Saturday 05 January 2019 03:49 PM IST

നിശബ്ദമാണ് അവരുടെ വിപ്ലവം! ബധിരയായ തീർഥ സ്റ്റാർട്ട് അപ്പ് കന്പനിയുടെ സിഇഒ ആയ കഥ

Shyama

Sub Editor

theertha ഫോട്ടോ: അജിത് കൃഷ്ണൻ

‘നിങ്ങൾ ഒരാളോട് അയാൾക്കു മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അത് അയാളുടെ തലച്ചോറിലാണ് എത്തുക. നിങ്ങൾ ഒരാളോട് അയാളുടെ മാതൃഭാഷയിൽ സംസാരിച്ചാലോ... അതു ഹൃദയത്തിലെത്തും.’ നെൽസൺ മണ്ടേലയുടെ ഈ വാചകം തന്ന തിരി ച്ചറിവിൽ നിന്നാണ് ‘സൈൻ നെക്സ്റ്റ്’ എന്ന സ്റ്റാർട്അപ് കമ്പനി തീർഥ നിര്‍മല്‍ തുടങ്ങുന്നത്. ബധിരതയെ തോൽപിച്ച് സിഇഒ ആകുന്ന ഇന്ത്യയിലെ ആദ്യ മലയാളി പെൺകുട്ടി എന്ന നേട്ടത്തേക്കാൾ തന്നെ സന്തോഷിപ്പിക്കുന്നത് സ്വന്തം കമ്യൂണിറ്റിക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ‍ സാധിച്ചു എന്നതാണെന്ന് അഭിമാനത്തിളക്കത്തോടെ പറയുന്നു, േകാഴിക്കോടുകാരി തീർഥ.

‘‘ബധിരർക്ക് സ്വന്തമായുള്ള ആംഗ്യഭാഷയിലൂടെ തന്നെ അവർക്ക് കാര്യങ്ങള‍്‍ പറഞ്ഞു കൊടുക്കുക, ആംഗ്യഭാഷ ഉ പയോഗിച്ച് പഠനവും സ്ത്രീശാക്തീകരണവും നടത്തുക എ ന്നതാണ് ഞങ്ങളുെട ആപ്ലിക്കേഷന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.’’

വനിതയ്ക്കു േവണ്ടിയുള്ള അഭിമുഖത്തിനു തീർഥയെ ത്തുമ്പോൾ ഭർത്താവ് സനുവും ഒപ്പം പരിഭാഷകയായി സുഹൃത്തും കൂടെയുണ്ട്. ആംഗ്യഭാഷയിൽ തീർഥ പറയുന്നതെല്ലാം സുഹൃത്ത് പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നു.

എല്ലാം പറയാന്‍ ആംഗ്യഭാഷ

‘‘ബധിരയായൊരു സ്ത്രീ പ്രസവത്തിനെത്തുമ്പോൾ അവ രോട് ഡോക്ടർക്കു പറയാനുള്ള കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കി കൊടുക്കും? ആംഗ്യഭാഷ അറിയാവുന്നവരെ എല്ലായിടത്തും ഒപ്പം കൂട്ടാൻ ആകില്ലല്ലോ?’’ തീർഥയുെട ചോദ്യങ്ങളിൽ നിന്നറിയാം ബധിരർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ തീവ്രത. ഇത്തരം ചോദ്യങ്ങളും ചർച്ചകളുമാണ് ‘സൈൻ നെക്സ്റ്റ്’ എന്ന ആശയത്തിൽ എത്തിച്ചത്. ബധിരർക്കും ബധിരരോടും ഏറ്റവും നന്നായി ആശയവിനിമയം നടത്താനുള്ള മാർഗമാണ് ‘സൈൻ ലാംഗ്വേജ്’ അഥവാ ആംഗ്യഭാഷ. അതുപയോഗിച്ച് ഡെഫ് കമ്യൂണിറ്റിയെ സഹായിക്കാൻ കഴിയുന്ന ആപ് ആണ് സൈൻ നെക്സ്റ്റ്.

