Tuesday 30 January 2024 03:27 PM IST

കോലപ്പെരുമയില്‍ താഴൂർ കുംഭഭരണി; ഐതീഹ്യവും വിശ്വാസവും ഇഴചേർന്ന് താഴൂർ ഭഗവതിക്ഷേത്രം

Silpa B. Raj

thazhoor-temple-kumbhabarani-bhagavathi-temple-kolattam-cover താഴൂർ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം

മഞ്ഞിൻതണുപ്പുമായി മകരം പിറന്നാൽ പിന്നെ വള്ളിക്കോടു കര ഒരു മേളത്തിനായുള്ള കാത്തിരിപ്പിലാണ്. അത് ഹൃദയതാളത്തോളം പ്രിയപ്പെട്ട, താഴൂര്‍ ഭഗവതിയുടെ പറയ്‌ക്കെഴുന്നെള്ളത്തിന്റെ ചെണ്ടയുടെ മേളമാണ്. മക്കളുടെ ക്ഷേമം അറിയാനായി, അവര്‍ നല്‍കുന്ന കാഴ്ചകൾ സ്വീകരിക്കാനായി താഴൂരമ്മ ജീവതയിലേറി എഴുന്നെള്ളുമ്പോൾ പ്രകൃതിയും ജീവജാലങ്ങളും ഉണരുകയായി. ഒരു മാസം കഴിഞ്ഞെത്തുന്ന കുംഭഭരണി നാളിലെ കോലം എഴുന്നെള്ളിപ്പിനും കോലംതുള്ളലിനുമായുള്ള ഒരുക്കങ്ങൾ നാടും നാട്ടുകാരും തുടങ്ങുകയായി.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ പഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് അച്ചൻകോവിലാറിന്റെ തീരത്താണ് താഴൂർ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സൗമ്യഭാവത്തിലുള്ള ഭദ്രകാളിയാണ് ഇവിടത്തെ ദേവതാസങ്കൽപം. മകരഭരണി, കുംഭഭരണി, മീനഭരണി, മേടഭരണി എന്നീ നാല് ഉത്സവങ്ങൾ ആഘോഷിക്കാറുണ്ടെങ്കിലും പ്രാധാന്യം കുംഭഭരണിക്കാണ്. ഒരു ദിവസം മാത്രമുള്ള കോലംതുള്ളലാണ് താഴൂർ കുംഭഭരണിയുടെ സവിശേഷത. ക്ഷേത്രത്തിന്റെ ഐതിഹ്യം

thazhoor-temple-kumbhabarani-bhagavathi-temple താഴൂർ ഭഗവതി ക്ഷേത്രം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഉല്‍പത്തിയെപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. വെട്ടത്തുനാട് അഥവാ മലപ്പുറം ജില്ലയിലെ താനൂർ സ്വരൂപത്തിൽ നിന്നു പുറപ്പെട്ട ഭദ്രകാളി താഴൂർക്കാവിൽ അധിവാസം ഉറപ്പിക്കുകയും വള്ളിക്കോട്ടുള്ള കൈപ്പള്ളിൽ കുടുംബത്തിലെ കാരണവർക്കു സ്വപ്നദർശനം നൽകി തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തുവത്രേ. തുടർന്ന് കാരണവർ അവിടെ ഭഗവതിക്കായി ക്ഷേത്രം നിർമിച്ചുവെന്നാണ് ഒരു ഐതിഹ്യം. ഇപ്പോളും കൈപ്പളിൽ കുടുംബത്തിലെ പിൻമുറക്കാർ വർഷത്തിലൊരിക്കൽ ഭഗവതിയുടെ വാളും ചിലമ്പുമായി ക്ഷേത്രത്തിൽ എത്താറുണ്ട്.

മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ മലയാലപ്പുഴ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടതാണു മറ്റൊരു ഐതിഹ്യം. മലയാലപ്പുഴ ഭഗവതിയുടെ ഇളയസഹോദരിമാരായി മൂന്നു ഭഗവതിമാർ ഉണ്ടായിരുന്നു. ഒരിക്കൽ ഈ ഭഗവതിമാർ മലയാലപ്പുഴയമ്മയോട് പിണങ്ങി, ‘വാളും വട്ടകയും നീയെടുത്തോളൂ പച്ചയും പാളയും ഞങ്ങൾക്കു മതി’ എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങിയത്രേ. പച്ചയും പാളയും കലയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും ചിഹ്നമാണ്. ഈ മൂന്നു സഹോദരിമാർ കടമ്മനിട്ട ഭഗവതിയും വലഞ്ചുഴി ഭഗവതിയും താഴൂർ ഭഗവതിയുമാണെന്നാണ് വിശ്വാസം.

