Wednesday 27 October 2021 05:26 PM IST

സ്റ്റീൽ പാത്രത്തിൽ കൊട്ടിത്തുടങ്ങി, 7 വയസിൽ ലണ്ടൻ ട്രിനിറ്റിയിൽ നിന്നും ഡ്രംസിൽ ഗ്രേഡ് വൺ: ‘ലിറ്റിൽ ശിവമണി’ ശിവദേവ്

Binsha Muhammed

sivadev

ഒറ്റനോട്ടത്തിൽ നദിയൊഴുകുന്നത് പോലെ ശാന്തമാണെന്ന് തോന്നും. പക്ഷേ കൈവിരലുകളിൽ അമ്മാനമാടുന്ന സ്റ്റിക്ക് ഡ്രംസിലേക്ക് വീഴുന്ന നിമിഷം മുതൽ രംഗം ചടുലമാകും. കണ്ടുനിൽക്കുന്നവരിൽ ഊർജം പ്രവഹിക്കും വിധം നാദധാരയൊഴുകും. ചടുലമായ ആ ശബ്ദമാധുരിയിൽ ആരും ലയിച്ചങ്ങമെ നിന്നു പോകും. നിരത്തിവച്ചിരിക്കുന്ന ഡ്രം കിറ്റിനു പിന്നിലെ ഒഴുകുന്ന വിരലുകളുടെ ഉടമ ഒരു കുഞ്ഞു പ്രതിഭയാണെന്നു കൂടി കാണുമ്പോഴാണ് അതിശയമേറുന്നത്.

ഡ്രം കിറ്റിൽ മേളപ്പെരുക്കം തീർക്കുന്ന തൃശൂർ പഴുവിൽ സ്വദേശി ശിവദേവിന്റെ നേട്ടങ്ങളുടെ കഥ അവനോളം വലുതാണ്. രണ്ടാം വയസിൽ സ്റ്റീൽ പാത്രങ്ങളിൽ കൊട്ടിത്തുടങ്ങിയ ചെക്കന്റെ സംഗീത യാത്ര ചുരുങ്ങിയ കാലം കൊണ്ട് ലോകോത്തര സംഗീത പ്രതിഭകളുടെ കളരിയും കളിത്തൊട്ടിലുമെക്കെയായ ലണ്ടന്‍ ട്രിനിറ്റി കോളജ് വരെയെത്തി നിൽക്കുന്നു എന്നതിലാണ് അതിശയം. വെറും ഒന്നര മാസത്തെ പഠനം കൊണ്ട് ഏഴാം വയസിൽ ഏതൊരു സംഗീത വിദ്യാർത്ഥികളും കൊതിക്കുന്ന ഗ്രേഡ് വണ്ണാണ് ഈ കൊച്ചുമിടുക്കൻ നേടിയെത്തിയിരിക്കുന്നത്. തൃപ്രയാർ ബിനുവിന്റേയും പ്രിയയുടേയും മകനായ ശിവദേവിന്റെ അസൂയപ്പെടുത്തുന്ന നേട്ടങ്ങളുടെ കഥയാണിത്. വിരലുകളിൽ നിന്നും ഡ്രംസിലേക്ക് പ്രവഹിക്കുന്ന മാജിക്കിന്റെ കഥ... അമ്മ പ്രിയ ‘വനിത ഓൺലൈനോട്’ പറയുന്നു.

sivadev-3

അടുക്കള പാത്രം ആദ്യം ഡ്രം കിറ്റ്

അന്നവന് വയസ് രണ്ട് കഴിയുന്നതേയുള്ളൂ. അടുക്കളയിൽ നിരന്നിരിക്കുന്ന പാത്രവും തൂക്കിയിട്ടിരിക്കുന്ന സ്പൂണുകളും ഞങ്ങളുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കും അവൻ. എന്നിട്ട് ആരും കാണാതെ അവന്റേതു മാത്രമായൊരു ലോകത്ത് എല്ലാം നിരത്തി വച്ചൊരു ഇരിപ്പുണ്ട്. ആദ്യമൊക്കെ ആ കാഴ്ച ചെറുപ്പകാലത്തെ അവന്റെ കുറുമ്പു നിറഞ്ഞൊരു കൗതുക കാഴ്ചയായിരുന്നു. പക്ഷേ അവന്റെ വിരലുകളിൽ നിന്നും പാത്രങ്ങളിലേക്ക് വീഴുന്ന സ്പൂണുകൾക്ക്... ആ ശബ്ദത്തിന് എന്തോ ഒരു മാന്ത്രികയുണ്ടെന്ന് തോന്നി. കേട്ടിരിക്കാൻ തന്നെ ഒരു രസമുണ്ടായിരുന്നു. സാധാരണ കുഞ്ഞുങ്ങൾ ഇത്തരം കുസൃതികൾ കാണിക്കുമ്പോൾ വടിയുമെടുത്ത് പുറകേ ഓടാറാണ് പതിവ്. പക്ഷേ ഇവിടെ അതുണ്ടായില്ല. കാരണം കേട്ടിരിക്കാൻ അത്ര മനോഹരമായിരുന്നു. ഒന്നുമറിയാത്ത പ്രായത്തിൽ താളത്തോടെ കൊട്ടുന്ന ആ ശിവദേവിനെയാണ് ഇന്നും നിങ്ങൾ കാണുന്നത്. ദൈവാനുഗ്രഹം കൊണ്ട് അവന്റെ നേട്ടം ലണ്ടൻ ട്രിനിറ്റി കോളജ് വരെ അംഗീകരിക്കുന്നു എന്നറിയുമ്പോൾ സന്തോഷം.– പ്രിയയുടെ വാക്കുകളിൽ മകനെ കുറിച്ചുള്ള അഭിമാനം.