‘‘ആദ്യ ഘട്ടത്തിൽ ഊന്നൽ കൊടുക്കുന്നത് സ്ത്രീശാക്തീകരണത്തിനാണ്. വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ടതും ആരോഗ്യത്തെ സംബന്ധിച്ചതുമായ വിഡിയോകൾ ആംഗ്യഭാഷയുടെ സഹായത്തോടെ ഒരുക്കിക്കഴിഞ്ഞു. സ്ത്രീക ൾക്കു വരുന്ന അസുഖങ്ങൾ, ആ സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ, ആർത്തവ ശുചിത്വം, ലൈംഗികബന്ധത്തിനു മുൻപും ശേഷവും എടുക്കേണ്ട ശുചിത്വ മുൻകരുതലുകൾ, ഗർഭകാല ത്തും പ്രസവസമയത്തും പ്രസവശേഷവും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത്.... ഇതൊക്കെയാണ് ഞങ്ങൾ വിഡിയോയിലൂടെ പറഞ്ഞു കൊടുക്കുന്നത്.’’ തീര്‍ഥ പറയുന്നു.

തീർഥ, കിങ്സ്‌ലി ഡേവിഡ്, പ്രവീജ്കുമാർ എന്നിവരാണ് സൈൻ നെക്സ്റ്റിന്‍റെ കോർ ടീം. തീർഥയുടെ ഭർത്താവ് സ നുവും കിങ്സ്‌ലിയും മുൻപ് ഒരുമിച്ചു ജോലി ചെയ്തിരുന്നു. കിങ്സ്‌ലിക്ക് ബധിരതയുള്ള ബന്ധു ഉള്ളതു കാരണം സനുവും തീർഥയും ആംഗ്യഭാഷയിലൂെട പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി. ഇവർ നേരിടുന്ന വെല്ലുവിളികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചർച്ച ചെയ്തതിന്റെ ഫലമായാണ് സൈൻ നെക്സ്റ്റ് ഉടലെടുക്കുന്നത്. നിഷില്‍ (NISH. National Institute of Speech and Hearing) ബധിര വിദ്യാർഥികളുടെ ടീച്ചറായിരുന്ന തീർഥ അങ്ങനെ സൈൻ നെക്സ്റ്റിന്റെ സിഇഒ സ്ഥാനത്തേക്കു വന്നു.

ഞങ്ങളുെട സ്വന്തം ഭാഷ

‘‘ഞാനും സനുവും പഠിച്ചിരുന്ന കാലത്തു തന്നെ ഞങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. മിക്ക അധ്യാപകരും ആംഗ്യഭാഷയ്ക്കു പകരം സംസാരഭാഷ തന്നയാണ് ഉപയോഗിച്ചിരുന്നത്. അതു മനസ്സിലാക്കിയെടുത്ത് പിന്തുടരുന്നതാണ് നല്ലതെന്ന വിശ്വാസമായിരിക്കാം അവർക്ക്. ഒ‌രു തരം പാതി വെന്ത പഠിത്തമായിരുന്നു അത് എന്നു പറയാം. നിഷിൽ വന്നപ്പോഴാണ് സൈൻ ലാംഗ്വേജ് ആഴത്തിലും ശരിയായും പഠിച്ചത്. അതോടെ പഠിപ്പിക്കുന്ന കാര്യങ്ങള‍്‍ മുഴുവനായും മനസ്സിലാകാൻ തുടങ്ങി, പഠിത്തത്തിൽ കൂടുതൽ താൽപര്യമായി. ഞങ്ങൾക്കു സ്വന്തമായി ഭാഷയുള്ളപ്പോൾ അതിൽ പറയുന്നതല്ലേ കൂടുതൽ സൗകര്യവും സന്തോഷവും?’’ തീർഥ ചോദിക്കുന്നു.

