Monday 22 October 2018 12:35 PM IST : By സ്വന്തം ലേഖകൻ

മീ ടൂവിന് തുടക്കം കുറിച്ചത് തരാനാ ബുർഖേ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ

tarana

ഒന്നിലോ രണ്ടിലോ ഒതുങ്ങുന്നില്ല. ചില പൊയ്മുഖങ്ങൾ ഒന്നിനു പുറകേ ഒന്നായി അങ്ങനെ അടർന്നു വീണു കൊണ്ടേയിരിക്കുന്നു. പലരും മേലാളൻമായിരുന്നു, സൂപ്പർസ്റ്റാറുകളായിരുന്നു, സമൂഹത്തിൽ നിലയും വിലയും ഉള്ളവരായിരുന്നു. ഒറ്റവാക്കിൽ ഔന്നത്യങ്ങളുടേയും പ്രശസ്തിയുടേയും നെറുകയിൽ വിരാജിച്ചവർ. ഇനി അഥവാ ഈ പറഞ്ഞ പെരുമയ്ക്ക് കോട്ടം തട്ടിയാൽ തന്നെ കാശെറിഞ്ഞ് വിലപേശി, നേടിയെടുത്ത സൽപ്പേര് നിലനിർത്താൻ കഴിയുന്ന ഒന്നാന്തരം കച്ചവടക്കാർ.

പക്ഷേ നേരമൊന്നിരുട്ടി വെളുത്തപ്പോൾ കഥയാകെ മാറി. നേടിയെടുത്തതും വെട്ടിപ്പിടിച്ചതും പാട്ടിലാക്കിയതുമെല്ലാം ഒരു ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായി. മാന്യതയുടെ മേലങ്കികൾ ആ കൊടുങ്കാറ്റിൽ ഒലിച്ചു പോയി. തിരശ്ശീലയ്ക്കു പിന്നിലെ ഇത്തരം മാന്യൻമാരുടെ ലജ്ജിപ്പിക്കുന്ന ചൂഷണക്കഥകൾ അനുസ്യൂതം വാർത്തകളിൽ നിറയുകയായി. ഒരുത്തരേയും ഒന്നിനേയും ഭയക്കാതെ ഇരുളിന്റെ മറവിലെ ചൂഷണക്കഥകൾ തുറന്നു പറയാമെന്നായി. എന്തിനേറെ, തന്റേടവും ഉശിരും കൈമോശം വന്നിട്ടില്ലാത്ത പെൺകരുത്തിന്റെ നേർ പ്രതീകമായി ആ കൊടുങ്കാറ്റ്...ആ പെൺമുന്നേറ്റത്തിനെ ലോകം ഇങ്ങനെ വിളിച്ചു മീടൂ...Me too#.

തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീജനങ്ങൾ നേരിട്ട ലൈംഗിക ചൂഷണങ്ങളുടെ തുറന്നു പറച്ചിലുകളായിരുന്നു വിപ്ലവം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിൻ. ഹോളിവുഡിൽ തുടങ്ങിയ മീ ടൂവിന്റെ അലയൊലികൾ കടലും കടന്ന് ഇന്ന് നമ്മുടെ നാട്ടിലുമെത്തിയിരിക്കുന്നു. സാജിദ് ഖാനും, അർജുനും, വൈരമുത്തുവും, കാർത്തിക്കും, എന്തിനേറെ നമ്മുടെ മുകേഷും അലൻസിയറും വരെ ആ ചൂഷണ കണ്ണിയിലെ `മുത്തു`കളാണെന്നറിയുമ്പോൾ നമ്മുടെ അമ്പരപ്പിന് തെല്ലും അറുതിയില്ലെന്ന് തന്നെ പറയാം.

ഒരു സോഷ്യൽ മീഡിയ ഹാഷ് ടാഗിൽ കൊളുത്തി വിട്ട ആ ചെറുതിരി ഇന്ന് ലോകം മുഴുവൻ ഒച്ചപ്പാടുകൾക്ക് വഴിവയ്ക്കുമ്പോൾ പലരും അന്വേഷിക്കുകയാണ്. എന്താണ് ഈ മീ..ടൂ...ആരാണ് ഇതിനു പിന്നിൽ, ഒരു വിപ്ലവം സൃഷ്ടിക്കാൻ മാത്രം കെൽപ്പുള്ള എന്ത് ഭൂതകാലമാണ് ഈ മീടൂ ക്യമ്പയിനുള്ളത്? പറയാനൊത്തിരിയുണ്ട്...

tara-3

ഒരു വിപ്ലവത്തിന് നാന്ദി കുറിക്കുന്നു

'മീ ടൂ' തരംഗമായത് ഹോളിവുഡ് നടി 2017 ഒക്ടോബറിലെ അലീസയുടെ ട്വീറ്റോടെ ആണെങ്കിലും ആ ടാഗ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അതിനും 11 വര്‍ഷം മുമ്പേയാണ്. പൗരാവകാശ പ്രവര്‍ത്തകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായ തരാന ബുര്‍ക്കയാണ് ആ ടാഗ് ലൈനിന്റെ ഉപജ്ഞാതാവ്. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച ചരിത്രമുള്ള തരാന ബുര്‍ക്ക തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ക്ക് ശക്തിയേകാനും പിന്തുണയ്ക്കാനുമായാണ് 2006ല്‍ 'മീ ടൂ' ഓണ്‍ലൈന്‍ കാമ്പയിന്‍ അവതരിപ്പിച്ചത്.

