Saturday 02 March 2024 10:47 AM IST

‘ആ സംഭവത്തോടെ ഞാനാകെ തകർന്നു പോയിരുന്നു, മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ കരച്ചിൽ വന്നു’: ശബ്ദത്തിന്റെ നായികമാർ

Roopa Thayabji

Sub Editor

sreeja-ravi-interview

വെള്ളിവെളിച്ചമുള്ള സ്ക്രീനിൽ ഒരുനാൾ തന്റെ മുഖം തെളിയുമെന്നു കൊതിച്ചാണ് വർഷങ്ങൾക്കു മുൻപ് ആ അമ്മയും നാലു മക്കളും ചെന്നൈയിലേക്കു വണ്ടി കയറിയത്. സ്വപ്നം കണ്ടതു പോലൊന്നും സംഭവിച്ചില്ലെങ്കിലും ആ അമ്മയുടെ മകൾക്കായി സിനിമ കാത്തുവച്ചത് മറ്റൊരു നിയോഗമായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക നായികമാരുടെയും ശബ്ദമായി മാറാൻ.

അമ്മയുടെ കൈപിടിച്ച് കോടമ്പാക്കത്തു വന്നിറങ്ങിയ ഓർമകളിൽ നിന്നാണ് ശ്രീജ രവി സംസാരിച്ചു തുടങ്ങിയത്. ‘‘അമ്മയ്ക്കൊപ്പം ആദ്യമായി ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ ഓർത്തതേയില്ല ഇതാകും എന്റെ അന്നം എന്ന്. ഇപ്പോൾ മകൾ രവീണയും എന്റെ വഴിയിൽ...’’ സിനിമ പോലെ ത്രില്ലടിപ്പിക്കുന്നതാണ് ശ്രീജ രവിയുടെ ജീവിതവും.

ഡബ്ബിങ് രംഗത്ത് 45 വർഷം. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു ?

ചെറിയ കുട്ടികൾക്കു ശബ്ദം നൽകിയാണ് തുടക്കം. പിന്നീടു നായികമാരിലേക്കു പ്രമോഷൻ കിട്ടി. ഇംഗ്ലിഷ്, ബംഗാളി പരസ്യങ്ങളടക്കം ഏഴു ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകൾക്കു ഡബ് ചെയ്തെന്നാണ് ഏകദേശ കണ ക്ക്. ആകെ കണക്കു വച്ചത് അഞ്ചു സംസ്ഥാന അവാർഡുകളുടെ കാര്യത്തിലാണ്, അതിൽ നാലെണ്ണം മലയാളത്തിനും ഒന്നു തമിഴിനുമാണ്.

ഇപ്പോഴും നമ്മുടെ ഇൻഡസ്ട്രിയിൽ ഡബ്ബിങ് ആർട്ടിസ്റ്റിന് വേണ്ട അംഗീകാരം കിട്ടുന്നില്ല. അഭിനയം നന്നായാൽ നടിയുടെ മിടുക്ക്. മോശമായാൽ കുറ്റം ഡബ്ബിങ് ആർട്ടിസ്റ്റിന്. പക്ഷേ, ഇതെന്റെ പാഷനാണ്. ഇപ്പോഴും ഒരു പുതിയ നായികയ്ക്കു വേണ്ടി വിളി വരുമ്പോൾ മനസ്സു തുള്ളിച്ചാടും.

കണ്ണൂരിൽ നിന്നു ചെന്നൈയിലേക്കുള്ള പറിച്ചുനടലൊക്കെ ഓർമയുണ്ടോ ?

കണ്ണൂർ നാരായണി എന്നായിരുന്നു അമ്മയുടെ പേര്. അച്ഛൻ പുതിയോട്ടിൽ കുഞ്ഞിക്കുട്ടൻ എൻജീനിയറായിരുന്നു. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ഒൻപതു മക്കളായിരുന്നു ഞങ്ങൾ. നാടക നടിയായ അമ്മയ്ക്ക് ഏകപ്രതീക്ഷ സിനിമയായിരുന്നു. അങ്ങനെ ചെന്നൈയിലേക്കു വണ്ടികയറി.

