Wednesday 20 March 2024 12:12 PM IST

‘സ്ത്രീകൾക്കു തുല്യത കിട്ടുന്നതു വരെ കാത്തിരിക്കാൻ വയ്യ’: കരിയറിൽ കോംപ്രമൈസില്ല: ടെക്നോളജിയുടെ ചിറകിലേറി സിന്ധു ഗംഗാധരൻ

Shyama

Sub Editor

sindhu-story-sap

എസ്‌എ‌പി‌ ഇന്ത്യ എന്ന സോഫ്റ്റ്‌വെയർ സാമ്രാജ്യത്തിന്റെ തലപ്പത്തെ ആദ്യ വനിത, സിന്ധു ഗംഗാധരൻ സഞ്ചരിച്ചെത്തിയ വഴികൾ  

ടെക്നോളജിയിൽ ഇന്നു കാണുന്ന വളർച്ചയിലേക്കു രാജ്യം ചുവടുവച്ചു തുടങ്ങുന്ന സമയം. ടെക്നോളജിയാണു തനിക്കു പഠിക്കേണ്ടതെന്നും അതാണു തന്റെ വഴിയെന്നും ഒരു പെൺകുട്ടിയന്നു തീരുമാനിക്കുന്നു. ബെംഗളൂരുവി ൽ നിന്നു യാത്രയായരംഭിച്ച സിന്ധു പിന്നീട് ജർമനിയിലേക്കു ചേക്കേറി. ടെക് ജയന്റ്സിനൊപ്പം ആ മലയാളി വനിത പുത്തൻ മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ചു.

‘‘എസ്എ‌പി ലാബ്സ് ഇന്ത്യ ചെറിയ സ്ഥാപനമായിരുന്ന സമയത്താണു ജോലിയിൽ ചേരുന്നത്. പിന്നീടു ജർമനിയിലെ എസ്എപിയുടെ ആസ്ഥാനത്തു പല റോളുകളിൽ ജോലി ചെയ്തു. 18 വർഷത്തിനു ശേഷം എവിടെ നിന്നു തുടങ്ങിയോ അവിടേക്കു തിരികെ വന്നതിന്റെ സന്തോഷമുണ്ട്. 15000 ആളുകളുള്ള ഇടമാണ് ഇന്ന് എസ്എപി.

ഈ കമ്പനിയുടെ പ്രധാന പ്രത്യേകത ഇവിടെ നിങ്ങൾ എന്തു ചെയ്യുന്നു എന്നതു മാത്രമാണ് അളവുകോൽ. അല്ലാതെ ജെൻഡർ അല്ല. അങ്ങനെയുള്ളൊരിടത്തു വളരാൻ കഴിഞ്ഞതു അഭിമാനകരമാണ്.’’ എസ്എപി സീനിയർ വൈസ്‌പ്രസിഡന്റും എംഡിയും എസ്എപി യൂസർ എനേബിൾമെന്റിന്റെ സാരഥിയുമായ സിന്ധു വാചാലയാകുന്നു.

നാസ്കോം(നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ & സർവീസ് കമ്പനീസ്) വൈസ് ചെയർപേഴ്സണെന്ന നിലയ്ക്കു രാജ്യത്തിന്റെ ഡിജിറ്റൽ ഉന്നമനത്തിനാവശ്യമായ മാറ്റങ്ങൾ എന്തൊക്കെയാണ് ?

ഡിജിറ്റൽ സാമ്പത്തികരംഗത്ത്

ഇന്ത്യയ്ക്കു രണ്ടാം സ്ഥാനമാണ്. സ്റ്റെം ടാലന്റിന്റെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ ഡിഗ്രി കരസ്ഥമാക്കുന്ന ഇടം കൂടിയാണിവിടം. സ്റ്റാർട്ടപ് രംഗത്തു ലോകത്തിൽ മൂന്നാം സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ ടെക് – നവീകരണത്തിൽ അസാധാരണ നേട്ടങ്ങൾ നമ്മൾ കൊയ്യുന്നു. ഇവിടെ സംരംഭകത്വ മനോഭാവവും അതിവിപുലമായ കഴിവുകളും ഉള്ളവരുമുണ്ട്. ഇന്ത്യയെ ‘ഡിജിറ്റൽ ഡ്രിവൺ നേഷൻ’ എ ന്നു തന്നെ വിശേഷിപ്പിക്കാം. 67 ശതമാനം ക്രയവിക്രയങ്ങളും ഡിജിറ്റലാണ്. ലോകത്തിന്റെ ആകെ ഡിജിറ്റൽ ആവശ്യങ്ങളെ നിറവേറ്റാനുള്ള പ്രാപ്തി ഇന്നു നമുക്കുണ്ട്.

