Saturday 06 January 2024 03:20 PM IST

പിച്ചിപ്പോട്ടു കോഴിയും ഗൺചിക്കനും അടടാ... പ്രമാദം, മനസു നിറയ്ക്കാൻ തുപ്പാക്കി ചിക്കനും കരണ്ടി ഓംലെറ്റും: തമിഴ് രുചിപ്പടക്കം

Vijeesh Gopinath

Senior Sub Editor

tenkasi-taste

ഉറങ്ങിപ്പോയ പൊറോട്ടയും വെറൈറ്റി ഇല്ലാത്ത രുചിയാത്രയും ഒരുപോലെയാണ്. വിശപ്പൊക്കെ മാറും പക്ഷേ, മനസ്സു നിറയില്ല. ഭക്ഷണം തേടിയുള്ള യാത്ര പൂരത്തിന്റെ വെടിക്കെട്ടാവണം. എന്നും കിട്ടുന്ന തട്ടുദോശയും ഉച്ചയൂണുമെല്ലാം മാലപ്പടക്കം പോലെ സൈഡു വഴി പൊട്ടിക്കോളും. പക്ഷേ, സംഭവം കളറാക്കാൻ നാട്ടിൽ കിട്ടാത്ത രുചിയുടെ അമിട്ടു പൊട്ടണം.

അങ്ങനെ ഏതു വഴിക്കു പോവണമെന്നു തിരച്ചിലിന്റെ എണ്ണ ചൂടാക്കുമ്പോഴാണു ദേ വന്നു വീഴുന്നു വെറൈറ്റിയുടെ കടുകുമണികൾ. അതിര്‍ത്തി കടന്നാലുടന്‍ ഗണ്‍ ചിക്കനുണ്ട്. രാജപാളയത്തു കരണ്ടി ഒാംലെറ്റുണ്ട്. പിന്നെ കൂരൈക്കടയിലെ നന്ദിനി ചിക്കനുണ്ട്. രുചി പൊട്ടിത്തെറിച്ചു തുടങ്ങി.

രാവിലെ ആറു മണി. റോഡിൽ തിരക്കില്ല. വെള്ളം കൂടിപ്പോയ ചട്നി ബെല്ലും ബ്രേക്കുമില്ലാതെ പ്ലേറ്റിൽ ഒഴുകുന്ന പോലെ കാർ പറന്നു. പുനലൂർ തെങ്കാശി വഴി പോയാല്‍ കണ്ണു നിറയ്ക്കാം. അതിർത്തി കടന്നാൽ വയറും. അതാണ് പ്ലാൻ. പുനലൂർ പാലത്തിനു മുകളിലെത്തി. ഇടതുവശത്ത നെഞ്ചും വിരിച്ച് പഴയ തൂക്കുപാലം. പ്രായത്തിന്റെ ‘അസ്ക്യതകൾ’ ഉണ്ടെങ്കിലും പെയ്ന്റു കൊണ്ടു മേക്കപ്പ് ഇട്ടു സുന്ദരനായി നിൽക്കുന്നു.

കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേ തുമായ തൂക്കുപാലമാണിത്. സ്കോട് ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണു പാലം ഡിസൈൻ ചെയ്തത്. നിർമാണത്തിന് ആവശ്യമായ ഉരുക്കു സാമഗ്രികൾ അയർലൻഡിൽ നിന്നു കപ്പല്‍മാർഗം കൊല്ലത്തും പിന്നെ, ആനകൾ വലിച്ച വണ്ടിയിൽ പുനലൂരും എത്തിച്ചു.

പാലം പണി തീര്‍ന്നപ്പോള്‍ അതിന്റെ ബലത്തെക്കുറിച്ചു നാട്ടുകാർക്കു സംശയമായി. അവരുടെ പേടി മാറാൻ ഹെൻറി സായിപ്പ് ഒരു കടുംകൈ ചെയ്തു. പത്തനാപുരത്തെ മുളകു രാജൻ എന്ന വ്യാപാരിയുടെ ഏഴാനകളെ കൊണ്ടു വന്നു പാലത്തിലൂടെ നടത്തിച്ചു. ആനകൾ പാലത്തിലൂടെ നടക്കുന്ന സമയത്ത് സായിപ്പും കുടുംബവും പാലത്തിനടിയിൽ വള്ളത്തിൽ നിന്നത്രെ. എമ്മാതിരി കോൺഫിഡൻസ്.