പ്രതീക്ഷിച്ച പോലെ അമ്മയ്ക്കു അവസരമൊന്നും കിട്ടിയില്ല. ഇടയ്ക്ക് സ്കൂൾ ടീച്ചറായി, പിന്നെ ട്യൂഷനെടുക്കാൻ തുടങ്ങി. പണ്ടത്തെ ഫിഫ്ത് ഫോം പാസായ അമ്മയ്ക്ക് കഷ്ടപ്പെട്ടിട്ടായാലും മക്കൾക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം കൊടുക്കണമെന്നു വാശിയായിരുന്നു. ഞങ്ങൾ ഓരോ ക്ലാസും ജയിക്കുമ്പോൾ പ്രോഗ്രസ് കാർഡുമായി താരങ്ങളുടെ അടുത്തെല്ലാം പോകും. സത്യൻ സർ, നസീർ സർ, എംജിആർ, ഉമ്മർ സർ, ബഹദൂർക്ക, ജയഭാരതി ചേച്ചി... അവരെല്ലാം ചെറിയ തുകകൾ തരും. അതുവച്ചാണ് അടുത്ത ക്ലാസിലേക്കുള്ള പുസ്തകം വാങ്ങുക. രാവിലെ കാപ്പി കുടിക്കാത്തതു കൊണ്ട് മിക്ക ദിവസവും ഞാൻ അസംബ്ലിയിൽ തലചുറ്റി വീഴും. ഒരു ദിവസം, സിസ്റ്റർ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കഷ്ടപ്പാടൊക്കെ പറഞ്ഞു കരഞ്ഞു. അന്നു മുതൽ കോൺവെന്റിൽ നിന്നായി ഭക്ഷണം. സിസ്റ്റർ പി. മേരിയും ഫാത്തിമ കോൺവെന്റും തന്ന സ്നേഹമാണ് എന്റെ ആരോഗ്യം.

ആദ്യമായി ഡബ്ബിങ് മൈക്കിനു മുന്നിൽ നിന്നത് ?

അരവിന്ദൻ സാറിന്റെ ‘ഉത്തരായന’ത്തിനു വേണ്ടിയാണത്. ഞാനും രണ്ട് ആങ്ങളമാരും ഉണ്ടായിരുന്നു. കുട്ടികൾ ഓടുന്നതും കളിക്കുന്നതും ചിരിക്കുന്നതും കലപില ശബ്ദമുണ്ടാക്കുന്നതും മറ്റും അമ്മ പറഞ്ഞതു പോലെ ചെയ്തു. അതിനുശേഷം കുട്ടികളുടെ ശബ്ദം വേണ്ടപ്പോഴൊക്കെ വിളിക്കാൻ തുടങ്ങി. ചെറിയ വേഷങ്ങളിൽ അഭിനയിക്കാനും ചാൻസ് കിട്ടി. സ്കൂളിൽ നിന്നു ലീവെടുത്താണ് ഡബ്ബിങ്ങിനു പോകുക. ഒരു ദിവസം 100 രൂപ കിട്ടും. ഹാജർ പ്രശ്നമാകുമെന്നോർത്ത് പ്ലസ്ടുവിന് വൊക്കേഷനൽ ഗ്രൂപ്പാണ് എടുത്തത്. ഡിഗ്രിക്ക് ഡിസ്റ്റന്റായി ഇംഗ്ലിഷ് സാഹിത്യമെടുത്തെങ്കിലും പരീക്ഷ എഴുതാനായില്ല. ആ കാലത്താണ് ലിവർ കാൻസറായി അമ്മ മരിച്ചത്. അപ്പോഴേക്കും എനിക്ക് അത്യാവശ്യം ഡബ്ബിങ് ഒക്കെയായി.

അമ്മയാണ് ഗുരു ?

‍ഡബ്ബിങ്ങിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുതന്നത് അമ്മയാണ്. ഇന്ന് ഓരോ ആർട്ടിസ്റ്റിന്റെയും ഭാഗം തനിച്ചു ഡബ് ചെയ്യാം, ഒരു മൂളൽ ആണെങ്കിൽ പോലും മുറിച്ചു മുറിച്ച് ടേക് എടുക്കാം. പണ്ടത്തെ കഥ അതല്ല. ലൂപ് സിസ്റ്റത്തിലാണ് വർക് ചെയ്യുന്നത്. ‍ആർട്ടിസ്റ്റുകൾ ഒന്നിച്ചു പ്രാക്ടീസ് ചെയ്ത് ടേക്കിൽ അവരവരുടെ ഭാഗം ഡബ് ചെയ്യണം. ഡയലോഗ് മനഃപാഠം പഠിച്ചാണ് ടേക്കിനു പോകുക.

