Monday 08 April 2024 11:45 AM IST

‘ഒരേ ബെഞ്ചിൽ അടുത്തിരുന്ന കൂട്ടുകാരനെ പുഴ കൊണ്ടു പോയി’: ആ വേർപാട് ബിജുവിനെ കോച്ചാക്കി: റെക്കോർഡ് ഇവിടെ നിസാരം

Roopa Thayabji

Sub Editor

swimming-coach

കുട്ടികളൊക്കെ ചുമ്മാ വെള്ളത്തിൽ കളിക്കുകയാണെന്നു തോന്നുന്നുണ്ടോ... കോ തമംഗലം വാരപ്പെട്ടിയിൽ കുത്തിയൊഴുകുന്ന പുഴയിൽ മുങ്ങാങ്കുഴിയിട്ടും ‘അനങ്ങാപ്പാറ’ പോലെ കിടന്നും നീന്തിത്തുടിക്കുന്ന ഇവരിൽ പകുതി പേരും ലോകറെക്കോർഡ് അടക്കം നേടിയവരാണെങ്കിലോ?

എറണാകുളം ജില്ലയിലെ പിറവത്തു നിന്നു ബിജു തങ്കപ്പനെന്ന നീന്തൽ കോച്ച് കോതമംഗലത്തെ വാരപ്പെട്ടിയിലേക്കു താമസമാക്കിയതു പത്തിരുപതു വർഷം മുൻപാണ്. ആദ്യമായി പുഴയിലിറക്കുന്ന കുട്ടിയോടു പോലും മാഷ് പറയും, ‘പേടിക്കണ്ട, ഇതൊക്കെ നിസ്സാ...രം.’ വാരപ്പെട്ടി ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ പരിശീലനക്ലാസ്സിനിടെ അത്ര നിസ്സാരമല്ലാത്ത നീന്തൽ പരിശീലന കഥകൾ ബിജു തങ്കപ്പൻ സാർ പറഞ്ഞു.

ആ വേർപാടുകൾ

‘‘എന്റെ സ്വന്തം നാടു പിറവമാണ്, മൂവാറ്റുപുഴയാറിന്റെ കരയിൽ. കുളിക്കാനും തുണി അലക്കാനുമൊക്കെ എല്ലാവരും പുഴയിലേക്കു പോകും. ചാടിമറിയലുകൾക്കിടെ അറിയാതെ തന്നെ നീന്തൽ പഠിച്ചു. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സംഭവം. ഒരു ദിവസം രാവിലെ സ്കൂളിൽ ചെന്നപ്പോൾ കേൾക്കുന്നു കൂട്ടുകാരൻ മനോജ് വെള്ളത്തിൽ മുങ്ങി മരിച്ചു എന്ന്.

ഒരേ ബെഞ്ചിൽ അടുത്തിരുന്ന കൂട്ടുകാരനെ പുഴ കൊണ്ടു പോയ സങ്കടത്തിൽ നീന്താനിറങ്ങുമ്പോഴൊക്കെ കരച്ചിൽ വരുമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണു സണ്ണി എന്ന കൂട്ടുകാരനെയും പുഴ കൊണ്ടുപോയത്. ആ സങ്കടങ്ങളാണ് എന്നെ നീന്തൽ കോച്ചാക്കിയത്.

കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ നിന്നു ഡിഗ്രി പാസ്സായ ശേഷം നാട്ടിലെ സ്കൂളിൽ കായികാധ്യാപകനായി ജോലിക്കു കയറി. എറണാകുളം ജില്ലാ ടീമിൽ അംഗമായിരുന്നു. കുഞ്ഞുമോൻ സാറാണ് അവിടുത്തെ പരിശീലകൻ. ഇടയ്ക്കു ഞങ്ങളെ ചുമതല ഏൽപ്പിക്കും. എന്റെ രീതികളും ചിട്ടകളും കണ്ടിട്ട് ഒരു ദിവസം അനുഗ്രഹം പോലെ സാർ പറഞ്ഞു, ‘നിനക്കു പറ്റിയ ജോലി പരിശീലകന്റേതാണ്.’ അതു സത്യമായി. പിന്നെ ജില്ലാ ടീമിലെ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങി.