പീഠത്തിൽ അഷ്ടബന്ധമിട്ടുറപ്പിച്ച പഞ്ചലോഹനിർമിതമായ കണ്ണാടിബിംബമാണ് പ്രതിഷ്ഠ. ഒരു കയ്യിൽ അഭയമുദ്രയും മറുകയ്യിൽ വരദമുദ്രയുമായുള്ള ശാന്തസ്വരൂപിണിയായ അമ്മയെന്നാണ് ഭഗവതിയെക്കുറിച്ചുള്ള സങ്കൽപം. വള്ളിക്കോട്, വാഴമുട്ടം കിഴക്കേക്കര, വാഴമുട്ടം പടിഞ്ഞാറേക്കര, മുള്ളനിക്കാട് എന്നീ നാലു കരകളുടെ നാഥയാണ് താഴൂർ ഭഗവതി എന്നു വിശ്വാസം.

thazhoor-temple-kumbhabarani-letter-goddess1 അക്ഷരദേവതാ ശിൽപങ്ങൾ

പറയ്‌ക്കെഴുന്നെള്ളത്തിനോടനുബന്ധിച്ചു ദേവിക്കു നൽകുന്ന അൻപൊലി സവിശേഷവഴിപാടാണ്. നെല്ല്, മലർ, അരി, പൂവ്, പഴം ഇവ ഓരോന്നും അഞ്ചു പറയും അഞ്ചു ചങ്ങഴിയും അഞ്ചു നാഴിയുമായി വഴിപാടു നേര്‍ന്ന വീട്ടുകാര്‍ ദേവിക്കു സമർപ്പിക്കുന്നു. താലപ്പൊലി, മേളം, വിളക്ക്, സദ്യ ഇവയൊരുക്കിയാണ് അൻപൊലി വഴിപാട് നടത്തുന്നത്. പന്തിരുനാഴി തെരളിയാണ് മറ്റൊരു വഴിപാട്. പന്ത്രണ്ടേകാലിടങ്ങഴിഅരിയും 12 തേങ്ങയും ആറു കിലോ ശര്‍ക്കരയും അഞ്ചു കിലോ പഴവും ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ത്താണ് പന്തിരുനാഴി തെരളി തയാറാക്കുന്നത്.

അറിവിന്‍രൂപമായി അക്ഷരദേവതാ ശില്‍പങ്ങൾ

thazhoor-temple-kumbhabarani-letter-goddess2 അക്ഷരദേവതാ ശിൽപങ്ങൾ

തനതു കേരളീയ വാസ്തുവിദ്യശൈലിയില്‍ പൂർണമായും കൃഷ്ണശിലയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ശ്രീകോവിലിലെ പഞ്ചവർഗത്തറ, വ്യാളിമുഖത്തോടുകൂടിയ സോപാനം, ചുമരുകളിലെ ഗണപതി, സരസ്വതി, പഞ്ചദളഭൂതഗണ സങ്കൽപത്തോടെ തീർത്തിരിക്കുന്ന ഓവുകല്ല് എന്നിവ ശില്‍പഭംഗിക്ക് ഉദാഹരണങ്ങളാണ്. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരുകളിൽ 51 അക്ഷരദേവതമാരുടെ ശില്‍പങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഇത്തരം അക്ഷരദേവതാശില്‍പങ്ങൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവമാണ്. നമസ്‌കാരമണ്ഡപത്തിന്റെ തൂണുകളിൽ കൊത്തിവച്ചിരിക്കുന്ന സപ്തമാതാക്കളുടെയും സപ്തകന്യകമാരുടെയും ശില്‍പങ്ങള്‍, അഷ്ടലക്ഷ്മിമാർ, പക്ഷിമാല, ഒറ്റക്കല്ലിൽ തീർത്ത കാർത്തിക ദീപം തെളിയിക്കുന്ന ദീപകന്യകമാർ, ബലിക്കൽപ്പുരയുടെ ചുമരുകളിൽ ഉള്ള വ്യാളിമുഖത്തോടുകൂടിയ ചാരുകാലുകൾ, മച്ചിൽ കൊത്തിയിരിക്കുന്ന നവഗ്രഹങ്ങൾ, യക്ഷിയമ്പലത്തിലെ ഒറ്റക്കല്ലിൽ തീർത്ത ചങ്ങല, മുൻവാതിൽ കട്ടിളയുടെ മുകൾഭാഗത്തെ പടയണി എന്നിങ്ങനെ നിരവധി ദൃശ്യവിസ്മയങ്ങള്‍ ഇവിടെ കാണാം.