കോട്ടയം ശാന്ത ചേച്ചിയും ആനന്ദവല്ലി ചേച്ചിയും ഹരിയേട്ടനും കുളത്തൂപ്പുഴ രവിയേട്ടനും (സംഗീതസംവിധായകൻ രവീന്ദ്രൻ) ഒക്കെ പ്രായം കൊണ്ടും സീനിയോറിറ്റി കൊണ്ടും ഗുരുതുല്യരാണ്. കോട്ടയം ശാന്ത ചേച്ചിയും ആനന്ദവല്ലി ചേച്ചിയുമൊക്കെ നായികമാർക്കു വേണ്ടി കരയുകയും ചിരിക്കുകയും ചെയ്യുന്നത് അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. കണ്ണാടിക്കു മുൻപിൽ നിന്ന് ഞാനും അതുപോലെ ഡയലോഗ് പറഞ്ഞു നോക്കും.

നായികയ്ക്കു വേണ്ടി ആദ്യമായി ഡബ് ചെയ്തതെന്നാണ് ?

1981ലാണത്, ‘ഇളനീർ’ എന്ന സിനിമയിലെ നായിക ജോളിക്കു വേണ്ടി. പിന്നീട് രണ്ടുവർഷം കഴിഞ്ഞ് ‘കാറ്റത്തെ കിളിക്കൂടി’ൽ രേവതിക്കും. ആദ്യമായി 3000 രൂപ പ്രതിഫലം കിട്ടിയത് ‘കാറ്റത്തെ കിളിക്കൂടി’ലാണ്.

ഒരു ദിവസം ഡബ് ചെയ്യാനായി സ്റ്റുഡിയോയിലെത്തിയപ്പോൾ അതാ ലാലേട്ടൻ. അഭിനയിച്ച സീനൊക്കെ നല്ല ഓർമയാണ് അദ്ദേഹത്തിന്. ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഹിന്ദി സെക്കൻഡ് ലാംഗ്വേജ് ‍പഠിച്ച ഞാൻ മലയാളം ഡയലോഗുകൾ ഇംഗ്ലിഷ് അക്ഷരങ്ങളിൽ എഴുതിയെടുത്താണ് ഡബ് ചെയ്യുന്നത്. കാണാപ്പാഠം പഠിക്കാനും സമയമെടുക്കും. ഇതിനിടെ എന്നെ ശുണ്ഠി പിടിപ്പിക്കാനായി ലാലേട്ടൻ തിരക്കു കൂട്ടും, ‘വേഗം പഠിക്ക്, വേഗം...’

നായികമാരുടെ തലമുറകൾ മാറിവരുമ്പോഴും ശ്രീജയുടെ ശബ്‌ദം അവർക്കെല്ലാം ഇണങ്ങുന്നതായി ?

രോഹിണി, സുനിത, രഞ്ജിനി, അഞ്ജു, മാതു, ചാർമിള, രഞ്ജിത, മോനിഷ, മഞ്ജു വാരിയർ, ദിവ്യ ഉണ്ണി, ഭാവന, സംയുക്ത വർമ, ശാലിനി, റോമ, കാവ്യ മാധവൻ, കത്രീന കെയ്ഫ്, ജൂഹി ചൗള, ലക്ഷ്മി റായ്, അനുഷ്ക (ബാഹുബലി ടു), ശ്രീദേവി (മോം), നയൻതാര, ദേവയാനി, ലൈല, രംഭ, റോജ... എല്ലാവരുടെയും പേര് ഓർമയില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട സിനിമകളിലായി 125ലേറെ നായികമാർക്ക് ഇതുവരെ ശബ്ദം നൽകി.