ആ കാഴ്ച മറക്കില്ല

21 വർഷം മുൻപാണ്, പിറവത്തെ പുഴയിൽ കുട്ടികളെ നീന്തൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ആരോ വെള്ളത്തിൽ വീണു എന്നു പറയുന്നതു കേട്ടു ഞങ്ങൾ നീന്തി ചെന്നു. പുഴയ്ക്കരികിലെല്ലാം കൂർത്ത വക്കുകളുള്ള ഒരുതരം ചെടിയാണ്. ആ പേടിയാൽ രക്ഷിക്കാൻ എടുത്തുചാടാൻ മടിച്ചു കുറേപ്പേർ കരയ്ക്കുണ്ട്. നോക്കുമ്പോൾ കുറച്ചകലെയൊരു യുവതി കൈക്കുഞ്ഞുമായി ഒഴുകിപ്പോകുന്നു. ‌

അവരെ പിടിച്ചു കരയിലേക്കു നീന്തി. കുഞ്ഞിനെ ഞാൻ വാങ്ങി. കടവിൽ അവരെ ആളുകൾ പിടിച്ചു കയറ്റിയപ്പോഴാണു മറ്റൊരു ഞെട്ടിക്കുന്ന കാഴ്ച കണ്ടത്, അരയിൽ സാരി കൊണ്ടു മറ്റൊരു കുഞ്ഞിനെ കൂടി കെട്ടി വച്ചിട്ടുണ്ട്. ആ കുഞ്ഞ് മരിച്ചുപോയി. അടുത്തുള്ള ഇഷ്ടികക്കളത്തിൽ ജോലിക്കു വന്ന തമിഴ്നാട്ടുകാരി ഭർത്താവിനോടു വഴക്കിട്ടു പുഴയിൽ ചാടിയതാണത്രേ. ആ കുഞ്ഞിന്റെ ചേതനയറ്റ മുഖം ഇപ്പോഴും മനസ്സിലുണ്ട്.

കുട്ടികളെ നിർബന്ധമായും പുഴയിൽ നീന്താൻ പഠിപ്പിക്കണമെന്ന് അന്നു തീരുമാനിച്ചു. വീട്ടുകാരോടൊപ്പമോ സ്കൂളിൽ നിന്നോ ഒക്കെ കുട്ടികൾ ടൂറിനു പോകുന്നതു പുഴയോ ജലാശയമോ ഉള്ള ഇടത്തേക്കാകും. വെള്ളത്തിലിറങ്ങി നിൽക്കാൻ എല്ലാവർക്കും കൗതുകം തോന്നാം. വെള്ളത്തിലിറങ്ങുമ്പോൾ ബാലൻസ് പോകാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ നീന്തൽ അറിയാത്തവർക്കു വെള്ളത്തിൽ വീണ്ടും നിവർന്നു നിൽക്കാനാകില്ല. നില കിട്ടാതെ ഒഴുകി പോകും.

റെക്കോർഡിലേക്കുള്ള നീന്തൽ

വെക്കേഷൻ ക്ലാസ്സുകളായിരുന്നു ആദ്യം നടത്തിയിരുന്നത്. ഇപ്പോൾ എല്ലാ ദിവസവും പരിശീലനമുണ്ട്. നീന്തൽ പരിശീലിപ്പിക്കാൻ എളുപ്പവഴിയൊന്നും ഇല്ല. വെള്ളത്തിൽ ശ്വാസംപിടിച്ചു മുങ്ങി കിടക്കാനാണ് ആദ്യം പഠിപ്പിക്കുന്നത്. ഒരേ സമയം പത്തും ഇരുപതും പേരാകും മുങ്ങുക. വളരെ ശ്രദ്ധയും നിയന്ത്രണവും വേണ്ട ജോലിയാണിത്.

