Thursday 10 April 2025 09:29 AM IST : By സ്വന്തം ലേഖകൻ

പൂച്ചക്കുട്ടിയെ രക്ഷിക്കാനോടി, ‘ഓടല്ലേടാ’ എന്നു വിളിച്ചുപറഞ്ഞെങ്കിലും...; സിജോ കടുത്ത മൃഗസ്നേഹി, ജീവനെടുത്തതും ആ മൃഗസ്നേഹം!

sijo-chittilappilly

തൃശൂർ മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച സിജോ കടുത്ത മൃഗസ്നേഹി. സിജോ മുൻപും നിരവധി മൃഗങ്ങളെ രക്ഷിച്ചിരുന്നെന്നും ഇത്തരത്തിൽ രക്ഷിച്ച നായ്ക്കളെ അടക്കം വീട്ടിൽ കൊണ്ടുവന്ന് സംരക്ഷിച്ചിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. 

കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (44) ഇന്നലെ രാത്രി ഒൻപതരയോടെയാണ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറിയിടിച്ച് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടുകയായിരുന്നു. എന്നാൽ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിച്ചു.

മാതാപിതാക്കളുടെ മരണശേഷം കാളത്തോടുള്ള വീട്ടിൽ ഏറെക്കുറെ ഒറ്റയ്ക്കാണ് സിജോ കഴിഞ്ഞിരുന്നത്. സിജോ രക്ഷപ്പെടുത്തിയ വളർത്തുനായ്ക്കൾ വീട്ടിൽ ഉണ്ടായിരുന്നു. തൃശൂർ ശക്തൻ മാർക്കറ്റിലെ കടയിൽ ജീവനക്കാരനായിരുന്നു സിജോ. സിജോയുടെ ദാരുണാന്ത്യം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം അകലെ തൃശൂർ – മണ്ണുത്തി റോഡിലെ ജംക്‌ഷനിൽ വച്ചാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്.

പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. രണ്ടു പൂച്ചകളാണ് ഈ സമയത്ത് റോഡിലുണ്ടായിരുന്നത്. സിജോ ചെന്നപ്പോഴേക്കും ഒരു പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. അതിനിടെ അതിവേഗത്തില്‍ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

അപകടത്തിനു പിന്നാലെ സിജോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയോടെ സിജോയുടെ മൃതദേഹം വീട്ടിലെത്തിച്ചു. വൈകീട്ടോടെ പറവട്ടാനി പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.

Tags:
  • Spotlight