കാഴ്ചയുടെ ‘തേന്മല’

നഗരം മാഞ്ഞു തുടങ്ങി. വലിയ മരങ്ങൾ റോഡരികിൽ ത ണൽ പെയ്തു നിൽക്കുന്നു. െതന്മലയില്‍ കയറും മുൻപു രണ്ടു ദോശ കഴിക്കാൻ തീരുമാനിച്ചു. കണ്ണാടിക്കൂട്ടിൽ നിന്നു പ്ലേറ്റിലേക്കെത്തിയ ദോശ പിണങ്ങിക്കിടപ്പായിരുന്നു. ചമ്മന്തി പോരാഞ്ഞ് കടലക്കറിവരെ കളത്തിലിറക്കി. രക്ഷയില്ല. ഇനി അതിര്‍ത്തി തീരും വരെ ഫൂഡ് എന്ന വാക്കു മിണ്ടില്ല എന്നു തീരുമാനിച്ചു. കൺട്രോളില്ലാതെ തട്ടാനുള്ള ലിസ്റ്റിലെ വിഭവങ്ങൾ അതിർത്തിക്കു പുറത്താണ്. അതുകൊണ്ടു ക്ഷമയോടെ കാത്തിരിക്കണം.

മഴ മുറുകിയാല്‍ കാഴ്ചയുടെ തേൻമലയാണു തെന്മല. വേനലിലും കാഴ്ചകളുടെ കുളിരും തേടി ഒരുപാടു പേരെത്താറുണ്ടെന്നു തെന്മല ടൂറിസത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കാഴ്ചകൾ മാത്രല്ല ഒരുപാട് ആക്ടിവിറ്റികളും ഇവിടെയുണ്ട്. ഏഷ്യയിലെ ആദ്യ ബട്ടർഫ്ലൈ സഫാരി സെന്റർ‌, നക്ഷത്രവനം, മാൻ പാർക്ക് പിന്നെ ധൈര്യശാലികൾക്കു വേണ്ടി അഡ്വഞ്ചർ‌ സോണുകൾ...

തെന്മല ഡാമും പാലരുവിയും കുറ്റാലം വെള്ളച്ചാട്ടവുമെല്ലാം കാണാനുണ്ടെങ്കിലും ലക്ഷ്യം വയറാണല്ലോ. അ തുകൊണ്ട് ബോർഡറിലേക്ക് ആക്സിലേറ്റർ ആഞ്ഞു ച വിട്ടി. അതിർത്തി വിട്ടാലേ നിർത്തൂ എന്നു കരുതിയെങ്കിലും പതിമൂന്നു കണ്ണറപാലവും മാണിക്യനും മനസ്സു മാറ്റിക്കളഞ്ഞു.

റോഡും റെയിലും അരുവിയും എല്ലാം കൂടിച്ചേരുന്ന കാഴ്ച പാലത്തിനരികിൽ നിന്നു കിട്ടും. ‘റ’ പോലുള്ള പതിമൂന്നു കമാനങ്ങളാണു പാലത്തിനുള്ളത്. രണ്ടു മലകളെയല്ല ഒരുപാടു മനുഷ്യരുടെ സ്വപ്നങ്ങളെയാണ് ഈ പാലം കൂട്ടി മുട്ടിച്ചു കൊണ്ടിരുന്നത്. ഇതുവഴി പോയിരുന്ന മദിരാശി ട്രെയിനിൽ ടിക്കറ്റെടുത്തു ജീവിതം നെയ്യാൻ പോയവർ ഒരുപാട്.