‘മനസ്സിനക്കരെ’ മുതൽ നയൻതാരയ്ക്കും ‘അഴകിയ രാവണൻ’ മുതൽ കാവ്യയ്ക്കും ഡബ് ചെയ്യ്തു. ‘അനിയത്തിപ്രാവി’ൽ ശാലിനിക്കു വേണ്ടി ഡബ് ചെയ്തതാണ് കരി യറിൽ ബ്രേക്കായത്. ബാലതാരമായി നമ്മൾ കണ്ട ശാലിനിയുടെ നായികയായുള്ള തിരിച്ചുവരവല്ലേ. സംവിധായകൻ എന്ന നിലയിൽ സ്ട്രിക്ട് ആണ് ഫാസിൽ ഇക്ക. ഡബ്ബിങ്ങിലുമുണ്ട് ആ കണിശത. കഥാപാത്രം ഇങ്ങനെയേ സംസാരിക്കാവൂ എന്നു നിർബന്ധമുണ്ട്. ‘സുധീ...’ എന്നു വിളിക്കുന്നതിന്റെ പിച്ച് വരെ കൃത്യമായി പറയും. ചില സീനുകളിൽ ശാലിനി നന്നായി കരയുന്നുണ്ട്. പക്ഷേ, ഡബ്ബിങ്ങിൽ അതൊക്കെ ഫാസിൽ ഇക്ക പിടിച്ചു. തിയറ്ററിൽ സിനിമ കണ്ടപ്പോഴാണ് സന്തോഷം കൊണ്ടു കരഞ്ഞു പോയത്. അത്ര സോഫ്റ്റ് ആയ പെൺകുട്ടിയാണ് മിനി. ‘നിറ’ത്തിലെ ഹൈ വോൾട്ടേജ് സോനയ്ക്കു വേണ്ടിയും ഡബ് ചെയ്തു.

sreeja-2

കുട്ടികൾക്കു മുതൽ പ്രായമായവർക്കു വേണ്ടി വരെ ഡബ് ചെയ്തു. മിമിക്രി പഠിച്ചിട്ടുണ്ടോ ?

ബേബി ശാലിനി, ബേബി അഞ്ജു, ബേബി മീന, ബേബി ശ്യാമിലി, മാസ്‌റ്റർ പ്രശോഭ്, മാസ്‌റ്റർ വിമൽ, മാസ്റ്റർ ബാദുഷ... പേരെടുത്തു പറയാൻ പലരെയും ഓർമയില്ല. ‘മാളൂട്ടി’യിൽ ഡബ് ചെയ്യുമ്പോൾ എനിക്ക് 27 വയസ്സുണ്ട്. മൂന്നു വയസ്സുകാരിക്കു വേണ്ടി ശബ്ദം പരമാവധി പിടിച്ചാണ് ഡബ്ബിങ്. ഉച്ചയാകുമ്പോഴേക്കും തൊണ്ട നീരു വന്നു വീങ്ങും. കഴുത്തിൽ ചൂടുപിടിച്ചിട്ടാണ് കിടക്കുക.

ഊമ കഥാപാത്രങ്ങൾക്കു വേണ്ടിയും ഡബ് ചെയ്തിട്ടുണ്ട്. ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യനി’ലെ കാവ്യ, ‘വാസന്തിയും ലക്ഷ്മി’യിലെ കാവേരി... ചിലപ്പോൾ ഒരേ സിനിമയിൽ തന്നെ ഒന്നിലധികം നടിമാർക്കു ശബ്ദം നൽകേണ്ടി വരും. ‘പൂക്കാലം വരവായി’ൽ സുനിതയ്ക്കും ശ്യാമിലിക്കും വേണ്ടിയും, ‘ബട്ടർഫ്ലൈസി’ൽ നായികയായ ഐ ശ്വര്യക്കും ചില കുട്ടികൾക്കും, ‘വടക്കുംനാഥനി’ൽ കാവ്യാമാധവനും പത്മപ്രിയക്കും, ‘ബോഡിഗാർഡി’ൽ നയൻതാരയ്ക്കും (ഫോണിലൂടെ ദിലീപിനെ പറ്റിക്കുമ്പോൾ) മിത്ര കുര്യനും ശബ്ദം കൊടുത്തു. ഇതൊക്കെയല്ലേ മിമിക്രി.

ഡബ്ബിങ്ങിനായി എന്തൊക്കെ മുന്നൊരുക്കം നടത്തും ?

ഓരോരുത്തരും ഡയലോഗു പറയുന്നത് ഓരോ രീതിയിലാകും. കാവ്യയുടെ ശബ്ദത്തിന് ഓപൺ സ്വഭാവമാണ്. ഭാവനയുടെ ശബ്ദം അത്ര സ്വീറ്റല്ല, സംസാരം തൃശൂർ സ്ലാങ്ങിലും. കഥാസന്ദർഭവും കഥാപാത്രത്തിന്റെ സ്വഭാവവും മനസ്സിലായി കഴിഞ്ഞാൽ ആ സ്ഥാനത്തു ‍ഞാനായിരുന്നെങ്കിൽ എന്നങ്ങു സങ്കൽപിക്കും. ശബ്ദം നന്നായിരിക്കാൻ പ്രത്യേകിച്ച് ചിട്ടയൊന്നുമില്ല. എല്ലാ ഭക്ഷണവും കഴിക്കും. ഡബ്ബിങ്ങിന്റെ തലേദിവസം ഐസ്ക്രീം പോലുള്ളവ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കും.