കുറച്ചു വർഷം കഴിഞ്ഞാണു 2018ലെ വെള്ളപ്പൊക്കം. വേമ്പനാട്ടു കായലിനേക്കാൾ പരന്നാണു നാട്ടിലൊക്കെ വെള്ളം കയറിയത്. ചുമ്മാ നീന്തൽ പഠിച്ചിട്ടു കാര്യമില്ല, അ പകടം വന്നാൽ ‘അതിവേഗം ബഹുദൂരം’ നീന്തിയിട്ടേ കാര്യമുള്ളൂ എന്ന് അന്നു മനസ്സിലായി. അങ്ങനെയാണ് എട്ടു വയസ്സുകാരിയായ ജുവൽ മറിയം ബേസിലിനെ വച്ച് ഒരു ദീർഘദൂര പരീക്ഷണം നടത്താൻ തീരുമാനിച്ചത്.

swimming-coach-1 ജോസഫും ജോർജ്ജും മറ്റു കുട്ടികളും പരിശീലനത്തിനിടെ ബിജു മാഷിനൊപ്പം

ജുവലിനെ റെക്കോർഡു നീന്തലിനു പരിശീലിപ്പിക്കുന്നതു കണ്ട് എന്റെ ബന്ധുവായ 13കാരൻ അനന്തദർശനും മോഹത്തോടെയെത്തി. അൽപം സാഹസികത നിറഞ്ഞ, ഇരുകൈകളും ബന്ധിച്ചുള്ള നീന്തലാണ് അവനെ പരിശീലിപ്പിച്ചത്. 2021 നവംബറിൽ ചേർത്തല തവണക്കടവിൽ നിന്നു വൈക്കം കോവിലകത്തു കടവു വരെ ഇരുകൈകളും ബന്ധിച്ച് അനന്തദർശൻ നീന്തി. വേമ്പനാട്ടു കായലിനു കുറുകേയുള്ള ആ റെക്കോർഡു പ്രകടനം വൻവിജയമായതോടെ റെക്കോർഡുകളുടെ ഘോഷയാത്രയായി.

ഗിന്നസ് റെക്കോർഡിലേക്ക്

2022 ജനുവരിയിലാണു ജുവലിന്റെ റെക്കോർഡ് നേട്ടം. അതോടെ പ്രായം കുറഞ്ഞൊരു കുട്ടിയെ റെക്കോർഡ് എടുപ്പിക്കണമെന്ന മോഹം വന്നു. നാലര വയസ്സുള്ള നീരജ് ശ്രീകാന്തിനെ തനിച്ചു റോഡ് ക്രോസ് ചെയ്യാൻ പോലും അറിയാത്ത പ്രായത്തിൽ നാലര കിലോമീറ്റർ തുടർച്ചയായി നീന്താൻ പരിശീലിച്ചു. മറ്റു കുട്ടികൾക്കൊപ്പം പുഴയിലിറങ്ങുന്ന അവനെ എന്റെ പുറത്തിരുത്തി അക്കരേക്കു നീന്തും. തിരിച്ചു ഞങ്ങളെല്ലാം ഒന്നിച്ചു നീന്തി വരും. മൂന്നു മാസത്തിലേറെ കഷ്ടപ്പെട്ടാണു പരിശീലനം പൂർത്തിയാക്കിയത്.

ഒരു മണിക്കൂറും 55 മിനിറ്റും കൊണ്ടാണു നീരജ് ഇന്ത്യ ൻ ബുക് ഓഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയുടെ റെക്കോർഡും (വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ്) അഞ്ചു വയസ്സുകാരി ഗായത്രി പ്രവീണിലൂടെ ഞങ്ങൾക്കു കിട്ടി. എന്റെ ഇളയ മകൾ ലയയ്ക്കാണു ലോകത്തിലാദ്യമായി കൈകൾ ബന്ധിച്ചു നീന്തുന്ന വനിത എന്ന റെക്കോർഡ്. പത്താം വയസ്സിലെ ആ നേട്ടത്തിനു തൊട്ടു പിറകേ ഇരുകൈകളും കാലുകളും ബന്ധിച്ചു നീന്തിയും ലയ വേൾഡ് റെക്കോർഡിട്ടു.

