Thursday 20 September 2018 04:55 PM IST

‘ഇതാരപ്പാ ചിട്ടി റോബോട്ടോ?’; കാൽക്കുലേറ്ററിൽ കവിതയെഴുതിയ കണക്കപ്പിള്ള ഇവിടെയുണ്ട്–വിഡിയോ

Binsha Muhammed

calculator

‘ഹിതാരപ്പാ... ചിട്ടീ റോബോട്ടോ?... പഹയാ ഇജ്ജ് സുലൈമാനല്ല ഹനുമാനാ....’ സോഷ്യൽ മീഡിയ ഇജ്ജാതി രസികൻ കമന്റുകൾ കൊണ്ട് പുഷ്പാഭിഷേകം നടത്തുന്ന പുള്ളിക്കാരനെ പറഞ്ഞാൽ അറിയില്ല. കണ്ടാൽ മനസിലായേക്കും.

ഒരു മൊത്ത വ്യാപാര കടയുടെ ക്യാഷ് കൗണ്ടറിലിരുന്ന് കാൽക്കുലേറ്ററിൽ കവിത രചിക്കുകയാണ് കക്ഷി. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അസാമാന്യ വഴക്കത്തോടെ കാൽക്കുലേറ്ററിൽ ചറാ പറാന്ന് ൈകവിരലുകൾ പായിക്കുകയാണ് നമ്മുടെ നായകൻ.

സ്വിച്ചിട്ട മെഷീൻ പോലെയാണ് കാൽക്കുലേറ്ററിൽ ഈ വൈറൽ കണക്കപ്പിള്ള കൈവിരലുകൾ പായിക്കുന്നത്. സംഖ്യാ ഘോഷയാത്രകളെ സെക്കൻഡുകൾ കൊണ്ട് കൂട്ടിയും കിഴിച്ചും കൈയ്യിൽ തരും. കാൽക്കുലേറ്ററിലേക്ക് ഒന്നു നോക്കുക പോലും വേണ്ട, അത്രയേറെ സ്പീഡിലാണ് ടൈപ്പിംഗ്. കാണുന്നവർ മൂക്കത്തു വിരൽ വച്ചു പോകുന്ന പ്രകടനം.

വൈറലായി പാറിപ്പറന്നു നടന്ന ആകാൽക്കുലേറ്റർ കണക്കപ്പിള്ള ആരെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു നാളിതു വരേയും സോഷ്യൽ മീഡിയ. നേരമിതുവരേയും അജ്ഞാതനായി തുടർന്ന ആ വൈറൽ പ്രതിഭയെ വനിതാ ഓൺലൈൻ മറനീക്കി പുറത്തു കൊണ്ടുവരികയാണ്. തൃശൂരിലെ ഒരു സ്വകാര്യ മൊത്ത വിതരണ കേന്ദ്രത്തിൽ അക്കൗണ്ടന്റാണ് കക്ഷി. പേര് സുമേഷ് ചന്ദ്രൻ, ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ മറുപടി. ‘ഇതൊക്കെ സിമ്പിളല്ലേ....’

മൂന്ന് കൊല്ലമായി ഒരു റൈസ് ഏജൻസിയില്‍ അക്കൗണ്ടന്റാണ് ഞാൻ. അവിടുത്തെ എന്റെ പണിയായുധം കാൽക്കുലേറ്ററാണ് ചേട്ടാ. സാധനങ്ങളുടെ കണക്ക് കൂട്ടലും കിഴിക്കലും ഗുണിക്കലും ഒക്കെ തന്നെയാ ജോലി. എന്റെ പ്രായത്തിലുള്ള ന്യൂജെൻ പിള്ളേർ മൊബൈലിൽ ടൈപ്പ് ചെയ്ത് ചാറ്റി നടക്കുമ്പോൾ എന്റെ പണി ഇതാണ്. ഡേ ടൈം മുഴുവൻ കാൽക്കുലേറ്റിങ്. കാൽക്കുലേറ്ററിൽ ചറാ പറാ ടൈപ്പ് ചെയ്യാൻ ഇതൊക്കെ തന്നെ ധാരാളമല്ലേ...– സുമേഷ് ചോദിക്കുന്നു.

പിന്നെ ഇങ്ങനെ ടൈപ്പ് ചെയ്യുന്നത് വലിയ സംഭവമാണോ എന്നു ചോദിച്ചാൽ അല്ലാ എന്നു തന്നെയാണ് എന്റെ മറുപടി. നിത്യാഭ്യാസിയായ ആർക്കും ഇതൊക്കെ പറ്റും. പിന്നെ ഈ സംഭവം വൈറലാക്കിയതിന് ഞാനല്ല ഉത്തരവാദിയല്ല. വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെ സോഷ്യൽ മീഡിയയിൽ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ചുമ്മാ പോസ്റ്റിയതാണ്. അതിങ്ങനെയൊക്കെയാകുമെന്ന് ആരു കണ്ടു.– വൈറൽ കണക്കപ്പിള്ളയുടെ മുഖത്ത് കള്ളച്ചിരി.

‘വൈറലായതിനു ശേഷം എന്ത് മാറ്റം സംഭവിച്ചു എന്ന് ചോദിച്ചാൽ കാര്യമായൊന്നും സംഭവിച്ചില്ല. പിന്നെ സാധനം വാങ്ങാൻ വരുന്ന പലരും ഇപ്പോൾ ഫാസ്റ്റ് ടൈപ്പിംഗ് കാണാൻ കൗണ്ടറിലേക്ക് കയറി വന്നു തുടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കടയിലേക്കാൾ ആളുണ്ട് ഇപ്പോൾ കൗണ്ടറിൽ.’

പിന്നെ എന്റെ വിഡിയോ കണ്ടതിനു ശേഷം ഇതൊക്കെ വലിയ കാര്യമാണോ എന്നു ചോദിക്കുന്നവരോട്. ഇതു വലിയ സംഭവമാണെന്നൊന്നും  ഞാൻപറഞ്ഞിട്ടില്ല. പിന്നെ എന്തിലും കുറ്റം കണ്ടുപിടിക്കാൻ കുറേ പേരുണ്ടല്ലോ. ഞാൻ എന്റെ പണിയും നോക്കി ജീവിച്ചു പൊക്കോട്ടെ ചേട്ടാ–സുമേഷ് പറഞ്ഞു നിർത്തി.

ഇരുപത്തിനാലുകാരനായ സുമേഷ് ബികോം ബിരുദമെടുത്തതിനു ശേഷമാണ് അക്കൗണ്ടന്റ് ജോലിയിലേക്കു തിരിയുന്നത്. അമ്മ സുജാതയും സഹോദരനും അടങ്ങുന്നതാണ് കുടുംബം.തൃശ്ശൂർ പുത്തൂർ സ്വദേശിയാണ് സുമേഷ്.