അവന്റെ അച്ഛൻ ബിനുവിന് സംഗീതത്തോട് പണ്ടു മുതലേ കമ്പമുണ്ട്. തബലയൊക്കെ വായിക്കുമായിരുന്നു. ആ കമ്പം അവനും കിട്ടിയുട്ടെണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതുമാത്രമല്ല, ചെറുപ്പം തൊട്ടേ വീട്ടിൽ മൈക്കൊക്കെ സെറ്റ് ചെയ്ത് അച്ഛനൊപ്പം പാടാൻ അവനും കൂടുമായിരുന്നു. ടിവിയിലും റേഡിയോയിലുമൊക്കെ കേൾക്കുന്ന പാട്ടൊക്കെ പഠിച്ച് കരോക്കെയിട്ട് നല്ല അസലായി അച്ഛനും മോനും പാടും. അതായിരുന്നു തുടക്കം. പതിയെ പതിയെ പാട്ടിന്റെ കൂടെ കൊട്ടും ചേർന്നു. തയലിണകളൊക്കെ നിരത്തി വച്ച് കക്ഷി കൊട്ടുന്നതു കണ്ടിട്ട് ഞങ്ങള്‍ അന്തംവിട്ട് നോക്കി നിന്നിട്ടുണ്ട്. പിന്നെ പിന്നെ അടുക്കളയിലെ പാത്രങ്ങൾക്കും കരണ്ടികൾക്കും വിശ്രമമില്ലാതായി. എല്ലാം കൃത്യമായി നിരത്തിവച്ച് അവനിരിക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. വെറുമൊരു ശബ്ദമല്ല, അതിൽ താളമുണ്ടെന്ന് തിരിച്ചറിയുന്നതോടെയാണ് അവന്റെ വഴിക്കു തന്നെ അവനെ വിടാൻ തീരുമാനിച്ചത്.

sivadev-2

ശിവദേവിന്റെ അച്ഛൻ ബിനു വലപ്പാട് കാനറാ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഞാൻ കണ്ണൂർ സർവകലാശാലയിൽ പ്രാദേശിക ചരിത്രത്തിൽ ബിരുദം ചെയ്യുന്നു. അന്ന് ജോലിയുടേയും പഠനത്തിനിടയ്ക്ക് അവനെ ഒരു പ്ലേ സ്കൂളിലാക്കിയിരുന്നു. അവിടെയും കക്ഷി പാട്ടും സംഗീതവുമൊക്കെയായി നിറഞ്ഞു നിന്നു. അന്ന് മൂന്ന് മൂന്നര വയസൊക്കെ ആകുന്നതേയുള്ളൂ. പ്രായം കൂടുന്തോറും കൊട്ടുമായുള്ള കൂട്ട് അവൻ വിടാതെ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു അധ്യാപകനു കീഴിൽ പഠിപ്പിക്കാൻ തീരുമാനിച്ചു. തൃശൂർ വല്ലച്ചറിയിൽ ഒരു ഡ്രംസ് അധ്യാപകനുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മനോജ് എന്ന അധ്യാപകന്റെ അടുക്കലെത്തുന്നത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ വീട്ടിലെത്തി ഡ്രംസ് പഠിക്കാനുള്ള താത്പര്യം അറിയിച്ചപ്പോൾ സ്വന്തം ഡ്രം കിറ്റാണ് അവന്റെ മുന്നിലേക്ക് വച്ചു കൊടുത്തത്. അവനൊന്ന് കൊട്ടി നോക്കട്ടെ എന്ന് മാഷ് പറഞ്ഞു.അന്നത്തെ ആ പ്രകടനം കണ്ടപ്പോൾ മാഷ് ഓക്കെ പറഞ്ഞു. അങ്ങനെ അഞ്ചാം വയസിൽ മനോജ് മാഷിനു കീഴിൽ അവന്റെ ഡ്രം കളരി തുടങ്ങി. 28000 രൂപ മുടക്കി ഒരു ഡ്രം കിറ്റും ശിവദേവിന് വാങ്ങിക്കൊടുത്തു. അതിൽപ്പിന്നെ പാത്രങ്ങൾക്കു റെസ്റ്റ് കിട്ടി.