തുടക്കം പ്രകൃതീശ്വരിയെ പ്രീതിപ്പെടുത്തി

thazhoor-temple-kumbhabarani-bhagavathi-temple-kalankolam-bhagavathi-kolam-kolattam കാലൻ കോലം, ഭൈരവി കോലം, കോലം തുള്ളൽ

‘‘വള്ളിക്കോട് കരയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വെള്ളം കുടി വഴിപാടോടെയാണ് താഴൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവങ്ങളുടെ തുടക്കം. ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെയും കൈപ്പള്ളിൽ കുടുംബത്തിന്റെയും സഹകരണത്തോടെയാണ് വെള്ളം കുടിവഴിപാട് അഥവാ മാടനൂട്ട് നടത്തുന്നത്.’’ വള്ളിക്കോട് കരയുടെ ക്ഷേത്രം ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് എം. എസ്. പറയുന്നു. ഊരാളിപ്പടയണിയുടെ മറ്റൊരു രൂപമാണ് വെള്ളംകുടി വഴിപാട് അഥവാ മാടനൂട്ട്. പറയെടുപ്പിനും പടയണിക്കും മുൻപായി മലദൈവങ്ങളെയും പുഴയെയും പ്രകൃതിശക്തികളെയും പ്രീതിപ്പെടുത്തി ലക്ഷണവും നിമിത്തവും നോക്കി ഊരാളി തുള്ളിയുറഞ്ഞു ഫലം പറയുന്നതാണ് ഊരാളിപ്പടയണി. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന മൂർത്തിയാണ് മാടൻ. കരിക്ക്, പുകയില, തെരളി, പഴം തുടങ്ങിയവയാണ് മാടനു നേദിക്കുക. ആ ദിവസം രാത്രിയിൽ സ്ത്രീകൾക്കു ക്ഷേത്രത്തിൽ പ്രവേശനമില്ല.

ഭൈരവിയുടെ തിരുവരങ്ങ്

thazhoor-temple-kumbhabarani-bhagavathi-temple-kolam-making കോലം ഒരുക്കുന്നു

‘‘മധ്യതിരുവിതാംകൂറിൽ ഏറ്റവും അധികം ഭൈരവിക്കോലങ്ങൾ വഴിപാടായി എത്തുന്നത് ഇവിടെയാണ്. 51 പാളയിൽ എഴുതിയ നൂറുകണക്കിനു ഭൈരവിക്കോലങ്ങളാണ് കുഭഭരണി ദിവസം ഇവിടെ എത്തുക.’’ താഴൂർ ശ്രീഭദ്ര പടയണി സംഘം പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ അനിൽ വളളിക്കോട് പറയുന്നു. ‘‘ദാരികാസുരനെ വധിച്ച ശേഷം കലികൊണ്ട് കൈലാസത്തിലേക്കു വരുന്ന ഭദ്രകാളിയുടെ കോപം അടക്കാൻ പരമശിവനും ദേവഗണങ്ങളും വാദ്യമേളങ്ങൾ മുഴക്കുകയും ഹാസ്യസംവാദങ്ങൾ നടത്തുകയും മറ്റും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും ഭഗവതിയുടെ കോപം ശമിച്ചില്ല. ഗോപുരകവാടത്തിലൂടെ അകത്തേക്കു കടന്ന ദേവി അവിടെ തന്റെ രൂപം കളമെഴുതിയിരിക്കുന്നതായി കണ്ടു സന്തോഷവതിയായി പൊട്ടിച്ചിരിച്ചു. അതോടെ തിന്മയുടെ അന്ധകാരം നീങ്ങി ലോകം മുഴുവൻ നന്മയുടെ പ്രകാശം പരന്നു. കാലക്രമേണ നാട്ടുകൂട്ടങ്ങൾ ഐശ്വര്യത്തിനായി കാളിയെ ചൂട്ടുവച്ചു പച്ചത്തപ്പുകൊട്ടി വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടിത്തുടങ്ങി. ഇതാണ് പടയണിക്കു പിന്നിലുള്ള ഐതിഹ്യം."

