Monday 06 December 2021 04:56 PM IST

ഒരുമിച്ചു ജനനം, ഒരു പന്തലിൽ വിവാഹം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും ഒരേദിവസം: ഇരട്ടകൾക്ക് ഇരട്ടിമധുരം ഈ കുരുന്നുകൾ

Binsha Muhammed

twin-story

ശ്രീപ്രിയയും ശ്രീ ലക്ഷ്മിയും... അതും വെറും രണ്ടു പേരുകൾ മാത്രമല്ല. രണ്ടായി പിറവികൊണ്ടിട്ടും ഈശ്വരൻ മനസു കൊണ്ടൊട്ടിച്ചു നിർത്തിയ രണ്ടുടലുകളായിരുന്നു...

ജീവന്റെ ആദ്യ കണിക മുതൽ അവർ ഒന്നിച്ചായിരുന്നു. അമ്മയുടെ ഉള്ളില്‍ ജീവനായി തളിരിട്ടതൊരുമിച്ച്. ഈ മണ്ണിൽ പിറന്നതും വളർന്നതും ഒന്നിച്ച്. സ്നേഹവും കരുതലും പങ്കുവച്ച് പള്ളിക്കൂടത്തിന്റെ പടി ചവിട്ടുമ്പോൾ ഒരാളുടെ വിരൽത്തുമ്പു പിടിക്കാൻ മറ്റൊരാളുണ്ടായിരുന്നു. ഒരാളുടെ ഉള്ളൊന്നു നീറിയാലോ മുഖമൊന്നു വാടിയാലോ എന്തിനേറെ കണ്ണില്‍ നിന്നും ഒരുപൊടി കണ്ണീർ പൊടിഞ്ഞാൽ പോലും പിടയുന്നത് മറ്റൊരാളുടെ മനസായിരിക്കും.

കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയേയും ശ്രീലക്ഷ്മിയേയും ഇരട്ടകൾ എന്ന ഒറ്റ ടാഗ് ലൈനിൽ ചുരുക്കുക പ്രയാസം. ജന്മംകൊണ്ട് ഒന്നായെത്തുമ്പോഴും മറ്റൊരാൾക്കും ഇല്ലാത്ത അപൂർവ സമാനതകൾ ദൈവം അവർക്കായി കരുതിവച്ചു. 1995 ഒക്ടോബർ 11ന് ചന്ദ്രശേഖരൻനായരുടേയും അംബിക ദേവികയുടേയും ഇരട്ട കൺമണികളായി ഈ ലോകത്തെത്തിയ ഈ പെൺമണികൾ എല്ലാക്കാര്യത്തിലും ഒന്നിച്ചു തന്നെയായിരുന്നു. പഠനം ഒരുമിച്ച്, വിവാഹം ഒരുമിച്ച്. പക്ഷേ ശരിക്കുമുള്ള ട്വിസ്റ്റ് ഇതൊന്നുമായിരുന്നില്ല. ഇരുവരുടേയും ഉള്ളിൽ മൊട്ടിട്ട ജീവനുകൾ ഈ ഭൂമിയിൽ ഒരേ ദിവസം പിറവി കൊള്ളുക കൂടി ചെയ്തതോടെ ആ അപൂർവ സമാനത അടുത്ത തലമുറയിലേക്കു കൂടി കൈമാറ്റം ചെയ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് ഡോ. റെജി പങ്കുവച്ച സോഷ്യൽമീഡിയ പോസ്റ്റിന്റെ ട്വിൻ സ്റ്റോറിയുടെ കഥയറിഞ്ഞ് വനിത ഓൺലൈൻ എത്തുമ്പോൾ അങ്ങ് തലയോലപ്പറമ്പിലെ വീട്ടിൽ അമ്മച്ചൂടറിഞ്ഞ് ഉറങ്ങുകയാണ് ആ ‘ഇരട്ട കുഞ്ഞാവകൾ.’ അവർ പോലും അറിയാതെ അമ്മമാരിലൂടെ അവർ വൈറലായ കഥ ഇരട്ട അമ്മമാരിലൊരാളായ ശ്രീപ്രിയയാണ് വനിത ഓൺലൈനോട് പങ്കുവച്ചത്.