theertha_1 ഫോട്ടോ: അജിത് കൃഷ്ണൻ

‘‘ബധിരര്‍ക്കു വേണ്ടി യുട്യൂബിൽ ധാരാളം വിഡിയോകൾ വരാറുണ്ട്. പക്ഷേ, മിക്കവയ്ക്കും സബ്ടൈറ്റിൽ ഉണ്ടാകില്ല. ഞങ്ങളെ പോലുള്ളവർക്ക് അത് ഉപകാരപ്പെടില്ല. ഇന്ന് എല്ലാവർക്കും മൊബൈൽ ഫോണുണ്ട്, അതുകൊണ്ടാണ് എപ്പോഴും എവിടെ നിന്നും പ്രവർത്തിപ്പിക്കാവുന്ന ആപ്പിലൂടെ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത്. ഇന്ത്യയിൽ ഉദ്ദേശം 1.8 കോടി ബധിരർ ഉണ്ട്. ഇതിൽ 95 ശതമാനത്തിനും ഇംഗ്ലിഷ് എഴുതാനും വായിക്കാനും അറിയില്ല. കഴിവുണ്ടായിട്ടും തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്. ഇംഗ്ലിഷ് ആംഗ്യഭാഷയിലൂടെ പഠിപ്പിക്കാൻ ആപ്പിലൂടെ ശ്രമിക്കുന്നുണ്ട്. ഞങ്ങൾക്ക് ആർക്കും ആരുടെയും സഹതാപമല്ല വേണ്ടത്, തോളൊപ്പം നിന്നു പ്രവർത്തിക്കാനുള്ള പ്രോത്സാഹനവും കൈത്താങ്ങുമാണ്.’’

തെറ്റുകളില്‍ നിന്നു പഠിച്ച്...

‘‘ഒന്നരവര്‍ഷം മുന്‍പാണ് ഇതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കേരള സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പ്രവര്‍ത്തനം.’’ തീര്‍ഥ പറയുന്നു. ‘‘പ്രസവത്തിനുവേണ്ടി ഞാൻ കുറച്ചു നാൾ വിട്ടു നിന്നപ്പോൾ കിങ്സ്‌ലിയും പ്രിവീജുമാണ് കാര്യങ്ങൾ േനാക്കിയത്. കിങ്‌സ്‌ലി ബധിര ന്യൂസ് ചാനലിന്റെ ഉടമയാണ്. ടെക്നോപാർക്കിൽ 3000 പേരെ ആംഗ്യഭാഷ പഠിപ്പിച്ചതിന് ജി.പി.ടി.ഡബ്ല്യു അവാർഡ് കിട്ടിയിട്ടുണ്ട്. പ്രവീജും ആംഗ്യഭാഷ പഠിച്ചു വരുന്നു. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാൽ പരസ്പരം എഴുതിക്കാണിക്കുകയാണ് പതിവ്.

ഭാഷയ്ക്ക് ഡയലക്റ്റ് (പ്രാദേശികശൈലി) വ്യത്യാസങ്ങളുള്ള പോലെ ഒാരോയിടത്തും ആംഗ്യഭാഷയ്ക്കും വ്യത്യാസമുണ്ട്. എന്നാലും ‘അമ്മ’ ‘അച്ഛൻ’ ‘പനി’ ‘മഴ’ തുടങ്ങി മിക്കവാറും സിംബലുകൾ ഏറെക്കുറേ ഒരുപോലെയാണ്. ആംഗ്യഭാഷയ്ക്കൊപ്പം തന്നെ സബ്ടൈറ്റിലുകൾ, ചിത്രങ്ങൾ, അ നിമേഷൻ എന്നിവയൊക്കെ വിഡിയോയിൽ ഉൾപ്പെടുത്തും. ഡോക്ടർമാർ, കൗൺസലർമാർ തുടങ്ങിയവരുടെ സഹായ ങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ചെറുപ്പത്തിൽ ആലോചിക്കുമായിരുന്നു എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ കീഴടക്കുന്ന ഉയരങ്ങൾ എ ന്താണ് എനിക്കു കിട്ടാത്തതെന്ന്. ബധിരത എന്ന ഒറ്റക്കാരണം കൊണ്ട് മാറ്റിനിർത്തപ്പെടേണ്ട ആളല്ല ഞാൻ എന്നു സ്വയം തീരുമാനിച്ചു. െെവകല്യങ്ങളോര്‍ത്തു തളരുകയല്ല, അതിനെ േപാസിറ്റീവാക്കി മാറ്റാനുള്ള വഴികള്‍ കണ്ടെത്തുകയാണു േവണ്ടത്. അപ്പോൾ മുതൽ അനാവശ്യ ഭാരങ്ങളൊക്കെ ഇല്ലാതായി, ഉയരത്തിലേക്കു പറക്കാനുള്ള ഊർജം കിട്ടി. പുതിയ കാര്യങ്ങൾ പഠിക്കാൻ മുൻകയ്യെടുത്തു. ഒന്നും എളുപ്പമായിരുന്നില്ല. തെറ്റുകൾ ധാരാളം വരും, അതൊക്കെ തിരുത്തിയാണ് മുന്നോട്ടു പോയത്.

