Saturday 29 January 2022 11:38 AM IST

‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു, പക്ഷേ അർഹതപ്പെട്ട ജോലി എന്നിൽ നിന്നും ആരോ തട്ടിപ്പറിച്ചു’: ശ്രീജയുടെ പോരാട്ടം

Roopa Thayabji

Sub Editor

sreeja-job

2021നെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് സമരവിജയം നേടിയ വനിതകളുടെ പേരിലാകും. ആരൊക്കെ പിന്നിലാക്കാൻ നോക്കിയാലും വിജയിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ച മനസ്സുണ്ടെങ്കിൽ നമ്മളെ പരാജയപ്പെടുത്താനാകില്ല എന്ന് വനിതകൾ ലോകത്തോടു വിളിച്ചുപറഞ്ഞ വർഷമാണിത്.

ആ നിരയിൽ കേരളത്തിൽ നിന്നുമുണ്ട് ചിലർ. സ്വന്തം കുഞ്ഞിനു വേണ്ടിയാണ് അനുപമ കോടതി കയറിയതെങ്കിൽ മക്കളുടെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരാനാണ് വാളയാറിലെ അമ്മയ്ക്ക് സമരം ചെയ്യേണ്ടി വന്നത്.

മാതൃത്വം മാത്രമല്ല ഈ സമരച്ചൂടിൽ ഉരുകിയത്. നാടിനു വേണ്ടിയും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയും ജോലി തിരിച്ചു കിട്ടാനുമെന്നു വേണ്ട, ആരൊക്കെയോ മോശക്കാരിയെന്നു മുദ്രകുത്തി പ്രചരിപ്പിച്ച ഫോൺ നമ്പർ കൊണ്ട് ഇരയാക്കപ്പെട്ട വീട്ടമ്മ വരെ പോരാടി വിജയം നേടിയവരുടെ നിരയിലുണ്ട്.

കർഷകസമരം തലസ്ഥാനത്ത് വിജയക്കൊടി പാറിച്ചപ്പോൾ ലോകം സല്യൂട്ട് ചെയ്ത ഒരു വാചകമുണ്ട്, ‘‘നിങ്ങൾക്കെന്നെ ഭ യപ്പെടുത്താനാകില്ല. നിങ്ങളുടെ പണം കൊണ്ട് എന്നെ നിശബ്ദയാക്കാനോ എന്റെ പോരാട്ടത്തിന്റെ മൂല്യമളക്കാനോ പറ്റില്ല.’’ ഇവരുടെ കൈമുതൽ സത്യവും ആത്മവിശ്വാസവുമാണ്....

---------

ആരാണ് എന്നെ പുറത്താക്കിയത്?

‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു, പക്ഷേ അർഹതപ്പെട്ട ജോലി എന്നിൽ നിന്നും ആരോ തട്ടിപ്പറിച്ചു’: ശ്രീജയുടെ പോരാട്ടം

കാലാവധി തീരുന്നതിനു മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ജേതാക്കൾ നടത്തിയ സമരം ഓർമയില്ലേ. ജോലിക്കായി ആയിരങ്ങൾ തെരുവിൽ സമരം ചെയ്തപ്പോൾ അർഹതപ്പെട്ട ജോലി ആരോ തട്ടിതറിപ്പിച്ചതിന്റെ പേരിലാണ് കോട്ടയം, മല്ലപ്പള്ളി സ്വദേശി എസ്. ശ്രീജയ്ക്കു സമരം ചെയ്യേണ്ടി വന്നത്.

ജോലി തിരികെ ലഭിച്ചിട്ടും ശ്രീജയ്ക്ക് അന്നത്തെ ഞെട്ടൽ മാറിയിട്ടില്ല. ‘‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലി കിട്ടാതെ കാത്തിരിക്കുമ്പോഴാണ് എനിക്കു താഴെയുള്ള റാങ്കുകാർക്ക് ജോലി കിട്ടിയെന്ന് അറിഞ്ഞത്. ഞാൻ എങ്ങനെ അയോഗ്യയായി എന്നാണ് ആദ്യം അന്വേഷിച്ചത്.’’

കഷ്ടപ്പാടിനിടയിലെ മോഹം

പാമ്പാടി, കോത്തല പുത്തൻപുരയിൽ സോമൻ നായരുടെയും ശോഭനയുടെ രണ്ടു പെൺമക്കളിൽ മൂത്തയാളാണു ശ്രീജ. എസ്ആർവി എൻഎസ്എസ് കോളജിൽ നിന്ന് ബിഎസ്‌സി ബോട്ടണി പാസായ ശ്രീജ സാമ്പത്തിക ഞെരുക്കം കാരണം പിന്നെ പഠിച്ചില്ല. ഇതിനിടെ കൂലിപ്പണിക്കാരനായ സുരേഷുമായുള്ള വിവാഹം നടന്നു, രണ്ടു മക്കളുമായി.