പാലം കഴിഞ്ഞപ്പോഴേക്കും പൊറോട്ടക്കല്ലു പോലെ റോഡു പഴുത്തു തുടങ്ങി. ദാഹം തീർക്കാൻ നിർത്തിയത് മാണിക്യന്റെ അടുത്താണ്. ലൂണ സ്കൂട്ടറിന്റെ പിന്നിൽ നിറയെ പനന്നൊങ്കു കെട്ടിവച്ചിട്ടുണ്ട്. ചുരമിറങ്ങി തെങ്കാശിക്കു പോകുന്നവരെ കാത്തു പനന്നൊങ്കുമായി മാണിക്യൻ രാവിലെ ചുരം കയറും.

‘‘15 വർഷമായി നൊങ്ക് വിൽക്കാൻ തുടങ്ങിയിട്ട്. ചൂടിനു ബെസ്റ്റാണ്. കോളയൊന്നും കുടിച്ചാൽ ദാഹം മാറില്ല. ഗ്ലാസിലൊഴിച്ചല്ല കുടിക്കേണ്ടത്. നാടൻമട്ടിൽ തന്നെ വേണം.’’ മാണിക്യൻ പനങ്കുലയിൽ അരിവാള്‍ മുട്ടിച്ചു. മൂന്നു നാലെണ്ണം എടുത്തു മുഖം മുറിച്ചു. പിന്നെ അരികിൽ‌ വച്ച പനയോല കൊണ്ടു തോണി പോലെ കുമ്പിളുണ്ടാക്കി. അതിലേക്കു കുപ്പിയിൽ നിന്നു പാനിയൊഴിച്ചു. നൊങ്കും ഇട്ടു. വലിച്ചു കുടിച്ചു കടിച്ചു തിന്നോളാൻ പറഞ്ഞു.

ഉള്ളിലേക്കു കുറ്റാലം കുളിരിറങ്ങിപ്പോയി. പനന്നൊങ്കിന്റെ കയ്പും ചവർപ്പും പിന്നാലെ. കുളിരാറും മുന്നേ ചുരമിറങ്ങണം. എസ് വളവു വളച്ചെടുത്ത് ആര്യങ്കാവും കഴിഞ്ഞുചെങ്കോട്ടയിലേക്ക്. ഇനി രുചിയുടെ പെരുന്നാളു തുടങ്ങാം.

ഗൺ ചിക്കൻ

‘ഡാ, ഡാ നീ ഗൺ കണ്ടിട്ടുണ്ടോ. ഗൺ? ഒന്നരച്ചാണിന്റെ പിസ്റ്റളല്ല നല്ല ഡബിൾ ബാരൽ ഗൺ...’ പ്രജ സിനിമയിലെ ളാഹയിൽ വക്കച്ചന്റെ ഡയലോഗ് പോലെയായിരുന്നു ആ ചോദ്യം. അതിർത്തി കടന്നെന്നു കൂട്ടുകാരനെ വിളിച്ചു പറഞ്ഞപ്പോൾ ഒറ്റച്ചോദ്യം. ‘‘ഡാ, നീ ചിക്കൻ കഴിച്ചിട്ടുണ്ടോ? ഒന്നരച്ചാൺ സ്റ്റീൽപാത്രത്തിൽ കറിക്കുള്ളിൽ മുങ്ങിക്കിടക്കുന്ന സാദാ ചിക്കനല്ല, നല്ല ഗണ്‍ ചിക്കൻ. അതെടുത്ത് ഒന്നു പെരുക്കിയാലുണ്ടല്ലോ....’’

ആ പെരുക്കമറിയാൻ നിർത്തിയത് റഹ്മത്ത് പൊറോട്ടാ സ്റ്റാളിനു മുന്നിൽ. ചെങ്കോട്ടയിൽ നിന്നു തെങ്കാശി പോകും വഴിക്കാണു നാടു മുഴുവൻ പേരു കേട്ട ബോർഡർ ചിക്കൻ കട. നാട്ടിലുള്ള സകല യൂട്യൂബ് ചാനലുകളിൽ മാത്രമല്ല വിദേശത്തെ മാസികകളിൽ വരെ വന്ന രുചിയിടം.

tenkasi-taste ബോർഡർകടയിലെ ഗൺ ചിക്കൻ

നല്ല തിരക്കാണ്.