ഇരട്ട മധുരം

‘ഇങ്ങനെ കറക്റ്റ് ആയി എങ്ങനെ ഒപ്പിച്ചെടുത്തു.’ ഞങ്ങളുടെ കുഞ്ഞാവകളുടെ വരവറിഞ്ഞ പലരും ആദ്യം ചോദിക്കുന്നത് ഇതാണ്. എങ്ങനെ ഈ വിധം കൃത്യമായി എന്ന് ഞങ്ങൾക്കും അറിയില്ല. ചിലപ്പോൾ എന്റെയും ശ്രീലക്ഷ്മിയുടേയും മനസുകളുടെ ഇഴയടുപ്പമായിരിക്കാം. ഞങ്ങൾ വളർന്നതു പോലെ ഞങ്ങളുടെ കൺമണികളും വളരട്ടെ.’– ശ്രീലക്ഷ്മി പറഞ്ഞു തുടങ്ങുകയാണ്.

കുഞ്ഞുനാളുതൊട്ടേ എല്ലാ കാര്യത്തിലും ഒരുമിച്ചായിരുന്നു. ഇഷ്ടങ്ങൾ, താത്പര്യങ്ങൾ, അഭിരുചികൾ. അഭിപ്രായങ്ങൾ എല്ലാം ഒരുമിച്ച്. അണിയുന്ന വസ്ത്രങ്ങളിൽ തുടങ്ങി ശരീര ഭാഷ പോലും ഒന്നിച്ചായിരുന്നു എന്ന് പലപ്പോഴും പലരും പറയാറുണ്ട്. ഞങ്ങളെ അടുത്തറിയാത്തവർക്ക് പലപ്പോഴും ഞങ്ങളെ മാറിപ്പോകും.

അച്ഛന് പട്ടാളത്തിലായിരുന്നു ജോലി. മരിച്ചിട്ട് 5 കൊല്ലമാകുന്നു. അമ്മ ടീച്ചറാണ്. അമ്മ ജോലി ചെയ്തിരുന്ന മലപ്പുറത്തായിരുന്നു ഞങ്ങളുടെ സ്കൂൾ വിദ്യാഭ്യാസമൊക്കെ. അവിടെ ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഉപരിപഠനത്തിന്റെ സമയമായപ്പോഴും ഒരുമിച്ച് ബികോമിന് ചേർന്നു. പിന്നാലെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിന്.

twin-story-1

വിവാഹത്തിന്റെ സമയമായപ്പോള്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. അതുവരെ ഒന്നായി നടന്ന ഞങ്ങൾ രണ്ട് വീട്ടിലേക്ക് പോകുവാണല്ലോ. എത്രയൊക്കെ അടുപ്പമുണ്ടെങ്കിലും ഒന്നും പഴയതു പോലെ ആകില്ലല്ലോ? പക്ഷേ ഞങ്ങളുടെ മനസറിയുന്ന സ്നേഹനിധിയായ ഭർത്താക്കൻമാരെ തന്നെ ദൈവം അവിടെയും ഞങ്ങളെ ചേർത്തു നിർത്തി. കൊല്ലം സ്വദേശിയായ വിനൂപ് പി പിള്ളയാണ് എന്റെ ചെക്കൻ. അദ്ദേഹം കോയമ്പത്തൂരിലെ പാർലെ–ജി കമ്പനിയിൽ മാനേജറായി ജോലി ചെയ്തു വരികയാണ്. ശ്രീലക്ഷ്മിയെ വിവാഹം ചെയ്തത് തിരുവന്തപുരം സ്വദേശിയായ ആകാശ് നാഥ്. ആകാശ്  തിരുവനന്തപുരത്ത് ഒരു സൂപ്പർ മാർക്കറ്റ് നടത്തി വരികയാണ്.

