Monday 29 January 2024 11:03 AM IST : By സ്വന്തം ലേഖകൻ

'മഹാത്മ'യിലെ അംഗങ്ങൾക്കൊപ്പമാകണം വിവാഹം: പ്രിയപ്പെട്ടവരെ സാക്ഷിയാക്കി സുരഭിയും രതീഷും ജീവിതയാത്ര തുടങ്ങി

pathanamthitta-surabhi-ratheesh

സ്നേഹത്തിന്റെയും ഒരുമയുടെയും കതിർമണ്ഡപമായി കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രം. മഹാത്മ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി സുരഭിയും രതീഷും ജീവിതയാത്ര തുടങ്ങി. കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമം വ്യത്യസ്തമായ ചടങ്ങിനാണു ഇന്നലെ വേദിയായത്. 

മഹാത്മ ജനസേവന കേന്ദ്രത്തിൽ സംഗീതാധ്യാപികയായി പ്രവർത്തിക്കുന്ന അടൂർ പന്നിവിഴ വിളയിൽ തെക്കേപ്പുര സോമൻ, സുനിത ദമ്പതികളുടെ മകൾ സുരഭിയും ആലപ്പുഴ താമരക്കുളം പുളിവിളയിൽ കിഴക്കേമുറി വീട്ടിൽ രവി, സുശീല ദമ്പതികളുടെ മകൻ രതീഷുമാണ് മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ വിവാഹിതരായത്.

കലാമണ്ഡലത്തിൽ നിന്ന് സംഗീത ബിരുദം നേടിയ സുരഭി കഴിഞ്ഞ മൂന്നു വർഷമായി മഹാത്മയിലെ കുടുംബാംഗങ്ങൾക്കും പ്രവർത്തകർക്കും കുട്ടികൾക്കും സംഗീതം പഠിപ്പിച്ചുവരുകയാണ്. തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായ മഹാത്മയിലെ അംഗങ്ങൾക്കൊപ്പമാകണം വിവാഹമെന്നും അല്ലാതൊരു സ്ഥലത്തു നടത്തിയാൽ ഇവർക്ക് ആർക്കും പങ്കെടുക്കാൻ കഴിയില്ല എന്നതുകൊണ്ടുമാണ് മഹാത്മയിൽ വിവാഹം നടത്താൻ സുരഭി തീരുമാനിച്ചത്.

ചെയർമാൻ രാജേഷ് തിരുവല്ല ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു നൽകി. സുരഭിയുടെ തീരുമാനമറിഞ്ഞ സഹപ്രവർത്തകർ കല്യാണ സദ്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ വിവാഹച്ചടങ്ങ് ആഘോഷമായി മാറി.

Tags:
  • Spotlight