‘ലിറ്റില്‍ ശിവമണി ശിവദേവ്’

തുടക്ക കാലത്ത് അവന്റെ കൈക്കും കാലിനുമൊന്നും ഡ്രിം കിറ്റിലേക്ക് എത്താൻ പാകത്തിൽ നീളം ഉണ്ടായിരുന്നില്ല. ഒരേസമയം ഡ്രമ്മിലേക്കും കാലിലൂടെ നിയന്ത്രിക്കുന്ന ബാസിലേക്കും കൈകാലുകൾ ഓടിയെത്തണമായിരുന്നു. പതിയെ പതിയെ പ്രാക്ടീസിലൂടെ അവന്റെ കൈവിരലുകളും കാലുകളും ഡ്രം കിറ്റിലേക്ക് ഓടിത്തുടങ്ങി. കോവി‍ഡ് കാലമായതു കൊണ്ടു തന്നെ കൃത്യമായി ക്ലാസ് തുടരാനോ പഠിപ്പിക്കാനോ മാഷിന് കഴിഞ്ഞിരുന്നില്ല. ആഴ്ചയിലോ ഒരു മാസത്തെ ഇടവേളയിലോ ഒക്കെയാകും ക്ലാസ്. പക്ഷേ ഓരോ ക്ലാസും തുടർച്ച നഷ്ടമാകാതെ കൃത്യമായും താത്പര്യത്തോടെയും അവൻ പഠിച്ചെടുത്തു. രണ്ടു വർഷത്തെ പഠനത്തിന് ശേഷം ഏഴാം വയസിലാണ് ലണ്ടൻ ട്രിനിറ്റി കോളജിനു കീഴിൽ ഗ്രേഡ് വണ്ണിനു ചേർന്നാലോ എന്ന് ആശയം ഉദിച്ചത്. അവനു കഴിയുമോ, പ്രായത്തിൽ ചെറുതല്ലേ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ അവന്റെ കഴിവിൽ അവനും അതിനൊപ്പം മാഷിനും വിശ്വാസമുണ്ടായി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ക്ലാസുകൾ ഉണ്ടായത് ഗുണകരമായി. കൊച്ചിയിലെ ഒരു സെന്ററിൽ നിന്നുമാണ് അഡ്മിഷനുള്ള കാര്യങ്ങൾ ശരിയാക്കിയത്. ഓൺലൈൻ ആണെങ്കിൽ കൂടിയും കൃത്യമായ മോണിറ്ററിംഗും ഗൈഡൻസും ട്രിനിറ്റിയിലെ അധ്യാപകരുടെ ഭാഗത്തു നിന്നു കിട്ടി. ആദ്യമാദ്യം, നോട്ട്സുകൾ പഠിപ്പിച്ചു. അതനുസരിച്ച് പെർഫോം ചെയ്യാനും പരിശീലനം നൽകി. ഓരോ നോട്ട്സിനും അനുസരിച്ച് എങ്ങനെ പെർഫോം ചെയ്യുന്നു എന്ന് അവർ വിഡിയോയിലൂടെ നോക്കി വിലയിരുത്തും. ഓരോ പെർഫോമൻസും എഡിറ്റോ കട്ടോ ചെയ്യാതെ ഷൂട്ട് ചെയ്ത് ലൈവായും അല്ലാതെയും അയച്ചു കൊടുക്കണം. ഒന്നരമാസം വരെ നീണ്ടു നിന്ന ക്ലാസിലും ഓൺലൈൻ പരീക്ഷയിലും  അത്രയേറെ മികവോടെ തന്നെ അവൻ പെർഫോം ചെയ്തു.

sivadev-4

അവന്റെ പാഷനും ഹാർഡ് വർക്കിനുമുള്ള ഫലം ഒടുവിൽ കിട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെ ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്നും ഗ്രേഡ് വണ്‍ ലഭിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റെത്തി. അവന്റെ പ്രായത്തിലുള്ള പല കുഞ്ഞുങ്ങളും ഈ പ്രായത്തിൽ കളിച്ചു നടക്കുമ്പോൾ ഏഴാം വയസിൽ അവൻ ഈ നേട്ടം സ്വന്തമാക്കിയെന്നത് ഞങ്ങള്‍ മാതാപിതാക്കൾക്ക് അഭിമാനമാണ്. അവനെ അംഗീകരിച്ച അവനിലെ കലയെ അംഗീകരിച്ച അധ്യാപകരോടും പ്രിയപ്പെട്ടവരോടും നന്ദിയുണ്ട്. കോവിഡ് കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ഈ അപൂർവ നേട്ടത്തിന്റെ നിറവിലാകും അവന്‍ അധ്യാപകരുടേയും കൂട്ടുകാരുടേയും അരികിലേക്ക് എത്തുക. വലപ്പാട് മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദേവ്. അവിടെ അവനെ വലിയൊരു സ്വീകരണവും കാത്തിരിപ്പുണ്ട്.– പ്രിയ അഭിമാനത്തോടെ പറഞ്ഞു നിർത്തി.