അങ്ങനെ 2020 ഡിസംബർ 11 ഒരു വേദിയിലെ ഇരുമണ്ഡപങ്ങളിൽ വച്ച് ഒരേ മൂഹൂർത്തത്തിൽ അവർ ഞങ്ങൾക്ക് താലിചാർത്തി. ഞങ്ങളുടെ ‘ട്വിന്‍ സ്റ്റോറിയിലെ’ സമാനതകളുടെ തുടർച്ചയായിരുന്നു അത്. അന്ന് രണ്ട് വീടിന്റെ മരുകളായി ഞങ്ങൾ‌ ചെല്ലുമ്പോൾ തിരുവനന്തപുരവും കൊല്ലവും അധികം അകലെയെല്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ആശ്വാസം. രണ്ടിടങ്ങളിൽ ആയിരുന്നപ്പോഴും അകലെയല്ല എന്ന് ഞങ്ങൾ തോന്നിപ്പിച്ചു കൊണ്ടേയിരുന്നു. കോളുകളായും മെസേജുകളായും അങ്ങനെ....

twin-story-2

ഒരാഴ്ചയുടെ മാത്രം വ്യത്യാസത്തിൽ പ്രെഗ്നെൻസി ടെസ്റ്റ് കിറ്റിൽ പോസിറ്റീവ് വര തെളിഞ്ഞതായിരുന്നു അടുത്ത ട്വിസ്റ്റ്. ശരിക്കും ത്രില്ലടിച്ചു പോയി. അന്നു തൊട്ടുള്ള പ്രസവ ശ്രുശ്രൂഷകളും തുടർ ചികിത്സകളും എല്ലാം ഒരുമിച്ച് ഒരു ഡോക്ടറുടെ കീഴിൽ. പരസ്പരം, ആശ്വസിപ്പിച്ചും തണൽ മരങ്ങളായും ഞങ്ങള്‍ ഞങ്ങൾക്ക് കൂട്ടായി നിന്നു. പിന്നെ എല്ലാമെല്ലാമായ ഞങ്ങളുടെ കെട്ട്യോൻമാരുടെ കരുതലും. പക്ഷേ ശരിക്കുമുള്ളൊരു സമാനത ബാക്കിയായിരുന്നു. ഉള്ളിൽ മിടിച്ച കുഞ്ഞു ജീവൻ ഈ ഭൂമിയിലെത്താനിരുന്ന ദിനം. ദൈവത്തിന്റെ കലണ്ടറിൽ അവിടെയും ഒരൊറ്റ ദിവസം ഞങ്ങൾക്കു രണ്ടു പേർക്കുമായി മാറ്റിവച്ചു. ഇക്കഴിഞ്ഞ നവംബർ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയുടെ ലേബര്‍ റൂമിന്റെ ഇടനാഴിയിൽ ഒരുമിച്ച് ഒരേ സമയം ഞങ്ങളുടെ രാജകുമാരിമാരുടെ കരച്ചിൽ ശബ്ദമുയർന്നു. ഞങ്ങളെപ്പോലെ അവരും ഒരുമിച്ച് ഒരേസമയം ഈ ഭൂമിയിൽ വരവറിയിച്ചു.

ഡോ. റജി ദിവാകറാണ് ഈ അപൂർവതയുടെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അറിഞ്ഞപാടെ ആശംസ പ്രവാഹവുമായി ഒരുപാടു പേരെത്തി. ഇതെങ്ങനെ കിറുകൃത്യമായി എന്നൊക്കെയാണ് പലരും ചോദിച്ചത്. ഞങ്ങൾ പോലും അറിയാത്ത പലരും കുഞ്ഞാവകളെ കാണാൻ വരുമെന്നറിയിച്ചിട്ടുണ്ട്. എല്ലാവരും കാട്ടുന്ന സ്നേഹത്തോട് തിരിച്ചും സ്നേഹം. ഞങ്ങളെ കുഞ്ഞുങ്ങൾക്കായി എല്ലാവരും പ്രാർഥിക്കുക. ഞങ്ങൾ സ്നേഹിച്ചതു പോലെ അവരും പരസ്പരം സ്നേഹിച്ചു വളരട്ടെ. മൂല്യമുള്ളവരായി ഈ ഭൂമിയിൽ ജീവിക്കട്ടെ.- ശ്രീപ്രിയ പറഞ്ഞു നിർത്തി.