പിന്നെ പൊറോട്ടയുമാണു മെയിൻ െഎറ്റം. വേവിച്ച ചിക്കൻ നുള്ളിപ്പറിച്ചു മസാലയും ചേർത്തു വലിയ പൊറോട്ടക്കല്ലിലിട്ട് ഒരു ചിക്കിപ്പരത്തലും തടുത്തു കൂട്ടലും. അതാണ് മെയിൻ. അടുക്കളയില്‍ നിൽക്കുന്ന കക്ഷിയുടെ കയ്യിലൊരു ചട്ടുകമുണ്ട്. ചിക്കന്റെ കൈപിടിച്ചു മസാലയ്ക്കു കൊടുക്കുന്ന കാരണവരാണ് ആ ചട്ടുകം. മസാലയും ചിക്കനും പിന്നങ്ങു സ്നേഹിക്കാൻ തുടങ്ങും. അവർ കെട്ടിപ്പിടിച്ചു കഴിഞ്ഞാൽ പിന്നെ ചൂടാറാതെ നോക്കേണ്ടതു കഴിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

എവിടെ തുപ്പാക്കി കോഴി? അധികം മസാലയിൽ മുങ്ങാത്ത ഒരു കോഴിക്കാൽ മുന്നിലെത്തി. ഡയറ്റ് ചെയ്ത കോഴിയുടെ കാലാണെന്നു തോന്നുന്നു. മെലിഞ്ഞിട്ടാണ്. ഇതിലെവിടെ തോക്ക് എന്നു ചോദിച്ചപ്പോൾ കൗണ്ടറിലെ ഷെയ്ഖ് സെയ്ദ് ഹസൻ വന്നു പ്ലേറ്റൊന്നു നേരെ വച്ചു. ശരിയാണ്, നീണ്ട കാൽ തോക്കിൻ കുഴൽ പോലെ ഉണ്ട്. കാഞ്ചിയുള്ള സ്ഥലത്തു മാത്രം കുറച്ച് ഇറച്ചി. കോഴിക്കാൽ പറഞ്ഞു പണിയിച്ചതാണോയെന്നു ഹസനോടു ചോദിച്ചു.

‘‘ സാദാ ലെഗ് പീസ് തന്നെയാണ്. ഭക്ഷണം കഴിക്കാൻ വരുന്നവർ ഒാരോ വിശേഷണം നൽകുന്നതാണ്. ഒരുപ്രാവശ്യം കഴിച്ചു പോയി വീണ്ടും വീണ്ടും വരുന്നതു കാണുമ്പോഴാണു കൂടുതല്‍ സന്തോഷം തോന്നാറുള്ളത്.

40 വര്‍ഷം മുന്‍പു ബാപ്പ ഷെയ്ഖ് അബ്ദുള്ളയാണ് ഈ കട തുടങ്ങിയത്. പൊറോട്ടയും ചിക്കനുമാണു ഏെറ പേരും കഴിക്കുന്നത്. ചിക്കനിൽ പുരട്ടുന്ന മസാലക്കൂട്ടാണു കൂടുതൽ പേരെയും ആകർഷിക്കുന്നത്. മല്ലിയും പെരുംജീരകവും വറ്റൽ മുളകുമെല്ലാം അരച്ചു പുരട്ടും. പണ്ടത്തെ അതേ മട്ടിലാണ് ഈ ഹോട്ടൽ. രുചിക്കും ഒരു മാറ്റവും വന്നിട്ടില്ല.’’ ഹസന്‍ വിശേഷങ്ങള്‍ നിരത്തി.

tenkasi-taste-1 കരണ്ടി ഒാംലെറ്റ്

തെങ്കാശിക്കാറ്റ്

തെങ്കാശി വിട്ടതോടെ കാഴ്ചകൾ നരച്ചു തുടങ്ങി. റോഡിന് ഇരുവശവും തണൽ മരങ്ങൾ ഉണ്ടെങ്കിലും കാറ്റിനു തീച്ചൂട് തന്നെ. വൈകുന്നേരം എത്തി തുടങ്ങുന്നേയുള്ളൂ. ഒ രു ചായ കുടിക്കാൻ മോഹമായി.

