Thursday 25 January 2024 10:14 AM IST : By സ്വന്തം ലേഖകൻ

രണ്ടു വർഷത്തോളമായി അടുപ്പം, ദീപിക പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പക; കൊലപ്പെടുത്തിയത് അയൽവാസി, അറസ്റ്റിൽ

deepika-teacher

ബെംഗളൂരു മണ്ഡ്യയിലെ മേലുക്കോട്ടെയിൽ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ(28) മൃതദേഹമാണു മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രവളപ്പിൽ മറവു ചെയ്ത നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇവരുടെ അയൽവാസിയായ നിതീഷിനെ വിജയനഗരയിലെ ഹൊസ്പേട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷും ദീപികയും കഴിഞ്ഞ 2 വർഷത്തോളമായി അടുപ്പത്തിലായിരുന്നു.

എന്നാൽ കുടുംബാംഗങ്ങൾ ശക്തമായ താക്കീത് നൽകിയതോടെ ദീപിക പിന്മാറി. ഇതിൽ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ദീപിക മടങ്ങിയെത്താത്തതോടെ ഭർത്താവ് ലോകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:
  • Spotlight