Saturday 10 February 2024 02:12 PM IST : By സ്വന്തം ലേഖകൻ

'സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതം'; കോടതിയില്‍ ഒറ്റയ്ക്ക് വാദിച്ച് കമ്പനിയെ മുട്ടുകുത്തിച്ച് ഇരുപതുകാരന്‍

phone.jpg.image.845.440

പതിനൊന്നായിരം രൂപയ്ക്ക് വാങ്ങിയ ഫോണ്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ പ്രവര്‍ത്തനരഹിതം. നന്നാക്കാന്‍ കമ്പനി ആവശ്യപ്പെട്ടത് ആറായിരം രൂപ. ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്ത്, ഒറ്റയ്ക്ക് വാദിച്ച് ഇരുപത് വയസ്സുകാരന്‍ രാജ്യാന്തര ഫോണ്‍ കമ്പനിയില്‍ നിന്ന് വാങ്ങിയെടുത്തത് 36000 രൂപയുടെ നഷ്ടപരിഹാരം. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷാണ് ആ ഒറ്റയാള്‍ പോരാളി. 

ഇരുപതാം വയസ്സില്‍ ഒരു രാജ്യാന്തര മൊബൈല്‍ ബ്രാന്‍ഡിനെ കോടതിയില്‍ മുട്ടുകുത്തിച്ച മിടുക്കനാണ് ഈ നടന്ന് വരുന്നത്. അവകാശങ്ങളെക്കുറിച്ച് ബോധവാനാണെങ്കിലും തെറ്റ് തന്‍റേതല്ലെന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ നീതി വാങ്ങിയെടുക്കാന്‍ ആര്‍ക്കും കഴിയുമെന്നതിന്‍റെ അനുഭവ പാഠം. ഒപ്പം വാറന്‍റി കഴിഞ്ഞെന്ന പേര് പറഞ്ഞ് ഉപകരണങ്ങള്‍ കേടായാല്‍ കയ്യൊഴിയുന്ന കമ്പനികള്‍ക്കുള്ള മുന്നറിയിപ്പും.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍. മൂന്ന് തവണ സിറ്റിങ്. ഒരു തവണ പോലും കമ്പനി പ്രതിനിധി ഹാജരാവുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. ഒടുവില്‍ അശ്വഘോഷിനെ മാത്രം കേട്ട് കഴിഞ്ഞ ജൂലൈയില്‍ കോടതി ഉത്തരവിറക്കി. 

നിയമം പ്രഫഷനായി സ്വീകരിക്കാന്‍ താല്‍പര്യമില്ല. പക്ഷെ, ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന അനുഭവമുണ്ടായാല്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകും. മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കിയിട്ടും നഷ്ടപരിഹാരം നല്‍കാത്ത എയര്‍ലൈന്‍ കമ്പനിക്കെതിരെ അത്തരമൊരു പരാതി ഈ അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ഥി ഇതിനകം നല്‍കിക്കഴിഞ്ഞു. 

Tags:
  • Spotlight