നായികയാകാൻ അവസരം വന്നില്ലേ ?

തമിഴിലെ സ്റ്റാർ ഡയറക്ടർ ഭാരതിരാജ സംവിധാനം ചെയ്യുന്ന ‘അലൈകൾ ഓയ്‌വതില്ലെ’യിൽ ഓഡിഷനു പോയി. തിരികെ പോരാൻ നേരം അദ്ദേഹം വയസ്സ് ചോദിച്ചു. പതിനാറെന്ന് അമ്മ പറഞ്ഞെങ്കിലും അദ്ദേഹത്തിനു വിശ്വാസം വന്നില്ല. ‘പതിമൂന്നിന്റെ ശരീരം പോലുമില്ലല്ലോ. എന്താ ഭ ക്ഷണം കഴിക്കാത്ത വീട്ടിലെ കുട്ടിയാണോ...’ പട്ടിണിയും പ്രാരബ്ധവും കൊണ്ട് അന്നു ഞാൻ മെലിഞ്ഞാണ്.

നായിക ആയില്ലെങ്കിലും ചില സിനിമകളിൽ വേഷം കിട്ടി. ‘പായുംപുലി’യിൽ വിശാലിന്റെ അമ്മയും ‘ഡോക്ടറി’ൽ ശിവകാർത്തികേയന്റെ അമ്മയും ‘പെട്രോമാക്സി’ൽ തമന്നയുടെ അമ്മയുമായി. മലയാളത്തിൽ ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’, ‘വരനെ ആവശ്യമുണ്ട്’ എന്നിവയിലെ റോളുകളും ശ്രദ്ധിക്കപ്പെട്ടു.

അമ്മയുടെ വഴിയേ രവീണയും ഡബ്ബിങ്ങിലേക്ക് ?

‘തൊട്ടാച്ചിണുങ്കി’ എന്ന സിനിമയിൽ ദേവയാനിക്കു വേണ്ടി ഡബ് ചെയ്തത് ഞാനാണ്. അതിന്റെ പരസ്യ റിക്കോർഡിങ്ങിനു വേണ്ടി പോയപ്പോൾ മോളും ഒപ്പമുണ്ടായിരു ന്നു. മോളുടെ ശബ്ദം കേട്ട് ഇഷ്ടപ്പെട്ട് ഡയറക്ടർ തന്നെയാണ് ടൈറ്റിൽ ഡബ് ചെയ്യിച്ചത്. അന്നവൾക്ക് ഒന്നേമുക്കാൽ വയസ്സേ ഉള്ളൂ. പിന്നീട് കുറച്ചു സിനിമകളിൽ ബാലതാരങ്ങൾക്കു വേണ്ടി ഡബ് ചെയ്തു.

‘ഭാസ്കർ ദി റാസ്കലി’ൽ നയൻതാരയ്ക്കു വേണ്ടി ഞാ ൻ ഡബ് ചെയ്യാൻ പോയപ്പോൾ മോളും കൂടെ ഉണ്ടായിരുന്നു. റഷസ് കണ്ടപ്പോൾ ഞാൻ സിദ്ദിഖ് ഇക്കയോടു ചോദിച്ചു, ‘മോളെ കൊണ്ട് ചെയ്യിച്ചാലോ’ എന്ന്. എട്ടുപത്തു വയസ്സുള്ള കുട്ടിയുടെ അമ്മ വേഷമാകുമ്പോൾ ശബ്ദത്തിൽ കുറച്ച് മെച്വരിറ്റി ഒക്കെ വരണം. അതോർത്ത് ഇക്കയ്ക്കു ചെറിയ സംശയം. ഞാൻ തന്നെ കൂടെ നിന്ന് ഡബ് ചെയ്യേണ്ട രീതിയൊക്കെ പറഞ്ഞുകൊടുത്തു. ‘ലൈഫ് ഓഫ് ജോസൂട്ടി’യിലും ‘ലവ് ആക്ഷൻ ഡ്രാമ’യിലും നയൻതാരയ്ക്കു വേണ്ടി ഡബ് ചെയ്തത് രവീണയാണ്.