ശിവഗിരി എന്ന ബോർഡ് കണ്ടപ്പോൾ വണ്ടി ഒതുക്കി.തിരുവനന്തപുരത്തു മാത്രമല്ല തെങ്കാശിയിലും ശിവഗിരി ഉണ്ടല്ലോ എന്നോർത്താണ് കാറിൽ നിന്ന് ഇറങ്ങിയത്. കുഞ്ഞു ചായക്കട. പല തരം ബജികൾ നിറഞ്ഞിരിക്കുന്നു. ഉള്ളിവട എടുത്തു. വെയിൽച്ചൂടിൽ ഉള്ളി ഒന്നു കൂടി കറുമുറാ ആയതു പോലെയുണ്ട്.

സ്ട്രോങ് ചായ ഒാർഡർ ചെയ്ത് മുളകു ബജിയിലേക്ക് കൈ പോയപ്പോഴാണു ചോദ്യം കേട്ടത്, ‘നാട്ടിൽ എവിടെയാണ്?’ കടയുടമ വിശേഷം തിരക്കുകയാണ്. പേര് വിനീത. ആര്യങ്കാവാണു സ്വദേശം. ‘‘വിവാഹം കഴിച്ച് ഇങ്ങോട്ടു കൊണ്ടുവന്നതാണ്. ഭർത്താവിന്റെ മുത്തച്ഛനാണ് ഈ കട തുടങ്ങിയത്. ആപ്പിൾജ്ഞാനം എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. വെളുത്തു തുടുത്ത ആളായിരുന്നു. അങ്ങനെ നാട്ടുകാർ കൊടുത്ത പേരാണ് അത്. ആപ്പിൾജ്‍‍ഞാനത്തിന്റെ കട എന്നാണിപ്പോഴും ഇതറിയപ്പെടുന്നത്. എല്ലാ പലഹാരങ്ങളും ഞങ്ങൾ തന്നെ ഉണ്ടാക്കും. വീട്ടില്‍ തന്നെയുണ്ടാക്കുന്ന മസാലക്കൂട്ടുകളേ ഉപയോഗിക്കൂ. വിനീത പറഞ്ഞു.

ഇനി വൈകിയാൽ ‘കരണ്ടി ഒാംലെറ്റ്’ കഴിക്കാനാകില്ല. ഈ യാത്രയുടെ ഹൈലൈറ്റ് തന്നെ ആ അതിവിശിഷ്ട വിഭവമാണ്. വണ്ടി നൂറേ നൂറില്‍ രാജപാളയത്തേക്കു പറന്നു.

കരണ്ടി ഒാംലെറ്റ്

സിംഗിൾ ഒാംലെറ്റ്, ഡബിൾ ഒാംലെറ്റ്, ചിക്കൻ ഒാംലെറ്റ്, മസാല ഒാംലെറ്റ്... അങ്ങനെ കുറേ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണു കരണ്ടി ഒാംലെറ്റെന്നു കേട്ടു വണ്ടറടിച്ചത്. ആ പേരാണു കൗതുകത്തിന്റെ ഡീസലടിച്ചിരിക്കുന്നത്. തളവായ്പുരം കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയാൽ വലതുവശത്തൊരു കുഞ്ഞ് ഒാലക്കട. കണ്ടുപിടിക്കാൻ എളുപ്പമാണ്, കടയ്ക്കു മുന്നിലൊരു അടുപ്പ് എരിയുന്നുണ്ടാകും. അതിനു മുകളിൽ വലിയൊരു ഇഡ്ഡലിത്തട്ടും.