തരാനയുടെ മുന്നേറ്റത്തിനു പിന്നിൽ അണിനിരക്കാൻ ആയിരങ്ങളായിരുന്നു ഒഴുകിയെത്തിയത്. മൂടിവച്ചതും പറയാൻ മടിച്ചതുമായ ലൈംഗിക ചൂഷണകഥകൾ ലോകത്തോട് പറയാൻ നിരവധി പേരെത്തി. നാലു ചുമരുകൾക്കുള്ളിലോ, സൈബറിടങ്ങളിലോ ഒതുങ്ങിയില്ല തരാനയുടെ പോരാട്ടം. സ്ത്രീകളുടെ അവകാശങ്ങൾക്കായി തരാനയും കൂട്ടരും തെരുവിലേക്കിറങ്ങി. വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധിച്ച് തരാനയുടെ നേതൃത്വത്തിൽ പോയ വർഷം ഒരു മാർച്ച് തന്നെ സംഘടിപ്പിച്ചു.

tara-2

അലീസ ലോകത്തോട് വിളിച്ചു പറഞ്ഞു മീ...ടൂ...

2017 ഒക്ടോബര്‍ 15നാണ് അമേരിക്കന്‍ നടി അലീസ്സ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ 'മീ ടൂ' ഹാഷ് ടാഗ് ഉള്‍പ്പെടുത്തി ആ പോസ്റ്റ് ഇട്ടത്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 'മീ ടൂ' കാമ്പയിൻ ശക്തിപ്രാപിക്കുന്നത്. 2017 ഒക്ടോബര്‍ 5ന് നടി ആഷ്‌ലി ജൂഡ് വെയിന്‍സ്റ്റിനെതിരേ ന്യൂയോര്‍ക് ടൈംസിലൂടെ നടത്തിയ വെളിപ്പെടുത്തലായിരുന്നു അതിന് പ്രേരകമായത്. തൊട്ടുപിന്നാലെ ഒക്ടോബര്‍ 12ന് ആമസോണ്‍സ് സ്റ്റുഡിയോ തലവന്‍ റോയ് പ്രൈസിന് നേരെയും ലൈംഗികാരോപണം ഉയര്‍ന്നു. പ്രൊഡ്യൂസറായ ഇസാ ഹാക്കറ്റായിരുന്നു പ്രൈസിനെതിരേ ആരോപണം ഉന്നയിച്ചത്. ഈ വിവാദങ്ങളില്‍ ഹോളിവുഡ് ചൂടുപിടിച്ചുതുടങ്ങിയതോടെയാണ് ഒക്ടോബര്‍ 15ന് അലീസ മിലാനോയുടെ ട്വീറ്റ് വരുന്നത്.

'മീ ടൂ' എന്ന ടാഗ് അതോടെ തരംഗമായി മാറാൻ പിന്നെ അധിക നേരം വേണ്ടിവന്നിലല. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും വിരല്‍ചൂണ്ടി 86ലധികം രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ന് 'മീ ടൂ' ഹാഷ് ടാഗ് ഉപയോഗിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

tara

അലീസയുടെ ട്വീറ്റ് ലോകം ഏറ്റെടുത്തതിന് പിന്നാലെ ഹോളിവുഡിലെ മുന്‍നിര നടിമാരക്കം നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായെത്തി ആഞ്ജലീന ജോളി, ലുപിത ന്യോന്‍ഗോ, ടെയ്‌ലര്‍ സ്വിഫ്റ്റ്, സല്‍മാ ഹയക് തുടങ്ങി 80ലധികം സ്ത്രീകളാണ് വെയിന്‍സ്റ്റീനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. എട്ട് മാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ 2018 മെയ് 26ന് ഹാര്‍വി വെയിന്‍സ്റ്റീന്‍ ന്യൂയോര്‍ക് പോലീസിന് മുന്നില്‍ കീഴടങ്ങി.

ഹോളിവുഡില്‍ നിന്നാരംഭിച്ച 'മീ ടൂ' കൊടുങ്കാറ്റ് സംഗീത, ശാസ്ത്ര, രാഷ്ട്രീയ, കായിക മേഖലകളിലെല്ലാം ആഞ്ഞുവീശുന്നതിന് ലോകം പിന്നീട് സാക്ഷ്യം വഹിച്ചു.  2017 നവംബര്‍ മുതല്‍ ഇവാഞ്ചലിക്കല്‍ പള്ളികളോടനുബന്ധിച്ച് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സംഘടിച്ചതും മീ ടൂ കാമ്പയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു. 'ചര്‍ച്ച് ടൂ' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചായിരുന്നു എമിലി ജോയ്, ഹന്നാ പാഷ് എന്നിവര്‍ ഈ മുന്നേറ്റത്തിന് തുടക്കമിട്ടത്.