Tuesday 19 December 2023 01:40 PM IST : By സ്വന്തം ലേഖകൻ

‘സ്കൂള്‍ ബസില്‍ നിന്നിറങ്ങി ത്വാഹ ഓടിയത് അപ്പൂപ്പന്റെ കടയിലേക്ക്; പക്ഷെ..’: വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ നാട്ടുകാര്‍, കണ്ണീരഞ്ജലി

road-accident5678

‘‘കുഞ്ഞ് സ്കൂള്‍ വിട്ടിറങ്ങുന്നത് ഈ  റോഡിലാണ്. സ്കൂള്‍ ബസ് അവിടെ കുട്ടികളെ ഇറക്കും. അമ്മ അവിടെ കാത്തുനില്‍പ്പുണ്ടാകും. സഹോദരനൊപ്പമാണ് ത്വാഹ സ്കൂളില്‍ നിന്നെത്തുന്നത്. റോഡ് മുറിച്ച് കടക്കണം വീട്ടിലേക്ക് പോകാന്‍. സ്കൂള്‍ ബസ് നിര്‍ത്തുന്നതിന് മറുവശത്തായി മുത്തച്ഛന്റെ കടയുമുണ്ട്. ഓടി ചെന്ന് സ്കൂള്‍ വിശേഷം പറഞ്ഞ് മിഠായിയുമായി വീട്ടിലേക്ക്. അതായിരുന്നു പതിവ്. ഇന്നലേയും അങ്ങനെ സ്കൂള്‍ ബസില്‍ വന്നിറങ്ങി, മറുവശത്തേക്ക് ഓടിയതാണ് അപ്പൂപ്പന്റെ കടയിലേക്ക്. പക്ഷെ...’’- വാക്കുകള്‍ മുഴുമിപ്പിക്കാനാവുന്നില്ല കണ്ണൂര്‍ മയ്യില്‍ ചുളിയാട്ടെ നാട്ടുകാര്‍ക്ക്. 

അപകട മുന്നറിയിപ്പ് ഒന്നുമില്ലാത്ത ഒരിറക്കമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായിട്ടും മുന്നറിയിപ്പ് സംവിധാനങ്ങളോ റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ക്രോസിങ് ഒന്നും തന്നെയില്ല ഇവിടെ. അമിതവേഗത്തില്‍ പാഞ്ഞെത്തിയ ടിപ്പര്‍ ലോറിയാണ് കുരുന്നിന്റെ ജീവനെടുത്തത്.

മാതാവിന്റെയും സഹോദരന്റെയും കൺമുന്നിൽ ടിപ്പർ ലോറിയിടിച്ച് ആറു വയസുകാരൻ മുഹമ്മദ് ത്വാഹ മരിച്ചതിൽ പ്രതിഷേധം ഇരമ്പുകയാണ്. അപകടം നടന്ന ശേഷം മയ്യിൽ പൊലീസ് സ്ഥലത്ത് എത്താൻ വൈകിയെന്നും ടിപ്പർ ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മയ്യിൽ എൽ.പി. സ്കൂൾ  വിദ്യാർഥിയായിരുന്നു ത്വാഹ. വൈകീട്ട് മൂന്നരയോടെ ചുളിയാട് കടവ് റോഡിലാണ് അപകടമുണ്ടായത്.  

Tags:
  • Spotlight