thazhoor-temple-kumbhabarani-bhagavathi-temple-jeevatha-parayeduppu ജീവതകൾ. പറയെടുപ്പ്

നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് താഴൂർ പടയണിക്കുള്ളത്. വലിയ പടയണിക്കളരിയുണ്ടായിരുന്ന ഇവിടെ മുടികുത്തി തുള്ളുന്ന ആശാന്മാർ പണ്ടുണ്ടായിരുന്നു. വലിയ ഭൈരവിക്കോലം ശിരസ്സിലേറ്റി ശരീരം 'റ ' പോലെ വളച്ചു കോലത്തിന്റെ ഏറ്റവും മുകൾഭാഗം തറയിൽ മുട്ടിച്ചു തുള്ളുന്നതിനെയാണ് മുടികുത്തി തുള്ളുക എന്നു പറയുന്നത്. കോലങ്ങളിൽ പ്രധാനം ഭൈരവിയാണ്. ഇതിനൊപ്പം ഒറ്റപ്പാളയിൽ എഴുതിയ മുഖാവരണവുമായി ഭൂതഗണങ്ങളുടെ സങ്കൽപത്തിലുള്ള പിള്ളക്കോലങ്ങളും ഉണ്ടാകും. കാഞ്ഞിരമാല, കാലൻ, മാടൻ, മറുത, പക്ഷി, യക്ഷി, അരക്കയക്ഷി, അന്തരയക്ഷി, മായയക്ഷി, കാലയക്ഷി തുടങ്ങി വ്യത്യസ്തമായ കോലങ്ങൾ ഉണ്ട്. ഇതിൽ ഭൈരവിയും കാഞ്ഞിരമാലയും തമ്മിൽ സാമ്യം ഉണ്ടെങ്കിലും ഭൈരവിയുടെ ഇടതു ചെവിയിൽ ആനയെയും വലതു ചെവിയിൽ സിംഹത്തെയുമാണ് വരച്ചിരിക്കുന്നത്. എന്നാൽ കാഞ്ഞിരമാലയുടെ രണ്ടു ചെവിയിലും പൂക്കളാണ് ഉള്ളത്. പച്ചപ്പാളയിൽ എഴുതിയ കോലം ശിരസ്സിലേറ്റി നഗ്നപാദരായി ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ കിലോമീറ്ററുകൾ നടന്നാണ് കോലം എടുക്കുന്നവര്‍ ക്ഷേത്രത്തിൽ എത്തുന്നത്.

‘‘45 വർഷം ഞാൻ കോലമെടുത്തിട്ടുണ്ട്. ആദ്യമായി കോലം എടുക്കുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു. പതിനഞ്ചാം വയസ്സിൽ 70 കിലോ ഭാരമുള്ള കോലം ശിരസ്സിലെടുത്തുനടക്കുമ്പോൾ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല.’’ അഭിനേതാവും കവിയുമായ അംബാലയം മുരളീധരക്കുറുപ്പ് പറയുന്നു. ‘‘ഒരാഴ്ച വ്രതമെടുക്കും. ആ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയി കുളിച്ചുതൊഴും. പണ്ടൊക്കെ പത്തോ പതിനഞ്ചോ കോലങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കോലം എടുക്കാൻ ആഗ്രഹിക്കുന്നവർ വഴിപാടുകാരുടെ വീട്ടിൽ ചെന്ന് അന്വേഷിക്കും.’’ മുരളീധരക്കുറുപ്പ് വിശദീകരിക്കുന്നു.

