Friday 19 July 2019 06:47 PM IST : By സ്വന്തം ലേഖകൻ

പ്രളയത്തിന്റെ ഭയം പേറിയ, കേരളം മറക്കാത്ത ആ ചിത്രത്തിലെ കുരുന്ന്! തക്കുടു വീണ്ടും ചെറുതോണി പാലത്തിൽ

bridge-new

പ്രളയകാലത്ത് ചെറുതോണി പാലത്തിലൂടെ കൈക്കുഞ്ഞുമായി ഓടുന്ന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്റെ ചിത്രം ആരും മറന്നിട്ടുണ്ടാകില്ല. കേരളം നേരിട്ട പ്രളയദുരിതത്തിന്റെ തീവ്രത ആഴത്തിൽ അടയാളപ്പെടുത്തുന്നതായിരുന്നു ആ ചിത്രം.

3വയസ്സുകാരൻ തക്കുടു എന്ന സൂരജ് ആണ് ആ കുരുന്ന്.

ഇപ്പോഴിതാ, അച്ഛന്റെ കയ്യും പിടിച്ച് തക്കുടു വീണ്ടും ചെറുതോണി പാലത്തിലെത്തിയിരിക്കുന്നു. അതിന്റെ ചിത്രമാണ് ഇപ്പോൾ വൈറൽ.

മാസങ്ങൾക്കു മുമ്പ്, കേരളം പ്രളയദുരിതത്തിൽ പകച്ചു നിന്ന ദിവസങ്ങളിലൊന്നിലാണ് സംഭവം. ഇടുക്കി ഡാമിന്റെ നാലാം ഷട്ടറും തുറന്നതിനു പിന്നാലെ അസാധാരണമായ മലവെള്ളപ്പാച്ചിലുണ്ടായി. അപ്രതീക്ഷിതമായ കുത്തൊഴുക്കിൽ ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗം ഓഴുകിപ്പോയി, മരങ്ങൾ കടപുഴകി, ചെറു തോണി പാലം കവിഞ്ഞ് വെള്ളം ഒഴുകാൻ തുടങ്ങി.

അക്കരെ പോകാൻ ആളുകൾ മടിച്ചു നിൽക്കവേയാണ്, കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ബിഹാർ സ്വദേശിയായ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ കനയ്യ കുമാർ ആ സാഹസം ഏറ്റെടുത്തത്.

പാലത്തിനു മുകളിലൂടെ അതീവ സാഹസികമായി കുഞ്ഞിനെയും കയ്യിലെടുത്ത് കനയ്യ ഓടി. കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ചെറുതോണി പാലം കടക്കാതെ മറ്റു മാർഗമില്ലാതെ വന്നതോടെയാണ് അദ്ദേഹം ഈ സാഹസത്തിനു മുതിർന്നത്.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന സന്ദേശം ലഭിച്ച പാടെ കനയ്യകുമാർ അക്കരെയെത്തി കുഞ്ഞിനെയും കയ്യിലെടുത്ത് മറുകരയിലേക്കു പായുകയായിരുന്നു.

മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ് ഫൊട്ടോഗ്രഫർ റിജോ ജോസഫ് ആണ് ഈ ചിത്രം പകർത്തി ലോകത്തിനു മുന്നിലെത്തിച്ചത്.