ഇനിയും ശക്തിപ്പെടുത്തേണ്ട മേഖലകൾ ഏതൊക്കെയെന്നു ചോദിച്ചാൽ പഠനരംഗത്തു തുടക്കത്തിലുണ്ടാകേണ്ട ഇടപെടലുകൾ എന്നു തന്നെ പറയാം. കോർപ്പറേറ്റ്സും സർക്കാരും പഠനസംവിധാനങ്ങളും ചേർന്നു നമുക്കുള്ള കഴിവുകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കേണ്ടതുണ്ട്. യുവജനത പഠിച്ചിറങ്ങി ഉത്തരവാദിത്തപ്പെട്ട നിലയിലെത്തുമ്പോ ൾ അവർ പരീക്ഷണങ്ങൾ നടത്താനും മാറ്റം കൊണ്ടുവരാനും പൂർണമായും തയാറായിരിക്കും.

മികവുള്ളവർക്കു നാട്ടിൽ തുടരാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതില്ലേ?

വിദേശത്തേക്കു പോകുന്നവരെ തിരികെ കൊണ്ടുവരുന്നതിനേക്കാളും ഇന്ത്യയിൽ തുടങ്ങുന്ന പലതരം സംരംഭങ്ങളെ കുറിച്ചാണ് എനിക്കു പറയാനുള്ളത്. അതുപോലെ പല രാജ്യങ്ങളിൽ പോയി ജോലി ചെയ്ത് അത്രയേറെ അനുഭവസമ്പത്തുമായി മടങ്ങി വരുന്ന ആളുകളുമുണ്ട്. മറ്റു നാടുകളുടെ വ്യത്യസ്തതകൾ മനസ്സിലാക്കി, അ വരുടെ ശക്തി സ്രോതസുകൾ മനസ്സിലാക്കി, അവരുമായി ചേർന്നു പ്രവർത്തിച്ചു നേടിയ അനുഭവജ്ഞാനം നാടിന്റെ ഉയർച്ചയ്ക്കു സഹായകമാണ്. ഇതു കൂടാതെ വിപണന സാധ്യതകളും ഇവിടെ ഏറിവരുന്നു. വിദേശത്തു പോയി മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നു നേരിൽ കണ്ടു പഠിച്ചു തിരികെ വരുന്നതും നാടിനു ഗുണമാണ്.

ടെക് മേഖലയില്‍ സ്ത്രീകൾ നന്നേ കുറവായിരുന്ന സമയത്ത് അതിലേക്കു കടക്കാനുള്ള തീരുമാനം എങ്ങനെയായിരുന്നു?

തൊണ്ണൂറുകളുടെ അവസാനത്തിലാണു ടെക് മേഖലയിലേക്ക് എത്തുന്നത്. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. അന്ന് ബെംഗളൂരു ടെക് കേന്ദ്രമായി വളരാനുള്ള തയാറെടുപ്പിലാണ്. ടെക്നോളജി ഇഷ്ടപ്പെട്ടത് നൈസർഗികമായൊരു തീരുമാനമായിരുന്നു. ‌എനിക്കു രണ്ടു ചേട്ടന്മാരാണ്. അവരോടു പറയും പോലെ തന്നെ ‘നിനക്ക് എന്തു വേണമെന്നു തോന്നുന്നോ, എന്താണോ നിന്നെ അതിശയിപ്പിക്കുന്നത്, അതു ചെയ്യൂ’ എന്നു പറഞ്ഞാണ് അച്ഛനുമമ്മയും വളർത്തിയത്.

സ്റ്റീവ് ജോബ്സ് എന്ന ടെക്‌ ജയന്റ് അന്നു ലോകത്തെ ത്രസിപ്പിച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്നു. എന്റെ വഴി ഇ താണെന്നു പൂർണമായി തിരിച്ചറിയും മുൻപേ ടെക്നോളജിക്കു ലോകത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞു.

