Friday 18 August 2023 12:55 PM IST : By സ്വന്തം ലേഖകൻ

ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകി വനിത–സപ്ലൈകോ ഓണം ഫെയർ; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നു തുടക്കം...

supplyco-vanitha-onam-fair-kaloor-cover

ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകി ഈ വർഷത്തെ ഷോപ്പിങ് മാമാങ്കത്തിനു കൊച്ചിയിൽ തുടക്കം. വിപണിയിലെ വിലക്കയറ്റത്തെ വെല്ലുവിളിച്ചുകൊണ്ട് ഉപഭോക്താക്കൾക്കൊപ്പം നിൽക്കുന്ന വനിത–സപ്ലൈകോ ഓണം ഫെയർ ഇന്നു മുതൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിക്കും. വനിതയും സപ്ലൈകോയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണച്ചന്തയും ഈ വർഷം ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്നുണ്ട്. ഏറ്റവും ജനപ്രിയ ഷോപ്പിങ് മേളയായ ഓണം ഫെയർ മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളുടെയും സമ്മാനങ്ങളുടെയും ഉത്സവമൊരുക്കുന്ന നിരവധി സ്റ്റാളുകളാണ് അണിനിരത്തുന്നത്.

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്തി സാധാരണക്കാരുടെ ഒാണബജറ്റിനെ എക്കാലത്തും താങ്ങി നിർത്തുന്നതാണ് സപ്ലൈകോയുടെ ഒാണച്ചന്തകൾ. വീട്ടിലേക്കുള്ള സാധനങ്ങൾ വിലക്കുറവിൽ വാങ്ങാനാവുമെന്നതിനൊപ്പം നല്ല ഗുണനിലവാരമുള്ളതും അത്യാകർഷകവും അപൂർവ്വവുമായ ഉത്പന്നങ്ങളും സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് വനിത ഒരുക്കുന്ന കൺസ്യൂമർ എക്സിബിഷനുകൾ.

നിത്യോപയോഗ സാധനങ്ങൾക്ക് വൻ ഓഫറുകൾ

supplyco-vanitha-onam-fair-kaloor-stall3

പൊതുവിപണിയിൽ സജീവമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ, സബ്സിഡി സാധനങ്ങൾ നൽകുന്നതിനു പുറമേ, വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ ഓഫറുകൾ ആണ് സപ്ലൈകോ ഓണം ഫെയറിലൂടെ നൽകുക. മൾട്ടി നാഷനൽ കമ്പനികൾ ഉൾപ്പെടെയുള്ള വിതരണക്കാരിൽ നിന്നും സപ്ലൈകോ ഓണം ഫെയറിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാക്കും. നിലവിൽ സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ, വിവിധ ഉൽപ്പന്നങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും. ആധുനിക സൂപ്പർമാർക്കറ്റുകളെ വെല്ലുന്ന രീതിയിലുള്ള ഇൻറീരിയർ സൗകര്യങ്ങളും വിൽപനരീതിയും ഈ വർഷത്തെ ഓണച്ചന്തയിൽ ഉണ്ടായിരിക്കും.

