരുന്നില്ലേ ?

ഞങ്ങൾക്ക് നീതി വേണം. ഈ അന്വേഷണത്തിൽ തൃപ്തരല്ല. ഞങ്ങളുടെ മകൻ ആത്മഹത്യ ചെയ്തതല്ല. ജീവിതത്തിൽ എന്താകണമെന്ന് അവന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഈ േകസിലെ പ്രതികളെ രഹസ്യമായി രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും എന്ന് ഉറപ്പുണ്ട്.എങ്കിലും ദൈവത്തിന്റെ കോടതിയിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാകില്ല. അതും ഞങ്ങൾക്ക് ഉറപ്പാണ്.

കേന്ദ്ര ഏജൻസി വരണം എന്നു തന്നെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഹോസ്റ്റലിലെ കുളിമുറിയിൽ അവനെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയിട്ട് അധികൃതർ അറിഞ്ഞതു ദിവസങ്ങൾ കഴിഞ്ഞാണു പോലും. ഇതിൽ നിന്നു തന്നെ വ്യക്തമല്ലേ കുറ്റവാളികളെ രക്ഷിക്കാൻ പൊലീസും കോളജ് അധികൃതരും ഒത്തുകളിക്കുന്നുണ്ടെന്ന്.

‘അമ്മാ... ഞാൻ കിടക്കുകയാണ് നല്ല ക്ഷീണമുണ്ട്. പിന്നെ വിളിക്കാം...’ അവൻ എന്നോട് അവസാനമായി പറഞ്ഞ വാക്കുകൾ. എത്ര തിരക്കുണ്ടെങ്കിലും എന്നോട് അര മണിക്കൂറെങ്കിലും സംസാരിക്കുന്ന കുഞ്ഞാണ്.

സംസാരിക്കാനാകാത്ത വിധം അവനെ അവർ മർദിച്ച് അവശനാക്കിയിരുന്നു. വിളിക്കുമ്പോഴൊക്കെ അമ്മാ ഞാ ൻ കിടക്കുകയാണ് എന്നു പറയുന്നു. മൂന്നു ദിവസം ആഹാരം പോലും കൊടുക്കാതെ മർദിച്ചു. വെള്ളം പോലും കൊടുക്കാതെ കൊന്നു കെട്ടിത്തൂക്കി. ദൈവമേ, അവർ എന്തിനാണ് ഇത്രയും ക്രൂരത കുഞ്ഞിനോടു ചെയ്തത്.

നൂറിലേറെ കുട്ടികളുടെ മുന്നിലിട്ട് അവനെ പരസ്യവിചാരണ ചെയ്തു. അക്കൂട്ടത്തിൽ അവന്റെ കൂട്ടുകാരും സീനിയർ വിദ്യാർഥികളും ഉണ്ടായിരുന്നു. ഇലക്ട്രിക് വയർ കൊണ്ടു കഴുത്തിൽ കുരുക്കിട്ടായിരുന്നു മർദനം. അവനെ അവർ നിലത്തിട്ടു ചവിട്ടി. ബെൽറ്റു കൊണ്ട് അടിച്ചു. ശരീരമാകെ ചതച്ചു.

അവിടെയുണ്ടായിരുന്ന പല കുട്ടികൾക്കും സത്യമറിയാം. ആരെയൊക്കെയോ പേടിച്ച് അവർ ഒന്നും പറയുന്നില്ല. വന്നവരും പോയവരുമൊക്കെ എന്റെ കുഞ്ഞിനെ തല്ലിയില്ലേ? പുലർച്ചെ രണ്ടു മണിവരെ അവനെ മർദിച്ചു എന്നാണു പറയുന്നത്. എന്റെ കുഞ്ഞ് എങ്ങനെ സഹിച്ചിട്ടുണ്ടാകും അത്. പലരും ഇപ്പോഴും പ്രതിപ്പട്ടികയ്ക്കു പുറത്താണെന്നു കേൾക്കുന്നു.

എന്റെ മകനെ തല്ലിയ മക്കൾ എന്നെങ്കിലും അവരുടെ വീട്ടിൽ ചെല്ലുമ്പോൾ സ്വന്തം അമ്മയോടു ചോദിക്കണം. അപ്പോൾ അവർ പറഞ്ഞുതരും; ഞാൻ അനുഭവിക്കുന്ന വേദന.

അവന്റെ ശരീരത്തിൽ ഉണ്ടായ ഓരോ മുറിവും മാരകമായിരുന്നു. കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണ് അത്. പ്രതികൾക്ക് പാർട്ടി ബന്ധം ഇല്ലെന്നു പറയുന്നു. ഒരു ഉന്നത നേതാവ് മജിസ്ട്രേട്ടിന്റെ വീട്ടിൽ പോയതായും അയാളെ അവിടെ നിന്ന് ഇറക്കിവിട്ടതായും പറയുന്നു. ഇതൊക്കെ എന്തിനാണെന്നു കൂടി പറയണം.

എങ്കിലും ഞങ്ങൾക്കു നീതിപീഠത്തിൽ വിശ്വാസമുണ്ട്. എന്റെ മകനെ മോശക്കാരനാക്കാനും വ്യക്തിത്വഹത്യ ചെയ്യാനും ചിലർ കഠിനമായി പരിശ്രമിക്കുന്നതായി അറിഞ്ഞു. അവർ പിറന്ന ഗർഭപാത്രങ്ങൾ വിശുദ്ധമായിരിക്കട്ടെ. അവരുടെ കുഞ്ഞുങ്ങളെ ദൈവം രക്ഷിക്കട്ടെ. എന്റെ മകൻ ഇപ്പോഴും കരഞ്ഞുനിലവിളിക്കുന്നത് കേരളത്തിലെ അമ്മമാർ കേൾക്കുന്നുണ്ടാകും എന്നു ഞാൻ കരുതുന്നു.

വി. ആർ. ജ്യോതിഷ്

വര: അരുൺ ഗോപി

ഫോട്ടോ: അരുൺ സോൾ