ഷീറ്റിട്ട വീട്ടിലിരുന്ന് ഷീജ സർക്കാർ ജോലി സ്വപ്നം കണ്ടു. കോച്ചിങ്ങിനു ചേർന്നെങ്കിലും ചെലവു താങ്ങാനാകാതെ വീട്ടിലിരുന്നായി പഠനം. പരിശ്രമത്തിനൊടുവിൽ വ നിതാ സിവിൽ എക്സൈസ് ഓഫിസർ, കെഎസ്ആർടിസി കണ്ടക്ടർ, സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് പട്ടികകളിൽ ഇടം പിടിച്ചു. സിവിൽ എക്സൈസ് ഓഫിസർ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടതോടെ പ്രതീക്ഷ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്കു പട്ടികയിലായെന്ന് ശ്രീജ പറയുന്നു.

പരീക്ഷ, പരീക്ഷണം

‘‘2016 ഓഗസ്റ്റ് 27ന് നടന്ന പരീക്ഷയുടെ ഫലം 2018 മേയ് 30നാണ് വന്നത്. എനിക്ക് 233 ാം റാങ്ക്. ഓരോ സമയത്തും റാങ്ക് പട്ടികയിൽ ഉള്ളവർ സംഘടന രൂപീകരിക്കുകയും വാട്സാപ്പിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ‌കഴിഞ്ഞ ഓണക്കാലത്താണ് കൂടുതൽ പേർക്ക് ഒന്നിച്ച് നിയമനം ലഭിച്ചതായി അറിഞ്ഞത്, ഇനി മൂന്നാമതായി അഡ്വൈസ് മെമ്മോ കിട്ടാനുള്ളത് എനിക്കാണ്. പക്ഷേ, ആഴ്ചകൾ കഴിഞ്ഞിട്ടും മെമ്മോ വന്നില്ല.

എനിക്കു താഴെ റാങ്കുള്ളവർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചച്ചെന്നറിഞ്ഞ് പിഎസ്‌സി ഓഫിസിൽ എത്തിയപ്പോഴാണ് ജോലി വേണ്ടെന്ന് സമ്മതപത്രം നൽകിയതിനാൽ ഒഴിവാക്കി എന്നും ഈ റാങ്കു പട്ടികയുടെ കാലാവധി അവസാനിച്ചെന്നും അവർ പറഞ്ഞത്. ഒന്നും ഞാനറിഞ്ഞില്ലെന്നു പറഞ്ഞ് ഉദ്യേഗസ്ഥരുടെ കാലുപിടിച്ച് കരഞ്ഞു. ഞാനല്ല സമ്മതപത്രം നൽകിയതെന്നു തെളിയിക്കാനാണ് അ വർ പറഞ്ഞത്.

നേരിട്ടിറങ്ങി അന്വേഷണം

റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനിലെ ഓരോരുത്തരുടെയും നമ്പർ കണ്ടെത്തി വിളിച്ചു. അങ്ങനെയാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥയായ കൊല്ലം സ്വദേശി എസ്. ശ്രീജയാണു സമ്മതപത്രം നൽകിയതെന്നു കണ്ടെത്തിയത്. തന്റെ പേരും ജനനത്തീയതിയും റജിസ്റ്റർ നമ്പരും അടങ്ങുന്ന രേഖകൾ കാണിച്ച് മറ്റാരോ ആവശ്യപ്പെട്ടതു പ്രകാരമാണ് നിലവിൽ ജോലിയുള്ളതിനാൽ ഒഴിവാക്കണമെന്ന് അവർ കത്തു നൽകിയത്. അതിൽ എന്റെ പേരും വിലാസവും ഉൾപ്പെടുത്തിയതോടെയാണ് ‍ഞാൻ പുറത്തായത്.

ഇക്കാര്യങ്ങൾ കാണിച്ച് ജില്ലാ പിഎസ്‍സി ഓഫിസർക്കും പൊലീസ് മേധാവിക്കും പരാതി നൽകി. പിഎസ്‌സിക്ക് സംഭവിച്ച പിഴവു തിരുത്തണമെന്ന് അറിയിച്ച് കത്തു നൽകിയ ശ്രീജ മാപ്പപേക്ഷയും നൽകി. വിവരങ്ങൾ സത്യമാണെന്നു ബോധ്യപ്പെട്ടപ്പോഴാണ് ജോലി എനിക്കു തിരിച്ചു നൽകാൻ പിഎസ്‌സി യോഗം തീരുമാനിച്ചത്. ഇപ്പോൾ പുളിക്കൽകവല സപ്ലൈകോ ഔട്ട്‌ലെറ്റിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസമായി.

റാങ്ക് പട്ടികയിലുണ്ടായിട്ടും അയോഗ്യയായി എന്നറിഞ്ഞ് സങ്കടപ്പെട്ട് മിണ്ടാതിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു സ്ഥിതിയെന്നാണ് ആദ്യ ശമ്പളം വാങ്ങിയപ്പോൾ ആലോചിച്ചത്. ആരാണ് തോൽപ്പിക്കാൻ നോക്കിയതെന്ന് ഇപ്പോഴും എനിക്കറിയില്ല.’’

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