Wednesday 21 April 2021 04:06 PM IST : By സ്വന്തം ലേഖകൻ

‘ഒരു നാൾ നീ തിരിച്ചു വരണേയെന്ന് മനമുരുകി പ്രാർത്ഥിച്ചു’: സുബീറ നാട്ടുകാരിക്കുട്ടി: വേദനയോടെ കുറിപ്പ്

subeera-451

സുബീറ ഫർഹത്തിനെ ഓർത്ത് തേങ്ങുകയാണ് നാട്. ഒരു നാടിന്റെയൊന്നാകെ പ്രാർത്ഥനകളും കാത്തിരിപ്പും അസ്ഥാനത്താക്കി സുബീറ മണ്ണിലേക്ക് മടങ്ങുമ്പോൾ നീതി അകലെയാണോ എന്ന ചോദ്യം ബാക്കി. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപം പറമ്പിലാണ് സുബീറയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽനാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലായിരുന്ന പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനത്തിനുശേഷമുള്ള കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹത്തിനെ  മാർച്ച് 10 മുതലാണ് കാണാതായത്.

സുബീറയുടെ മരണത്തിൽ ആദരമർപ്പിച്ചും നീതിതേടിയും നാട്ടുകാരി കൂടിയ ആയിഷ ബഷീർ പങ്കുവച്ച കുറിപപ് ശ്രദ്ധേയമാകുകയാണ്. ‘സ്ത്രീസുരക്ഷക്കായ് പുകൾപെറ്റ യിടമെന്ന് കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലാണ് സ്ത്രീകളുടെ രാത്രിയാത്ര സ്വാതന്ത്ര്യമെന്ന പ്രഹസനപ്പാട്ടുകൾക്കുമിടയിൽ പട്ടാപകൽ ഒരു പെൺകുട്ടിക്ക് ഇത് സംഭവിച്ചിരിക്കുന്നത്.’– ആയിഷ രോഷത്തോടെ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കണ്ണില്ലാത്ത ക്രൂരതയാണ്.

കാത്തിരിപ്പിന് വിരാമമിട്ട് അവൾ യാത്രയായിരിക്കുന്നു...

സുബീറ ഫർഹത്ത്..

ഒരു നാൾ നീ തിരിച്ചു വരണേയെന്നായിരുന്നു ഇന്നലെ വരെയും പ്രാര്ഥിച്ചിരുന്നത്...

സ്ത്രീസുരക്ഷക്കായ് പുകൾപെറ്റ യിടമെന്ന് കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലാണ് സ്ത്രീകളുടെ രാത്രിയാത്രസ്വാതന്ത്ര്യമെന്ന പ്രഹസനപ്പാട്ടുകൾക്കുമിടയിൽ പട്ടാപകൽ ഒരു പെൺകുട്ടിക്ക് ഇത് സംഭവിച്ചിരിക്കുന്നത്...

ഇതൊരിക്കലും അവസാനത്തെ സംഭവമാകുകയില്ല...

നാളെ എനിക്ക്, എന്റെ പെണ്കുഞ്ഞുങ്ങൾക്ക്.. നിങ്ങൾക്ക്.. നിങ്ങളുടെ കുഞ്ഞുങ്ങളുടെ വായക്ക് നേരെയും ഒരു കൈ നീണ്ടു വന്നേക്കാം..

നാട്ടുകാരിക്കുട്ടിയാണ്,

ഇന്നലെ ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ചു കൊണ്ട് കരള് പൊടിയുന്ന വർത്തകളാൽ കടന്നു പോയിരിക്കുന്നത്..

അർഹമായ നീതി ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

നിനക്ക് വേണ്ടി നാല്പതോളം ദിവസങ്ങളായി കണ്ണീരോടെ കാത്തിരുന്ന മാതാപിതാക്കൾക്ക് സർവ്വശക്തൻ ക്ഷമ നല്കട്ടെയെന്ന പ്രാർത്ഥനയും.