രണ്ടു മാസം മുൻപ് ന്യൂഡൽഹിയിലെ ‘സെന്റം ഗ്രോ’ എ ന്നൊരു സംഘടന ഒരുക്കിയ ബധിരരുടെ ശാക്തീകരണ പരിപാടിക്കു പോയി. അന്നവർ തന്ന ഒരു ആക്ടിവിറ്റിയുണ്ട്, ഡൽഹിയിലെ പല സ്ഥലങ്ങൾ സന്ദർശിച്ച് തിരികെ വരിക. ഞാൻ ആദ്യമായിട്ടാണ് ഡൽഹിയിൽ പോകുന്നത്. അഞ്ചു പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ചെലവാക്കാനുള്ള പൈസ കയ്യിൽ തരും, ഒരാൾക്ക് 100 രൂപ വച്ച്. അങ്ങനെ അഞ്ചു പേര‍്‍ ചേർന്ന് എട്ടു സ്ഥലങ്ങളിൽ പോയി വരണം. നിർദേശിക്കുന്ന സ്ഥലങ്ങളിൽ പോകാൻ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സഹായം തേടാൻ പാടില്ല.

ചിത്രങ്ങൾ കാണിച്ചും വരച്ചും ആംഗ്യഭാഷയിലൂടെ ചോദിച്ചും ഓരോ സഥലത്തും പോയി. പൈസ കുറവായതു കൊണ്ട് നടന്നും ബസ്സിലും ആയിരുന്നു യാത്ര. ആവശ്യത്തിനു മാത്രം െചലവു കുറഞ്ഞ ഭക്ഷണം. ഓട്ടോ എടുക്കേണ്ടി വരുമ്പോൾ കൂട്ടമായി കയറും. 100 രൂപയ്ക്കുള്ളിൽ നല്ലൊരു സമ്മാനം വാങ്ങുക എന്നൊരു ടാസ്ക്കുണ്ടായിരുന്നു. അതിനു വേണ്ടി വിലക്കുറവുള്ള ബസാറുകൾ തേടി നടന്നു. ആൾക്കൂട്ടങ്ങൾക്കിടയിൽ തിക്കിത്തിരക്കി നടന്ന് കാര്യം സാധിച്ചെടുത്തു.

മികച്ച യാത്രാ സൗകര്യങ്ങളില്ലെങ്കിലും ഫോൺ ഇല്ലെങ്കിലും അധികം പണം കയ്യിലില്ലെങ്കിലും വേണമെന്നു വിചാരിച്ചാൽ എന്തും നേടിയെടുക്കാമെന്ന് പഠിക്കാൻ ആ യാത്ര സ ഹായിച്ചു. പ്രതികൂല സാഹചര്യങ്ങൾ വരുമ്പോഴാണല്ലോ ന മ്മുടെ യഥാർഥ ശക്തിയും കഴിവും നമ്മൾ പോലും മനസ്സിലാക്കുന്നത്.

എല്ലാവരോടും പറയാനുള്ളതൊരു കാര്യം മാത്രം. നമ്മളെ വിലക്കി നിർത്താൻ ശ്രമിക്കുന്നത് നമ്മൾ മാത്രമാണ്. ആ വിലക്കുകളെ പൊട്ടിക്കാനുള്ള ധൈര്യമുണ്ടായാൽ മാത്രം മതി, ആകാശങ്ങൾ സ്വന്തമാകും.’’