Monday 22 October 2018 05:25 PM IST : By സ്വന്തം ലേഖകൻ

‘ഈ റോസാപ്പൂക്കൾ അവിടെ വയ്ക്കാമോ?, എന്റെ പ്രിയന്റെ ചിതാഭസ്മം ആ തടാകത്തിലുണ്ട്’; ലോകത്തെ കരയിക്കുന്നു ഈ ചിത്രം

rose

ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. വേദനകളുടെ വേലിയേറ്റങ്ങൾക്കിടയിലും ഒരു പക്ഷേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ ജ്വലിക്കുന്ന ഓർമ്മകളായിരിക്കും.

പ്രിയപ്പെട്ടവന്റെ വിയോഗം സമ്മാനിച്ച വേദനയിലലിഞ്ഞ് ഒരു പെൺകൊടി എഴുതിയ കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയുടെ കണ്ണുനനയിക്കുന്നത്. അദൃശ്യസാന്നിദ്ധ്യമായി തന്നോടൊപ്പമുള്ള ആ ആത്മാവ് തനിക്കു പറയാനുള്ളത് കേൾക്കുന്നുണ്ടാകും എന്ന വിശ്വാസത്തിൽ നിന്നാണ് ആ കുറിപ്പ് പിറന്നത്.

''ആരെങ്കിലും എനിക്കുവേണ്ടി ഇതൊന്ന് ആ തടാകത്തിനരികെ വെയ്ക്കാമോ? മരിച്ചുപോയ എന്റെ ഭർത്താവിന്റെ ചിതാഭസ്മം ഈ തടാകത്തിലാണ് നിക്ഷേപിച്ചത്. ‌ഈ വീൽചെയറിലിരുന്ന് എനിക്കാ തടാകതീരത്തേക്ക് എത്താൻ സാധിക്കില്ല. ഇന്ന് എനിക്ക് നോർത്തിലേക്ക് മടങ്ങിപ്പോകണം'', ഒരു റോസാപുഷ്‍പം ഒപ്പം ചേർത്തുവെച്ചാണ് കുറിപ്പ്.

ആ കത്ത് തടാകതീരത്തുവെച്ചെന്ന് നീന്തൽ ക്ലബ്ബായ ബിവിജിഎസ് റോവിങ്ങ് പിന്നീട് ട്വീറ്റ് ചെയ്തതോടെ ലോകത്തിന്റെ കണ്ണുനനയിച്ച് ആ കത്ത് സോഷ്യൽ മീഡിയയിൽ പാറിപ്പറന്നു. കൂടെ ആ റോസാപുഷ്പം തടാകത്തിൽ ഒഴുകിനടക്കുന്ന ചിത്രവും. കത്തെഴുതിയ ആൾ ഈ വിവരം അറിയണമെന്ന ആഗ്രഹത്താൽ നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്യുന്നത്.