കൈകൾ രണ്ടും ബന്ധിച്ചു നീന്തി റെക്കോർഡിട്ട ഏറ്റവും പ്രായം കുറഞ്ഞയാളും എന്റെ ശിഷ്യൻ തന്നെ, ഏഴു വയസ്സുകാരൻ സ്വസ്തിക്. ഒൻപതു വയസ്സുകാരൻ ആദിത്യനും, 13കാരൻ ക്രിസും, 13, 12 വയസ്സുള്ള സഹോദരന്മാരായ ജോസഫും ജോർജും, പത്തു വയസ്സുകാരൻ അഭിനവും, 12കാരൻ അഭിനന്ദുമൊക്കെ റെക്കോർഡ് നിരയിൽ പെടും. ഏഴു കിലോമീറ്റർ ദൂരം കൈകൾ ബന്ധിച്ചു നീന്തിയതിനാണ് അഭിനന്ദിന്റെ റെക്കോർഡ് നേട്ടം.

swimming-coach-3 ബിജു തങ്കപ്പൻ, ഭാര്യ ശ്രീകല, മക്കളായ ചന്ദന, ലയ

സീനിയർ സ്റ്റുഡന്റ്

റെക്കോർഡ് വാർത്തകൾ പത്രത്തിൽ കണ്ടതിനു പിറകേ തൃശൂരിൽ നിന്നൊരു ഫോൺ, ‘ഹലോ, എന്നെയും റെക്കോർഡ് ഇടീപ്പിക്കുമോ?’ പറഞ്ഞ ദിവസം തന്നെ ആളെത്തി, എൽഐസിയിൽ നിന്നു റിട്ടയർ ചെയ്ത കുഞ്ഞമ്മ ചാക്കോ എന്ന അറുപത്തിരണ്ടുകാരി.

ഏറ്റവും പ്രായം കൂടിയ ആ ‘വിദ്യാർഥി’ വാരപ്പെട്ടിയിൽ വീടെടുത്തു താമസിച്ചാണു പഠിക്കുന്നത്. രണ്ടു പാദങ്ങളുമില്ലാത്ത ചേച്ചി ആ കുറവുകളോടൊക്കെ പൊരുതി സൈക്കോളജിയിൽ ഡോക്ടറേറ്റു നേടിയിട്ടുണ്ട്. വേമ്പനാട്ടു കായലിൽ ഏഴു കിലോമീറ്റർ ദൂരം നീന്തിക്കടക്കാനാണു ചേച്ചി പരിശീലിക്കുന്നത്. ചേച്ചി നീന്തലിലെ സംശയങ്ങൾ ചോദിക്കുന്നത് ആരോടെന്നോ, എന്റെ കുട്ടികളിലെ ഏറ്റവും ഇളയതായ നാലു വയസ്സുകാരി വൈദേഹി സുമേഷിനോട്.

ഡോൾഫിൻ അക്വാട്ടിക് ക്ലബിനു വേണ്ടി കോതമംഗലം പുഴയിലുള്ള നീന്തൽ പരിശീലനം മഴക്കാലത്തു മുടങ്ങും. അപ്പോൾ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കുളങ്ങളിലാകും കുട്ടികൾ നീന്തിത്തുടിക്കുക. ഒരു സംഘടന ക്ലബിനു നൽകിയ രണ്ടു കയാക്കുകളുമുണ്ട്. നീന്തൽ പഠിക്കുന്നവർക്കു കയാക്കിങ് പരിശീലനം ഫ്രീ.

നൂറിൽ താഴെ കുട്ടികളേ ഇപ്പോൾ ഉള്ളൂ എങ്കിലും വെക്കേഷന് എണ്ണം ഇരട്ടിയിലധികമാകും. 25 വർഷം കൊണ്ടു പതിനായിരത്തോളം കുട്ടികളെ നീന്തൽ പഠിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് അംഗവും തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിൽ അധ്യാപികയുമായ ഭാര്യ ശ്രീകലയും ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായ മൂത്ത മകൾ ചന്ദന ബി. നായരും ഏഴാംക്ലാസ്സുകാരിയായ ഇളയ മകൾ ലയ ബി. നായരുമൊക്കെ എന്റെ ബെസ്റ്റ് സ്റ്റുഡന്റ്സാണ്.’’

രൂപ ദയാബ്ജി

ഫോട്ടോ: ഹരികൃഷ്ണൻ