Wednesday 26 August 2020 01:43 PM IST

‘നിങ്ങളെന്റെ കൂടെ നിൽക്കില്ലേ?’; എന്നെയും മകളേയും നെഞ്ചോട് ചേർത്ത് നിർത്തി അന്ന് സിബു ചോദിച്ചു; സ്വപ്നയുടെ പകയിൽ വെന്തുരുകിയ കുടുബം

Sujith P Nair

Sub Editor

swapna-suresh ചിത്രം; അരുൺ സോൾ

അഞ്ചു വർഷമായി ഞങ്ങൾ ഞങ്ങളിലേക്കു തന്നെ ഒതുങ്ങിയിട്ട്. അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു പോലും പോകാറില്ല. മകളുടെ പഠനചെലവുകൾ കേസിനിടെ താങ്ങാനാകാത്തതായി. കേസ് നീണ്ടുപോയാൽ ഞങ്ങൾക്ക് സിബുവിനെ നഷ്ടമാകുമെന്ന് വരെ തോന്നി. പ്രാർഥന മാത്രമായിരുന്നു ആശ്വാസം...’’

തിരയടങ്ങിയ കടലുപോലെ ഗീതാദേവി സംസാരിക്കുകയാണ്. വാക്കുകളിൽ നിന്ന് അവരനുഭവിച്ച ആയുസ്സിന്റെ വേദന മുഴുവനും വായിച്ചെടുക്കാം. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷും കൂട്ടരും വാർത്തയാകുന്നതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു പഴയ കേസിന്‍റെ പിന്നാമ്പുറ കഥകളാണിത്. സ്വപ്നയുടെ പകയിൽ വെന്തുരുകിയ ഒരു കുടുംബത്തിന്റെ ജീവിതകഥ.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്ഥാപനമായ എയർ ഇന്ത്യ സാറ്റ്സ് പ്രൈവറ്റ് ലിമിറ്റ‍ഡിൽ സ്വപ്ന ജീവനക്കാരി ആയിരുന്ന കാലം. സ്വപ്നയും കൂട്ടരും നടത്തിയ ചില നീക്കങ്ങള്‍ക്ക് എതിരു നിന്നതാണ് തിരുവനന്തപുരം പട്ടം സ്വദേശി എൽ.എസ്. സിബു എന്ന എയർ ഇന്ത്യ ജീവനക്കാരൻ അവരുടെ ശത്രുവായതിന്‍റെ കാരണം. പിന്നീട് സിബുവിനെതിരേ വ്യാജ പീഡന പരാതികളടക്കം സ്വപ്ന നടത്തിയ നീക്കങ്ങൾ സിനിമാകഥയെ വെല്ലുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സിബുവിനെതിരേയു ള്ള 17 പേർ ഒപ്പിട്ട പരാതി വ്യാജമാണെന്നു കോടതി വിധിച്ചു. സ്വർണക്കടത്തിന്റെ കഥയ്ക്കൊപ്പം വേണം സിബുവിന്‍റെ ഭാര്യ ഗീതാദേവി പറയുന്ന ഈ കനൽക്കഥകൾ കേൾക്കാൻ.

എല്ലാത്തിന്റെയും തുടക്കം...

‘‘തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് സർവീസ് വിഭാഗത്തിലായിരുന്നു സിബുവിനു ജോലി.’’ ഗീതാേദവി ഒാര്‍ക്കുന്നു. ‘‘ബാഗേജും മറ്റും വരുന്ന ഉപകരണങ്ങളുെട ചുമതലയാണ്. യാത്രക്കാരുടെ െസക്‌ഷനുമായി നേരിട്ട് ബന്ധമൊന്നും ഇല്ല. എയർ ഇന്ത്യ സ്റ്റാഫിന്റെ യൂണിയനായ ‘എയർഇന്ത്യ എംപ്ലോയീസ് ഗിൽഡ്’ നേതാവ് കൂടിയാണ് സിബു.