എസ്എപിയുടെ ‘ഗേൾ ഹു കോഡ്സ്’, ‘ഗേൾ പവർ ടെക്’ ‘വിമൻ ഇൻ ടെക്’ പോലുള്ള സ്ത്രീ ഉന്നമന പദ്ധതികളെ കുറിച്ചു പറയാമോ?

ഫോബ്സ് സർവേ പ്രകാരം, 132 വർഷം കൂടി കഴിഞ്ഞാലേ സ്ത്രീകളെ എല്ലാ തരത്തിലും സമൂഹം തുല്യതയോടെ കാണൂ. എനിക്കും പെൺമക്കളാണുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകൾക്കു തുല്യത കിട്ടാൻ ഇനിയും 132 വ ർഷം കാത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്. നമ്മൾ ഓരോരുത്തരും കഴിയുംവിധം നമ്മുടെ വ്യവ്യഹാര ഇടങ്ങളിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കണം. അതാണ് എസ്എപി ചെയ്യുന്നത്.

sindhu-gangadharan

ടെക്നോളജി സ്ത്രീകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണത്. നാട്ടിലെ പല സ്ഥലങ്ങളിലും സർവകലാശാലകളിലും ടെക്നോളജിയോടു താൽപര്യമുള്ള പെൺകുട്ടികളെ കണ്ടെത്തി നേരത്തെ തന്നെ അവരെ മുൻനിരയിലെത്തിക്കാനുള്ള ശ്രമമാണ് ഇതൊക്കെയും.

ടെക്നോളജിയും സുസ്ഥിരവികസനവും തമ്മിൽ ബ ന്ധിപ്പിക്കുന്ന പല പദ്ധതികളും ഞങ്ങൾ ചെയ്തു വരുന്നു. ആളുകളെ പറഞ്ഞു പഠിപ്പിക്കുക മാത്രമല്ല ഞങ്ങൾ സ്വയം മാതൃക കൂടിയായി മാറുന്നുമുണ്ട്. എസ്എപി ലാബ്സ് ഇന്ത്യയുടെ 22 ഏക്കർ ക്യാംപസിൽ 98 ശതമാനം പ്രവർത്തനവും ഗ്രീൻ എനർജി ഉറവിടത്തിൽ നിന്നാണ്.

ഫിറ്റ്നസ് ശ്രദ്ധിക്കുന്ന ആളാണ് സിന്ധു. സ്ത്രീകൾ ഫിറ്റ്നസ് ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിനെ പറ്റി പറയാമോ?

നമ്മൾ അവശരായിരുന്നിട്ട് ആയിരം പേരെ നയിക്കാൻ പ റ്റിയെന്നു വരില്ല. നിങ്ങളിൽ സമയം നിക്ഷേപിക്കുന്നതു സ്വാർഥതയല്ല. നമ്മളെ ആരോഗ്യത്തോടെ വയ്ക്കേണ്ടതു നമ്മുടെ കടമയാണ്.

എത്ര തിരക്കുണ്ടെങ്കിലും 15–20 മിനിറ്റ് വ്യായാമത്തിനു നീക്കി വയ്ക്കാറുണ്ട്. 20 വർഷം മുൻപ് എന്റെ അമ്മായിയമ്മയാണ് എന്നെ യോഗയുടെ വഴിയേ നടത്തിയത്. അന്നു തൊട്ടു യോഗ ഒപ്പമുണ്ട്. ജോഗിങ്ങും ചെയ്യാറുണ്ട്.

ഒരു കണ്ടുപിടുത്തം സാധാരണക്കാരന് എത്തിപ്പിടിക്കാൻ കഴിയുന്നതല്ലെങ്കിൽ അതു പൂർണവും വിപ്ലവകരവുമല്ലെന്നുപറയുന്നതിനോട് എന്താണ് അഭിപ്രായം?

പല മേഖലകളിലും ഡിജിറ്റലൈസേഷൻ ജനാധിപത്യപര‌മാണ്. ഉദാഹരണത്തിന് യുപിഐ പണമിടപാട്. വഴിയിൽ കച്ചവടം ചെയ്യുന്നയാളും കടയിൽ കച്ചവടം ചെയ്യുന്നയാളും ഇപ്പോഴത് അനായാസം ഉപയോഗപ്പെടുത്തുന്നുണ്ട്.