ചാടിയോടി ചെന്നതാണ്. പക്ഷേ, കരണ്ടിഒാംലെറ്റുകഴിക്കാം എന്ന മോഹമുട്ട ഒറ്റയടിക്കു പൊട്ടിച്ചു കളഞ്ഞു, കൗണ്ടറിൽ ഇരുന്ന സെൽവസുന്ദരം. ‘‘ഉച്ചവരെയെ ‘കരണ്ടി’ കിട്ടൂ. ഇപ്പോൾ രാത്രി പരിപാടികൾ തുടങ്ങി. സ്നാക്സ് കൗണ്ടറിലും തിരക്കാണ്. അടുപ്പും കെടുത്തി.’’ അങ്ങനെ ഒഴിവുകഴിവുകളുടെ ചാരം സെൽവൻ വിതറി നോക്കി.

ഇതു കഴിക്കാൻ വേണ്ടി മാത്രം കേരളത്തിൽ നിന്നു കാറു പിടിച്ചു വന്നതാണെന്നു പറഞ്ഞപ്പോൾ പുള്ളിയുടെ മനസ്സൊന്നലിഞ്ഞു. അര മണിക്കൂർ കാത്തു നിൽക്കാൻ പ റ‍ഞ്ഞു. ആ സമയം കൊണ്ടു കണ്ണാടിക്കടയുടെ കഥ സെൽവൻ ഒാർത്തെടുത്തു.

‘‘അൻപതു വർഷത്തിനു മുൻപ് അപ്പൂപ്പനാണ് ഈ ഹോ ട്ടൽ തുടങ്ങിയത്. തനി നാടൻ വിഭവമാണു കരണ്ടി ഒാംലെറ്റ്. കരണ്ടിക്കു കേരളാവിലെ തവി, കയിൽ എന്നൊക്കെയല്ലേ പറയുന്നത്. സംഭവം ഒാംലെറ്റ് തന്നെ. പക്ഷേ, ഉണ്ടാക്കുന്ന രീതിയിലാണ് മാറ്റം.’’

അപ്പോഴേക്കും അടുപ്പിലെ കനല്‍ ഒന്നുകൂടി ഊതിയിളക്കി, കയ്യില്‍ കരണ്ടിയുമായി ഒരു പണിക്കാരന്‍ വന്നു. ക്ടും ക്ടും... കാതുള്ള പാത്രത്തിന്റെ വക്കിൽ രണ്ടു മുട്ട മുട്ടിപ്പൊട്ടി. കുനുകുനാ അരിഞ്ഞ സവാളയും ഉപ്പും അതിലേക്കു കാലുതെറ്റി വീണു. മുളക് മിസ്സിങ് ആണല്ലോ എന്നു ചോദിച്ചപ്പോൾ വേണമെങ്കിൽ മുളകിടാമെന്നു പറഞ്ഞു പടാ പടാന്ന് സ്പൂണിട്ടുള്ള കൂട്ടപ്പൊരിച്ചിൽ.

വർഷങ്ങളായി തീച്ചൂടിൽ കറുത്ത രണ്ടു കരണ്ടികളെടുത്ത് അതിലേക്കു പാതി എണ്ണ ഒഴിച്ചു. പിന്നെ അടിച്ചു പതപ്പിച്ച മുട്ടയും. കരണ്ടി നേരെ തീക്കനലിനുള്ളിലേക്ക്. മിനിറ്റുകൾക്കുള്ളിൽ അടിച്ചമുട്ട ഉണ്ണിയപ്പം പോലെ പൊങ്ങി വന്നു. സ്പൂണു കൊണ്ടു തിരിച്ചിട്ടു പിന്നെയും തീയിലേക്ക്. ഒടുവിൽ വാഴയിലയിലേക്ക്. പഞ്ഞിപോലുള്ള ‘ഉണ്ണിയോംലറ്റ്.’ ഒരു കഷ്ണം പൊട്ടിച്ചു വായിലേക്കു വച്ചു. പുക തൊട്ട രുചിയാണു കരണ്ടി ഒാംലെറ്റിന്‍റെ ഹൈലൈറ്റ്.

