Monday 22 March 2021 12:24 PM IST : By സ്വന്തം ലേഖകൻ

ജീവിത വിജയം എന്താണെന്നറിയാമോ? നിങ്ങൾ നിങ്ങൾക്കായി എന്നെങ്കിലും ജീവിച്ചിട്ടുണ്ടോ? ശ്രദ്ധേയമായി കുറിപ്പ്

suresh-c-pillai223

"ഓർമ്മകളിൽ കയറിപ്പറ്റാൻ നമ്മൾ നമ്മളെ മറക്കുന്നതല്ല ജീവിതം. നിങ്ങൾ നിങ്ങൾക്കായി എന്നെങ്കിലും ജീവിച്ചിട്ടുണ്ടോ? ഒരാഴ്ചയെങ്കിൽ, ഒരാഴ്ച നമുക്കായി, നമുക്ക് മാത്രമായി ജീവിക്കണം, അടയാളപ്പെടുത്തലുകൾക്കല്ലാതെ."- സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് വായിക്കാം; 

"ജീവിതത്തിൽ ഒന്നും കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞില്ല സുരേഷ്, ജീവിക്കാൻ ഇനിയും മാസങ്ങളെ ഉള്ളൂ, ചിലപ്പോൾ ദിവസങ്ങളും."

"അങ്ങ്, ആയിരക്കണക്കിന് കുട്ടികളുടെ മനസ്സിൽ ഇല്ലേ.  നല്ലൊരു അധ്യാപകൻ അല്ലെ?  അത്രയും ഒരംഗീകാരം ഉള്ളവർ അധികം ഇല്ലല്ലോ?"

"അതല്ലടാ ഒരു  ബ്രേക്ക്ത്രൂ ഒന്നും ഉണ്ടാക്കാൻ പറ്റി ഇല്ല. ലോകത്തിനായി എന്റെ സംഭാവന എന്ന് പറയാൻ ഒന്നുമില്ല.  ഒരു സിനിമയിൽ മുഖം കാണിക്കാൻ, അല്ലെങ്കിൽ ഒരു പാട്ടു കംപോസ് ചെയ്യാൻ.... അങ്ങിനെയൊന്നും...” അദ്ദേഹത്തിന്റെ കണ്ണുകൾ ആർദ്രമായി. 

"ജീവിതത്തിലേക്ക് തിരിച്ചു വരും, ആഗ്രഹങ്ങൾ എല്ലാം നടക്കും." കൂടുതൽ ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.  കൈകൾ കൂട്ടിപ്പിടിച്ചു ഒരു ഹഗ് കൊടുത്തിട്ടു ഞാൻ പടിയിറങ്ങി. ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷം  അദ്ദേഹം മരിച്ചു. 

മറ്റൊരനുഭവം സുഹൃത്തു പങ്കുവച്ചതാണ്.  

സുഹൃത്തിന്റെ സഹോദരന്  പെട്ടെന്ന് മാരകമായ അസുഖം പിടിപെടുന്നു.  ജീവിക്കാൻ ഏതാനും മാസങ്ങൾ. ഒറ്റയ്ക്കാണ്, കുടുംബവും പ്രാരാബ്ദങ്ങളും ഒന്നുമില്ല.  ജീവിതം മാസങ്ങളെ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞു. ട്രീറ്റ്മെന്റ് ആരംഭിച്ചു. ട്രീറ്റ്മെന്റിന്റെ  ഇടവേളയിൽ സുഹൃത്തുമായി യാത്രകൾ  പോയി, നന്നായി ഭക്ഷണം കഴിച്ചു, തമാശകൾ പറഞ്ഞു ചിരിച്ചു, സിനിമകൾ കണ്ടു. അദ്ദേഹവും കുറച്ചു കാലം കഴിഞ്ഞപ്പോൾ ലോകത്തോട് വിട പറഞ്ഞു. 

ആദ്യത്തെ സുഹൃത്തിനെ ഇടയ്ക്കൊക്കെ ആലോചിക്കും. നമ്മളൊക്കെ പലരും അതുപോലെയല്ലേ?  

അടയാളങ്ങൾ ഉണ്ടാക്കുവാനായി ജീവിക്കുന്നവർ. മറ്റുള്ളവർക്ക് ഓർക്കുവാനായി ജീവിതം ഹോമിക്കുന്നവർ. അദ്ദേഹം ജീവിതം കുറച്ചേ ഉള്ളൂ എന്നറിഞ്ഞ സമയം പോലും ഒന്നും ചെയ്തില്ല എന്ന് വ്യസനിച്ചു ജീവിച്ചു. സുഹൃത്തിന്റെ സഹോദരനോ? ബാക്കിയുള്ള സമയം നന്നായി ആസ്വദിച്ചു ജീവിച്ചു   മരിച്ചു. 

ഓർമ്മകളിൽ കയറിപ്പറ്റാൻ നമ്മൾ നമ്മളെ മറക്കുന്നതല്ല ജീവിതം. നിങ്ങൾ നിങ്ങൾക്കായി എന്നെങ്കിലും ജീവിച്ചിട്ടുണ്ടോ? ഒരാഴ്ചയെങ്കിൽ, ഒരാഴ്ച നമുക്കായി, നമുക്ക് മാത്രമായി ജീവിക്കണം, അടയാളപ്പെടുത്തലുകൾക്കല്ലാതെ. 

അമേരിക്കൻ എഴുത്തുകാരൻ Christopher Morley പറഞ്ഞത് എത്ര ശരിയാണ്. "There is only one success, to be able to spend your life in your own way."  

ജീവിത വിജയം എന്താണെന്നറിയാമോ? നിങ്ങളുടെ സമയം നിങ്ങൾക്കിഷ്ടമുള്ളതു പോലെ ചിലവഴിക്കാൻ പറ്റുന്നതാണ്, അല്ലാതെ മറ്റുള്ളവരുടെ ഓർമ്മകളിൽ കയറിപ്പറ്റുന്നതല്ല.

Tags:
  • Spotlight
  • Social Media Viral