രവീണ: തമിഴിൽ ‘സാട്ടൈ’ എന്ന സിനിമയിലാണ് ആദ്യമായി നായികയ്ക്കു വേണ്ടി ഡബ് ചെയ്തത്, മലയാളിയായ മഹിമ നമ്പ്യാർക്കു വേണ്ടി. തമിഴിൽ ‘ഐ’യിൽ എമി ജാക്സണു വേണ്ടി ഡബ് ചെയ്തതിനു ശേഷം നിറയെ അവസരങ്ങൾ വരാൻ തുടങ്ങി. മഡോണ, കാജൽ അഗർവാൾ, അമല പോൾ, മഞ്ജിമ മോഹൻ, മൃണാളിനി, രാശി ഖന്ന, നിധി അഗർവാൾ തുടങ്ങിയവർക്കു വേണ്ടി ഏതാണ്ട് നൂറോളം സിനിമകളിൽ ഡബ് ചെയ്തു. ‘മാസ്റ്ററി’ൽ മാളവിക മോഹനു വേണ്ടിയും‘ജയ് ഭീമി’ൽ രജീഷ വിജയനു വേണ്ടിയും. അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിൽ നിന്ന് അഭിനയവും ഡാൻസുമൊക്കെ പഠിച്ചു. അതിനു ശേഷമാണ് മലയാളത്തിൽ ‘നിത്യഹരിതനായകനി’ലെ നായികയായത്. തമിഴിൽ നായികയായ ‘ഒരു കിടായിൻ കരുണൈ മനു’വിന് നല്ല റിവ്യൂസ് കിട്ടി. ഒടുവിലിറങ്ങിയ തമിഴ് ചിത്രം ‘കാവൽതുറൈ, ഉങ്കൾ നൻപൻ’ സൂപ്പർഹിറ്റാണ്. വിശാലിനൊപ്പം അഭിനയിച്ച ‘വീരമേ വാകൈ ചൂടും’ റിലീസിനൊരുങ്ങുന്നു.

കലാരംഗത്തു നിന്നാണ് ജീവിതത്തിലെ കൂട്ടു കിട്ടിയത് ?

അമ്മയുടെ മരണത്തോടെ ഞാനാകെ തകർന്നു പോയിരുന്നു. മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ കരച്ചിൽ വന്നു തൊണ്ടയിൽ തടയും, വിങ്ങൽ കാരണം ഡയ ലോഗ് മുഴുവനാക്കാൻ പറ്റില്ല. അങ്ങനെയൊരു സങ്കടദിവസമാണ് ആദ്യമായി രവിയേട്ടനെ കാണുന്നത്. പിന്നണിഗായിക പാലയാട് യശോദയുടെ സഹോദരനായ അദ്ദേഹം ഗായകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റും ചിത്രകാരനുമൊക്കെയാണ്. പരിചയം അടുപ്പമായും പ്രണയമായും വളർന്നു. ധർമടത്താണ് രവിയേട്ടന്റെ വീട്.

രവീണയെ പ്രസവിച്ചു കിടന്ന കാലത്തും ഡബ്ബിങ്ങിനു പോയിട്ടുണ്ട്. സ്റ്റുഡിയോയിലേക്ക് കൈക്കുഞ്ഞിനെയും കൊണ്ട് രവിയേട്ടനും വരും. മോളെ പാലുകൊടുത്ത് ഉറക്കിയിട്ടാണ് ഞാൻ ഡബ്ബിങ്ങിനു കയറുക. അ ദ്ദേഹത്തിന്റെ പിന്തുണയും സ്നേഹവുമാണ് എന്റെയും മോളുടെയും കരിയർ ഇത്ര ഉയരത്തിലെത്താൻ കാരണം. ആ ശക്തി ഇപ്പോൾ കൂടെയില്ല. കോവിഡ് രവിയേട്ടനെ കൊണ്ടുപോയി. രവിയേട്ടൻ മുൻപ് മമ്മൂട്ടിക്ക് വരച്ചു നൽകിയ ഒരു പോർട്രയിറ്റ് മരണവാർത്തയ്ക്കൊപ്പം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ടാണ് പലരും ഏട്ടനിലെ കലാകാരനെ തിരിച്ചറിഞ്ഞത്.

രൂപാ ദയാബ്ജി

വനിത 2022ൽ പ്രസിദ്ധീകരിച്ച ലേഖനം