ചിക്കൻ ചാപ്സും നാട്ടുകോഴിക്കറിയും കാട ഗ്രേവിയും െഎരമീൻ കറിയുമെല്ലാം ഉണ്ടെങ്കിലും ഒന്നും തൊട്ടുപോലും നോക്കിയില്ല. വായില്‍ ഒാംലെറ്റ് രുചി മാത്രം മതി.

tenkasi-taste-3 തെങ്കാശിയിലെ ആച്ചി മുറുക്കുകൾ

കൂരൈ കട അഥവാ ചിക്കൻ കൊട്ടാരം

നന്ദിനി ചിക്കൻ. എന്തൊരു സുന്ദരിപ്പേര്. കരണ്ടിഒാംലറ്റു കഴിച്ചു കഴിഞ്ഞു നന്ദിനിയെ തിരഞ്ഞിറങ്ങി. പൊന്നും വിലയുള്ള പട്ടികൾ കുരയ്ക്കുന്ന രാജപാളയം. നായ്ക്കള്‍ക്കു മാത്രമല്ല രുചിയുടെ കാര്യത്തിലും രാജപാളയം രാജാവാണ്. അതറിയാൻ ചെന്നു കയറിയതു കൂരൈ കടയിലേക്ക്. രാജപാളയം റെയിൽവെ സ്റ്റേഷനിലിറങ്ങി ഒരു പപ്പടം കാച്ചുന്ന നേരം മതി, അത്രയടുത്താണു ഹോട്ടൽ.

നന്ദിനി ചിക്കനെ കുറിച്ചല്ല കൂരൈകടയെ കുറിച്ചാണ് ഉടമ കറുപ്പു സ്വാമി പറ‍ഞ്ഞു തുടങ്ങിയത്. ‘‘1984ലാണു ഹോട്ടൽ തുടങ്ങുന്നത്. അന്നു സ്റ്റേഷനു മുന്നില്‍ ഈ കട മാത്രമേയുള്ളൂ. ഒാല മേഞ്ഞ കു‍ഞ്ഞു കൂരയായിരുന്നു. അങ്ങനെയാണു ‘കൂരൈ കട’ എന്ന പേരു വന്നത്. ഇപ്പോള്‍ കോൺക്രീറ്റ് കെട്ടിടമാണെങ്കിലും ഒാല കൊണ്ടുള്ള മേ ൽക്കൂര മുന്നിലുണ്ട്. വന്ന വഴി മറക്കരുതല്ലോ.’’ സ്വാദിന്റെ പാത്രം സ്വാമി തുറന്നു.

ചിക്കൻ കൊണ്ടുള്ള കിടിലം കഥാപാത്രങ്ങളാണു പാത്രത്തിൽ നിറയെ. ആദ്യത്തേതു നന്ദിനി ചിക്കൻ. കശുവണ്ടി, നെയ്യ്, പച്ചമുളക്. ഇതു മൂന്നും നിറയെ ഉണ്ട്. ‘ഹോട്ട് അല്ല സ്വീറ്റാണ് നന്ദിനി’. നെയ്യിന്റെ സ്വാദാണു മുന്നിൽ. പിന്നാലെ വന്നതു വറത്ത് ചിക്കൻ. ചിക്കൻ 65 നെയ്യിലിട്ടു ഗ്രേവിയും ചേർത്തു പൊരിച്ചത്. പിന്നെ, ചിക്കൻ ഫിംഗർ. വിരൽ നീളത്തിൽ അരിഞ്ഞ ചിക്കൻ റസ്ക് പൊടിയിൽ മുക്കി വറത്തെടുത്തത്.... അവസാനം ഇതളുകളായി അടർന്നു പോരുന്ന പൊറോട്ടയും. ഇത്രയും മുന്നിലിരിക്കുമ്പോൾ കയ്യും കെട്ടി ഇരിക്കാൻ ആർക്കാണു പറ്റുക.

tenkasi-taste-4 ശിവഗിരിയിലെ ചായക്കടയിൽ വിനീത

ഇനി ഒന്നു വിശ്രമിക്കണം. ശിവകാശിയിൽ ചെന്നു മട്ടൻ ബിരിയാണി കഴിക്കേണ്ടതാണ്.