പണ്ടു കർഷകനു കാർഷികവിളകൾ വിൽക്കാൻ ഇടനിലക്കാർ വേണ്ടിയിരുന്നിടത്ത് ഇന്നു ഡിജിറ്റലൈസേഷൻ വന്നതോടെ നേരിട്ട് ആളുകളിലേക്ക് എത്തിച്ചു വരുമാനംനേടാനുള്ള സാധ്യതകളുണ്ട്. ‘ഭാഷിണി’ അത്തരമൊരു പ ദ്ധതിയാണ്. അവരവരുടെ ഭാഷയിൽ ബാങ്കിങ് ഇടപാടുകൾ പോലും ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്ന സംവിധാനം.

എപ്പോഴും ഒരു ഡയറി ഒപ്പം കൂട്ടാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഭാവിയിൽ എഴുത്ത് എന്നൊരു സ്വപ്നമുണ്ടോ?

sindhu-1 സിന്ധു എസ്എപി ബെംഗളൂരുവിലെ ഓഫിസിൽ

ഇപ്പോഴും ചെറിയ ഡയറി കൊണ്ടുനടക്കാറുണ്ട്. ‘എഴുതിയാൽ അത് ഓർമയിൽ പതിയും’ എന്ന് അമ്മ പറഞ്ഞിരുന്നു. അതുകൊണ്ടു കിട്ടുന്നതൊക്കെ കുറിച്ചിടും. ഉറപ്പായും ഭാ‌വിയിൽ ഒരു പുസ്തകം വരാം.

ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെങ്കിലും അ ച്ഛനും അമ്മയും മലയാളികളാണ്. അമ്മ സി.സരസ്വതിയമ്മ തിരുവനന്തപുരത്തുകാരിയും അച്ഛൻ പി.കെ. ഗംഗാധരൻ ആലപ്പുഴക്കാരനുമാണ്. ഭർത്താവ് ബ്രയാൻ പിന്റോ, ഉഡുപ്പി സ്വദേശിയാണ്. എന്റെ യാത്രയിലെ തുല്യ പങ്കാളിയാണ് അദ്ദേഹം.

നമ്മുടെ കരിയർ, പങ്കാളിയെ കൂടി ആശ്രയിച്ചിരിക്കുമെന്നാണു തോന്നുന്നത്. എല്ലാവർക്കും പങ്കാളി വേണം എന്നല്ല. പക്ഷേ, അത്തരത്തിലൊരു തിരഞ്ഞെടുപ്പു നടത്തുന്നെങ്കിൽ ശ്രദ്ധിച്ചു ചെയ്യണം. ആ പങ്കാളിക്കു നമ്മുടെ കരിയർ വളർത്താനും തളർത്താനും കഴിയും. ജോലി മാത്രമല്ല, ജീവിതതാളം തന്നെ സ്വാധീനിക്കപ്പെടും.

ബ്രയാനാണു തുടക്കം മുതൽ ഇന്നു വരെ എന്റെ ഏറ്റവും വലിയ സപ്പോർ‌ട്ടർ. അദ്ദേഹവും ടെക് മേഖലയിലാണ്. മൂത്ത മകൾക്കു നാലു മാസം മാത്രം പ്രായമുള്ളപ്പോൾ എ നിക്കൊരു ലീഡർഷിപ് അവസരം കിട്ടി. അതിനായി ജോ ലിയിൽ തിരികെ കയറണമായിരുന്നു.

അന്നു ബ്രയാൻ മുഴുവൻ സമയ ജോലി വിട്ട് പാർട് ടൈം ജോലി ചെയ്യാൻ തയാറായി. എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകൾ മാത്രം വിട്ടുവീഴ്ച ചെയ്യണം എന്ന് പറയുന്നത്? കുട്ടികളും കുടുംബവും കൂട്ടുത്തരവാദിത്തമാണ്. ഞങ്ങൾക്കു രണ്ടു പെൺകുട്ടികളാണ് – അലീഷ, റിയ. പതിനേഴും പതിന്നാലും വയസ്സ്.

മക്കൾക്കു മുന്നിലെ റോൾമോഡൽ ആകുമ്പോൾ?

ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് പേരന്റിങ് എന്നാണു തോന്നുന്നത്. കുട്ടികൾ സ്പോഞ്ച് പോലെയാണ്. പലതിനും നമ്മളെ അനുകരിക്കും. അതുകൊണ്ടു തന്നെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുക പ്രധാനമാണ്.