പരുക്കനെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ചിലപ്പോ ൾ രാവിലെ നാലു മണിക്കൊക്കെ ഡ്യൂട്ടിക്ക് പോണം. കൂടെ ജോലി ചെയുന്ന സ്ത്രീ സഹപ്രവർത്തകരൊക്കെ ലിഫ്റ്റ് ചോദിക്കാറുണ്ട്, അവർക്ക് അത്ര വിശ്വാസമാണ്. അൽപം കടുംപിടുത്തക്കാരൻ എന്നതൊഴിച്ചാൽ ‘പെർഫെക്റ്റ് ജെന്റിൽമാൻ.’

swapna-1

ബിനോയ് ജേക്കബ് എന്ന ഉദ്യോഗസ്ഥന്‍ എയർഇന്ത്യ സാറ്റ്സ് വൈസ് പ്രസിഡന്റായി തിരുവനന്തപുരത്തുണ്ട്. അയാളുടെ വലംകൈ ആയി സ്വപ്ന സുരേഷും. ഇടയ്ക്ക് ഇരുവരുടെയും അനധികൃതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. യൂണിയൻ നേതാവായതു കൊണ്ട് സിബുവിനെയും ചിലർ ഈ വിവരങ്ങള്‍ അറിയിച്ചു.

എയർഇന്ത്യയുടെ തിരുവനന്തപുരം ഓഫിസിൽ ഒരു ബോ ർഡ് ഉണ്ട്, ‘അഴിമതിക്കെതിരേ പ്രതികരിക്കുക.’ ഒപ്പം അഴിമതി കണ്ടാൽ അറിയിക്കേണ്ട സിബിഐയുടെ നമ്പറും വിലാസവും. എയർ സാറ്റ്സിലെ ചിലരുടെ അഴിമതിയിലൂടെ എയർപോർട്ട് അതോറിറ്റിക്ക് വന്ന നഷ്ടം നേരിട്ടു മനസ്സിലാക്കിയ സിബു 2014 സെപ്റ്റംബർ 25ന് പ്രധാനമന്ത്രിക്കും സിബിഐക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷനർക്കും പരാതിയുടെ പകർപ്പ് നൽകി. അതിനു ശേഷമാണ് ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം തകിടം മറിഞ്ഞത്.

ഒന്നും നിനച്ചിരിക്കാതെ...

2015 ജനുവരി 21ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ തിരുവനന്തപുരം വിമാനത്താവള മേധാവിക്ക് ഒരു പരാതിയുടെ പകർപ്പ് അയച്ചു കൊടുത്തു. എയർഇന്ത്യ സാറ്റ്സിലെ 17 ജീവനക്കാരികൾ സിബുവിനെതിരേ നൽകിയ ലൈംഗിക അതിക്രമ പരാതി ആയിരുന്നു അത്. പരാതിക്കൊപ്പം സിബുവിനെതിരേ നടപടിയെടുക്കാനുള്ള നിർദേശവും.

പരാതി നൽകിയ മിക്കവരും പാസഞ്ചർ കൗണ്ടർ ഹാൻഡിൽ ചെയ്യുന്നവരായിരുന്നതിനാൽ ആരെയും സിബു നേരി ൽ പോലും കണ്ടിട്ടില്ല. എന്തു വന്നാലും ചെയ്യാത്ത തെറ്റിനു ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് സിബു ഉറപ്പിച്ചു. ആരോപണങ്ങളെ നേരിടാൻ തീരുമാനിച്ച ദിവസം എന്നെയും മകളെയും നെഞ്ചോട് ചേർത്തു നിർത്തി ചോദിച്ചു, ‘നിങ്ങൾ എന്റെ കൂടെ നിൽക്കില്ലേ...’ മരണം വരെയും കൂടെ നിൽക്കാൻ ഞങ്ങൾ തയാറായിരുന്നു.

മൂന്നര വർഷം ശമ്പളം പോലും ഇല്ലാതെ, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങിയ ഒരാളുടെ പോരാട്ടത്തിന് അന്ന് അവിടെ തുടക്കമായി.

വിശദമായ വായന വനിത ഓഗസ്റ്റ് രണ്ടാം ലക്കത്തിൽ