യാത്ര പറഞ്ഞിറങ്ങുമ്പോൾ കറുപ്പുസ്വാമിയോടു ചോദിച്ചു, നന്ദിനി ചിക്കന് ആ പേര് എങ്ങനെ വന്നു. കണ്ണിറുക്കി ചെറുചിരിയോടെ അദ്ദേഹം പറ‍ഞ്ഞു.‘‘ഞങ്ങളുടെ മാസ്റ്റർ (ഷെഫ്) ഇട്ട പേരാണ്. പുള്ളിയുടെ പഴയ കാമുകിയുെട പേരാകും, അറിയില്ല...

ശരിയാകാം മനസ്സിൽ തൊട്ട പ്രണയവും നാവിൽ തൊട്ട രുചിയും എങ്ങനെ മറക്കാനാകും, അല്ലേ?

തെങ്കാശി മധുരം

തെങ്കാശി എത്തിയോ എന്നറിയാൻ ആകാശത്തേക്കു നോക്കിയാൽ‌ മതി. മാനം തൊട്ടു നിൽക്കുന്ന കാശി വിശ്വനാഥരുടെ ക്ഷേത്ര ഗോപുരമാണ് അടയാളം. ഗോപുരം നോക്കി വണ്ടിയോടിച്ചു. ഉച്ചയാണ്. വറചട്ടിയിലെ ചൂടാണു ചുറ്റും. ക്ഷേത്രത്തിനു ചുറ്റും എരിവും മധുരവും തൊട്ട രണ്ടു രുചിയിടങ്ങളുണ്ട്.

tenkasi-taste-5 നാവില്‍ അലിയുന്ന മധുരം തിരുനല്‍േവലി ഹല്‍വ (മുകളില്‍)

മധുരം തേടിയിറങ്ങിയപ്പോൾ എത്തിയതു ശ്രീ വെങ്കിടേശ്വര ലാല സ്വീറ്റ് സ്റ്റാളിനു മുന്നിൽ. ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഈ ബേക്കറിയിൽ നിറയെ ഹൽവമധുരമാണ്. ‘‘80 വർഷമായി മധുരം കൊടുക്കാൻ തുടങ്ങിയിട്ട്. പത്തിലധികം രുചികളിൽ ഹൽവയുണ്ടെങ്കിലു തിരുനെൽവേലി ഹൽവ തേടി ഒരുപാടുപേരെത്താറുണ്ട്. നെയ്യിലും എണ്ണയിലും രണ്ടു രുചികളിൽ തിരുനെൽവേലി ഹൽവ കിട്ടും. മുറിച്ചല്ല, സ്പൂണിലോ വിരലിലോ തോണ്ടിയെടുത്തു കഴിക്കുന്ന പാകത്തിനാണ് തിരുനല്‍വേലി ഹല്‍വ ഉണ്ടാക്കുന്നത്.’ ഉടമ രംഗസ്വാമി രാജു വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഹല്‍വയും തന്നു. അലിഞ്ഞു േപാവുകയാണ് ആ രുചി.

മധുരത്തിന്റെ തേരോട്ടം നിർത്താൻ എരിവുള്ളതു തേടിയെത്തിയതു ക്ഷേത്രക്കുളത്തിനടുത്തുള്ള ആച്ചി മുറുക്കു കടയിൽ. 40 വർഷം മുൻപ് ഒരു കുഞ്ഞു വീട്ടിൽ തുടങ്ങിയതാണത്രെ. നിരത്തിവച്ച പാത്രങ്ങളിൽ നിറയെ മുറുക്കിന്‍റെയും കറുമുറകളുെടയും പലതരം അവതാരങ്ങള്‍. പിന്നെ കുറച്ചു സമയത്തേക്കു ചുറ്റിലും ഒരൊറ്റ ശബ്ദം–കറുമുറു കറുമുറു....

വിജീഷ് ഗോപിനാഥ്

‌ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