കുട്ടികളോട് ഇന്നതു ചെയ്യ്, ചെയ്യരുത് എന്നു പറയാനാകില്ല. പക്ഷേ, നമുക്കു സ്വയം ഉദാഹരിച്ചു കൊണ്ട് അവരുടെ ജീവിതത്തിലുണ്ടാകേണ്ട മൂല്യങ്ങൾ ശക്തിപ്പെടുത്താം. ഇന്ന് എത്തിനിൽക്കുന്ന സ്ഥലത്തു ഞാൻ എത്തിയതു കഠിനാധ്വാനം കൊണ്ടാണ്. അത്തരം പാഠങ്ങൾ അ വരെ സ്പർശിക്കുന്നുണ്ടാകണം.

ജർമനിയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ വരേണ്ട മാറ്റങ്ങൾ?

ഒരു പ്രധാനപ്പെട്ട കാര്യം സ്കൂള്‍ തലം മുതൽക്കുള്ള അഭിരുചി പരിശോധനയാണ്. എല്ലാവരും എല്ലാം പഠിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കണം. ഒരു കുട്ടിക്കു മികവുള്ള തലം കണ്ടെത്തി അതിൽ ശ്രദ്ധയൂന്നി പഠിപ്പിക്കാം.

ടെക്നോളജിയുടെ കാര്യത്തിലാണെങ്കിൽ പ്രായോഗിക തലം കൂടുതൽ പഠിപ്പിക്കണം. ഇവിടെ തിയറിക്കാണ് ഊന്നൽ കൊടുക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ടെക്നോളജിയുടെ കാര്യത്തിൽ മാത്രമല്ല. ഒരു കുട്ടി കടൽ വൃത്തിയാക്കണം എന്നൊരു ആഗ്രഹം പറഞ്ഞാൽ കടലിന്റെ നേരനുഭവങ്ങൾ ലഭിക്കും. ഇതുപോലെ പാഠ്യപദ്ധതി മാറണം.

ജർമനിയിൽ കുട്ടികൾ നേരിട്ടു കണ്ടു കാര്യങ്ങൾ പഠിച്ചെടുക്കുന്നതു കാണാം. നമുക്കു മറ്റുള്ളവരിൽ നിന്നും പഠിക്കാൻ കഴിയണം, മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയണം.

ഏതു പ്രതിസന്ധിയിലും എനിക്കിതു ചെയ്യാൻ സാധിക്കും എന്ന ഇച്ഛാശക്തിയാണ് ഇന്ത്യൻ ജനതയുടെ കൈമുതൽ. അതിനൊപ്പം പുതിയ പാഠങ്ങൾ ചേർത്തു വ ച്ചാൽ മികവിന്റെ പുതിയ തലങ്ങൾ സ്വായത്തമാക്കാം.

റീച്ച് മാത്രം ശ്രദ്ധിച്ചാൽ പോര

ടെക്നോളജി നമ്മളെ സഹായിക്കാനാണ് എന്നു പറയുമ്പോൾ തന്നെ ഉത്തരവാദിത്തത്തോടെ അ തുപയോഗിക്കുക എന്നതും പ്രധാനമാണ്. അതി നു സർക്കാരും കോർപ്പറേറ്റുകളും വിദ്യാഭ്യാസരംഗവുമൊക്കെ ഒന്നിച്ചു പ്രവർത്തിക്കണം. ‘ധാർമിക ഉപയോഗം’ എന്നതാണു പഠിപ്പിക്കേണ്ട പാഠം. ഇന്നു ദിനംപ്രതി ഇഷ്ടം പോലെ കണ്ടന്റ് നിമിഷനേരത്തിൽ നമുക്കു മുന്നിലെത്തുന്നുണ്ട്.

വ്യക്തികളെ അപേക്ഷിച്ച് ഒരു പ്രസ്ഥാനം/സ ർക്കാർ ഒക്കെ കണ്ടന്റ് നൽകുമ്പോൾ ആധികാരികതയാണു മുഖ്യം. ഉത്തരവാദിത്തമുള്ള സംഘടനകൾ കണ്ടന്റ് ചെയ്യുമ്പോൾ അതിന്റെ റീച്ച് മാത്രം ശ്രദ്ധിച്ചാൽ പോര, അവ വസ്തുതാപരമാക്കാനും കരുതലെടുക്കണം.

ശ്യാമ

ഫോട്ടോ: അരുൺ സോൾ