വൈവിധ്യമാർന്ന ഉൽപന്നശ്രേണിയും സുഖകരമായി ഷോപ്പിങ് ചെയ്യാനുള്ള സൗകര്യവും കൊണ്ട് കേരളമാകെ ശ്രദ്ധ നേടുന്ന മെഗാ ഷോപ്പിങ് മേളയാണ് വനിത–സപ്ലൈകോ ഓണം ഫെയർ. മറ്റൊരു സീസണിലും ലഭിക്കാത്തത്ര ആകർഷകമായ സമ്മാനങ്ങളും വിസമയിപ്പിക്കുന്ന ഷോപ്പിങ് അനുഭവവും ഈ ദിവസങ്ങളിൽ നേടാം. ഒരു വർഷത്തേക്കുള്ള കുടുംബ ഷോപ്പിങ് ഒറ്റ സന്ദർശനത്തിൽ സാധ്യമാകുന്ന വിധത്തിലാണു മേള സജ്ജമാക്കിയിട്ടുള്ളത്. ഏത് ഉൽപന്നത്തിനും മികച്ച വിപണി ഒരുക്കുന്ന മേളയിൽ കേരളത്തിൽ സാധാരണ ലഭിക്കാത്ത ഉത്തരേന്ത്യൻ ഉൽപന്നങ്ങളുടെ ശേഖരവും തനി നാടൻ ഉൽപന്നങ്ങളും തനിമ ചോരാതെ സ്വന്തമാക്കാം. കേരളത്തിലെ സംരംഭകരും ഉപഭോക്താക്കളും ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിങ് ഉത്സവം ‘ഓണം ഫെയർ’ മാത്രമാണ്.

supplyco-vanitha-onam-fair-kaloor-stall2

ഫർണിച്ചർ, മാർബിൾ, ഓട്ടോമൊബീൽ, കരകൗശല വസ്തുക്കൾ, കൗതുകമുണർത്തുന്ന ഗൃഹോപകരണങ്ങൾ, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അതിമനോഹരമായ തുണിത്തരങ്ങൾ, കൊതിയൂറും മധുരങ്ങൾ, അതിശയിപ്പിക്കും അച്ചാറുകൾ, അപൂർവമായ അലങ്കാര വസ്തുക്കൾ, അവഗണിക്കാനാകാത്ത പലചരക്കു സാധനങ്ങൾ തുടങ്ങി നല്ല ഗുണമേന്മയുള്ള എല്ലാത്തരം ഉൽപന്നങ്ങളും ഇവിടെ ഒരു കുടക്കീഴിലുണ്ട്. നാടൻ ഉൽപന്നങ്ങൾ മുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ നേരിട്ടു കണ്ടറിഞ്ഞും വിലപേശിയും താരതമ്യം ചെയ്തും വാങ്ങാൻ ഇവിടെയെത്താം. സംതൃപ്തിയേകുന്ന ഷോപ്പിങ്ങും ആസ്വാദ്യമായ നിമിഷങ്ങളും കുടുംബത്തിനു സമ്മാനിക്കാൻ സമൂഹത്തിലെ പ്രമുഖരടക്കം പങ്കെടുക്കുന്ന അപൂർവം കൺസ്യൂമർ എക്സിബിഷനുകളിലൊന്നാണ് ഓണം ഫെയർ.

supplyco-vanitha-onam-fair-kaloor-stall

മേളയെ സമൃദ്ധമാക്കാൻ സ്വാദൂറും ചൂടു വിഭവങ്ങളുമായി കുടുംബശ്രീ ഫൂഡ്കോർട്ടും സജ്ജമാണ്. രുചിയേറിയതും ആരോഗ്യകരവുമായ പാനീയങ്ങൾക്കൊപ്പം നാടൻ രുചിയും ഫാസ്റ്റ്ഫൂഡ് രുചിയും ഇവിടെ നിന്നു നുണയാം. മനംകവരുന്ന വിനോദപരിപാടികളും കൂട്ടിനെത്തുന്നുണ്ട്. കൂട്ടുകാർക്കൊപ്പമോ ഒറ്റയ്ക്കോ കുടുംബവുമൊത്തോ ഇവിടെയെത്തി ദിവസം അവിസ്മരണീയമാക്കാം. ഓണമധുരങ്ങളും ചമയങ്ങളും മനസിൽ ഉല്ലാസം നിറയ്ക്കാൻ തുടങ്ങുന്ന ഈ ദിവസങ്ങളിൽ സമൃദ്ധിയുടെ പൊൻവസന്തമൊരുക്കി ഓണം ഫെയർ സ്നേഹത്തോടെ ഓരോ മലയാളിയേയും സ്വാഗതം ചെയ്യുകയാണ് .