Monday 17 June 2019 07:08 PM IST : By സ്വന്തം ലേഖകൻ

‘അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസ് ആണെന്ന് മോൻ പൊലീസിനോട് പറയണം’; പറഞ്ഞതു മറക്കാതെ ഋഷികേശ്

death

എന്താ അമ്മയെ കാണാത്തതെന്നു 13 വയസ്സുകാരൻ ഋഷികേശിനും എട്ടു വയസ്സുകാരൻ ആദികേശിനും അറിയാംമെങ്കിലും മൂന്നര വയസ്സുകാരി ഋതിക ചേട്ടൻമാരുടെ കയ്യിൽത്തൂങ്ങി നടക്കുകയാണ്. കുറെപ്പേർ കാണാൻ വരുന്നു. അമ്മയെ കാണാനുമില്ല. 

അജാസിൽനിന്നു ഭീഷണി നേരിട്ടപ്പോൾ ഋഷികേശിനോട് സൗമ്യ അതു സൂചിപ്പിച്ചിരുന്നു– ‘അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ‘മലപ്പുറത്തെ അജാസ്’ ആണെന്നു പൊലീസിനോടു പറയണം’. ഒരു വർഷം മുൻപാണു പറഞ്ഞതെങ്കിലും ഋഷികേശിന് ഇപ്പോഴും ഓർമയുണ്ടത്. എന്നാലും, ജീവനെടുക്കാനുള്ള സാഹസം അയാൾ കാണിക്കുമെന്നു സൗമ്യ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 

സൗമ്യ സർവീസിൽ കയറിയ ശേഷമാണു ഋതികയുടെ ജനനം. ശനിയാഴ്ച മക്കൾ ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടിലായിരുന്നു. സംഭവം അറിഞ്ഞയുടൻ സൗമ്യയുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം 3 പേരും വള്ളികുന്നത്തേക്കു പോന്നു. 

സ്കൂൾ അവധിക്കു അച്ഛൻ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഏഴിലും നാലിലും അങ്കണവാടിയിലും പഠിക്കുന്ന മക്കൾ. അവധി കഴിഞ്ഞ് അച്ഛൻ സജീവ് ലിബിയയിലേക്കു പോയിട്ട് അധികമായിട്ടില്ല. സൗമ്യയുടെ വള്ളികുന്നത്തെ വീട്ടിൽനിന്ന് അധികം അകലെയല്ലാത്ത ബന്ധുവീട്ടിലാണു മൂന്നു കുട്ടികളും.

കത്തുന്ന കാഴ്ച’; മരവിപ്പു മാറാതെ തസ്നിയും അദബിയക്കുഞ്ഞും

ദേഹത്തു പടർന്ന തീയുമായി പിടയുന്ന സൗമ്യയെ കണ്ട് അയൽവാസികളായ തസ്നിയും ഭർതൃമാതാവ് അദബിയക്കുഞ്ഞും മരവിച്ചു നിന്നുപോയി. സൗമ്യയുടെ വീടിന്റെ അയൽപക്കത്ത് തസ്നിയുടെ വീടിന്റെ മുറ്റത്താണു സൗമ്യയുടെ ദാരുണാന്ത്യം.  അദബിയക്കുഞ്ഞാണ് സംഭവം ആദ്യം കണ്ടത്. ഭയന്നുപോയ അവർ വീട്ടിൽകയറി ബഹളമുണ്ടാക്കി. പുറത്തെ അലർച്ചയും ഭർതൃമാതാവിന്റെ ബഹളവും കേട്ട് തസ്നി ഓടിയെത്തി. ആകെ മരവിപ്പിക്കുന്ന കാഴ്ച. 

ഉടൻ അകത്തേക്കോടി വെള്ളവുമായെത്തി, അത് ഒഴിച്ചു. ഈ സമയം അജാസിനെ തസ്നി കണ്ടിരുന്നില്ല. പിന്നീടാണ് പൈപ്പിൻ ചുവട്ടിൽ ഇരിക്കുന്ന അയാളെ കണ്ടത്. പൊള്ളലേറ്റ്  ഓടിയ അജാസ് ദേഹത്തു വെള്ളം തളിക്കാൻ ടാപ് തിരിച്ചെങ്കിലും വെള്ളം കിട്ടിയില്ല. പിന്നീടത് വലിച്ചൊടിച്ചു. പിന്നെയാണ് നാട്ടുകാരും പൊലീസും എത്തിയത്. സംഭവത്തിന്റെ ഞെട്ടൽ മാറാത്ത തസ്നിയും ഭർതൃമാതാവും തറവാട്ടു വീട്ടിലേക്കു താൽക്കാലികമായി മാറി. തസ്നിയുടെ ഭർത്താവ് വിദേശത്താണ്.