കോലമെഴുത്തും കോലംതുള്ളലും

കറുപ്പ് ,മഞ്ഞ, ചുവപ്പ്, വെള്ള, പച്ച എന്നീ അഞ്ചു നിറങ്ങളാണ് കോലം എഴുതാൻ ഉപയോഗിക്കുന്നത്. പ്രകൃതിയിൽ നിന്നു തന്നെയാണ് ഈ പഞ്ചവർണങ്ങൾ എടുക്കുന്നത്. പുറംചെത്തി മിനുസമാക്കിയ പച്ചപ്പാളയിലാണ് കോലം എഴുതുക. വഴിപാടുകാരുടെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലെത്തുന്ന കോലം മുന്‍ഗണനാക്രമം അനുസരിച്ച് താഴൂരമ്മയുടെ മുന്നില്‍ തുള്ളിയുറഞ്ഞ് ക്ഷേത്രത്തിനു വലം വയ്ക്കുന്നു. ആ സമയം അന്തരീക്ഷം ‘ഹരോ ഹര’ വിളികളാല്‍ മുഖരിതമാകും. കോലം എഴുന്നെള്ളിപ്പ് കഴിഞ്ഞാല്‍ താഴൂരമ്മ ശ്രീകോവിലില്‍ നിന്നു പുറത്തേക്കിറങ്ങുന്നു. ഈ സമയം സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി ചമയവിളക്കും പിടിച്ച് അമ്മയ്ക്കു മുന്നില്‍ നിരന്നു നില്‍ക്കും. വിളക്കിനെഴുന്നെളിപ്പ് എന്നാണീ വഴിപാടിനു പറയുക. വിളക്കിനെഴുന്നെള്ളിപ്പു കഴിഞ്ഞാല്‍ പിന്നെ കോലംതുള്ളലായി. കടമ്മനിട്ട ഗോത്രകലാകളരിയാണ് ഇവിടെ കോലംതുള്ളൽ അവതരിപ്പിക്കുന്നത്.

കോലംതുള്ളലിൽ ആദ്യം തപ്പുമേളമാണ്. കഥകളിക്ക് കേളികൊട്ടെന്ന പോലെ കോലംതുള്ളല്‍ നടക്കാന്‍ പോകുന്നു എന്ന് എല്ലാവരെയും അറിയിക്കാനാണ് തപ്പു കൊട്ടുന്നത്. മൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ വാദ്യോപകരണമാണ് തപ്പ്.

തപ്പുമേളം കഴിഞ്ഞാൽ പുലവൃത്തമാണ്. ‘വെള്ളിമാമല കാത്തുവാണരുളും വള്ളോന്റെ കയ്യിൽ പുള്ളിമാന്‍ മഴു ശൂലവും തുടിയും തെയ്താരാ തെയ്താ..’ ഇങ്ങനെ മുന്‍പാട്ടുകാരന്‍ പാടുന്നതിനെ പിന്‍പാട്ടുകാരന്‍ ഏറ്റുപാടുന്നു. തപ്പും കൈമണിയും കൊട്ടി ശിവകുടുംബത്തെ പാടി സ്തുതിക്കുകയാണ് ഇവിടെ. പുലം എന്നാൽ കൃഷിയിടമാണ്. ചുവന്ന മുണ്ടുടുത്ത് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട കരചലനങ്ങളോടു കൂടിയാണ് പുലവൃത്തം കളി. പുലവൃത്തത്തിനു ശേഷം ഒറ്റപ്പാളയിലെഴുതിയ മുഖാവരണവും കയ്യിൽ ചൂട്ടുകറ്റയുമായി പിശാച് കോലം എത്തുന്നു. ആദ്യമെത്തുന്ന കോലമായതിനാൽ ഇതിന് ഗണപതിക്കോലം എന്നും പേരുണ്ട്. മാടൻ, മറുത, കാലൻ, പക്ഷി, യക്ഷി എന്നീ കോലങ്ങളും പിന്നാലെ വരും. എല്ലാ കോലങ്ങളും തുള്ളിക്കഴിഞ്ഞ് അവസാനം മംഗളഭൈരവി തുള്ളി കരവഞ്ചിയിറക്കി പൂപ്പട തുള്ളിയാണ് പിരിയുന്നത്. കോലംതുള്ളല്‍ കഴിയുമ്പോളേക്കും നേരം പുലര്‍ന്നു തുടങ്ങിയിട്ടുണ്ടാകും.

‘കൈലാസമാമല തന്നിലങ്ങ് ഈശന്റെ ഭാര്യയാം പാര്‍വതിക്ക് പേപ്പിണി പൂണ്ടു കിടന്ന കാലം പേയൊഴിപ്പാന്‍ വന്ന പേപ്പിശാശേ...’ കാറ്റിലൂടെ ഒരു പടയണിപ്പാട്ട് ഒഴുകി വരുന്നുണ്ടോ. ഇളംവെയിലേറ്റ് തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഓരോ കരക്കാരും അറിയാതെ ക്ഷേത്രത്തിലേക്കു തിരിഞ്ഞു നോക്കിപ്പോകും. പിന്നെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനായുള്ള ആദ്യത്തെ ചുവടുവയ്ക്കും.